ജർമ്മൻ സഭയിലെ മലയാളി മെത്രാൻ

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ
Published on
മലയാളിയായ ബിഷപ് ജോഷി പൊട്ടക്കൽ O.Carm ജർമ്മനിയിലെ മൈൻസ് രൂപതയുടെ പുതിയ സഹായമെത്രാനായി നിയമിക്കപ്പെടുന്ന കാര്യം പ്രഖ്യാപിച്ചുകൊണ്ട് രൂപത ബിഷപ് പീറ്റർ കോൾഗ്രാഫ് പറഞ്ഞു, “ഇനി ഇവിടെ ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു കാര്യം ബിഷപ് ജോഷി, ജർമ്മനിയിൽ ജനിച്ചു വളർന്നയാളല്ല എന്നതായിരിക്കും. എന്നാൽ, ഇത് നമ്മുടെ കാലഘട്ടത്തിനു നൽകപ്പെടുന്ന ശക്തവും പ്രധാനവുമായ ഒരു അടയാളമാണ്. ആഗോള കത്തോലിക്കാസഭയിൽ ഐകരൂപ്യം ഇല്ല. വ്യത്യസ്ത വിശ്വാസപാതകളും സംസ്കാരധാരകളുമൊത്ത് വൈവിധ്യത്തിലെ ഐക്യത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണു നാം. സഭയിൽ ആരും അന്യരല്ല. ബിഷപ് ജോഷിയുടെ നിയമനം അസാധാരണമായി തോന്നുന്നവർ ഒന്നോർക്കണം. അമേരിക്കക്കാരനായ ബിഷപ് പ്രൊവോസ്റ്റ് (ലിയോ പതിനാലാമൻ പാപ്പാ) പെറുവിൽ മെത്രാനായിരുന്നു.”
ജർമ്മനിയിൽ മെത്രാനായി നിയമിക്കപ്പെടുന്ന യൂറോപ്യനല്ലാത്ത ആദ്യത്തെയാളാണ് ബിഷപ് ജോഷി പൊട്ടയ്ക്കൽ. കോതമംഗലം രൂപതയിലെ മീങ്കുന്നം സെന്റ് ജോസഫ്സ് ചർച്ച് ഇടവകാംഗമായ അദ്ദേഹം ഓർഡർ ഓഫ് കാർമ്മലൈറ്റ്സ് എന്ന സന്യാസസമൂഹത്തിൽ ചേർന്ന് 2003-ൽ വൈദികനായി. 2004 ൽ ജർമ്മനിയിലേക്കു പോകുകയും ഭാഷാപഠനത്തിനുശേഷം 2006-ൽ മൈൻസ് രൂപതയിൽ സേവനമാരംഭിക്കുകയും ചെയ്തു. ഇപ്പോൾ രൂപതാ സഹായമെത്രാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

സ്ഥാനിക മുദ്രയിൽ അ, ഒ എന്നീ മലയാള അക്ഷരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൽഫയും ഒമേഗയും എന്നതിൻ്റെ ചുരുക്കമാണ് ഇത്. അതുപോലെ തന്നെ ആപ്തവാക്യം ജർമ്മൻ ഭാഷയിലാണ് നല്കിയിരിക്കുന്നത്. പൊതുവെ മെത്രാന്മാരുടെ സ്ഥാനികമുദ്രയിൽ ലാറ്റിൻ, ഗ്രീക്ക് അക്ഷരങ്ങൾ/പദങ്ങളാണ് ചേർക്കാറുള്ളത്. എല്ലാ ഭാഷകളും വിശുദ്ധ ഭാഷകളാണെന്ന ചിന്തയിൽ നിന്നാണ് താൻ സ്ഥാനികമുദ്രയിൽ മലയാളവും ജർമ്മനും ചേർത്തിരിക്കുന്നതെന്ന് ബിഷപ് പൊട്ടക്കൽ പറഞ്ഞു.

മൂന്നുവർഷമായി മൈൻസ് രൂപതയിൽ ജോലി ചെയ്യുന്ന കോതമംഗലം രൂപത വൈദികൻ ഫാ. സൂരജ് പിട്ടാപ്പിള്ളിൽ, ബിഷപ് ജോഷി പൊട്ടക്കൽ O.Carm മായി നടത്തിയ അഭിമുഖ സംഭാഷണം

Q

? ജർമ്മനിയിലെ ഒരു രൂപതയുടെ ബിഷപ്പായി നിയമിക്കുന്നു എന്നറിഞ്ഞപ്പോൾ പിതാവിന് എന്തു തോന്നി എന്ന അനൗപചാരികമായ ഒരു ചോദ്യമാകട്ടെ ആദ്യത്തേത്....

A

മൈൻസ് രൂപത കഴിഞ്ഞ രണ്ടു വർഷമായി ഒരു സഹായമെത്രാനു വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു. മെത്രാനെ തിരഞ്ഞെടുക്കുന്നതിനു സാമാന്യം ദീർഘമായ ഒരു പ്രക്രിയ ഉണ്ടല്ലോ. രൂപതാ അധ്യക്ഷൻ ഒരു പാനൽ സമർപ്പിക്കും. പാനലിനെ സംബന്ധിച്ച് നുൺഷ്യോ ആഴത്തിലുള്ള അന്വേഷണങ്ങൾ നടത്തും. രൂപതയിലെ വൈദികരുടെ ചുമതല വഹിക്കുന്ന വികാർ ഫോർ ക്ലെർജി എന്ന ഉത്തരവാദിത്വത്തിൽ ആയതിനാൽ ഈ പ്രക്രിയയിൽ എനിക്കും ഒരു പങ്കുവഹിക്കാൻ ഉണ്ടായിരുന്നു. പക്ഷേ എൻറെ പേരും ബിഷപ്പ് സമർപ്പിച്ചിട്ടുണ്ട് എന്നും എന്നെ സംബന്ധിച്ചും ഇതുപോലെ അന്വേഷണങ്ങൾ നടക്കുന്നുണ്ട് എന്നുമുള്ള കാര്യം എനിക്ക് അറിവില്ലായിരുന്നു. വൈദികനാകുക എന്നത് സെമിനാരിയിൽ ചേർന്ന് നീണ്ടകാലത്തെ പരിശീലനത്തിന് ശേഷം സംഭവിക്കുന്നതാണല്ലോ. അതിനുള്ള അന്തിമ തീരുമാനമെടുക്കുന്നതിന് ദീർഘമായ ഒരു സമയം നമുക്ക് ലഭിക്കുന്നുണ്ട്. മെത്രാൻ ആകുന്നതിന് അങ്ങനെ ഒരു സമയം ലഭിക്കുന്നില്ല. ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇക്കാര്യം എന്നോട് ചോദിക്കുന്നത്. ആലോചിക്കാൻ ഞാൻ പത്ത് ദിവസത്തെ സമയം നുൺഷ്യോയോട് ചോദിച്ചു, 10 ദിവസം തരാൻ കഴിയില്ല, ഒരാഴ്ചക്കുള്ളിൽ ഉത്തരം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. കുറച്ചു സമ്മർദ്ദം ചെലുത്തിയ ശേഷമാണ് ഒരാഴ്ച തന്നെ അദ്ദേഹം സമ്മതിച്ചത്. വേണോ വേണ്ടയോ എന്ന വലിയ ആശയക്കുഴപ്പം എന്നെ വേട്ടയാടി. പള്ളിയിൽ പോയി 15 മിനിറ്റ് ഇരുന്നു പ്രാർത്ഥിക്കാൻ നുൺഷ്യോ എന്നോട് പറഞ്ഞു. പള്ളിയിൽ പോയി ഇരുന്നെങ്കിലും പ്രാർത്ഥിച്ചു എന്ന് എനിക്ക് പറയാൻ കഴിയില്ല. അങ്ങനെ ഒരു അവസ്ഥയിലായിരുന്നു ഞാൻ.

അൽമായരെ കേൾക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനും ഒരേ തലത്തിൽ അൽമായരുമായി ചർച്ചകൾ നടത്താനും ഉള്ള തുറവി ഉണ്ടെങ്കിലേ സിനഡാലിറ്റി പ്രവർത്തനക്ഷമമാകുകയുള്ളൂ. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് പുരോഹിതരിലൂടെ മാത്രമല്ല, ജ്ഞാനസ്നാനം സ്വീകരിച്ച സകലരിലൂടെയുമാണ്.
A

ആ ദിവസങ്ങളിൽ തന്നെയാണ് അയർലണ്ടിൽ എൻറെ കസിൻ ആയ കർമലീത്താ വൈദികന്റെ ജൂബിലി ആഘോഷത്തിന് ഞാൻ ചെന്നത്. കർമലീത്താ വൈദികൻ തന്നെയായ എൻറെ സഹോദരനും കാനഡയിൽ നിന്ന് ഈ പരിപാടിക്കായി അവിടെ എത്തിയിരുന്നു. ആ ദിവസങ്ങളിൽ അവരുടെ കൂടിയിരിക്കാൻ സാധിച്ചത് വലിയൊരു അവസരമായി. ഈ തീരുമാനത്തിന്റെ വരുംവരായകളെ കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും എനിക്ക് അവരുടെ സഹായം ലഭിച്ചു. കസിൻ സഹോദരന്റെ ജൂബിലിയുടെ അവസരത്തിൽ തന്നെ ഈ ചോദ്യം എന്റെ മുമ്പിൽ വന്നത് ദൈവഹിതം ആയിരിക്കും എന്ന് ഞാൻ കരുതുന്നു.

100% ഉറച്ച തീരുമാനമായിരുന്നോ ഞാനെടുത്തത് എന്ന് ചോദിച്ചാൽ എനിക്ക് ഉറപ്പില്ല. ദൈവത്തിൽ പ്രത്യാശയർപ്പിച്ചു രണ്ടും കൽപിച്ചൊരു തീരുമാനമെടുക്കുക എന്നത് മാത്രമേ ഈ സമയപരിധിക്കുള്ളില്‍ നിന്നു സാധ്യമാവുകയുള്ളായിരുന്നു. എനിക്ക് വലിയ ആശ്ചര്യം ആയിരുന്നു മെത്രാനാകാമോ എന്ന ചോദ്യം. ആ സമയത്ത് രണ്ടു സഹോദരവൈദികരുടെ കൂട്ടത്തിൽ സമയം ചെലവഴിക്കാൻ സാധിച്ചതും നന്നായി. ഒരുപാട് ആളുകളോട് ഇക്കാര്യം ചർച്ച ചെയ്യാനും സാധിക്കില്ലല്ലോ. ഇപ്പോൾ ഈ തീരുമാനമെടുത്തതിൽ ഞാൻ സംതൃപ്തനാണ്.

Q

? 1246 ൽ ആരംഭിച്ച ഒരു ആശ്രമത്തിൽ ആണ് നാം ഇപ്പോൾ ഇരുന്ന് സംസാരിക്കുന്നത്. ഇതുപോലെ സഹസ്രാബ്ദത്തിലധികം പഴക്കമുള്ള ആശ്രമ ങ്ങളും സന്യാസ ഭവനങ്ങളും എല്ലാം നിറഞ്ഞ ഒരു രാജ്യമാണല്ലോ ജർമ്മനി. കത്തോലിക്കാ സഭയുടെ സംസ്കാരത്തിന്റെ വലിയൊരു പൈതൃകം പേറുന്ന രാജ്യം. കേരളത്തിലെ രൂപതകളിൽ പൊതുവേ രൂപത സ്ഥാപിച്ചതിനുശേഷമുള്ള മൂന്നാമത്തെയോ നാലാമ ത്തെയോ മെത്രാന്മാരായിരിക്കും ഇപ്പോഴുള്ളത്. പ്രഥമ മെത്രാന്മാർ തന്നെ നയിച്ചുകൊണ്ടിരിക്കുന്ന രൂപതകളും ഉണ്ട്. മൈൻസിലാകട്ടെ ഇപ്പോഴത്തെ ബിഷപ്പ് ആദ്യത്തെ ബിഷപ്പിന്റെ 88-ാമത്തെ പിൻഗാമി യാണ്. ആൽപ്സിനു വടക്കോട്ട് നോക്കിയാൽ യൂറോപ്പിൽ തന്നെ ഏറ്റവും പൈതൃകവും പ്രാധാന്യവും ഉള്ള രൂപതയാണ് മൈൻസ്. അങ്ങനെ യൊരു രൂപതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് കേരളത്തിൽ ഒരു രൂപതയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് പോലെയല്ല. വലിയ വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. അത് പിതാവിനെ എപ്പോഴെങ്കിലും സമ്മർദ്ദത്തിൽ ആക്കിയിരുന്നോ? ഉത്തരവാദിത്ത പ്പെട്ട ജോലികൾ ഏറ്റെടുക്കാൻ വൈദികർ മടിക്കുന്ന ഒരു പ്രവണതയും ജർമ്മനിയിൽ ഉണ്ടല്ലോ. ഈയൊരു വെല്ലുവിളി ഏറ്റെടുക്കാനുള്ള ധൈര്യം പിതാവിന് എങ്ങനെയാണ് കിട്ടിയത്?

A

2006 ൽ മൈൻസ് ടൗണിലെ യൂത്ത് പാസ്റ്റർ ആയിട്ടാണ് ഞാനിവിടെ ജോലി ആരംഭിച്ചത്. അതിനോടൊപ്പം ഒരു സ്കൂളിലെ സ്കൂൾ പാസ്റ്റർ ആയും പ്രവർത്തിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ രണ്ടു വർഷങ്ങൾ അതായിരുന്നു. സ്കൂൾ വിദ്യാർത്ഥികളെയും യുവജനങ്ങളെയും മനസ്സിലാക്കുക, അവരുടെ സംസ്കാരത്തെ ഉൾക്കൊള്ളുക എന്നത് പുതിയതായി വരുന്ന ഒരാളെ സംബന്ധിച്ച് ദുഷ്കരമാണ്. അക്കാലത്ത് രാത്രി ഒരു മണി വരെയൊക്കെ ജോലി ചെയ്തതിനുശേഷം വെളുപ്പിന് നാലു മണിക്ക് വീണ്ടും എഴുന്നേൽക്കണമായിരുന്നു. ഒരു മണിക്കൂർ ക്ലാസിന് വലിയ തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നു. ഒരു ദിവസം 2-3 മണിക്കൂർ ക്ലാസ് എടുക്കണമായിരുന്നു. അതുകൂടാതെ മൈൻസ് രൂപതയിൽ ചേർന്നതിന്റെ ഭാഗമായി വൈദികർക്കുള്ള പരിശീലനം ആറു വർഷത്തോളം തുടരണമായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും മരിച്ചു പോകുമോ എന്നു പോലും ഞാൻ ഭയന്നിരുന്നു. അത്ര വലുതായിരുന്നു ജോലിഭാരം. അന്ന് ഞങ്ങളുടെ ചുമതല വഹിച്ചിരുന്ന രൂപതാ സഹായമെത്രാന് എന്റെ ബുദ്ധിമുട്ട് എങ്ങനെയോ മനസ്സിലായി. സ്കൂൾ പാസ്റ്റർ എന്ന ജോലി ഉപേക്ഷിച്ച് ഏതെങ്കിലും പള്ളിയിൽ പകരം ജോലി ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു. അങ്ങനെ യൂത്ത് പാസ്റ്ററുടെയും പള്ളിയിലെയും ജോലിയുമായി മൂന്നുവർഷത്തോളം തുടർന്നു. അതിനുശേഷം പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയ ഒരു കർമലീത്ത ആശ്രമത്തിലേക്ക് മാറി. അവിടെ ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ള ഒരു കൂട്ടായ്മ ഉണ്ടാക്കാനും ആ പള്ളിയിൽ ജോലി ചെയ്യാനും ഉള്ള ചുമതലയാണ് എന്നെ ഏൽപ്പിച്ചത്. തുടർന്ന് അവിടെ വികാരിയായി. 2022 വരെ അവിടെ വികാരിയായി തുടർന്നു.

ആ സമയത്ത് ഫൊറോനയുടെ (ഡീനറി) അസിസ്റ്റന്റ് ഫൊറോന വികാരിയായി ഞാൻ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിൽ ഫൊറോന വികാരിയെ മെത്രാൻ നിയമിക്കുകയാണെങ്കിൽ ഇവിടെ ഫൊറോനയിലെ വൈദികരും അൽമായ പ്രതിനിധികളും ചേർന്ന് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഞാൻ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതിനുശേഷം ഫൊറോന വികാരിയായും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങളിലൂടെ മൈൻസ് രൂപതയെ വളരെ അടുത്തറിയാൻ എനിക്ക് സാധിച്ചു. അപ്പോൾ രൂപതയുടെ അജപാലന സംവിധാനങ്ങൾ പുനസംഘടിപ്പിച്ച് വരികയായിരുന്നു നേതൃത്വം. അതിന്റെ ഭാഗമായി വികാർ ഫോർ ക്ലർജി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാമോ എന്നോട് അധികാരികൾ ചോദിച്ചു. 2022 മുതൽ കഴിഞ്ഞ മൂന്ന് വർഷമായി ആ ജോലി ഞാൻ ചെയ്തുവരികയാണ്. മെത്രാൻ എന്ന രീതിയിലുള്ള പ്രവർത്തനം വേറൊരു തലത്തിൽ ആണെങ്കിലും രൂപതയെ ശരിക്കും അറിയാം എന്നുള്ളതുകൊണ്ട് വലിയൊരു ടെൻഷൻ ആ തലത്തിൽ എനിക്ക് തോന്നിയില്ല. സെമിനാരിയിലെ ഫോർമേഷൻ പ്രിഫക്ട് എന്ന തസ്തികയിലും ഇതിനിടയിൽ ജോലി ചെയ്തിരുന്നു.

എന്റെ മാനസികസംഘർഷം മറ്റൊന്നായിരുന്നു. ഞാനൊരു കർമ്മലീത്ത സന്യാസിയാണ്. ഒരു മെത്രാൻ ആകണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, പ്രതീക്ഷിച്ചിട്ടുമില്ല. ഇന്ത്യയിലെ ഒ. കാം വൈദികർ ഒരിക്കലും തങ്ങൾ മെത്രാനായേക്കാം എന്ന് ചിന്തിക്കുകയില്ലല്ലോ. അതിനോട് പൊരുത്തപ്പെടാനുള്ള ബുദ്ധിമുട്ടാണ് എനിക്ക് ഉണ്ടായത്. കാരണം, നമ്മുടെ ജീവിതം മാറുകയാണ്. സന്യാസിയായ ഒരു വൈദികനെ സംബന്ധിച്ച് പല സാധ്യതകൾ ഉണ്ട്. ലോകത്തിൽ എവിടെ വേണമെങ്കിലും പോയി ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യവും സാധ്യതകളും ഉണ്ടായിരുന്നു. അത് നഷ്ടമാകുന്നു എന്ന ഒരു പ്രശ്നമുണ്ട്. സന്യാസസമൂഹത്തിൽ നിന്ന് ലഭിക്കുന്ന സ്വാതന്ത്ര്യം എന്നേക്കുമായി നഷ്ടമാകുന്നു എന്ന വസ്തുതയോട് പൊരുത്തപ്പെടാനായിരുന്നു എനിക്ക് ഏറ്റവും ബുദ്ധിമുട്ട്. പക്ഷേ മൈൻസ് രൂപതയെ എനിക്ക് അറിയാം എന്നതാണ് ഇതിലെ ആശ്വാസം.

Q

? കർമ്മലീത്താ സമൂഹം ആഗോള സഭയ്ക്ക് ഒരുപാട് മെത്രാന്മാരെയും ദൈവ ശാസ്ത്രജ്ഞരെയുമൊക്കെ സംഭാവന ചെയ്തിട്ടുണ്ട്. അവരുടെ ഭാഗമായി പിതാവും വലിയൊരു ഉത്തരവാദിത്വത്തി ലേക്ക് പ്രവേശിക്കുന്നു. ജർമ്മനിയിൽ ഇപ്പോൾ മാധ്യമങ്ങളുടെ ശ്രദ്ധ സഭയുടെ മേൽ വളരെ കൂടുതലായി പതിയുന്ന ഒരു കാലമാണ്. മീഡിയ ആക്ടിവിസം ലോകത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഒരു രാജ്യമാണ് ജർമ്മനി. വളരെ സ്വതന്ത്രമായ ഒരു മാധ്യമ ലോകമാണ് ഇവിടെയുള്ളത്. ചെറിയ പ്രശ്നങ്ങൾ പോലും വലിയ ശ്രദ്ധ പിടിച്ചുപറ്റും. മെത്രാൻ എപ്പോഴും മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിൽ ആയിരിക്കും. അത് ഏതെങ്കിലും തരത്തിലുള്ള ആകുലത പിതാവിന് നൽകുന്നുണ്ടോ?

A

അത് ശരിയാണ്. മാധ്യമങ്ങളുടെ വലിയ ശ്രദ്ധയും പരിശോധനയും സഭയുടെ മേൽ എപ്പോഴും ഉണ്ടായിരിക്കും. എന്റെ കാര്യത്തിൽ അത് കണ്ടുകഴിഞ്ഞു. സഭയുടെ നിസ്സാരപ്രശ്നങ്ങളെ പോലും വലിയ പ്രാധാന്യത്തോടെ ചിത്രീകരിക്കുന്ന ഒരു പത്രം ഇവിടെയുണ്ട് ‘ബിൽഡ്’. സഭയെ ധാരാളം വിമർശിക്കുന്ന ഒരു പത്രം. ഒരു സഹായമെത്രാനെ ഏതെങ്കിലും രൂപതയിൽ നിയമിച്ചു കഴിഞ്ഞാൽ അവർ അദ്ദേഹത്തിന്റെ അഭിമുഖമൊന്നും കൊടുക്കാറില്ല. പക്ഷേ അവർ ഇപ്പോൾ എന്റെ അഭിമുഖം ചോദിച്ചിരിക്കുകയാണ്. അത്രയും വലിയൊരു മാധ്യമശ്രദ്ധ എന്റെ മെത്രാൻ സ്ഥാനത്തിന് കിട്ടിക്കഴിഞ്ഞു. പക്ഷേ അങ്ങനെ ഒരു പേടി എനിക്കില്ല. എനിക്കില്ലാത്ത എന്തെങ്കിലും ഉണ്ടെന്ന് ഞാൻ അവകാശപ്പെടുകയില്ല. ഞാനൊരു വലിയ ദൈവശാസ്ത്രജ്ഞനല്ല, അഞ്ചു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാറില്ല എന്നെല്ലാം പ്രഖ്യാപന വേളയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു. എന്റെ പ്രസംഗങ്ങൾക്കെതിരെ വലിയ വിമർശനമൊന്നും ഇതുവരെ ഉണ്ടായിട്ടുമില്ല. നല്ല പ്രസംഗം നടത്തി എന്നല്ല ഞാൻ പറഞ്ഞതിനർത്ഥം. വാർത്ത സൃഷ്ടിക്കാവുന്ന രീതിയിൽ ഞാൻ എന്തെങ്കിലും പറയാറില്ല.

സ്ത്രീകൾക്ക് ഒട്ടേറെ അവസരങ്ങൾ മൈൻസ് രൂപത ഇപ്പോൾ നൽകുന്നുണ്ട്. വികാരി ജനറലിന്റെ തുല്യ അധികാരത്തോടെ ഒരു സ്ത്രീയെ നിയമിച്ചിട്ടുണ്ട്. അജപാലന പ്രവർത്തകരായിട്ടുള്ള സ്ത്രീകൾ രൂപതയിൽ ധാരാളമുണ്ട്.

പത്രങ്ങൾ ഇതിനുമുമ്പുതന്നെ എന്നെക്കുറിച്ച് ധാരാളം വാർത്തകൾ ഇവിടെ കൊടുത്തിട്ടുണ്ട്. എന്ത് കാര്യങ്ങൾ ഉണ്ടായാലും എന്നെ വിളിച്ച് വിവരങ്ങൾ അന്വേഷിക്കാറുണ്ട്. അറിയാൻ വയ്യാത്ത കാര്യം അറിയില്ല എന്ന് തന്നെ ഞാൻ അവരോട് പറയും. അറിയാവുന്ന കാര്യങ്ങൾ മാത്രം സംസാരിക്കും.

ജർമ്മൻ സഭയിൽ ധാരാളം പ്രശ്നങ്ങൾ ഇപ്പോളുണ്ടെന്ന് എല്ലാവർക്കും അറിയാം. അധികാരത്തിന്റെ പ്രശ്നങ്ങൾ, ലൈംഗിക ചൂഷണ വിവാദങ്ങൾ, സ്ത്രീകളുടെ പൗരോഹിത്യം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയവയെല്ലാം. ഇതു സംബന്ധിച്ച ചോദ്യങ്ങളും ചർച്ചകളും ഭാവിയിൽ എനിക്ക് എന്തായാലും അഭിമുഖീകരിക്കേണ്ടിവരും. വൈദികരുൾപ്പെടെയുള്ള സഭാപ്രവർത്തകരുടെ ഭാഗത്തുനിന്നുള്ള ലൈംഗിക ചൂഷണം സംബന്ധിച്ച് വളരെ ശക്തമായ നടപടികളാണ് സഭ ഇപ്പോൾ സ്വീകരിച്ചു വരുന്നത് അതുകൊണ്ടുതന്നെ അതിനെയൊന്നും മൂടി വയ്ക്കേണ്ട കാര്യം ഇല്ല. സ്ത്രീകൾക്ക് ഒട്ടേറെ അവസരങ്ങൾ മൈൻസ് രൂപത ഇപ്പോൾ നൽകുന്നുണ്ട്. വികാരി ജനറലിന്റെ തുല്യ അധികാരത്തോടെ ഒരു സ്ത്രീയെ നിയമിച്ചിട്ടുണ്ട്. അജപാലന പ്രവർത്തകരായിട്ടുള്ള സ്ത്രീകൾ രൂപതയിൽ ധാരാളമുണ്ട്. അൾത്താര ബാലികമാരൊക്കെ ഇവിടെ നേരത്തെ മുതൽ ആരംഭിച്ചിരുന്നു. അതേസമയം ജർമ്മൻസഭ ആഗോളസഭയുടെ ഭാഗമാണ്. വനിതാ പൗരോഹിത്യം പോലെയുള്ള കാര്യങ്ങൾ ആഗോളസഭയുടെ തീരുമാനത്തിനനുസരിച്ചേ ഇവിടെയും ചെയ്യാനാവൂ. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ല. വളരെ യാഥാർത്ഥ്യബോധത്തോടെയുള്ള മറുപടികൾ ഇതു സംബന്ധിച്ച നൽകാൻ സാധിക്കും. പേടിക്കേണ്ടതില്ല, പക്ഷെ അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾ എപ്പോഴും വന്നുകൊണ്ടിരിക്കും ജർമ്മനിയിൽ എന്നുള്ളത് വസ്തുതയാണ്.

Q

? ഇതുവരെയുള്ള ജോലികൾ എല്ലാം തൃപ്തികര മായി ചെയ്തതുകൊണ്ട് ആയിരിക്കാമല്ലോ പിതാവിനെ ഈ പദവിയിലേക്ക് ഇവിടത്തെ ബിഷപ്പും വൈദികരുമെല്ലാം നിർദ്ദേശിച്ചിട്ടുണ്ടാവുക.

A

ജർമ്മൻ സഭയിൽ ഇപ്പോൾ 30% ത്തോളം വിദേശികളാണ്. വിദേശരാജ്യങ്ങളിൽ നിന്നു വന്ന് ജർമ്മൻ പൗരത്വം നേടിയവർ. ജർമ്മൻ ഭാഷ മാതൃഭാഷ അല്ലാത്തവർ. ഇവിടെ ജോലി ചെയ്യുന്ന വൈദികരും 25 ശതമാനത്തോളം ജർമ്മൻ ഭാഷ മാതൃഭാഷ അല്ലാത്തവരാണ്. അതിനാൽ വിദേശത്തുനിന്നുള്ള ഒരാൾ, അതേസമയം മൈൻസ് രൂപതയെ നന്നായി മനസ്സിലാക്കിയിട്ടുള്ള ഒരാൾ സഹായമെത്രാനായി വരണം എന്നത് ഇപ്പോഴത്തെ ബിഷപ്പിന്റെ വലിയൊരു ആഗ്രഹമായിരുന്നു. വികാർ ഫോർ ക്ലർജി എന്ന ചുമതലയിൽ ഇരുന്നപ്പോൾ നിരവധി യോഗങ്ങളിൽ സംബന്ധിച്ചിരുന്നു. പുതിയ സഹായമെത്രാന് ഉണ്ടാകേണ്ട യോഗ്യതകൾ ചർച്ചകളിൽ ഉയർന്നുവരാറുണ്ട്. മൂന്നു യോഗ്യതകളാണ് യോഗങ്ങളിൽ അഭികാമ്യ മായി എടുത്തു പറയപ്പെട്ടത്. ഒന്ന്, അജപാലന പരിചയമുള്ളയാൾ. രണ്ട്, മനുഷ്യരോട് അനുകമ്പയോടെ പെരുമാറുന്നയാൾ. മൂന്ന്, ജർമ്മൻ ഭാഷ മാതൃഭാഷ അല്ലാത്ത ഒരാൾ. ഇതു വൈദികരുടെയും ജനങ്ങളുടെയും ഇടയിൽ നിന്ന് വന്ന ഒരു നിർദ്ദേശമാണ്. വിദേശത്തുനിന്ന് വന്ന ഒരാൾ മെത്രാൻ ആകണമെന്ന ആഗ്രഹം അവർക്കെല്ലാം ഉണ്ടായിരുന്നു.

Q

? എമേഴ്സൺ പറഞ്ഞിട്ടുണ്ടല്ലോ, നിങ്ങൾ എന്തായിരിക്കും എന്നതാണ് നിങ്ങൾ എന്തു പറയുന്നു എന്നതിനേക്കാൾ പ്രധാനം എന്ന്. ആൾ ആരാണ് എന്നതാണ് ഇന്നത്തെ ജനങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. വിശേഷിച്ചും ജർമ്മനി പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾ. പ്രസംഗങ്ങളേക്കാൾ ജീവിതമാണ് അവർ നോക്കുന്നത്. ഇതൊക്കെ പിതാവിനെ തിരഞ്ഞെടുക്കുമ്പോൾ അവർ ശ്രദ്ധിച്ചിട്ടുണ്ടാകാം എന്ന് ഞാൻ കരുതുകയാണ്. മെത്രാകുമ്പോൾ എന്താണ് ഒരു ആപ്തവാക്യമായി തിരഞ്ഞെടുക്കുന്നത്?

A

“വിശ്വാസത്താൽ നയിക്കപ്പെട്ട്” എന്നതാണ് ഞാൻ സ്വീകരിച്ചിരിക്കുന്ന ആപ്തവാക്യം. മെത്രാനാകുക എന്നത് നമ്മുടെ പ്രതീക്ഷകളിൽ ഒരിക്കലും ഉണ്ടായിരുന്ന കാര്യമല്ലല്ലോ. ജറെമിയ 20:7 “നീയെന്നെ വഞ്ചിച്ചു, ഞാൻ വഞ്ചിക്കപ്പെട്ടു” എന്നാണ് പി ഒ സി ബൈബിളിൽ കാണുന്നത്.

ജർമ്മൻ ഭാഷയിൽ ഈ വാക്യം നമ്മൾ വായിക്കുമ്പോൾ നീ എന്നെ വഴിതെറ്റിച്ചു എന്നാണ് വരുന്നത്. അത് നെഗറ്റീവ് അല്ല. പ്രവാചകനായി തിരഞ്ഞെടുത്തപ്പോൾ നീ എന്റെ വഴിതെറ്റിച്ചു എന്നാണ് ജറെമിയ ഉദ്ദേശിക്കുന്നത്. നമ്മുടെ ആഗ്രഹത്തിനനുസരിച്ച് അല്ല നമ്മുടെ ജീവിതം പോകുന്നത്. സെമിനാരിയിൽ ചേരുമ്പോൾ ജർമ്മനിയിലേക്ക് പോകേണ്ടിവരും എന്ന് വിചാരിച്ചിരുന്നില്ല. ജർമ്മനിയിൽ എത്തിയപ്പോൾ ഇപ്പോൾ ചെയ്യുന്നത് പോലുള്ള ജോലികൾ ചെയ്യേണ്ടിവരും എന്നും വിചാരിച്ചില്ല. നുൺഷ്യോയുടെ ചോദ്യവും എനിക്ക് തീർത്തും അപ്രതീക്ഷിതമായിരുന്നു. അന്ന് എന്റെ മനസ്സിലേക്ക് വന്ന വാക്യം ഇതായിരുന്നു, നീ എന്നെ വഴിതെറ്റിക്കുന്നു. പോസിറ്റീവായി. അപ്പോൾ ഞാൻ വഴി തെറ്റിക്കാനായി അവിടുത്തെ അനുവദിക്കുന്നു. അതായത് ഇത് എന്റെ ഒരു തീരുമാനം അല്ല, ദൈവഹിതമായി അതിനെ സ്വീകരിക്കുന്നു. അപ്പോൾ വിശ്വാസത്തോടും പ്രത്യാശയോടും കൂടെ പോയാലേ സാധിക്കൂ. ദൈവമാണ് എന്ന് നയിക്കുന്നത് എന്നുള്ള വിശ്വാസം ഇവിടെ പ്രധാനമാണ്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഞാൻ സങ്കീർത്തനം 37: 5 എന്റെ ആപ്തവാക്യമായി തിരഞ്ഞെടുത്തത്.

Q

? തൃശ്ശൂർ കപ്പുച്ചിൻ സെമിനാരിയിലും ധർമ്മാരാമിലും ആയിട്ടാണല്ലോ അങ്ങയുടെ വൈദിക പഠനം പൂർത്തിയാക്കിയത്. ദൈവവിളി എങ്ങനെയായിരുന്നു? വൈദികനാകാൻ തീരുമാനിച്ചതിനെ കുറിച്ചുള്ള കാര്യങ്ങൾ ഒന്ന് പങ്കുവയ്ക്കാമോ?

A

അച്ചനാകാനുള്ള ആഗ്രഹം കുട്ടിക്കാലത്ത് തന്നെ എനിക്കുണ്ടായിരുന്നു. എൻറെ ഒരു കസിന് ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ പട്ടം കിട്ടിയിരുന്നു. കോതമംഗലം രൂപതാ വൈദ്യനായ ഫാ. ജോർജ് പൊട്ടക്കൽ. എൻറെ ചാച്ചന്റെ മകൻ (കസിനും), ചേട്ടനും വൈദികരാണ്. കസിൻ എൻറെ വീട്ടിൽ നിന്നാണ് പഠിച്ചത്. ഞങ്ങൾ മൂന്നു ആൺമക്കളാണ്. കസിൻ ഉൾപ്പെടെ നാലുപേർ ആയിട്ടാണ് ഞങ്ങൾ വളർന്നത്. ഞങ്ങൾ മൂന്നുപേരും അച്ചന്മാരാകാൻ പോകും എന്ന് പൊതുവേ കരുതപ്പെട്ടിരുന്നു. കർമലീത്താ സന്യാസി ആകണം എന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. അത്തരം സഭകളെ കുറിച്ചുള്ള അറിവും ഇല്ലായിരുന്നു. കോതമംഗലം രൂപതയിൽ അന്ന് ധാരാളം ദൈവവിളികൾ ഉള്ളതുകൊണ്ട് കസിൻ കോതമംഗലത്ത് തന്നെയുള്ള കർമ്മലീത്താ സഭയിൽ ചേരുകയായിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ ചേട്ടനും അതേ സഭയിൽ ചേർന്നു കാരണം അപ്പോഴേക്കും കർമ്മലീത്താ സഭയെ ക്കുറിച്ച് നമുക്ക് അറിവ് ലഭിച്ചിരുന്നല്ലോ. എനിക്ക് അച്ചനാകാൻ ആഗ്രഹമുണ്ടെന്ന് കേട്ടതോടെ സഭയിലെ വൈദികർ എന്നെ അങ്ങോട്ടേക്ക് ചേർക്കാൻ താല്പര്യം പ്രകടിപ്പിച്ചു. ചേട്ടനെ അവർ സെമിനാരിയിൽ നിന്നു വീട്ടിലേക്കയച്ചു, എന്നെ കൂട്ടിക്കൊണ്ടു ചെല്ലാൻ. ഞാൻ മറ്റൊരു സാധ്യതയെക്കുറിച്ച് അന്ന് ചിന്തിച്ചുമില്ല.

A

സഭയിൽ ചേർന്നതിനുശേഷം ആണ് ഞാൻ കർമ്മലീത്താസന്യാസത്തെ കുറിച്ചു കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കിയത്. മൈനർ സെമിനാരിയിൽ ഞങ്ങൾ 40 പേരുണ്ടായിരുന്നു. ആ കൂട്ടായ്മയിലുള്ള ജീവിതം എന്നെ ധാരാളം വളർത്തി, കൂടുതൽ ബോധ്യങ്ങൾ തന്നു. തിയോളജി പഠിക്കുമ്പോൾ സിവിൽ സർവീസ് പരീക്ഷ എഴുതുന്നതിനെ കുറിച്ചൊക്കെ ഞാൻ ആലോചിച്ചിരുന്നു. അത് മികച്ച രീതിയിൽ സാമൂഹ്യസേവനം നിർവഹിക്കാൻ സഹായിക്കും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. പക്ഷേ പുരോഹിത പഠനത്തിന്റെ അവസാന സമയമായപ്പോഴേക്കും ജർമ്മനിയിലേക്ക് പോകണം എന്ന് സൂചന അധികാരികൾ തന്നിരുന്നു. അതോടെ മറ്റ് മോഹങ്ങൾ ഉപേക്ഷിച്ചു.

30 വർഷം മുമ്പ് ജർമ്മൻ സഭയിലും അധികാരപ്രയോഗം വളരെ കൂടുതലായിരുന്നു. അങ്ങനെ യുള്ള അധികാരപ്രയോഗം കൊണ്ട് കാര്യങ്ങൾ നടക്കില്ല എന്ന് പിന്നീട് സഭയും ജനങ്ങളും മനസ്സിലാക്കി. അധികാരം വേണ്ട എന്നല്ല. അധികാരം പ്രയോഗിക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെ പ്രധാനമാണ്.
Q

? ജർമ്മൻ സഭയിൽ നിന്ന് കേരളസഭയ്ക്ക് എന്തെങ്കിലും പഠിക്കാനുണ്ടോ?

A

കേരളസഭ വളരുകയാണ്. അതേസമയം തളരുന്നുമുണ്ട്. കാരണം യുവാക്കൾ എല്ലാം ജോലി തേടി പുറത്തേക്ക് പോകുന്നു. അത് ദൈവവിളിയെ ബാധിക്കുന്നു, കത്തോലിക്കാ ജനസംഖ്യയെ ബാധിക്കുന്നു. വയോധികരുടെ എണ്ണം കൂടുന്നു. ഇത്തരം കാര്യങ്ങളിൽ കേരളസഭയെ ജർമ്മൻ സഭയുമായി താരതമ്യം ചെയ്യാൻ സാധിക്കും. ജർമ്മൻ സഭ ഒരുകാലത്ത് വലിയ കെട്ടിടങ്ങൾ പണിയുക, പ്രസ്ഥാനങ്ങൾ കെട്ടിപ്പൊക്കുക എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ അതെല്ലാം ഒരു തിരിച്ചുപോക്കിന്റെ പാതയിലാണ്. എങ്ങനെ ഇതെല്ലാം ഒഴിവാക്കാം എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. എങ്ങനെ ചുരുങ്ങാം എന്ന ആലോചന. സമീപഭാവിയിൽ കേരളത്തിന്റെയും അവസ്ഥ ഇതായിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. വലിയ ആഡംബര കെട്ടിടങ്ങളും പ്രസ്ഥാനങ്ങളും ഭാരമാകുന്ന ഒരു അവസ്ഥ കേരളസഭയ്ക്ക് ഉണ്ടാകും. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് നമ്മൾ പഠിക്കുന്നുണ്ട് എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല.

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ
മൈൻസ്, ചരിത്രം തുടിക്കുന്ന മഹാ രൂപത
A

രണ്ടാമത്തേതു ലൈംഗിക കുറ്റകൃത്യങ്ങളുടെ കാര്യമാണ്. ഒരു 30 വർഷം മുമ്പ് ജർമ്മൻ സഭയിലും ഇങ്ങനെയുള്ള കാര്യങ്ങൾ വന്നാൽ മൂടിവയ്ക്കുന്ന ഒരു പ്രവണതയാണ് ഉണ്ടായിരുന്നത്. ഒരു വൈദികനെതിരെയോ സഭയ്ക്കുവേണ്ടി ജോലി ചെയ്യുന്ന ആൾക്കെതിരെയോ ഒരു ആരോപണം വന്നാൽ അയാളെ സ്ഥലം മാറ്റുക, ഒതുക്കി തീർക്കുക എന്നതായിരുന്നു ഇവിടെയും രീതി. സജീവമായ ഒരു അന്വേഷണം ആരോപണത്തെക്കുറിച്ച് നടത്തുകയോ, നടപടികൾ സ്വീകരിക്കുകയോ അല്ല ചെയ്തിരുന്നത്. ആരോപണം ഉന്നയിച്ച ആളുടെ വാ മൂടി കെട്ടുക എന്നതാണ് ഒരു 30 വർഷം മുമ്പ് വരെ ഇവിടെയും ചെയ്തിരുന്നത്. ഇവിടെ അത് വളരെ നെഗറ്റീവായി സഭയെ ബാധിച്ചു എന്ന് നാം മനസ്സിലാക്കി. അതിൽ നിന്ന് ഒരുപാട് പാഠങ്ങൾ പഠിച്ചു. ഇത്തരം ആരോപണങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ അതിനെ അതീവ ഗൗരവത്തോടെ സമീപിക്കണം എന്ന് നമ്മൾ ഇപ്പോൾ മനസ്സിലാക്കുന്നു. ശിക്ഷ അർഹിക്കുന്നവർക്ക് ശിക്ഷ കൊടുക്കണം മൂടിവയ്ക്കുന്നത് വലിയ പ്രശ്നങ്ങളിലേക്ക് പിന്നീട് നയിക്കും. ഇത് നമ്മൾ ജർമ്മൻ സഭയിൽ നിന്ന് മനസ്സിലാക്കേണ്ട ഒരു പാഠമാണ്.

A

മൂന്നാമത്തേത് അധികാരികളുടെ അധികാരപ്രയോഗമാണ്. 30 വർഷം മുമ്പ് ജർമ്മൻ സഭയിലും ഈ അധികാരപ്രയോഗം വളരെ കൂടുതലായിരുന്നു. അങ്ങനെയുള്ള അധികാരപ്രയോഗം കൊണ്ട് കാര്യങ്ങൾ നടക്കില്ല എന്ന് പിന്നീട് സഭയും ജനങ്ങളും മനസ്സിലാക്കി. അധികാരം വേണ്ട എന്നല്ല. അധികാരം പ്രയോഗിക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെ പ്രധാനമാണ്. ഈശോയുടെ ശൈലി സ്വീകരിക്കുക എന്നതാണ് ആവശ്യം. ജർമ്മൻ സഭ സാവകാശം ആ വഴിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. വൈദികൻ ആകുക എന്നാൽ ഒരു അധികാരി ആകുക എന്നതാണോ മറ്റൊരു ക്രിസ്തുവാകുക എന്നതാണോ എന്ന കാര്യത്തിൽ തീർച്ച വേണം. ഇത്തരം കാര്യങ്ങളിൽ ജർമ്മനിയിൽ നിന്ന് നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. പുതിയൊരു മനോഭാവത്തിലേക്ക് ആഗോള സഭ വന്നുകൊണ്ടിരിക്കുന്നു. അത് കേരളസഭയിലും വരേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. കേരളസഭയിൽ ജോലി ചെയ്തിട്ടില്ലാത്തതുകൊണ്ട് എനിക്ക് ഇതേക്കുറിച്ച് 100% ഉറപ്പോടെ പറയാൻ കഴിയില്ല. എന്റെ ഒരു നിരീക്ഷണമാണ് ഇത്.

Q

? അടുത്ത കാലം വരെ കേരളസഭയിൽ ജോലി ചെയ്യുകയും ഇന്ത്യയിലെ നിരവധി സെമിനാരികളിൽ പഠിപ്പിക്കുകയും ചെയ്ത ഒരാളാണ് ഞാൻ. അതു കൊണ്ട് പിതാവ് പറയുന്നത് കേരള സഭയെക്കുറിച്ച് 100% ശരിയാണ് എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. അധികാരം എന്നത് തിരശ്ചീനമായി പോകേണ്ടതാണ് എന്ന ചിന്ത യൂറോപ്പിൽ ഉണ്ട്. എന്നാൽ അത് വളരെ ലംബമാനമായി തന്നെ നിൽക്കുന്ന ഒരു സാഹചര്യമാണ് കേരളത്തിൽ ഇപ്പോഴുമുള്ളത് എന്നത് ദുഃഖത്തോടെ സമ്മതിക്കേണ്ട ഒരു വസ്തുതയാണ്. അതു മാറണം എന്നുള്ളത് ഒരുപക്ഷേ നമ്മൾ ജർമ്മനിയിൽ നിന്ന് പഠിക്കേണ്ട ഒരു പാഠമാണ് അല്ലേ?

A

തീർച്ചയായും.

Q

? അൽമായരുടെ പങ്കാളിത്തത്തെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന ഒരു കാലം കൂടിയാണിത്. ഉദാഹരണത്തിന് സിനഡാലിറ്റി; അതുമായി ബന്ധപ്പെടുത്തി നമ്മൾ ചർച്ച ചെയ്യുന്നുണ്ടല്ലോ. അത് ഏറ്റവും ആത്മാർത്ഥതയോടെ നടപ്പാക്കാൻ ശ്രമിച്ച ഒരു രൂപതയാണ് മൈൻസ്. അവിടെത്തന്നെയാണ് അങ്ങ് ഇപ്പോൾ മെത്രാനായി ചുമതലയേൽക്കുന്നത്. അൽമായരുടെ പങ്കാളിത്തം ഇനിയും വർദ്ധിപ്പിക്കേണ്ട തുണ്ടോ? അതേക്കുറിച്ച് പിതാവിന്റെ അഭിപ്രായങ്ങൾ എന്തൊക്കെയാണ്?

A

അൽമായ പങ്കാളിത്തം ജർമ്മൻ സഭയിൽ ധാരാളം ഉണ്ട്. ഫൊറോനാ വികാരിയെ തിരഞ്ഞെടുക്കുന്നത് തന്നെ അൽമായ പങ്കാളിത്തത്തോടെയാണ് എന്ന് ഞാൻ സൂചിപ്പിച്ചല്ലോ. കേരളത്തിലെ എല്ലാ ഇടവകകളിലും പാരിഷ് കൗൺസിൽ ഉണ്ട്. പക്ഷേ ജർമ്മനിയിൽ പാരിഷ് കൗൺസിലുകളുടെ അധികാരം വളരെ കൂടുതലാണ്. ധനകാര്യ കമ്മിറ്റിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത് വികാരി കമ്മിറ്റിയുടെ പ്രസിഡന്റ് ആണെ ങ്കിലും തീരുമാനം കമ്മിറ്റിയുടേതാണ്. സഭയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളിലും അൽമാരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെന്ന ചിന്ത കൊണ്ടാണ് ജർമ്മനിയിൽ ‘സിനഡൽ പാത’ എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. അത് ആഗോള സഭയ്ക്ക് എതിരെ പോകാൻ വേണ്ടിയല്ല, മറിച്ച് ഇവിടുത്തെ അൽമായരുടെ പങ്കാളിത്തം ഉറപ്പിക്കാൻ വേണ്ടിയാണ്. അത് 100% പരിപൂർണ്ണതയുള്ളതാണ് എന്ന് പറയാൻ കഴിയില്ല. പക്ഷേ അതിനോട് തുറവി ഉള്ളവയാണ് ജർമ്മൻ രൂപതകൾ. നാട്ടിലും ഇതുപോലെ സിനഡാലിറ്റി വളരെ പ്രോത്സാഹിപ്പിക്കേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

വനിതാ പൗരോഹിത്യം പോലെ യുള്ള കാര്യങ്ങൾ ആഗോളസഭ യുടെ തീരുമാനത്തിനനുസരിച്ചേ ഇവിടെയും ചെയ്യാനാവൂ. ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടേണ്ട കാര്യമില്ല. വളരെ യാഥാർത്ഥ്യ ബോധത്തോടെയുള്ള മറുപടികൾ ഇതു സംബന്ധിച്ച നൽകാൻ സാധിക്കും. പേടിക്കേണ്ടതില്ല.
Q

? ശ്രവിക്കുന്ന സഭ എന്നതാണല്ലോ സിനഡാലിറ്റിയുടെ ഒരു ഉൾക്കാമ്പ്?

A

മാമ്മോദീസയോടൊപ്പം നമുക്കെല്ലാം രാജകീയ പൗരോഹിത്യം ലഭ്യമായിട്ടുണ്ട്. സഭയിൽ എല്ലാവരും ഒരേ അധികാരമുള്ള അംഗങ്ങളാണ്. വൈദികരെയും മെത്രാന്മാരെയും ദൈവം സേവനത്തിനുവേണ്ടി തിരഞ്ഞെടുത്തു നിയോഗിക്കുന്നു. ജർമ്മനിയിൽ അച്ചന്മാർ അൽമായരേക്കാൾ മുകളിലല്ല. ഒരേ തലത്തിൽ നിന്നിട്ട് പരസ്പരം സംസാരിക്കാൻ കഴിയണം. അപ്പോഴാണ് സിനഡാലിറ്റി യാഥാർത്ഥ്യമാകുന്നത്. അല്ലാതെ, ഞാൻ പറയുന്നു നിങ്ങൾ കേൾക്കുന്നു എന്നതല്ല സിനിഡാലിറ്റി. അധികാരികൾ പറയുന്നതിനെല്ലാം അൽമായർ ഓ.കെ. പറയുന്നതല്ല സിനഡാലിറ്റി. അൽമായരെ കേൾക്കാനും വിമർശനങ്ങൾ ഉൾക്കൊള്ളാനും ഒരേ തലത്തിൽ അൽമായരുമായി ചർച്ചകൾ നടത്താനും ഉള്ള തുറവി ഉണ്ടെങ്കിലേ സിനഡാലിറ്റി പ്രവർത്തനക്ഷമമാകുകയുള്ളൂ. പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത് പുരോഹിതരിലൂടെ മാത്രമല്ല, ജ്ഞാനസ്നാനം സ്വീകരിച്ച സകലരിലൂടെയും ആണ്.

Q

? വലിയ സന്തോഷത്തോടെയാണ് ബിൽപ് പീറ്റർ കോൾഗ്രാഫ് അങ്ങയുടെ സ്ഥാനലബ്ധി പ്രഖ്യാപിച്ചത്. ഒരു മലയാളി എന്ന ഐഡന്റിറ്റി ജർമ്മനിയിൽ ജോലി ചെയ്യുമ്പോൾ എപ്പോഴെങ്കിലും ഒരു തടസ്സമായി തോന്നിയിട്ടുണ്ടോ?

A

മൈൻസിലെ ബിഷപ്പ് രണ്ടുവർഷമായി ഒരു സഹായമെത്രാനായി കാത്തിരിക്കുകയായിരുന്നു. ഒരാളെ കിട്ടിയതിലുള്ള സന്തോഷം തീർച്ചയായും പ്രഖ്യാപനവേളയിൽ അദ്ദേഹത്തിൽ പ്രകടമായിരുന്നു.

ഞാൻ വന്ന 2005 സമയത്ത് ഇന്ത്യയിൽ നിന്ന് വരുന്ന വിദ്യാർഥികൾക്ക് ജർമ്മനിയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു. ഇന്ത്യക്കാർ വിവരസാങ്കേതിക വിദ്യയിലും ഒക്കെ വളരെ വിദഗ്ധരാണ് എന്ന ചിന്ത ഇവിടെയുള്ളവർക്കുണ്ട്. അതിനാൽ ഇവിടെയുള്ള പൊതുസമൂഹത്തിൽ ഇന്ത്യക്കാരൻ ആണെന്ന ഐഡന്റിറ്റി ഒരിക്കലും ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ജർമ്മനിയിൽ കുറച്ച് വലതുപക്ഷ വിഭാഗക്കാർ ഉണ്ടെങ്കിലും എനിക്ക് അതിന്റെ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ല. ജോലി ചെയ്യുമ്പോൾ നമ്മുടെ ഒരു സമീപനം അനുസരിച്ചാണ് ആളുകൾ ഇങ്ങോട്ടും പെരുമാറുന്നത്. നമ്മൾ ആളുകളെ കേൾക്കാനും അവരിൽ താൽപര്യം പ്രകടിപ്പിക്കാനും തയ്യാറാണെങ്കിൽ അതനുസരിച്ച് അവർ തിരിച്ചും നമ്മെ സ്വീകരിക്കും. പക്ഷേ 2015 ന് ശേഷം ചെറിയൊരു വ്യത്യാസം സമൂഹത്തിൽ സംഭവിക്കുന്നതായി ഞാൻ നിരീക്ഷിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രവാഹം രൂക്ഷമായതിനുശേഷമുള്ള ഒരു മാറ്റമാണിത്. 2005 മുതൽ 2015 വരെയുള്ള പത്തു വർഷത്തിൽ നിന്ന് അതിനുശേഷമുള്ള 10 വർഷം വേറിട്ട് നിൽക്കുന്നുണ്ട്. പക്ഷേ എന്റെ ജോലിയിൽ അതൊരിക്കലും അനുഭവിക്കാൻ ഇടയായിട്ടില്ല. ഞാൻ ഇവിടെ വന്ന സമയത്ത് ഒരു വലതുവാദിയുടെ അമ്മയുടെ മൃതസംസ്കാരം നടത്താൻ അയാൾ എന്നെ അനുവദിക്കാതിരുന്ന ഒരു സംഭവം ഉണ്ടായി. വിദേശിയാണ് എന്ന കാരണത്താൽ. പക്ഷേ അത് തീർത്തും ഒറ്റപ്പെട്ട ഒരു സംഭവം ആയിരുന്നു. മൈൻസ് രൂപതയിൽ ഒരിക്കലും ഒരു ഇന്ത്യക്കാരനാണ് എന്ന രീതിയിൽ ഉള്ള ഒരു തടസ്സം എനിക്ക് അനുഭവപ്പെട്ടിട്ടില്ല. നമ്മുടെ തുറവി അനുസരിച്ചിരിക്കും നമ്മോടുള്ള തുറവിയും.

ജർമ്മൻ സഭയിലെ മലയാളി മെത്രാൻ
മൈൻസ്, ചരിത്രം തുടിക്കുന്ന മഹാ രൂപത

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org