അങ്ങനെ, ഈ യുഗത്തിലും വരാനിരിക്കുന്ന യുഗത്തിലും എല്ലാ ആധിപത്യങ്ങള്‍ക്കും അധികാരങ്ങള്‍ക്കും ശക്തികള്‍ക്കും പ്രഭുത്വങ്ങള്‍ക്കും അറിയപ്പെടുന്ന എല്ലാ നാമങ്ങള്‍ക്കുമുപരി അവനെ ഉപവിഷ്ടനാക്കി.എഫേസോസ് 1:21
''എന്നാലും വിശ്വാസതിരുസംഘം ചെയ്തത് ചതിയായിപ്പോയി!''
''എന്തു ചതി?''
''മാതാവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചില്ലേ?''
''മറിയത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയല്ല; മരിയഭക്തിയെ വ്യക്തതയിലേക്ക് നയിക്കുക എന്നതാണ് 'മാത്തെര്‍ പോപ്പുളി ഫിദെലിസ്' (Mater Populi Fidelis) എന്ന രേഖയുടെ ലക്ഷ്യം.''
''സൈദ്ധാന്തിക സന്തുലനത്തിനു (Doctrinal Balance) വേണ്ടിയാണ് രേഖ പുറപ്പെടുവിച്ചതെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. നല്ല കാര്യം! വിശ്വാസികളുടെ ബാലന്‍സ് തെറ്റുമെന്ന് മാത്രം.''
''ഭക്തിയില്‍ വൈകാരികതയ്ക്ക് സ്ഥാനമുണ്ട്. എന്നാല്‍, വിശ്വാസദര്‍ശനങ്ങളില്‍ യുക്തിക്കും ചിന്തയ്ക്കുമാണ് ഉപരിമൂല്യമുള്ളത്. വിശ്വസിക്കുകയും പ്രാര്‍ഥിക്കുകയും പ്രത്യാശിക്കുകയും ജീവിക്കുകയും ചെയ്യുന്നത് എന്തെന്ന് ഒരു കത്തോലിക്കാക്രിസ്ത്യാനി വ്യക്തമായി അറിഞ്ഞിരിക്കണം.''
''പിന്നെ! ഈ തിയോളജിയും വ്യാഖ്യാനങ്ങളുമെല്ലാം പഠിച്ചിട്ടല്ലേ സാധാരണ മനുഷ്യര്‍ വിശ്വസിക്കുകയും പ്രാര്‍ഥിക്കുകയുമൊക്കെ ചെയ്യുന്നത്!''
''കത്തോലിക്കാക്രിസ്ത്യാനികള്‍ സാധാരണ മനുഷ്യരല്ല! സാധാരണ മനുഷ്യരെപ്പോലെ കാണപ്പെടുന്ന അസാധാരണ മനുഷ്യരാണവര്‍! വിശ്വസിക്കുകയും പ്രാര്‍ഥിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നവയെപ്പറ്റി ആഴത്തില്‍ പഠിക്കാന്‍ മാമ്മോദീസായും തൈലാഭിഷേകവും ഓരോരു ത്തരെയും ചുമതലപ്പെടുത്തുന്നുണ്ട്. കാലാകാലങ്ങളില്‍ മാര്‍പാപ്പമാര്‍ നല്‍കുന്ന പ്രബോധനങ്ങള്‍ അംഗീകരി ക്കാനും അനുസരിക്കാനും വിശ്വാസികള്‍ കടപ്പെട്ടവരല്ലേ?''
''മുന്‍പ് ഒരു മാര്‍പാപ്പ തന്നെയല്ലേ മറിയത്തെ സഹരക്ഷക എന്ന് വിശേഷിപ്പിച്ചത്?''
''വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നത് ശരി തന്നെ. എന്നാല്‍, അതിന്റെ ദൈവശാസ്ത്രപരമായ ആധികാരികത വ്യക്തമല്ലാത്ത തിനാല്‍ സ്വീകാര്യമല്ലെന്ന നിലപാടാണ് ബെനഡിക്ട് മാര്‍പാപ്പയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൈക്കൊണ്ടത്. മരിയന്‍ ശീര്‍ഷകങ്ങളെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖ മറിയത്തെ ഒരു തരത്തിലും ഇകഴ്ത്തുന്നില്ല. മരിയഭക്തിയെ സഭയുടെ നിധി (treasure of the Church) എന്നാണ് രേഖ വിശേഷിപ്പിക്കുന്നത്. മറിയത്തില്‍ അഭയവും സങ്കേതവും പ്രത്യാശയും കണ്ടെത്തുന്ന ദൈവജനത്തിന്റെ ഭക്തി പഠനവിധേയമാക്കുന്നത് അതിനെ തിരുത്താനല്ല; അഭിനന്ദിക്കാനും ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമാണെന്ന്
(to appreciate, admire and encourage) രേഖയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. ദൈവവചനത്തിലും സഭയുടെ സമ്പന്നമായ പാരമ്പര്യത്തിലും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലും മാര്‍പാപ്പമാരുടെ അധ്യാപനങ്ങളിലും അധിഷ്ഠിതമായ മരിയഭക്തി എത്രയോ ആധികാരിക മാണെന്നും രേഖ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ചില മരിയന്‍ ശീര്‍ഷകങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനാല്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്ന് രേഖ പഠിപ്പിക്കുന്നു. സഹരക്ഷക, മധ്യസ്ഥ, എല്ലാ കൃപകളുടെയും മാതാവ്
(Co-redemptrix, Mediatrix, Mother of Grace) എന്ന മരിയന്‍ ശീര്‍ഷകങ്ങള്‍ യേശുവിന്റെ അതുല്യതയെയും അനുപമത യെയും ബാധിക്കുന്നതിനാല്‍ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് രേഖ പറയുന്നു.''
''എന്തൊക്കെയായാലും രേഖയും അനുബന്ധചര്‍ച്ചകളും മറിയത്തിന്റെ പ്രഭ കുറച്ചു എന്നേ പറയാനുള്ളൂ. അല്ലെങ്കില്‍ ത്തന്നെ മറിയത്തിന് ധാരാളം ശത്രുക്കളുണ്ട്. ഇതോടെ എല്ലാം പൂര്‍ത്തിയായി!''
''മറിയത്തിന്റെ പ്രഭയ്ക്ക് ഒരു മങ്ങലുമില്ല. അഥവാ മറിയത്തിന് തന്നില്‍ത്തന്നെ പ്രഭയില്ല. ആരും സ്വയംപ്രഭ ഉള്ളവരല്ല. എല്ലാ പ്രഭയും പ്രഭാപൂര്‍ണ്ണനായ ദൈവത്തില്‍ നിന്ന് വരുന്നതാണ്. ക്രിസ്തീയജീവിതം ദൈവത്തിന്റെ പ്രഭയില്‍ പങ്കാളികളാകാനുള്ള ക്ഷണവും അവസരവു മാണ്. സ്‌നേഹത്തിന്റേതും ആനന്ദത്തിന്റേതുമായ
ആ ദൈവികപ്രഭയില്‍ ഏറിയും കുറഞ്ഞും ഓരോരുത്തരും പങ്കുചേരുന്നു. മറിയം അത്യദ്ഭുതകരമായി ആ പ്രഭയില്‍ പങ്കുചേര്‍ന്നു. അതുകൊണ്ടാണ് മറ്റൊരു മനുഷ്യവ്യക്തിക്കുമില്ലാത്ത മഹത്വം നല്കി ദൈവം മറിയത്തെ അനുഗ്രഹിച്ചത്. അടുത്തലക്കത്തില്‍ വിശദീകരിക്കാം.''
(തുടരും)