നിന്റെ വാക്കുകളാല്‍ നീ നീതികരിക്കപ്പെടും. നിന്റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.മത്തായി 12:37
പ്രിയപ്പെട്ടവരേ,
നമ്മള്‍ ഈ ഭൂമിയില്‍ പിറന്നിട്ട് അനേകം വര്‍ഷങ്ങളായല്ലോ. ഇതിനകം എത്രയോ വാക്കുകള്‍ നമ്മള്‍ പറഞ്ഞിട്ടുണ്ടാകും. എത്രയോ വാക്കുകള്‍ നമ്മള്‍ എഴുതിയിട്ടുണ്ടാകും. പിറക്കാതെ പോയ വാക്കുകള്‍ അതിലും എത്രയോ അധികമായിരിക്കും! പറഞ്ഞതിലും എഴുതിയതിലും എത്രയോ അധികം വാക്കുകളായിരിക്കും പറയാതെയും എഴുതാതെയും ഉള്ളില്‍ മുഴങ്ങിയത്! ദൈവം പക്ഷേ, നമ്മുടെ ആ വാക്കുകളും കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. 'രൂപം ലഭിക്കുന്നതിനു മുമ്പുതന്നെ' നമ്മെ കണ്ട കണ്ണുകള്‍ ആ വാക്കുകള്‍ കാണാതിരിക്കുമോ? 'ഒരു വാക്ക് നാവിലെത്തുന്നതിനു മുമ്പുതന്നെ അറിയുന്ന' ആ വായനക്കാരന്‍ ആ വാക്കുകള്‍ വായിക്കാതിരിക്കുമോ? ദൈവത്തേക്കാള്‍ വലിയ വായനക്കാരനില്ലാത്തതിനാല്‍ സൂക്ഷ്മമായ ആ വായനയില്‍ നിന്ന് ആര്‍ക്കും ഒന്നിനും രക്ഷപ്പെടാനാവില്ല.
നമ്മില്‍ നിന്ന് പിറന്ന വാക്കുകളെ വിലയിരുത്തിയാല്‍ അവയില്‍ ജീവദായകമായ എത്ര വാക്കുകള്‍ ഉണ്ടാകും? രക്ഷാകരവും സൗഖ്യദായകവുമായ എത്ര വാക്കുകള്‍ ഉണ്ടാകും? ആശ്വസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത എത്ര വാക്കുകള്‍ ഉണ്ടാകും? സത്യത്തില്‍ ആഹ്ലാദിക്കുകയും സ്‌നേഹം നിശ്വസിക്കുകയും കരുണ ചൊരിയുകയും ചെയ്ത എത്ര വാക്കുകള്‍ ഉണ്ടാകും?
ദൈവം വാക്കാണെന്നാണ് വേദപുസ്തകം പറയുന്നത്. ആദിയിലേ ഉണ്ടായിരുന്ന വാക്ക്; ദൈവത്തോടു കൂടെയായിരുന്ന വാക്ക്; ദൈവം തന്നെയായ വാക്ക് - ആ വാക്കാണ് വചനം! ആ വചനം അഥവാ വാക്കാണ് മാംസമായി അവതരിച്ചത്. മനുഷ്യാവതാരമെന്നത് വാക്കിന്റെ അവതാരമാണ്. മാംസത്തെയെല്ലാം വചനമാക്കാനാണ് വചനം മാംസമായത്. മണ്ണിന്റേതിനെയെല്ലാം സ്വര്‍ഗത്തിന്റേതാക്കാനാണ് വാക്ക് സ്വര്‍ഗം വിട്ട് മണ്ണിലവതരിച്ചത്.
അങ്ങനെയെങ്കില്‍ മാംസമായി അവതരിച്ച വചനം നമ്മുടെ വാക്കുകളെ ഒന്നാകെ വിലയിരുത്തുകയാണെന്ന് കരുതുക. നമ്മില്‍ നിന്ന് പുറപ്പെട്ട വാക്കുകളെ നമ്മുടെ മുന്നില്‍ വചനം വിളിച്ചു വരുത്തിയിരിക്കുന്നു എന്നു വിചാരിക്കുക. നമ്മള്‍ പറഞ്ഞതും എഴുതിയതും വിചാരിച്ചതുമായ വാക്കുകളെല്ലാം പോസ്റ്റ്‌മോട്ടെം ടേബിളില്‍ എന്ന പോലെ നിരന്നു കിടക്കുകയാണ്!
ഒരു ഫോറെന്‍സിക് സര്‍ജനെപ്പോലെ വചനം നമ്മുടെ വാക്കുകളുടെ 'മൃതദേഹപരിശോധന' നടത്തുകയാണ്.
ആ മേശയ്ക്കരികില്‍ നമ്മളും ഉണ്ട് എന്ന അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യം നാം തിരിച്ചറിയുന്നു! അതെ, നമ്മുടെ സാന്നിധ്യത്തിലാണ് നമ്മുടെ വാക്കുകളെ വചനം പോസ്റ്റ്‌മോട്ടെം ചെയ്യുന്നത്! നാം ജന്മം നല്‍കിയ ശതകോടി വാഗ്ശരീരങ്ങള്‍ ഇതാ, ചേതനയറ്റ് നമ്മുടെ മുമ്പില്‍ നിരന്നു കിടക്കുന്നു! വചനം അവയെ വേര്‍തിരിക്കുകയാണ്. ഞൊടിയിടയില്‍ വിളയെന്നും കളയെന്നും വേര്‍തിരിക്കുകയാണ്. ജീവന്റെ പുസ്തകത്തിലേക്കെന്നും ശിക്ഷാവിധിയുടെ ഇരുട്ടറയിലേക്കെന്നും തരം തിരിക്കുകയാണ്. ഉയിര്‍പ്പിന്റേതെന്നും നിത്യശൂന്യതയുടേതെന്നും അടയാളപ്പെടുത്തുകയാണ്. 'ധാന്യപ്പുരയില്‍ സംഭരിക്കാനുള്ളത്, തീയില്‍ ചുട്ടുകളയാനുള്ളത്' എന്ന് വിഭജിക്കുകയാണ്.
നമ്മുടെ ആയുസിന്റെ പുസ്തകമെന്നത് നമ്മുടെ വാക്കുകളുടെയും പുസ്തകമാണ്. നമ്മുടെ വിധി എന്നത് നമ്മുടെ വാക്കുകള്‍ നിര്‍ണ്ണയിക്കുന്ന വിധിയാണ്. പറഞ്ഞതും പറയാതെ പറഞ്ഞതും പറയാന്‍ മറന്നതും പറഞ്ഞു മറന്നതും എഴുതിയതുമായ വാക്കുകളെല്ലാം ചേര്‍ന്നാണ് നമ്മുടെ വിധി നിര്‍ണ്ണയിക്കുന്നത്. ഇതുവരെ പറഞ്ഞ വാക്കുകളില്‍ അധികവും മറ്റുള്ളവരോടും മറ്റുള്ളവയെപ്പറ്റിയുമായിരുന്നല്ലോ. ഇനി പുതിയൊരു ഭാഷണം ശീലിക്കാം. നമ്മുടെ ആത്മാവിനോട് സംസാരിക്കാം. മറ്റാരോടും എന്നതിനേക്കാള്‍ ആത്മാവിനോട് പ്രിയതരമായ ചിലത് പറയാനുണ്ടല്ലോ; അമൂല്യമായ ചില അന്വേഷണങ്ങള്‍ കൈമാറാനുണ്ടല്ലോ! വിമൂകമായ ആ താഴ്‌വരയില്‍ പവിത്രമായ വാക്കുകള്‍ മുഴങ്ങട്ടെ. ആത്മായനത്തിന്റെ നവംബര്‍ ആത്മഭാഷണത്തിന്റേതാകട്ടെ. നാമല്ലാതെ മറ്റാരാണ് നമ്മുടെ ആത്മാവിന് കൂട്ടിനുള്ളത്?!