ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്കിലും ആത്മാവ് ഒന്നുതന്നെ. ശുശ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്കിലും കര്‍ത്താവ് ഒന്നുതന്നെ. പ്രവൃത്തികളില്‍ വൈവിധ്യം ഉണ്ടെങ്കിലും എല്ലാവര്‍ക്കും എല്ലാറ്റിലും പ്രചോദനം നല്കുന്ന ദൈവം ഒന്നുതന്നെ.1 കോറിന്തോസ് 12:4-6
പൂന്തോട്ടത്തില്‍ പുതിയ
കാവല്‍ക്കാരന്‍ വന്നു.
പത്ത് മണി മുല്ലയും
നാലു മണിപ്പൂവും
രാവിലെ ആറിന് തന്നെ വിരിയണം
എന്നതായിരുന്നു ആദ്യ ഉത്തരവ്.
രാത്രി പൂക്കരുതെന്നും
മണം പരത്തരുതെന്നും
ഉത്തരവ് കിട്ടിയ നിശാഗന്ധി
അന്ന് നട്ടുച്ചവെയിലിനു മുന്നില്‍
തലവച്ച് കടുംകൈ ചെയ്തു.
പൂന്തോട്ടത്തിലെ പൂക്കള്‍ക്കെല്ലാം
ഇനിമുതല്‍ ഒരു നിറമായിരിക്കണമെന്നും
ഒരേ സുഗന്ധം മതിയെന്നും അറിയിപ്പ്.
തുളസിക്കും ജമന്തിപ്പൂവിനും
ഇളവ് കിട്ടി.
ഇളവ് ചോദിക്കാന്‍ പോയ അസര്‍മുല്ല
പിന്നെ മടങ്ങിവന്നതേയില്ല.
നിയമം തെറ്റിച്ച് പൂത്ത ചെമ്പരത്തിയെ
കാവല്‍ക്കാരന്‍ വേരോടെ പറിച്ച്
പതഞ്ജലിയിലെ സ്വാമിക്ക്
ഇഷ്ടദാനം കൊടുത്തു.
'ശ്മശാനത്തിന്റെ കാവല്‍ക്കാരന്‍' എന്നാണ് ഹബീബ് കാവനൂര്‍ രചിച്ച ഈ കവിതയുടെ പേര്. അധികാരത്തിന്റെ ഭ്രാന്തും ഗൂഢലക്ഷ്യങ്ങളുമുള്ള 'കാവല്‍ക്കാര്‍' എപ്രകാരമാണ് തങ്ങള്‍ക്ക് ഭരമേല്‍പിക്കപ്പെട്ട പൂവാടികളെ ശ്മശാനമാക്കുന്ന തെന്ന് ഈ കൊച്ചു കവിത ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു. ഏതാനും വാക്യങ്ങളില്‍ എത്രയോ തലങ്ങളിലേക്കാണ് കവിത വികസിക്കുന്നത്.
പൂന്തോട്ടങ്ങളെ ശ്മശാനങ്ങളാക്കുന്ന ക്രൂരകലയില്‍ നിപുണരായ ചില അധികാരികളുണ്ട്. വിവിധ വര്‍ണ്ണങ്ങളിലും വിവിധ ഗന്ധങ്ങളിലും വിടര്‍ന്നു പരിലസിക്കുന്ന പൂക്കളെ നോക്കി അസ്വസ്ഥരാകുന്നവര്‍. ഐകരൂപ്യത്തില്‍ (ൗിശളീൃാശ്യേ) നിര്‍വൃതി നുകരുന്നവര്‍. ഹൃദയാന്ധതയാല്‍ വസന്തങ്ങളെ ചവിട്ടിമെതിക്കുന്നവര്‍. പവിത്രമായ പൂവാടികളെ അധികാരത്തിനുവേണ്ടിയുള്ള തങ്ങളുടെ മലിനകേളികളുടെ കൂത്തരങ്ങായി അധഃപതിപ്പിക്കുന്നവര്‍. വൈവിധ്യങ്ങളെ ഹൃദയപൂര്‍വം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഇത്തരം അധികാരികളാണ് പൂന്തോപ്പുകളെ ശവപ്പറമ്പുകളാക്കുന്നത്. ആ ശവപ്പറമ്പുകളില്‍ പക്ഷേ, തങ്ങളെ നിത്യവിസ്മൃതിയിലാഴ്ത്തുന്ന കുഴിമാടവുമുണ്ടെന്ന് അവര്‍ ഓര്‍മ്മിക്കുന്നില്ല. ഉദാഹരണങ്ങളുടെ പട്ടികയില്‍ രാഷ്ട്രമെന്നതു പോലെ സഭയും ഉള്‍പ്പെട്ടു എന്നതാണ് ദുഃഖഹേതു.
ശ്മശാനങ്ങളെപ്പോലും പൂന്തോട്ടങ്ങളായി പരിവര്‍ത്തനം ചെയ്യാന്‍ കെല്‍പും നിയോഗവുമുള്ള താണ് ക്രിസ്തുവിന്റെ സഭ. അത്തരമൊരു മെറ്റെമോര്‍ഫസിസിനാണ് 'സകല സൗഭാഗ്യങ്ങളും നന്മകളും നിറച്ച് മുടി ചൂടിച്ച്' ക്രിസ്തു അവളെ ഈ ഭൂമിയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദാനങ്ങളിലും ശുശ്രൂഷകളിലുമുള്ള വൈവിധ്യം ദൈവദത്തമാണ്. പ്രവൃത്തികളിലും പ്രചോദനങ്ങളിലുമുള്ള വൈവിധ്യവും ദൈവദത്തമാണ്. അങ്ങനെയെങ്കില്‍ ആരാധനാരീതികളിലെ വൈവിധ്യങ്ങളെ അംഗീകരിക്കുന്നതിന് തടസ്സമെന്താണ്? അതിന് തയ്യാറാകാതെ നിരര്‍ഥകവും നിഷ്പ്രയോജനകരവുമായ ഏകതാനത അടിച്ചേല്‍പ്പിക്കുന്നവര്‍ ദൈവത്തിനുപോലും പെരുമാറ്റച്ചട്ടം നിര്‍മ്മിക്കുകയാണ്; ആത്മപ്രചോദനങ്ങളെ അന്ത്യശാസനങ്ങള്‍ കൊണ്ട് അസാധുവാക്കാമെന്ന് വ്യാമോഹിക്കുകയാണ്. അധികാരത്തിന്റെ ഉന്മാദത്തില്‍ വൈവിധ്യങ്ങളെ അടിച്ചമര്‍ത്തുന്ന സഭാധികാരികള്‍ ആത്മീയതയുടെ സര്‍ഗാത്മകതയെ ഹനിക്കുകയാണ്. ക്രിസ്തുസ്‌നേഹവും മനുഷ്യസ്‌നേഹവും ആഹ്ലാദം നിറയ്ക്കുന്ന സരളമായ ഒരു സഹയാത്രയെ, കാക്കിയിലും വെളുപ്പിലും ചുവപ്പിലുമൊക്കെയായി കേഡര്‍ പാര്‍ട്ടികള്‍ നടത്തുന്ന പരേഡ് പോലെയായി അവര്‍ ലഘൂകരിക്കുന്നു.