വചനമനസ്‌കാരം

വചനമനസ്‌കാരം: No.237

എസ്. പാറേക്കാട്ടില്‍
നീതിമാൻമാർ പനപോലെ തഴയ്ക്കും. ലബനോനിലെ ദേവദാരുപോലെ വളരും.
സങ്കീർത്തനങ്ങൾ 92 : 12

‘അല്ലെങ്കിലും ദുഷ്‌ടനെ പന പോലെ വളർത്തും എന്നല്ലേ പറഞ്ഞിട്ടുള്ളത് ?’

‘ആരാണ് അങ്ങനെ പറഞ്ഞിട്ടുള്ളത് ?’

‘അല്ല ! ബൈബിളിൽ ഉണ്ടല്ലോ’

‘ബൈബിളിൽ എവിടെയാണ് അതുള്ളത് ?’

‘അതറിയില്ല’

‘എവിടെ എന്നറിയില്ല ! പക്ഷേ ബൈബിളിൽ അങ്ങനെ ഉണ്ടെന്നറിയാം ! ശരി. അപ്പോൾ ആരായിരിക്കും വളർത്തുന്നത് ?’

‘ദൈവം അല്ലേ എല്ലാവരേയും വളർത്തുന്നത് ?’

‘ദുഷ്‌ടനെ ദൈവം പന പോലെ വളർത്തും എന്ന് ബൈബിളിലുണ്ട്. അല്ലേ ?’

‘അങ്ങനെയാണ് കേട്ടിരിക്കുന്നത്!’

‘അതാണ് കുഴപ്പം. കേട്ടുകേൾവികളും പഴഞ്ചൊല്ലുകളും ബൈബിളിൽ ആരോപിക്കരുത്. ബൈബിളിൽ ഉളളത് നേരെ തിരിച്ചാണ്. നീതിമാൻമാർ പന പോലെ തഴയ്ക്കും എന്നാണ്. അതേ അധ്യായത്തിൽ, ‘ദുഷ്‌ടർ പുല്ലുപോലെ മുളച്ചുപൊങ്ങുന്നു; തിൻമ ചെയ്യുന്നവർ തഴച്ചുവളരുന്നു’ എന്ന വചനവുമുണ്ട് (വാക്യം 7). എന്നാൽ, അതവസാനിക്കുന്നത്; ‘എങ്കിലും അവർ എന്നേക്കുമായി നശിപ്പിക്കപ്പെടും’ എന്ന വാക്കുകളോടെയാണ്. ദുഷ്ടനെ ദൈവം പന പോലെ വളർത്തുമെങ്കിൽ ദൈവം ആരായി ? ദൈവം സഹായിക്കുന്നതും വളർത്തുന്നതും നീതിമാൻമാരെയാണ്. സത്യവും നീതിയും കരുണയും നന്മയുമുള്ള മനുഷ്യർ ആത്യന്തികമായി പരാജയപ്പെടാൻ ദൈവം അനുവദിക്കില്ല.’

‘പക്ഷേ, അങ്ങനെയൊന്നുമല്ലല്ലോ കാണുന്നത്. ദൈവം ഉണ്ട് എന്ന് തെളിയിക്കുന്നതിനേക്കാൾ എളുപ്പം പിശാച് ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ! ദുഷ്ടത പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും പിശാച് ഉണ്ടെന്നതിന്റെ തെളിവും സാക്ഷ്യവുമാണ്. തിന്മ കൊടി കുത്തി വാഴുകയാണ്. അനീതിയിലും അസത്യത്തിലും അധർമ്മത്തിലും ജീവിക്കുന്നവർക്ക് നല്ല കാലമാണ്. അവർക്ക് വച്ചടി കയറ്റമാണ്. അവർക്കാണ് ഇവിടെ ആരാധകരുള്ളത്. സത്യവും നീതിയുമുള്ളവർക്ക് കഷ്ടപ്പാടും ദുരിതങ്ങളുമാണ്. ദൈവം സത്യപൂർണ്ണനും നന്മസ്വരൂപനുമാണെങ്കിൽ എന്തുകൊണ്ട് ഇതനുവദിക്കുന്നു ?’

‘ചോദ്യം പ്രസക്തമാണ്. ലളിതമായി ഉത്തരം നൽകാൻ കഴിയാത്തതുമാണ്. ഈ ലോകത്തിൽ നമുക്ക് വിശദീകരിക്കാൻ കഴിയാത്ത ഒട്ടേറെ സമസ്യകളുണ്ട്. ദൈവത്തിന്റെയും പിശാചിന്റെയും അസ്തിത്വം തെളിയിക്കാൻ നന്മതിന്മകളെ കൂട്ടുപിടിക്കേണ്ട കാര്യമില്ല. ഈ ലോകത്തിലെ തിന്മകളുടെ പേരിൽ ദൈവത്തിന്റെ അസ്തിത്വത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്യുകയാണെങ്കിൽ ഇവിടെ പ്രകടമാകുന്ന സമൃദ്ധമായ നന്മകൾ ദൈവത്തിന്റെ അസ്തിത്വത്തിന്റെയും സ്വഭാവത്തിന്റെയും തെളിവാണെന്നും വാദിക്കാമല്ലോ?

ദുഷ്ടത പ്രവർത്തിക്കുന്ന ഓരോ മനുഷ്യനും പിശാച് ഉണ്ടെന്നതിന്റെ തെളിവാണെങ്കിൽ നന്മ നിറഞ്ഞ ഓരോ മനുഷ്യനും ദൈവം ഉണ്ടെന്നതിന്റെ തെളിവല്ലേ ? നന്മകളുടെയെല്ലാം ഉറവിടവും ഉത്തരവാദിയും ദൈവവും തിന്മകളുടെയെല്ലാം ഉറവിടവും ഉത്തരവാദിയും പിശാചും എന്ന് വ്യാഖ്യാനിച്ചാൽ മനുഷ്യന് സുന്ദരമായി പിൻവാങ്ങാം. അത് ശരിയല്ല. നന്മതിന്മകൾ തിരഞ്ഞെടുക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം മനുഷ്യനാണ്. ദൈവം മനുഷ്യന് നൽകിയിട്ടുള്ള ഏറ്റവും വലിയ ദാനം സ്വാതന്ത്ര്യമാണ്. അത് സൂക്ഷ്മതയോടെ വിനിയോഗിച്ച് ഓരോ മനുഷ്യനും നന്മ തിരഞ്ഞെടുക്കണം എന്നതാണ് ദൈവത്തിന്റെ ആഗ്രഹം. നിയമാവർത്തന ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് പരമസത്യമാണ്. രണ്ട് ജോടികളാണ് ഓരോ മനുഷ്യന്റെയും മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്നത്: ജീവനും നന്മയും; മരണവും തിന്മയും. ‘നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിന് ജീവൻ തിരഞ്ഞെടുക്കുക’ എന്നാണ് ദൈവം മോശയിലൂടെ ഇസ്രായേൽ ജനത്തോട് പറയുന്നത് (30:19).

അതായത്, നാം ഓരോരുത്തരും നമ്മുടെ മനഃസാക്ഷിയിൽ, സ്വാതന്ത്ര്യം എന്ന മഹാദാനം ഉപയോഗിച്ച് നന്മയും ജീവനും തിരഞ്ഞെടുക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. തിന്മയ്ക്കും ദുഷ്ടതയ്ക്കും താൽക്കാലികമായ വിജയവും വാഴ്ചയും ഉണ്ടായേക്കാം. പക്ഷേ, ഒടുവിൽ അത് നശിക്കും. അത് ദൈവത്തിന്റെ മാത്രം നിയമമല്ല; പ്രപഞ്ചത്തിന്റെയും നിയമമാണ്. തിന്മയും മരണവും തിരഞ്ഞെടുത്ത് പിശാചിനെ സന്തോഷിപ്പിക്കാൻ നമുക്ക് അയാളോട് യാതൊരു കടപ്പാടുമില്ല. പിശാചല്ല; ദൈവമാണ് സ്വന്തം ഛായാസാദൃശ്യങ്ങളിൽ നമ്മെ സൃഷ്‌ടിച്ചത്. ആ സാദൃശ്യം നമ്മുടെ ആത്മാവിൽ നിത്യമായി പതിഞ്ഞിട്ടുണ്ട്. ആ സ്വരം നമ്മുടെ മനഃസാക്ഷിയിൽ നിരന്തരം മുഴങ്ങുന്നുണ്ട്. മനഃസാക്ഷി ദൈവത്തിന്റെ അധിനിവേശമേഖലയായി മാറിയാൽ ലളിതമായും സ്വാഭാവികമായും നാം നന്മയും ജീവനും തിരഞ്ഞെടുക്കും. അപ്പോൾ നാം ജീവിക്കുകയും ദൈവം ആഹ്ലാദിക്കുകയും ചെയ്യും.’

‘ഇനിയും ചോദ്യങ്ങളുണ്ട് !’

‘ചോദിച്ചോളൂ. അടുത്ത ലക്കത്തിൽ ഉത്തരം പറയാം.’

  • (തുടരും)

ജോസഫിനെ വെട്ടിനിരത്തിയ സഹോദരന്മാർ

1025-ാം ജൂബിലി വർഷത്തിൽ 1500-ഓളം വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി വിശ്വാസപരിശീലന വിദ്യാർത്ഥികൾ

അപ്‌ലോഡ് ചെയ്യാത്ത ജീവിതങ്ങൾ

മെക്‌സിക്കോയിലെ ബാലരക്തസാക്ഷികളുടെ അഞ്ഞൂറാം വാര്‍ഷികം

പായസപ്പിള്ളേർ