തീര്‍ത്ഥാടനം

ഗെരിസിം : അനുഗ്രഹത്തിന്റെ മല

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

കാനാന്‍ ദേശത്തിന്റെ മധ്യഭാഗത്ത്, തെക്കുവടക്കായി ഉയര്‍ന്നു നില്ക്കുന്ന ഒരു മലനിരയുടെ രണ്ടു ശൃംഗങ്ങളാണ് ഗെരിസിം, ഏബാല്‍ എന്ന പേരുകളില്‍ അറിയപ്പെടുന്നത്; വടക്ക് ഏബാല്‍, തെക്ക് ഗെരിസിം. ഏകദേശം മൂവായിരം അടി ഉയരമുണ്ട് ഈ മലയ്ക്ക്. അവയ്ക്കു മധ്യത്തിലുള്ള താഴ്ന്ന നിലത്താണു ഷെക്കെം പട്ടണം. യോഹ 4,5 ല്‍ പരാമര്‍ശിക്കുന്ന സിക്കാര്‍ എന്ന ഗ്രാമമാണിത്. അവിടെയാണ് യാക്കോബിന്റെ കിണറും പൂര്‍വ്വപിതാവായ ജോസഫിന്റെ ശവകുടീരവുമുള്ളത്. ജോഷ്വായുടെ കാലംമുതല്‍ പ്രാധാന്യമുള്ള ഒരു മലയാണ് ഗെരിസിം.

വാഗ്ദത്തഭൂമി കീഴടക്കിക്കഴിയുമ്പോള്‍ ഇസ്രായേല്‍ ജനം ഒന്നടങ്കം ഈ മലകളില്‍ നിലയുറപ്പിക്കണമെന്നും, കര്‍ത്താവിന്റെ നിയമം അവിടെവച്ച് എല്ലാവരും കേള്‍ക്കെ വായിക്കണമെന്നും മോശ നിര്‍ദ്ദേശിച്ചിരുന്നു (നിയ 11,29-30; 27,12). ഈ നിര്‍ദ്ദേശമനുസരിച്ച് ജോഷ്വാ പ്രവര്‍ത്തിച്ചു (ജോഷ്വാ 8,30-35). നിയമസംഹിത അനുസരിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങള്‍ ഗെരിസിം മലയില്‍ നിന്നവരും ലംഘിച്ചാലുണ്ടാകുന്ന ശാപങ്ങള്‍ ഏബാല്‍ മലയില്‍നിന്നവരും വായിച്ചു. അങ്ങനെ ഗെരിസിം അനുഗ്രഹത്തിന്റെ മല എന്ന് അറിയപ്പെടുന്നു.

ജെറുബാല്‍ എന്ന പേരിലും അറിയപ്പെടുന്ന ന്യായാധിപനായ ഗിദയോന്റെ മരണശേഷം അയാളുടെ ദാസീപുത്രനായ അബിമെലെക്ക് തന്റെ 70 സഹോദരങ്ങളെ വധിച്ച് സ്വയം രാജാവായി പ്രഖ്യാപിച്ചപ്പോള്‍ ഒരു സഹോദരന്‍, യോഥാം, മാത്രം രക്ഷപ്പെട്ടു. അയാള്‍ ഗെരിസിം മലയുടെ മുകളില്‍ക്കയറി നിന്നുകൊണ്ടാണ് ഷെക്കെം നിവാസികളോട് വൃക്ഷങ്ങള്‍ രാജാവായി മുള്‍ച്ചെടിയെ തിരഞ്ഞെടുത്ത കഥ പറഞ്ഞത് (ന്യായാ 9).

വടക്കന്‍രാജ്യമായ ഇസ്രായേലിന്റെ പതനത്തിനുശേഷം രൂപം കൊണ്ട സമറിയാക്കാര്‍ ഗെരിസിം മലയുടെ മുകളില്‍ പേര്‍ഷ്യന്‍ ഭരണകാലത്ത് ഒരു ദേവാലയം പണിതു. അത് സമറിയാക്കാരുടെ ആരാധനാകേന്ദ്രമായി. ജറുസലെമിനു ബദലായി നിന്ന ഈ ദേവാലയം മക്ക്ബായ വംശജനായ ജോണ്‍ ഹിര്‍ക്കാനൂസ് 128 ബി.സി.യില്‍ നശിപ്പിച്ചു. എന്നാലും സമറിയാക്കാര്‍ അവിടെ തങ്ങളുടെ ആരാധനയും ആഘോഷങ്ങളും തുടര്‍ന്നു.

അബ്രാഹം ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ കൊണ്ടുപോയ മോറിയാമല ഗെരിസിം ആണെന്ന് അവര്‍ അവകാശപ്പെടുന്നു. ഈ വിശ്വാസമാണ് യേശുവുമായുള്ള സംഭാഷണമധ്യേ സമരിയാക്കാരി സൂചിപ്പിക്കുന്നത്. ഞങ്ങളുടെ പിതാക്കന്മാര്‍ ഈ മലയില്‍ ആരാധന നടത്തി (യോഹ 4,20). ആലയമില്ലെങ്കിലും ഇന്നും സമറിയാക്കാര്‍ ഈ മലമുകളില്‍ എല്ലാവര്‍ഷവും പെസഹാ ആഘോഷിക്കാന്‍ ഒരുമിച്ചു കൂടുക പതിവാണ്.

ആരാധനയര്‍പ്പിക്കുന്ന സ്ഥലമല്ല വിശ്വാസവും മനോഭാവവുമാണ് പ്രസക്തവും പ്രധാനവുമെന്ന് യേശു പഠിപ്പിച്ചു. ''യഥാര്‍ത്ഥ ആരാധകര്‍ ആത്മാവിലും സത്യത്തിലും പിതാവിനെ ആരാധിക്കുന്ന സമയം'' (യോഹ 4,23) വന്നുകഴിഞ്ഞു. എന്നാലും ദൈവപ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കുന്നതിന്റെ ആവശ്യകതയും അനുസരിക്കുന്നവര്‍ക്കു ലഭിക്കുന്ന അനുഗ്രഹവും അനുസ്മരിപ്പിച്ചുകൊണ്ട് തല ഉയര്‍ത്തിനില്ക്കുന്നു ഗെരിസിം പര്‍വ്വതം; അനുസരണക്കേടു വരുത്തിവയ്ക്കുന്ന നാശത്തിന്റെ താക്കീതുമായി ഏബാല്‍ പര്‍വ്വതവും.

വിശുദ്ധ ഇഗ്നേഷ്യസ് ലയോള (1491-1556) : ജൂലൈ 31

മെഗിദോ : അന്തിമപോരാട്ടത്തിന്റെ പര്‍വ്വതം

വിശുദ്ധ പീറ്റര്‍ ക്രൈസോളഗസ് (380-450) : ജൂലൈ 30

ബഥനിയിലെ വിശുദ്ധ മര്‍ത്താ (84) : ജൂലൈ 29

സത്യദീപം-ലോഗോസ് ക്വിസ് 2025: [No.12]