

ദൈവത്തിന്റെ സ്വന്തം ജീവിതം ഒരു സ്‌നേഹ കൂട്ടായ്മയുടേതാണ്. മനുഷ്യവംശമാകെ അതിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. എല്ലാവരെയും, എല്ലാത്തിനെയും സ്‌നേഹിക്കാന്‍ പരിശുദ്ധ ത്രിത്വം നമ്മെ സഹായിക്കുന്നു. പരസ്പര ബന്ധത്തിനും മുഖാമുഖത്തിനും കൂട്ടായ്മയ്ക്കും വേണ്ടിയാണ് എല്ലാവരും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് നാം കണ്ടെത്തുന്നു. മറുവശത്ത് വിഭജനവും ധ്രുവീകരണവും വൈവിധ്യത്തോടുള്ള വിദ്വേഷവും നാശത്തിനും ദുഃഖത്തിനും കാരണമാകുന്നതും നാം അറിയുന്നു.
പരിശുദ്ധാത്മാവ് പിതാവിനെയും പുത്രനെയും ഐക്യപ്പെടുത്തുകയും നമ്മുടെ ഹൃദയങ്ങളിലേക്ക് പ്രവഹിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങനെ സഭ കൂട്ടായ്മയുടെ കൂദാശയായി മാറുന്നു. കണ്ടുമുട്ടലിന്റെയും സ്‌നേഹത്തിന്റെയും ജീവന്റെയും ഇടമായി സഭ മാറുന്നു. സ്വർഗവും ഭൂമിയും പരസ്പരം സ്പര്‍ശിക്കുന്ന ഒരിടം.
ഇസ്രായേലിലെ ഒരു പ്രമുഖ വ്യക്തിത്വ മായിരുന്നു നിക്കോദേമോസ്. രാത്രിയില്‍ അയാള്‍ ഈശോയെ കാണാന്‍ വന്നു. ക്രിസ്തു അദ്ദേഹത്തെ സ്വീകരിക്കുകയും ഉത്തരങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ അന്വേഷണത്തെ ഗൗരവമായി എടുക്കുകയും ചെയ്തു പ്രായപൂര്‍ത്തിയായ ഒരാള്‍ക്കുപോലും വീണ്ടും ജനിക്കുക സാധ്യമാണെന്ന് പറഞ്ഞുകൊണ്ട് യേശു അയാളെ അദ്ഭുതപ്പെടുത്തി. ദൈവത്തിന്റെ ജീവന്‍ തന്റെ സ്വന്തം ജീവനെ പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണെന്ന തിരിച്ചറിവിലേക്ക് അയാളെ നയിച്ചു. പിന്നീട് സെന്‍ഹെദ്രീനു മുമ്പില്‍ ഈശോക്കു വേണ്ടി നിക്കോദേമോസ് വാദിക്കുന്നുണ്ട്.
ദൈവത്തില്‍ നിന്നുള്ള കൂട്ടായ്മയുടെ ആത്മാവിനെ അയാള്‍ ക്രിസ്തുവില്‍ നിന്നു തന്നെ സ്വീകരിച്ചു. അത് അയാളുടെ ഹൃദയത്തെ പുതിയ സത്യങ്ങളിലേക്കും ശരിയായ നവീകരണത്തി ലേക്കും തുറന്നു. ഈ ആത്മാവിനെ സ്വീകരിക്കാത്തവര്‍ വളരെ വേഗം ദുഃഖത്തില്‍ വളരുകയും ഹൃദയങ്ങളില്‍ സന്തോഷം ഇല്ലാത്തവരാകുകയും ഏകാന്തത അനുഭവിക്കുകയും ചെയ്യുന്നു.
(മെയ് 31-ന് പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാള്‍ ദിനത്തില്‍ ത്രികാല പ്രാർഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)