ഇത് സമാധാനത്തിന്റെ സമയമാണ്. ആയുധമെടുക്കാനും ആക്രമിക്കാനുമുള്ള ആലോചനകള്‍ക്കപ്പുറം, പരസ്പര സംഭാഷണത്തിന്റെയും മധ്യസ്ഥതയുടെയും മേശയില്‍ രാഷ്ട്രനേതാക്കള്‍ ഒന്നിച്ചിരിക്കണം.
യുദ്ധത്തിന്റെ യുക്തിയെ എതിര്‍ക്കുന്നത് തെറ്റിദ്ധാരണയ്ക്കും അവഗണനയ്ക്കും ഇടയാക്കിയാലും, സമാധാനത്തിനായി നിലകൊള്ളുന്നതില്‍ നിന്ന് സഭ പിന്മാറില്ല. കുട്ടികളുടെ നിലവിളിക്ക് ലോകം കാതോര്‍ക്കണം. സംഘര്‍ഷ മേഖലകളിലെ കുട്ടികളില്‍ നിന്ന് എണ്ണമറ്റ കത്തുകള്‍ തനിക്ക് ലഭിക്കുന്നുണ്ട്. നിഷ്‌കളങ്കതയുടെ കണ്ണിലൂടെ നോക്കുമ്പോള്‍, മുതിര്‍ന്നവര്‍ അഭിമാനത്തോടെ വീമ്പിളക്കുന്ന പ്രവൃത്തികളുടെ ഭീകരതയും മനുഷ്യത്വരാഹിത്യവും ആ കത്തുകളില്‍ കാണം.
യുദ്ധം മതിയാക്കാം; ലോകത്തില്‍ ജീവനെ സംരക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ ശക്തി; യുദ്ധം വിഭജിക്കുന്നു; പ്രത്യാശ ഒന്നിപ്പിക്കുന്നു. അഹങ്കാരം ചവിട്ടിമെതിക്കുന്നു; സ്‌നേഹം ഉയര്‍ത്തുന്നു. സമാധാനത്തിനുള്ള വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗ്ഗം നിരന്തരമായ പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്നവര്‍ തങ്ങളുടെ പരിമിതികളെക്കുറിച്ച് ബോധവാന്മാരാണ്; അവര്‍ കൊല്ലുകയോ മരണഭീഷണി മുഴക്കുകയോ ചെയ്യുന്നില്ല.
രാഷ്ട്രനേതാക്കള്‍ക്ക് മാത്രമല്ല, ഓരോ വ്യക്തിക്കും സമാധാനത്തിനായുള്ള ഉത്തരവാദിത്വമുണ്ട്. വാക്കുകൊണ്ട് മാത്രമല്ല, പ്രവൃത്തികൊണ്ടും യുദ്ധത്തെ തള്ളിക്കളയണം. നമ്മുടെ വീടുകളിലും സ്‌കൂളുകളിലും സമൂഹങ്ങളിലും ദിനംപ്രതി സമാധാനത്തിന്റെ ഇടം കെട്ടിപ്പടുക്കണം. സുഖപ്പെടുത്തുകയും നവചൈതന്യത്തോടെ കണ്ടുമുട്ടുകയും ചെയ്യുന്ന പ്രക്രിയകള്‍ ധൈര്യത്തോടെയും സര്‍ഗാത്മകതയോടെയും ആരംഭിക്കാന്‍ തയ്യാറായ സമാധാനസ്ഥാപകരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ആവശ്യമുണ്ട് എന്നു ഫ്രാന്‍സിസ് പാപ്പാ പറഞ്ഞതോര്‍ക്കുക.
ജപമാലയും പരമ്പരാഗതമായ പ്രാര്‍ത്ഥനകളും ആവര്‍ത്തിച്ച് ഉരുവിടുന്നതുപോലെ സമാധാനവും പടിപടിയായി വളരുന്നതാണ്. ഓരോ സമൂഹവും 'സമാധാന ഭവനം' ആകണം. ആയുധങ്ങളില്ലാതെ മരണത്തെ ജയിച്ച, ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമാധാനം എല്ലാവരിലും ഉണ്ടാകട്ടെ.
(ഏപ്രില്‍ പതിനൊന്നിനു വൈകുന്നേരം 6 മണിക്ക് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടന്ന സമാധാനത്തിനുവേണ്ടിയുള്ള ജാഗരണ പ്രാർഥനയില്‍ നല്‍കിയ സന്ദേശത്തില്‍ നിന്നും.)