തീര്‍ത്ഥാടനം

ഗില്‍ബൊവാ : വില്ലൊടിച്ച മല

തീര്‍ഥാടനം ഒന്നാം ഭാഗം : ഏദേന്‍ മുതല്‍ പറുദീസ വരെ

ഫാ. ഡോ. മൈക്കിള്‍ കാരിമറ്റം

ഫിലിസ്ത്യരുമായുള്ള അന്തിമപോരാട്ടത്തില്‍ സാവൂളും മൂന്നു പുത്രന്മാരും മരിച്ചുവീണ മലയാണ് ഗില്‍ബൊവാ. ''കുമിള പൊന്തുന്ന ഉറവ'' എന്നാണ് പേരിന് അര്‍ത്ഥം. ഇസ്രായേല്‍ ജനത്തിന്റെ രാജാവില്‍ കേന്ദ്രീകൃതമായ സ്വപ്നങ്ങള്‍ നീര്‍ക്കുമിളപോലെ തകര്‍ന്നു പോയ മലയ്ക്ക് ഈ പേര് തികച്ചും അനുയോജ്യം തന്നെ.

സമറിയാ മലനിരയുടെ വടക്കേ അറ്റത്താണ് ഗില്‍ബൊവാ. അതുകഴിഞ്ഞാല്‍ വടക്ക് ജെസ്രേല്‍ താഴ്‌വരയാണ്. ഗില്‍ബൊവായില്‍ നിന്ന് ഏകദേശം 10 കി.മീ. വടക്കാണ് എന്‍ദോര്‍. അവിടെനിന്ന് വീണ്ടും 10 കി.മീ. വടക്കാണ് താബോര്‍മല. സാവൂളിന്റെ അന്ത്യവുമായി ബന്ധപ്പെടുത്തി മാത്രമേ ബൈബിളില്‍ ഗില്‍ബൊവാ പരാമര്‍ശ വിഷയമാകുന്നുള്ളൂ.

സാമുവേല്‍ പ്രഖ്യാപിച്ച വധശിക്ഷ ഏറ്റുവാങ്ങി, തകര്‍ന്ന മനസ്സും തളര്‍ന്ന ശരീരവുമായി എന്‍ദോറില്‍നിന്നു മടങ്ങിയ സാവൂള്‍ പിറ്റേദിവസം ഫിലിസ്ത്യ സൈന്യത്തെ നേരിട്ടു. എന്‍ദോറില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ഷൂനേമില്‍ ആയിരുന്നു ഫിലിസ്ത്യപാളയം. തോല്ക്കുമെന്നു തീര്‍ച്ചയായിട്ടും അവസാനശ്രമം എന്ന നിലയിലാണ് സാവൂള്‍ ഇസ്രായേല്‍ സൈന്യത്തെ നയിച്ചത്.

ഗില്‍ബൊവാ കുന്നുകളില്‍ ഫിലിസ്ത്യരുടെ കുതിരപ്പടയും തേരുകളും കാര്യക്ഷമമായിരിക്കുകയില്ല എന്ന പ്രതീക്ഷയും ഉണ്ടായിരുന്നിരിക്കാം. ന്യായാധിപന്മാരുടെ കാലത്ത് സിസേറായുടെ സൈന്യം താബോര്‍ മലഞ്ചെരുവില്‍ തകര്‍ന്നതുപോലെ (ന്യായ. 4,12-16), മിസ്പായില്‍ ഫിലിസ്ത്യര്‍ തുരത്തപ്പെട്ടതുപോലെ (1 സാമു 6,10-11), ഗില്‍ബൊവായിലും വിജയം ലഭിച്ചേക്കാം എന്നു കരുതിയിട്ടുണ്ടാവാം.

പക്ഷേ യുദ്ധത്തിന്റെ ഫലം നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

''ഇസ്രായേല്യര്‍ ഫിലിസ്ത്യരോട് തോറ്റോടി ഗില്‍ബൊവാ ക്കുന്നില്‍ മരിച്ചുവീണു'' (1 സാമു. 31,1). ഫിലിസ്ത്യര്‍ പാളയമടിച്ചിരുന്ന ഷൂനേമില്‍ നിന്ന് ഏകദേശം 2 കി.മീ. തെക്കുകിഴക്കാണ് ഗില്‍ബൊവാ. സാവൂളിന്റെ പുത്രന്മാര്‍ മൂന്നുപേര്‍ യുദ്ധത്തില്‍ നിപതിച്ചു. സാവൂളിനു ചുറ്റും അതിരൂക്ഷമായ പോരാട്ടമുണ്ടായി.

തോറ്റോടാതെ നിന്നു പൊരുതിയ സാവൂളിനും അവസാനം മാരകമായി മുറിവേറ്റു. ശത്രുകരങ്ങളാല്‍ വധിക്കപ്പെടുന്നത് അപമാനകരമായി കരുതിയ ആ ധീരയോദ്ധാവ് ''സ്വന്തം വാളില്‍ വീണു മരിച്ചു'' (1 സാമു. 31,4).

ഇസ്രായേല്‍ ജനം നേരിട്ട അതിഭീകരമായ ഒരു പ്രതിസന്ധിയായിരുന്നു അത്. ശത്രുകരങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കാന്‍ തങ്ങള്‍ക്കൊരു രാജാവു വേണം എന്നു ശഠിച്ച്, ന്യായാധിപനായ സാമുവേലിനെ നിര്‍ബന്ധിച്ച്, ഇസ്രായേല്‍ ജനം വാഴിച്ച ആദ്യ രാജാവായിരുന്നു സാവൂള്‍. ജനം പ്രതീക്ഷിച്ച സംരക്ഷണം നല്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

തന്നെയുമല്ല, കര്‍ത്താവിന്റെ കല്പനകള്‍ ലംഘിച്ചുകൊണ്ട് നിരന്തരമായി അവിശ്വസ്തത കാട്ടിയ സാവൂളിന് അവസാനം സ്വന്തം ജീവനും നഷ്ടപ്പെട്ടു. ദൈവത്തില്‍ ആശ്രയിക്കാതെ രാഷ്ട്രീയ നേതാക്കളിലും ആയുധബലത്തിലും പ്രത്യാശവയ്ക്കുന്നതിന്റെ മൗഢ്യം വിളിച്ചറിയിച്ചുകൊണ്ട് ഇന്നും തല ഉയര്‍ത്തി നില്ക്കുന്നു ഗില്‍ബൊവാ മല.

സാവൂളും പുത്രന്മാരും വധിക്കപ്പെട്ടു എന്നറിഞ്ഞ ഇസ്രായേല്‍ ജനം നാടും നഗരവും വിട്ട് കാടുകളിലും മലകളിലും ഒളിച്ചു. ഫിലിസ്ത്യര്‍ വന്ന് അവിടെ വാസമുറപ്പിച്ചു (1 സാമു 31,7). സാവൂളിന്റെയും ജോനാഥന്റെയും മരണവാര്‍ത്തയറിഞ്ഞ ദാവീദ് ഹൃദയം തകര്‍ന്നു പാടി (2 സാമു 1,17-27). ആ വിലാപഗാനത്തിന്റെ മാറ്റൊലി ഇന്നും ഗില്‍ബൊവാ കുന്നുകളില്‍ മുഴങ്ങി കേള്‍ക്കാം.

''ഇസ്രായേലേ, നിന്റെ മഹത്വം നിന്റെ ഗിരികളില്‍ നിഹിതമായി. ശക്തന്മാര്‍ നിപതിച്ചതെങ്ങനെ?'' (2 സാമു 1,19). ഒടിഞ്ഞ വില്ലും വാളും തകര്‍ന്ന പരിചയും പടയാളികളുടെ കബന്ധങ്ങളും ചിതറിക്കിടന്ന ഗില്‍ബൊവാ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു - ആയുധങ്ങളില്‍ ആശ്രയമര്‍പ്പിക്കുന്ന ഔദ്ധത്യത്തിന്റെ അന്ത്യം.

വിശുദ്ധരായ ഏലിയാസും ഫ്‌ളാവിയനും  (518)  : ജൂലൈ 20

കാട് നാട്ടിലേക്കിറങ്ങിയും കടല്‍ കരയിലേക്കു കയറിയും കേരളം ചുരുങ്ങുകയാണെന്ന് കെ സി ബി സി അല്‍മായ കമ്മിഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍

വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

പ്രകൃതിയും ഒരു മതഗ്രന്ഥം: അഗസ്റ്റിന്‍

സിനഡല്‍ വിപ്ലവം: അധികാരത്തിന്റെ മരണം, സേവനത്തിന്റെ ഉയിര്‍പ്പ്