വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ (1247-1297) : ഫെബ്രുവരി 22

വിശുദ്ധ മാര്‍ഗരറ്റ് കൊര്‍ട്ടോണ (1247-1297) : ഫെബ്രുവരി 22
അജ്ഞാതവഴികളിലൂടെയാണ് എപ്പോഴും മനുഷ്യന്‍ നയിക്കപ്പെടുന്നത്. ഒരു "വേട്ടപ്പട്ടി"യെപ്പോലെ ദൈവം എപ്പോഴും അവന്റെ കൂടെയുണ്ട്. എല്ലാ അപകടങ്ങളില്‍നിന്നും കഷ്ടപ്പാടുകളില്‍നിന്നും അവനെ രക്ഷിക്കാനാണത്. മനുഷ്യനു വേണ്ടത് വിശ്വാസം മാത്രമാണ്; ഉറച്ചവിശ്വാസം. കടുകുമണിയോളമെങ്കിലും അതുണ്ടെങ്കില്‍ ഇവിടെ അത്ഭുതങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കും.

ഇറ്റലിയിലെ ടസ്‌കനിയില്‍ ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തിലാണ് സുന്ദരിയായ മാര്‍ഗരറ്റ് ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ അമ്മ മരിച്ചു. അച്ഛന്‍ വീണ്ടും വിവാഹം കഴിച്ചു. പക്ഷേ, രണ്ടാനമ്മ ക്രൂരയായിരുന്നു. ഏകദേശം ഒമ്പതുവര്‍ഷം രണ്ടാനമ്മയുടെ പീഡനങ്ങള്‍ സഹിച്ചു.
ഈ സമയത്ത് യുവാവായ ഒരു സമ്പന്നന്‍ സുന്ദരിയായ മാര്‍ഗരറ്റിന്റെ കൂട്ടുകാരനായി. കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്‍കി അയാള്‍ മാര്‍ഗരറ്റിനെ കൂടെ പാര്‍പ്പിച്ചു. അങ്ങനെ ഒമ്പതുവര്‍ഷം അയാളുടെ കൂടെ സുഖമായി കഴിഞ്ഞു. ഒരു കുട്ടിയും ജനിച്ചു.
പക്ഷേ, ഒരു ദിവസം അവളുടെ കാമുകന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. അന്വേഷിച്ചു ചെന്ന മാര്‍ഗരറ്റ് വനത്തില്‍ അഴുകിത്തുടങ്ങിയ അവസ്ഥയില്‍ അയാളുടെ മൃതശരീരം കണ്ടെത്തി. അന്നവള്‍ക്ക് 27 വയസ്സാണു പ്രായം. അവള്‍ ശാരീരികമായും മാനസികമായും തളര്‍ന്നുപോയി. പശ്ചാത്താപവിവശയായി അവള്‍ പ്രാര്‍ത്ഥനയിലും പ്രായശ്ചിത്തപ്രവൃത്തിയിലും ആത്മസംയമനത്തിലും അഭയം തേടി.
അവള്‍ തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം ഉപേക്ഷിച്ച് മകനെയുംകൊണ്ട് രണ്ടാനമ്മയുടെ അടുത്തുചെന്നെങ്കിലും അവള്‍ സ്വീകരിച്ചില്ല. മാര്‍ഗരറ്റ് കൊര്‍ട്ടോണയിലെത്തി ഫ്രാന്‍സിസ്‌കന്‍ സന്ന്യാസികളാണ് സഹായിച്ചത്. രണ്ടു ദയാലുക്കളായ സ്ത്രീകള്‍ മകന്റെ സംരക്ഷണം ഏറ്റെടുത്തു. പിന്നീട് മകന്‍ പഠിച്ച് ഫ്രാന്‍സിസ്‌കന്‍ സന്ന്യാസിയായി. മാര്‍ഗരറ്റ് നഗരത്തിലെ ദരിദ്രര്‍ക്കും രോഗികള്‍ക്കും ശുശ്രൂഷ ചെയ്തു കഴിഞ്ഞുകൂടി. ഭിക്ഷാടനമായിരുന്നു വരുമാനമാര്‍ഗ്ഗം. അങ്ങനെ മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ മാര്‍ഗരറ്റിനെ ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ അംഗമാക്കി. രണ്ടു ഫ്രാന്‍സിസ്‌കന്‍ വൈദികരായിരുന്നു അവളുടെ ആദ്ധ്യാത്മിക പിതാക്കന്മാര്‍. അവരിലൊരാളായ ഫി. ജിയുന്ത ബെവെഗ്നാത്തിയാണ് വി. മാര്‍ഗരറ്റിന്റെ ജീവചരിത്രം കുറിച്ചുവച്ചത്.
അങ്ങനെ കുറെക്കാലം കഴിഞ്ഞപ്പോള്‍ കൊര്‍ട്ടോണയില്‍ മാര്‍ഗരറ്റ് ഒരു ആശുപത്രി തുടങ്ങി. അതിനു സഹായമാകുമെന്നു കരുതി ഒരു സന്യാസ സമൂഹത്തിനും രൂപംനല്‍കി.
അസാധാരണമായ ദൈവകൃപകളുടെ ഉടമയായിരുന്നു വി. മാര്‍ഗരറ്റ്. "പാപികളുടെ കണ്ണാടി" ആയിരുന്നു അവള്‍. നിരാശ്രയരുടെ വഴികാട്ടിയും സങ്കേതവുമായിരുന്നു. എന്നിട്ടും അവസാനനാളുകളില്‍ പോലും അവള്‍ വിമര്‍ശനങ്ങള്‍ക്കു വിധേയയായി. അങ്ങനെ 1297 ഫെബ്രുവരി 22-ന് എല്ലാം ദൈവതിരുമുമ്പില്‍ വെളിപ്പെടുത്തുവാനായി അവള്‍ ഇഹലോകവാസം വെടിഞ്ഞു.
കൊര്‍ട്ടോണയില്‍, മാര്‍ഗരറ്റിന്റെ നാമത്തില്‍ നിര്‍മ്മിച്ച ബസലിക്കയില്‍ പ്രധാന അള്‍ത്താരയുടെ കീഴിലുള്ള സ്ഫടികക്കൂട്ടില്‍ ഇന്നും അവളുടെ ശരീരം അഴുകാതിരിക്കുന്നു.
പോപ്പ് ബനഡിക്ട് XIII 1728 മെയ് 16-ന് മാര്‍ഗരറ്റിനെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org