മറ്റുള്ളവരെ ശത്രുക്കളായി കാണാനുള്ള പ്രലോഭനത്തെ ക്രൈസ്തവര്‍ ചെറുത്തു നില്‍ക്കണം. ഓരോ മനുഷ്യനിലും ദൈവദത്തമായ അന്തസ്സിനെ തിരിച്ചറിയാന്‍ ക്രിസ്മസ് വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. ക്രൈസ്തവര്‍ക്ക് ശത്രുക്കള്‍ ഇല്ല, സഹോദരങ്ങള്‍ മാത്രമേയുള്ളൂ. പരസ്പരം മനസ്സിലാക്കുന്നില്ലെങ്കില്‍ പോലും മറ്റുള്ളവര്‍ എന്നും സഹോദരങ്ങള്‍ ആയിരിക്കണം.
ക്രിസ്തുവിന്റെ നിരായുധ പാത സ്വീകരിക്കുകയും സമാധാനത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ പലപ്പോഴും അവമതിക്കപ്പെടുകയും ഒഴിവാക്കപ്പെടുകയും ചെയ്യും. ശത്രുക്കളെ സഹായിക്കുന്നവരായി പോലും അവര്‍ കുറ്റം വിധിക്കപ്പെടും. പക്ഷേ സാഹോദര്യത്തില്‍ ജീവിക്കുന്നവരുടെ സ്ഥിരോല്‍സാഹത്താല്‍ ക്രൈസ്തവമായ ആനന്ദം നിലനില്‍ക്കും.
ക്രിസ്തുവിന്റെയും അവനെ അനുഗമിക്കുന്നവരുടെയും സൗന്ദര്യം നിരാകരിക്കപ്പെട്ടേക്കാം. കാരണം അത് അധികാരത്തിനായി പോരാടിക്കുന്നവരുടെ അനീതിയെയും ഭീഷണികളെയും വെളിപ്പെടുത്തുന്നു. പക്ഷേ ഇന്ന് വരെയും ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് നേരെ വിജയം വരിക്കാന്‍ യാതൊരു അധികാരത്തിനും സാധിച്ചിട്ടില്ല. ഇന്ന്, ലോകത്തിലെ അനിശ്ചിതത്വങ്ങളുടെയും സഹനത്തിന്റെയും സാഹചര്യങ്ങളില്‍ സന്തോഷം അസാധ്യമാണെന്ന് തോന്നിയേക്കാം. പക്ഷേ അവിടെയും പ്രത്യാശ മുള പൊട്ടുന്നുണ്ട്.
(ക്രിസ്മസിന്റെ പിറ്റേന്ന് അപ്പസ്‌തോലിക് പാലസില്‍ ത്രികാല പ്രാര്‍ഥനയ്ക്കിടെ നല്‍കിയ സന്ദേശത്തില്‍ നിന്ന്)