ഉത്ഥിതനായ കര്‍ത്താവ് മഹത്വവല്‍ക്കരിക്കപ്പെട്ട തന്റെ ശരീരം, പ്രത്യേകിച്ചും അവന്റെ മുറിവുകള്‍, കുരിശാരോഹണത്തിന്റെ അടയാളങ്ങള്‍ നമുക്ക് വെളിപ്പെടുത്തുന്നു. പീഡാനുഭവത്തിന്റെ ഈ അടയാളങ്ങള്‍ വാക്കുകളേക്കാള്‍ വാചാലമാണ്. മരിച്ചവന്‍ എന്നത്തേക്കും ജീവനുള്ളവനായിരിക്കുന്നു.
ഭയം കൊണ്ടും വഞ്ചന കൊണ്ടും മുദ്രിതമായിരുന്ന മാളിക മുറി ക്രിസ്തു നല്‍കിയ പരിശുദ്ധാത്മാവിന്റെ ദാനത്തിലൂടെ ഉത്ഥാനത്തിന്റെ ഗര്‍ഭപാത്രമായി മാറിയിരിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ ആത്മാവ് എപ്പോഴും സമാധാനത്തിന്റെ ആത്മാവാണ്. ക്രിസ്തു ദൈവത്തിനും മനുഷ്യവംശ ത്തിനും ഇടയിലെ സമാധാനം പുനഃസ്ഥാപിക്കുന്നു. പരിശുദ്ധാത്മാവ് തന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിലേക്ക് ഒഴുക്കുകയും ലോകം മുഴുവന്‍ പരത്തുകയും ചെയ്യുന്നു. ക്ഷമയില്‍നിന്ന് ജനിക്കുന്ന ഈ സമാധാനം നമ്മെ ക്ഷമയിലേക്ക് നയിക്കുന്നു.
പരിശുദ്ധാത്മാവ് ദൗത്യത്തിന്റെ ആത്മാവാണ്. സുവിശേഷത്തിന്റെ സഹപ്രവര്‍ത്തകരാണ് നാമെല്ലാം. സഭ സുവിശേഷത്തിന്റെ വെറും കാവല്‍ക്കാരി അല്ല, മുഖ്യ പോരാളിയാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയിലൂടെ നമ്മുടെ പ്രഘോഷണങ്ങള്‍ സന്തോഷവും പ്രത്യാശയും നിറഞ്ഞതാകുന്നു. നാം സ്വയം ലോകത്തിന്റെ പുതുമയും ഭൂമിയുടെ ഉപ്പും പ്രകാശവും ആകുന്നു. പരിശുദ്ധാത്മാവ് സത്യത്തിന്റെ ആത്മാവാണ്. സത്യത്തിലുള്ള ഐക്യത്തെ ആത്മാവ് എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. സുവിശേഷത്തിന്റെ പ്രകാശത്തിനു മങ്ങല്‍ ഏല്‍പ്പിക്കുന്ന വിഭാഗീയത, കപടനാട്യം, പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ എന്നിവയില്‍ നിന്ന് അത് സഭയെ സംരക്ഷിക്കുന്നു.
ഉത്ഥിതന്റെ ആത്മാവ് യുദ്ധത്തിന്റെ തിന്മയില്‍ നിന്ന് നമ്മെ രക്ഷിക്കട്ടെ. ഭൗതികമായ വന്‍ ശക്തി കൊണ്ടല്ല സ്‌നേഹത്തിന്റെ സര്‍വ്വ ശക്തികൊണ്ട് യുദ്ധത്തെ നമുക്ക് മറികടക്കാം. മനുഷ്യരാശി ദുരിതങ്ങളില്‍ നിന്നും മുക്തമാകാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. അളവില്ലാത്ത സമ്പത്ത് കൊണ്ടല്ല, അക്ഷയമായ ദാനം കൊണ്ടാണ് ലോകം രക്ഷിക്കപ്പെടുക.
(മെയ് 24 നു പന്തക്കുസ്താ തിരുനാളില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ദിവ്യബലിക്കിടെ നടത്തിയ സുവിശേഷ പ്രസംഗത്തില്‍ നിന്ന്)