ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495-1550) : മാര്‍ച്ച് 8

ദൈവത്തിന്റെ വിശുദ്ധ ജോണ്‍ (1495-1550) : മാര്‍ച്ച് 8
ആശുപത്രികളുടെയും രോഗികളുടെയും നഴ്‌സുമാരുടെയും അച്ചടിശാലക്കാരുടെയും പുസ്തകവില്പനക്കാരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ജോണ്‍ ഓഫ് ഗോഡ്
പോര്‍ട്ടുഗലില്‍ ജനിച്ച ജോണ്‍ യൗവനകാലത്ത് സ്‌പെയിനില്‍ ഒരു പ്രഭുവിന്റെ ആട്ടിടയനായി കഴിഞ്ഞു. എങ്കിലും ആത്മാര്‍ത്ഥതയും ഭക്തിയും ജോണിന്റെ മുഖമുദ്രയായിരുന്നു. കുറച്ചുകാലം ഫ്രാന്‍സില്‍ സൈനികസേവനവും നടത്തി.
അതിനുശേഷം മതപരമായ പുസ്തകങ്ങളും ചിത്രങ്ങളും കൊണ്ടു നടന്നു വില്‍ക്കുന്ന ജോലിയും കുറെക്കാലം ചെയ്തു. അങ്ങനെ 45-ാമത്തെ വയസ്സില്‍ ഉണ്ണിയീശോയുടെ ഒരു ദര്‍ശനം ജോണിനു ലഭിച്ചു.

ഈശോ പറഞ്ഞു; ദൈവത്തിന്റെ ജോണേ, ഗ്രാനഡ നിന്റെ കുരിശായിരിക്കും. അപ്പോള്‍ ജോണ്‍ ഗ്രാനഡ എന്ന പട്ടണത്തിലായിരുന്നു ഒരു ദിവസം ആവിലായിലെ വി. ജോണിന്റെ ഒരു ധ്യാനപ്രസംഗം കേള്‍ക്കാനി ടയായ ജോണ്‍ ഏറെ അസ്വസ്ഥനായി. തന്റെ സമ്പാദ്യമെല്ലാം അയാള്‍ സാധുക്കള്‍ക്കു വിതരണം ചെയ്തു. അതിനുശേഷം നഷ്ടപ്പെട്ടുപോയ യുവത്വത്തെപ്പറ്റിയോര്‍ത്ത് വിലപിച്ചുകൊണ്ട് അയാള്‍ അലഞ്ഞുതിരിയാന്‍ തുടങ്ങി. ആവിലായിലെ ജോണ്‍ അയാളെ ഉപദേശിക്കുകയും പാപമോചന – വാഗ്ദാനം ചെയ്യുകയും ചെയ്ത് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ ദരിദ്രര്‍ക്കും രോഗികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാനുള്ള തീരുമാനത്തില്‍ ജോണ്‍ എത്തിച്ചേര്‍ന്നു.
അങ്ങനെ ഗ്രാനഡയില്‍ ഒരു ചെറിയ വീട് വാടകയ്‌ക്കെടുത്തു. സാധുക്കളെയും രോഗികളെയും സംരക്ഷിക്കാനായിരുന്നു. അവിടെ നടന്നെത്താന്‍ കഴിയാത്ത രോഗികളെ ജോണ്‍ തന്നെ എടുത്തുകൊണ്ടു വന്നു ശുശ്രൂഷിച്ചു. അവിടെ എത്തുന്ന രോഗികളുടെ കാലുകള്‍ ജോണ്‍ തന്നെ കഴുകി വൃത്തിയാക്കുകയാണു ആദ്യത്തെ ജോലി. എന്നിട്ട് ചുംബിക്കാനായി ഒരു കൂരിശുരൂപം അവര്‍ക്കു നല്‍കും. അതു കഴിഞ്ഞ് കിടക്കയിലേക്ക് ആനയിക്കും. ഒരു വൈദികനെ വരുത്തി അവരെ കുമ്പസാരിപ്പക്കുകയെന്നതാണ് അടുത്ത പരിപാടി
ആ രോഗികളുടെ സകല ശുശ്രൂഷകളും ജോണ്‍ തനിയെ ചെയ്തു. വീട് കഴുകി വൃത്തിയാക്കി സൂക്ഷിക്കുക, ഭക്ഷണവും വസ്ത്രങ്ങളും തയ്യാറാക്കുക, ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ യഥാസമയം നല്‍കുക-എല്ലാം ജോണ്‍ കൃത്യമായി ചെയ്തു. ബാക്കി സമയം മുഴുവന്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ക്കും സഹായങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനയില്‍ മുഴുകി നാട്ടിലൂടെ ചുറ്റിക്കറങ്ങി ഭക്ഷണവും മറ്റും സഹായങ്ങളും അഭ്യത്ഥിച്ചു. യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുന്നവരോടു ജോണ്‍ പറഞ്ഞു, സഹോദരാ, ദൈവസ്‌നേഹത്തെപ്രതി ഒരു നല്ല കാര്യം ചെയ്യൂ.
നിസ്സഹായരായ എല്ലാ ജനങ്ങളും ജോണിന്റെ സഹായം തേടിയെത്തി. വിധവകള്‍ക്കും അനാഥക്കുട്ടികള്‍ക്കും വഴിതെറ്റിപ്പോയ സ്ത്രീ കള്‍ക്കും ദരിദ്രരായ വിദ്യാര്‍ത്ഥികള്‍ക്കും ജോലിയില്ലാത്ത ചെറുപ്പക്കാര്‍ ക്കുമെല്ലാം ജോണ്‍ സഹായിയും സംരക്ഷകനുമായി. ആര്‍ച്ചുബിഷപ്പ് ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കികൊണ്ടിരുന്നു. ജോണിന്റെ ജീവിതവിശുദ്ധിയുടെ അച്ചാരമായി അത്ഭുതങ്ങള്‍ തന്നെ സംഭവിച്ചുകൊണ്ടിരുന്നു.
അള്‍ത്താരയുടെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് മരണം സംഭവിച്ചത്-1550 മാര്‍ച്ച് 8ന്. 1690-ല്‍ അദ്ദേഹത്തെ വിശുദ്ധനെന്നു പ്രഖ്യാപിച്ചു.
ജോണ്‍ സ്ഥാപിച്ച ശുശ്രൂഷാസമൂഹം പിന്നീട് "Brothers Hospitallers" എന്ന സന്ന്യാസസമൂഹമായി വളര്‍ന്നു. ലോകത്തിന്റെ നാനാ ഭാഗങ്ങളിലായി നൂറിലേറെ ആശുപത്രികള്‍ ഈ സന്ന്യാസ സമൂഹം നടത്തുന്നുണ്ട്. ആശുപത്രികളുടെയും രോഗികളുടെയും നഴ്‌സുമാരുടെയും അച്ചടിശാലക്കാരുടെയും പുസ്തകവില്പനക്കാരുടെയുമൊക്കെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനാണ് വി. ജോണ്‍ ഓഫ് ഗോഡ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org