
ഫ്രാന്‍സെസ്സ് ദി ബുസ്സോ എന്ന റോമന്‍ പെണ്‍കുട്ടി ഒരു സമ്പന്നകുടുംബത്തിലാണു ജനിച്ചതെങ്കിലും ചെറുപ്പം മുതല്‍ പ്രാര്‍ത്ഥനാ ജീവിതത്തോടായിരുന്നു താല്പര്യം. എങ്കിലും, മാതാപിതാക്കളുടെ ആഗ്രഹപ്രകാരം 12-ാ മത്തെ വയസ്സില്‍ അവള്‍ വിവാഹത്തിനു സമ്മതംമൂളി. ഭക്തനും നല്ലവനുമായ ലോറന്‍സോ എന്ന യുവ റോമന്‍ പ്രഭുവായിരുന്നു ഭര്‍ത്താവ്.
40 വര്‍ഷം അപസ്വരങ്ങളില്ലാതെ അഭംഗുരം തുടര്‍ന്ന ആ ദാമ്പത്യ ത്തില്‍ ആറുമക്കളുണ്ടായി. ഇടയ്ക്കിടെ പ്രാര്‍ത്ഥനയില്‍ മുഴുകാറുണ്ടായിരുന്ന ഫ്രാന്‍സെസ്സ് ഒരിക്കലും താനൊരു അമ്മയും ഭാര്യയുമാണെന്ന കാര്യം മറന്നിരുന്നില്ല.
1408-ലാണ് അവരുടെ കുടുംബത്തിന്റെ മേല്‍ അത്യാഹിതം വന്നുപതിച്ചത്. നേപ്പിള്‍സ് രാജാവ് ലഡിസ്ലാവ്‌സ് റോമാനഗരം ആക്രമിക്കുകയും അവരുടെ ഭവനം കൊള്ളയടിക്കുകയും ഫ്രാന്‍സെസ്സിന്റെ ഭര്‍ത്താവിനെ തടവുകാരനാക്കുകയും അവളുടെ എട്ടുവയസ്സുള്ള മകനെ ജാമ്യത്തടവുകാരനായി കൊണ്ടുപോകുകയും ചെയ്തു. അവരെ പിന്നീട് വിട്ടയച്ചെങ്കിലും 1410-ല്‍ അവരുടെ റോമിലെ കൊട്ടാരം തകര്‍ക്കപ്പെടുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും അവരെ നാടുകടത്തുകയും ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവരുടെ രണ്ടു കുഞ്ഞുങ്ങള്‍ അകാലത്തില്‍ മരണമടഞ്ഞു.
ഫ്രാന്‍സെസ്സിന്റെ വ്യക്തിപരമായ ജീവിത വിശുദ്ധിയും അനാര്‍ഭാടമായ ലളിതജീവിതവും സാധുക്കളോടുള്ള അനുകമ്പയും അനേകം റോമന്‍ സമ്പന്ന സ്ത്രീകള്‍ക്ക് മാതൃകയായിത്തീര്‍ന്നു. അവരെല്ലാവരും കൂടി സംഘടിച്ചാണ് 1433-ല്‍ ബനഡിക്‌ടൈന്‍ ഒബ്ലേറ്റ്‌സ് എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. പോപ്പ് എവുജിന്‍ IV, 1433 ല്‍ അംഗീകാരം നല്‍കിയ ഈ പ്രസ്ഥാനം പാവങ്ങളുടെയും രോഗികളുടെയും ആശ്രയമായി ഇന്നും നിലനില്ക്കുന്നു. ഈ പ്രസ്ഥാനത്തിന് നിയതമായ നിയമങ്ങളോ വ്രതമോ ഒന്നും ഉണ്ടായിരുന്നില്ല. നിശ്ചിതമായ പ്രാര്‍ത്ഥനയും രോഗീസന്ദര്‍ശനവും മറ്റുമായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ജീവിതചര്യ.
നന്മതിന്മകളെ മുന്‍കൂട്ടി ദര്‍ശിക്കാനുള്ള ദിവ്യമായ ഒരു സിദ്ധി ഫ്രാന്‍സെസ്സിനുണ്ടായിരുന്നു. അതുകൊണ്ട് പല കാര്യങ്ങളും അവര്‍ മുന്‍കൂട്ടി പറയുകയും രോഗികള്‍ സൗഖ്യം പ്രാപിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം 1436 മാര്‍ച്ച് 21-ന് ഫ്രാന്‍സെസ്സ് സ്വന്തം പ്രസ്ഥാനമായ സന്ന്യാസസഭയില്‍ അംഗമായി ചേര്‍ന്നു. നാലുവര്‍ഷത്തിനുശേഷം 1440 മാര്‍ച്ച് 9 ന് 56-ാമത്തെ വയസ്സില്‍ അവര്‍ ഈ ലോകജീവിതത്തോട് വിട പറഞ്ഞു.
1608 മെയ് 29 ന് പോപ്പ് പോള്‍ V ഫ്രാന്‍സെസ്സിനെ വിശുദ്ധയായി പ്രഖ്യാപിച്ചു.