ഇതാ, ഇന്നു ഞാന്‍ നിന്റെ മുമ്പില്‍ ജീവനും നന്മയും, മരണവും തിന്മയും വച്ചിരിക്കുന്നു. നീയും നിന്റെ സന്തതികളും ജീവിക്കേണ്ടതിനു ജീവന്‍ തിരഞ്ഞെടുക്കുക.നിയമാവര്‍ത്തനം 30:15 & 19
ജനാധിപത്യവും തിരഞ്ഞെടുപ്പുമായിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യവിഷയം. വോട്ടു ചെയ്തു ജയിപ്പിക്കുന്ന ജനത്തെ ആധിപത്യത്തിലാക്കി തോല്‍പ്പിക്കുന്ന ഭരണാധികാരികളുടെ ഭ്രമങ്ങളെയും വിഭ്രമങ്ങളെയും വോട്ടറായ സാധാരണ പൗരന്റെ വീക്ഷണകോണിലൂടെ വിലയിരുത്തുകയായിരുന്നു. പണ്ടത്തെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിലെ വായ്ത്താരികളില്‍ നിന്ന് ഉള്ളില്‍ തടഞ്ഞത് രണ്ടു വിശേഷണങ്ങളായിരുന്നു: ജനാധിപത്യത്തിന്റെ ശ്രീകോവിലും മനഃസാക്ഷിയുടെ രാജാധികാരവും.
നിയമനിര്‍മ്മാണസഭകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നും സമ്മതിദാനാവകാശത്തെ മനഃസാക്ഷിയുടെ രാജാധികാരം എന്നും വിശേഷിപ്പിക്കുന്നത് നല്ലതു തന്നെ.
ആ ശ്രീകോവിലിലെ പവിത്രരായ പൂജാര്‍പ്പകരെയാണ് മനഃസാക്ഷിയുടെ രാജാധികാരം ഉപയോഗിച്ച് തിരഞ്ഞെടുക്കു ന്നത് എന്നാണ് സങ്കല്‍പം. എന്നാല്‍, അത് സാക്ഷാല്‍ക്കരിക്ക പ്പെടുന്നത് അത്യപൂര്‍വമാണ്.
മറ്റൊരു ശ്രീകോവിലില്‍ അവിരാമമായി നടക്കുന്ന മറ്റൊരു തിരഞ്ഞെടുപ്പുണ്ട്. ആത്മാവ് എന്ന 'സ്‌റ്റേറ്റില്‍', ഹൃദയത്തിന്റെ ശ്രീകോവിലില്‍ അനുനിമിഷം ഒരു തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ സുവിശേഷമാണ് ഭരണഘടന. മനഃസാക്ഷിയാണ് വോട്ടിംഗ് യന്ത്രം. വോട്ടറും പോളിംഗ് ഏജന്റും വരണാധികാരിയും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറുമെല്ലാം അവരവര്‍ തന്നെയാണ് ! വോട്ടെടുപ്പ് 5 വര്‍ഷം കൂടുമ്പോഴല്ല; അനുദിനവും അനുനിമിഷവുമാണ്. ജയിക്കണോ തോല്‍ക്കണോ എന്ന് വോട്ടര്‍ക്ക് സ്വയം തീരുമാനിക്കാം. ജയിപ്പിക്കാനോ തോല്‍പ്പിക്കാനോ മറ്റാര്‍ക്കും കഴിയില്ല. തോല്‍ക്കാന്‍ വോട്ടര്‍ സ്വയം തീരുമാനിച്ചാല്‍ ജയിപ്പിക്കാന്‍ ദൈവത്തിനു പോലുമാകില്ല.
ആള്‍മാറാട്ടമില്ല; കള്ളവോട്ടില്ല; വോട്ടുകച്ചവടമില്ല; അടിയൊഴുക്കുകളില്ല; മുന്നണികളും സഖ്യങ്ങളുമില്ല; കൊടിപ്പടകളും കുടിപ്പകകളുമില്ല; നോട്ട ഇല്ല; അസാധുവില്ല; പാര്‍ലമെന്ററി വ്യാമോഹങ്ങളില്ല. ഓരോ വോട്ടറുടെയും ജീവിതം ഏകാന്തതയുടെ ഒരു സാമ്രാജ്യമാണ്. ദൈവത്തിന്റെ നിഴലും നിലാവും നിറയുന്ന ആ വിശുദ്ധസാമ്രാജ്യത്തിലാണ് ഓരോരുത്തരും തങ്ങളുടെ രാജാധികാരം വിനിയോഗിക്കുന്നത്.
മനഃസാക്ഷി ഒരു വോട്ടിംഗ് യന്ത്രമാണ്. ഓരോ ചിന്തയും വാക്കും പ്രവൃത്തിയും വോട്ടാണ്. ഓരോ നോട്ടവും പുഞ്ചിരിയും വോട്ടാണ്. ഓരോ അഭിവാദനവും ഓരോ പ്രാര്‍ഥനയും എന്നുവേണ്ട, മനോവാക്കര്‍മ്മങ്ങളുടെ ഓരോ അടരുകളും വോട്ടാണ്. ഈ അടരുകളിലെല്ലാമാണ് നിത്യതയുടെ സാമ്രാജ്യം അവിടുന്ന് ഒളിപ്പിച്ചുവച്ചിരിക്കുന്നത് ! ഓരോ വോട്ടും നിത്യതയ്ക്കും നിത്യതയിലേക്കുമാണ് ! ഓരോ വോട്ടും നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമായ ദൈവരാജ്യത്തിനാണ്.
ഇതാണ് മനഃസാക്ഷിയുടെ യഥാര്‍ഥ രാജാധികാരം. ഇതാണ് കുലീനവും പവിത്രവുമായ ആത്മാധിപത്യം! സൂക്ഷ്മതയോടും ശ്രദ്ധയോടും ഭക്തിയോടും വിശുദ്ധിയോടും കൂടി സ്വന്തം വോട്ടവകാശം വിനിയോഗിക്കുന്നവരാണ് ഒടുവില്‍ വിജയിക്കുന്നത്. അവര്‍ക്കു മാത്രമാണ് 'ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു' എന്ന് ഒടുവില്‍ ആത്മഹര്‍ഷത്തോടെ പറയാന്‍ കഴിയുന്നത്. അവരെയാണ് കുരിശിലെ ചക്രവര്‍ത്തി തന്റെ വലത്തുഭാഗത്തേക്ക് തിരഞ്ഞെടുക്കുന്നത്.
അവരെയാണ്, 'എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍' എന്ന് അവിടുന്ന് ക്ഷണിക്കുന്നത്. മനഃസാക്ഷി എന്ന വോട്ടിംഗ് യന്ത്രം morally correct ആണെന്നും കൃത്യമായി പ്രവര്‍ത്തിക്കുന്നു എന്നും ഉറപ്പാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും; നിത്യതയില്‍ നില തെറ്റും. മനഃസാക്ഷി കത്തിക്കരിയുമ്പോഴാണ് അള്‍ത്താരകളില്‍ പോലും അശുദ്ധി അതിക്രമിച്ചു കയറുന്നത്. മനഃസാക്ഷി മരിച്ചു മരവിക്കുമ്പോഴാണ് സ്വര്‍ഗത്തിന്റെ സുവര്‍ണ്ണമുത്തുകളില്‍ പന്നികള്‍ താണ്ഡവമാടുന്നത്. അപ്പോഴാണ്, വിശുദ്ധമായത് വഴിവിട്ട് കിട്ടിയ നായ്ക്കള്‍ ഉന്മാദത്തോടെ ഓരിയിടുന്നത്. ജീവനും നന്മയും തിരഞ്ഞെടുക്കാന്‍, അനുഗ്രഹവും ആനന്ദവും തിരഞ്ഞെടുക്കാന്‍ മനഃസാക്ഷിയുടെ രാജാധികാരം വിനിയോഗിക്കാം. നിത്യത എന്ന ആനന്ദത്തിന്റെ റിപ്പബ്ലിക്കിലെ പൗരന്മാരാകാം.