ആനന്ദപൂര്‍ണവും ജാഗരൂകവുമായ ഒരു ജീവിതത്തിന്റെ അവശ്യഘടകമാണ് പ്രാര്‍ത്ഥന. ഹൃദയത്തെ കാത്തുകൊണ്ട് സദാ ഉണര്‍ന്നിരിക്കുക. ഹൃദയജ്വലനത്തിന്റെ ദീപം തെളിയിച്ചു നിറുത്തുന്നതു പ്രാര്‍ത്ഥനയാണ്. തീക്ഷ്ണത ശമിക്കുകയാണെന്നു തോന്നുമ്പോള്‍ പ്രാര്‍ത്ഥന അതിനെ പുനരുജ്ജീവിപ്പിക്കുന്നു. അതു നമ്മെ ദൈവത്തിലേയ്ക്കു തിരികെയെത്തിക്കുന്നു, ദൈവത്തെ എല്ലാത്തിന്റെയും കേന്ദ്രമാക്കുന്നു. പ്രാര്‍ത്ഥന ആത്മാവിനെ ഉറക്കത്തില്‍ നിന്നുണര്‍ത്തുകയും പ്രസക്തമായ കാര്യങ്ങളില്‍ മനസ്സുറപ്പിക്കുകയും ചെയ്യുന്നു.
ഏറ്റവും തിരക്കു പിടിച്ച ദിവസങ്ങളില്‍ പോലും പ്രാര്‍ത്ഥനയെ അവഗണിക്കരുത്. ''കര്‍ത്താവായ ഈശോയെ വരേണമേ'' എന്ന ലളിതമായ ഒരു പ്രാര്‍ത്ഥന ഈ ആഗമനകാലത്ത് സദാ ഉപയോഗിക്കാവുന്നതാണ്. ഈ പ്രാര്‍ത്ഥന ദിവസം മുഴുവന്‍ ആവര്‍ത്തിക്കുക. നമ്മുടെ ആത്മാവ് ജാഗരൂകമായി ഇരുന്നുകൊള്ളും.
തന്റെ രണ്ടാം വരവിനെ കുറിച്ചു സൂചിപ്പിച്ചുകൊണ്ട്, ഭയപ്പെടരുത് എന്നു യേശു പറയുന്നു. എന്തുകൊണ്ട്? എല്ലാം ശരിയായിരിക്കും എന്നതുകൊണ്ടാണോ ഭയപ്പെടരുത് എന്നു പറയുന്നത്? അല്ല. അവന്‍ വരും എന്നതുകൊണ്ടാണത്. യേശു മടങ്ങി വരും. അവന്റെ വാഗ്ദാനമാണത്. ഉണരുക, ശിരസ്സുയര്‍ത്തുക, നിങ്ങളുടെ മോചനം അരികിലെത്തി, അവന്‍ പറയുന്നു.
ഉറക്കം തൂങ്ങുന്ന ക്രൈസ്തവരാകാതിരിക്കുക. ഹൃദയങ്ങളെ അലസവും ആത്മീയജീവിതത്തെ മാന്ദ്യമുള്ളതും ആക്കാതിരിക്കുക. നമ്മുടെ ഹൃദയങ്ങളെയും ചൈതന്യത്തെയും ഭാരപ്പെടുത്തുന്നത് എന്ത് എന്ന് ആലോചിക്കാനുള്ള അനുയോജ്യമായ അവസരമാണ് ആഗമനകാലം. ശിരസ്സുയര്‍ത്തുന്നതില്‍ നിന്ന് എന്നെ തടയുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? നമ്മുടെ സഹോദരങ്ങളുടെ ജീവിതഭാരങ്ങളോടും നാം ഉദാസീനരാകരുത്.
(സെ. പീറ്റേഴ്‌സ് അങ്കണത്തില്‍ ത്രികാലപ്രാര്‍ത്ഥനയ്‌ക്കൊടുവില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)