പലവിചാരം

തുറന്ന കാഴ്ചകള്‍

ലിറ്റി ചാക്കോ

ജീവിതത്തില്‍ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളുണ്ടാവുന്നത്, ഒരാളെ ഒരു കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ കഴിയാതെ വരുമ്പഴാണ്. കാര്യം അത്യാവശ്യമായിരിക്കുക, കേള്‍ക്കുന്നയാള്‍ വീണ്ടും വീണ്ടും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുക, പറയുന്നവന്‍ കഷ്ടപ്പെട്ടു കൊണ്ടേയിരിക്കുക!

ഇതിലും വലിയ മറ്റെന്തു നിസ്സഹായതയാണുള്ളത് എന്ന് ചില നേരത്തു തോന്നിപ്പോകും. പക്ഷേ, ചുഴിഞ്ഞാലോചിച്ചാല്‍ മനസ്സിലാകും, കാര്യം മനസ്സിലാകാതിരിക്കുന്നതല്ല പ്രശ്‌നം, മനസ്സിലേക്കെടുക്കാന്‍ മനസ്സില്ലാത്തതാണു പ്രശ്‌നമെന്ന്. ചില തടസ്സങ്ങള്‍ എടു ത്തു മാറ്റുവാന്‍ തയ്യാറാവാത്തിടത്താണ് ആശയവിനിമയങ്ങളില്‍ വിരാമങ്ങളുണ്ടായിക്കൊണ്ടേയിരിക്കുന്നത്.

ലളിത സുന്ദരമായ ഒരു ലോകവും നിറഞ്ഞ പച്ചയുള്ള ഒരു പരിസ്ഥിതിയും സ്വപ്നം കണ്ടു പുലരുന്നവര്‍ക്ക് എന്നും മരുഭൂമികള്‍ മാത്രം സമ്മാനിക്കുവാന്‍ ഈ നിലപാടുകാര്‍ക്കു കഴിയും.

എന്തുകൊണ്ടാണൊരാള്‍ നിരന്തരം അനഭിമതനാവുന്നതെന്നാലോചിച്ചിട്ടുണ്ടോ? ആലോചിക്കണം. ചിലപ്പോള്‍ ഒരു പക്ഷേ, അയാളുടെ കണ്ണില്‍ വെളിച്ചം വീണിരിക്കാം. ചുറ്റിലുള്ളവര്‍ക്കു കണ്ടെത്താനാവാത്ത ചില കാഴ്ചകള്‍ അയാളുടെ മനസ്സു പൊള്ളിക്കുന്നുണ്ടായിരിക്കാം. മനസ്സില്‍ ബോദ്ധ്യങ്ങളായി വീണ ഇത്തരം കാഴ്ചകളെ ലോകത്തിനു മുന്നില്‍ അയാളവതരിപ്പിക്കുമ്പോള്‍ ലോകം അമ്പരക്കുന്നത് അവര്‍ക്കതു മുമ്പു ശീലമില്ലാത്തതിനാലോ പരിചിതമല്ലാത്തതിനാലോ ആണ്. പക്ഷേ, നമ്മുടെ മുന്‍കാല പാഠങ്ങളും കഥകളും അതിലെല്ലാം മനസ്സു വയ്ക്കാന്‍ നമ്മോടാവശ്യപ്പെടുന്നില്ലേ? ചരിത്രത്തിലേയ്ക്കു തന്നെ നോക്കൂ. കാലം കൊന്നുകളഞ്ഞ എത്രയെത്ര മഹാരഥന്മാരാണു നമുക്കു കാണാനുള്ളത്. എന്തിനാണവര്‍ ജീവന്‍ കൊടുത്തത്? ശരിയെന്നും സത്യമെന്നും തോന്നിയ ബോധ്യങ്ങള്‍ ഉറക്കെ പറഞ്ഞുപോയി എന്ന തെറ്റിനാല്‍ മാത്രം.

ചരിത്രത്തിലേയ്ക്കു തന്നെ നോക്കൂ. കാലം കൊന്നുകളഞ്ഞ എത്രയെത്ര മഹാരഥന്മാരാണു നമുക്കു കാണാനുള്ളത്. എന്തിനാണവര്‍ ജീവന്‍ കൊടുത്തത്? ശരിയെന്നും സത്യമെന്നും തോന്നിയ ബോധ്യങ്ങള്‍ ഉറക്കെ പറഞ്ഞുപോയി എന്ന തെറ്റിനാല്‍ മാത്രം.

പ്രവാചകന്മാര്‍ പുസ്തകങ്ങളില്‍ തന്നെ ഒടുങ്ങിത്തീരുന്നില്ല എന്ന തിരിച്ചറിവുണ്ടാവുക അത്യന്താപേക്ഷിതമാണ്. അതു സോക്രട്ടീസിലോ ബുദ്ധനിലോ ഐന്‍സ്റ്റീനിലോ ഒന്നും തീര്‍ന്നു പോകുന്ന പാഠങ്ങളല്ല. ഒരു നൈരന്തര്യമാണത്. കാലവും കാഴ്ചപ്പാടും മാറുന്നതനുസരിച്ച് അത്തരം ചിന്തകന്മാര്‍ക്ക് വീണ്ടും ഇടങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതു സംഭവിക്കുക തന്നെ വേണം താനും. അല്ലാത്തപക്ഷം, വഴിതെറ്റിക്കുന്ന കൂടാരങ്ങളില്‍ തങ്ങിനിന്ന് യാത്ര തന്നെ നഷ്ടപ്പെട്ടു പോയവന്റെ ദുരന്തത്തിലേക്ക് സമൂഹം മാറും.

നിരന്തരം ചര്‍ച്ചകളും സംവാദങ്ങളുമുണ്ടാവുക എന്നതാണ് പ്രധാനം. അടഞ്ഞുപോയ കൂടിനുള്ളില്‍ തലതല്ലിയലയ്ക്കുന്നതിനെയല്ല സംവാദം എന്നു വിളിക്കുന്നത്. ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് മൂര്‍ച്ഛകൂട്ടുന്നതിനെയാണ്, ഉരകല്ലിലുരച്ച് ശുദ്ധിയുടെ തിളക്കമേറ്റുന്നതിനെയാണ്. അനുസരണം, വിധേയത്വം തുടങ്ങിയ പാരമ്പര്യമായി പറഞ്ഞു ശീലിച്ച 'പുണ്യ'ങ്ങളില്‍ വളര്‍ച്ച മുരടിച്ചു നശിക്കാനുള്ളതല്ല യുവതയുടെ ചിന്തയിലെ തീ. അത് ആളിക്കത്തിത്തെളിയിക്കാനുള്ളതാണ്. അതിനായി കാതുകള്‍ തുറന്നു വയ്‌ക്കേണ്ടത് മുതിര്‍ന്നവരും അധികാര സ്ഥാനത്തുള്ള ഓരോരുത്തരുമാണ്. അവരുടെ പരിമിതികള്‍ ചിലപ്പോഴെങ്കിലും ആശയ വിനിമയത്തില്‍ പരാജയപ്പെട്ടു മരണമടഞ്ഞ ചിന്തകളെ വഴിതെറ്റിച്ചു വിടാനും കാരണമാക്കുന്നുണ്ട് എന്നതും ഓര്‍മ്മിക്കണം.

ആശയം കൈമാറാന്‍ നിരന്തര വേദികളുണ്ടാവുമ്പോള്‍, സംവാദങ്ങള്‍ക്കും സംവേദനങ്ങള്‍ക്കും നിരന്തര സാദ്ധ്യതകളുണ്ടാവുമ്പോള്‍ മാത്രമാണ് ഈ ലോകം പുരോഗമനത്തിലേയ്ക്കാണു സഞ്ചരിക്കുന്നതെന്നു പറയാനാവൂ. അതല്ലെങ്കില്‍, ചലനമുണ്ടാവും; എന്തിനുള്ളതാവുമെന്ന് പറയാനാവില്ലെന്നു മാത്രം.

നമ്മെപ്പോലെ ഒരു വിശ്വാസി, നമുക്കായി ഒരു മാര്‍പാപ്പ

ബാബേല്‍ പുതുക്കിപ്പണിയുന്ന മേസ്തിരിമാര്‍: വെളിപാടിന്റെ ഭാഷ?

ഉക്രെയ്‌നിയന്‍ കത്തോലിക്കര്‍ റഷ്യന്‍ അധിനിവേശത്തിന്റെ ദുരിതങ്ങള്‍ നേരിടുന്നു - ബിഷപ് റയാബുക്ക

ലോകമെങ്ങും സമാധാനം പരത്തുന്നതിന് ക്രിസ്തുവിന്റെ സ്‌നേഹാഗ്‌നി വഹിക്കുക

വിശുദ്ധ പത്താം പീയൂസ് (1835-1914) : ആഗസ്റ്റ് 21