നോമ്പുകാല ചിന്തകൾ

കാപട്യത്തിന്റെ സ്‌നേഹചുംബനങ്ങള്‍

Sathyadeepam

സി. സോജാ മരിയ സി.എം.സി.

ഇരുളുവീണ ഗേത്‌സമെന്റെ നിഴലില്‍ കത്തിനില്‍ക്കുന്ന പന്തങ്ങളുടെ വെളിച്ചത്തില്‍ ഗുരുവിനെ ചുംബിച്ചുകൊണ്ടു യൂദാസ് സ്തുതി ചൊല്ലി: ഗുരോ, സ്വസ്തി! ലോകൈകഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ സ്‌നേഹത്തിന്റെ ചുംബനം. തിരികെ 'സ്‌നേഹിതാ' എന്ന ഗുരുവിന്റെ വിളി. സ്‌നേഹത്തിന്റെ അവതാരമായ ദൈവപുത്രനെ സ്‌നേഹത്തിന്റെ അടയാളമായ ചുംബനത്താല്‍ മരണത്തിനു ഏല്പിച്ചു കൊടുത്തു മുപ്പത് വെള്ളിനാണയങ്ങള്‍ കീശയില്‍ തിരുകുന്ന ശിഷ്യന്‍.
കാപട്യമാണ് ഗുരു ഏറ്റവും വിമര്‍ശിച്ച വിഷയം. വെള്ളയടിച്ച കുഴിമാടങ്ങളെയും പുറം മാത്രം വെടിപ്പാക്കുന്ന ഫരിസേയമനോ ഭാവത്തെയും ക്രിസ്തു എന്നും അപലപിച്ചു. നിറയെ കായ്കളുണ്ടെന്നു തോന്നിക്കുമാറ് ആര്‍ത്തു വളര്‍ന്നുനിന്ന അത്തിമരത്തെ മാത്രമാണ് അവന്‍ ശപിച്ചത്. അകത്ത് ഒന്ന്, പുറത്ത് മറ്റൊന്ന് എന്നത് ക്രിസ്തുവിന്റെ നിലപാടല്ല. 'നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍ നിന്നു വരുന്നു' (മത്താ. 5:37). ആത്മാര്‍ത്ഥത എന്ന് നമ്മള്‍ വിളിക്കുന്ന ജീവിതമൂല്യമാണ് ക്രിസ്തു നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. ഉള്ളിലുള്ളതും പുറമെ കാണിക്കുന്നതും ഒന്നുതന്നെ ആയിരിക്കുമ്പോള്‍ വ്യക്തി സത്യത്തില്‍ വ്യാപരിക്കുന്നു. സത്യം ദൈവമായതിനാല്‍ നാം അപ്പോള്‍ ദൈവത്തിലാകുന്നു. പക്ഷെ, മനസ്സ് എന്താണ് ചെയ്യുന്നത്? എല്ലായ്‌പ്പോഴും തന്നെ കപടതയുടെ മുഖം മൂടിക്കുള്ളിലാണ് നാം. കാപട്യത്തിന്റെ മുഖപ്രസംഗമാണ് നാം നടത്തുന്നത്. അതിനായി കൂട്ടുപിടിക്കുന്നത് സ്‌നേഹത്തിന്റെ അടയാളങ്ങളെയും. സ്‌നേഹിച്ചുകൊണ്ട് എങ്ങനെ അപരനെ, കുടുക്കാം എന്നതാണ് പലപ്പോഴും നമ്മുടെ ചിന്താവിഷയം. ക്രിസ്തു വിമര്‍ശിക്കുന്നതും ഈ കാപട്യത്തിന്റെ പൊയ്മുഖങ്ങളെയാണ്.
നോമ്പുകാലം ഉള്ളിലെ നന്മയുടെ വീണ്ടെടുപ്പിനുള്ള കാലമാണ്. കാപട്യത്തിന്റെ കാണാചരടുകളെ ഹൃദയത്തിന്റെ വ്യാപാരങ്ങളില്‍നിന്നും നീക്കം ചെയ്യുന്നതിനുള്ള സമയമാണിത്. സ്വയാവ ബോധത്തിന്റെ അടിത്തറയില്‍ ചു വടുറപ്പിച്ചുകൊണ്ടു മാത്രമേ ഈ പ്രക്രിയയിലേക്ക് പ്രവേശിക്കാനാവൂ. ദേവാലയത്തിന്റെ മുന്‍പില്‍ നിന്ന് എന്തൊക്കെയോ ആണെന്ന് വിളിച്ചുപറയുന്ന ആ ഫരിസെയന്‍ തന്നെയാണ് ഞാന്‍ എന്ന തിരിച്ചറിവാണ് ആദ്യമാവശ്യം. ക്രിസ്തുശിഷ്യന്‍ എന്നഭിമാനിക്കുമ്പോഴും ഗുരു എനിക്ക് ആദ്യത്തെ തിരഞ്ഞെടുപ്പെന്നല്ല, ചിലപ്പോഴൊക്കെ അവസാനത്തേതു പോലും ആകുന്നില്ല. സ്‌നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ കപടതയുടെ പ്രകടനങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ജീവിതത്തിന്റെ തിരക്കിലാണ് നമ്മള്‍. ഓരോരുത്തരുടെയും പൊള്ളയായ സ്‌നേഹപ്രകടനങ്ങളുടെ നേരെ നോക്കിക്കൊണ്ടു ക്രിസ്തു ആത്മാര്‍ത്ഥതയോടെ ആ വിളി ഇന്നും വിളിക്കുന്നു: 'സ്‌നേഹിതാ'. സ്വാര്‍ത്ഥതയുടെ, അഹങ്കാരത്തിന്റെ, താന്‍ പോരിമയുടെ, സമ്പാദ്യത്തിന്റെ, കള്ളത്തരങ്ങളുടെ 'മുപ്പത് വെള്ളിനാണയങ്ങള്‍' എന്നും പ്രലോഭന ഹേതുവാണ്. ഉള്ളിലെ തിന്മ നിറഞ്ഞ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കു സ്‌നേഹ പ്രകടനങ്ങളുടെ തിരശീലയിട്ടു കൊണ്ടു 'ഗുരോ സ്വസ്തി' ചൊല്ലാന്‍ ഒരു മടിയും നമ്മള്‍ കാണിക്കാറില്ല എന്നതാണ് വാസ്തവം. അപ്പോഴൊക്കെ 'ദൈവപുത്രന്‍' ഒറ്റിക്കൊടുക്കപ്പെടുകയും കുരിശുമരണത്തിനായി വിധിക്കപ്പെടുകയും ചെയ്യും. സത്യം നല്‍കുന്ന സ്വാതന്ത്ര്യത്തിലേക്ക് ക്രിസ്തു നമ്മെ മോചിതരാക്കിയിട്ടും അസത്യത്തിന്റെ ബന്ധനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന മനുഷ്യമനസ്സിനെ സത്യത്തിന്റെ വെളിച്ചത്തിലേക്ക് തിരിച്ചുനിര്‍ത്താന്‍ ഈ നോമ്പുകാലം ഉപകരിക്കണം.
മറ്റുള്ളവരെ കുടുക്കാന്‍ ഞാന്‍ ചെയ്യുന്ന ആത്മാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന കപട പ്രവൃത്തികളില്‍ നിന്ന് ക്രിസ്തുസ്‌നേഹത്താല്‍ പിന്‍വാങ്ങാനുള്ള ധൈര്യമാണ് സ്വന്തമാക്കേണ്ടത്. ഹൃദയത്തിന്റെ ഉദ്ദേശ്യശുദ്ധിയിലേക്കും ഓരോ പ്രവൃത്തിക്ക് പിന്നിലെ നിയോഗലക്ഷ്യങ്ങളിലേക്കും ബോധ പൂര്‍വമുള്ള ആത്മശോധന നിരന്തരം ആവശ്യമായി വരുന്നു. സത്യത്തിന്റെ പരിശുദ്ധിയില്‍ സ്‌നാനപ്പെട്ട് മനസ്സ് നിര്‍മ്മലമാകുകയാണ് വേണ്ടത്. മുഖാവരണം ഈ കാലത്തിന്റെ പ്രത്യേകത കൊണ്ട് ഒരു അനിവാര്യതയായി കഴിഞ്ഞു. ഹൃദയവും മനസ്സും മറച്ചുപിടിക്കാന്‍ നാം ഉപയോഗിക്കുന്ന ആവരണങ്ങളെ അഴിച്ചുമാറ്റിയെ പറ്റൂ എന്ന് സ്വയം ഓര്‍മ്മപ്പെടുത്താം. ക്രിസ്തു സത്യമാണെന്ന് പറയുമ്പോള്‍ അവനില്‍ എല്ലാം സമന്വയിക്കപ്പെട്ടിരിക്കുന്നു എന്നും എല്ലാം ഏകീകൃതമായിരിക്കുന്നു എന്നും കൂടി മനസ്സിലാക്കേണ്ടതുണ്ട്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും അവന്‍ ഒന്നായിരുന്നു. ചിന്തിച്ചത് തന്നെ പറഞ്ഞു; പറഞ്ഞതു തന്നെ പ്രവര്‍ത്തിച്ചു. നമ്മുടെ കാര്യമോ? നാം ചിതറിക്കപ്പെട്ട വ്യക്തിത്വങ്ങളാണ്. മാനസീക ആത്മീയ ഉദ്ഗ്രഥനത്തിലൂടെ, വിഭജിക്കപ്പെട്ടിരിക്കുന്ന വ്യക്തിത്വ തലങ്ങളെ സത്യത്തിന്റെ ചൈതന്യത്താല്‍ സമന്വയിപ്പിച്ചെടുക്കുന്ന കലയാണ് നിരന്തരം നാം അഭ്യസിക്കേണ്ടത് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണീ നോമ്പു കാലം.
പ്രഭ ചൊരിഞ്ഞ തിരുവത്താഴ മേശയെക്കാള്‍ പുറത്തെ അന്ധകാരം മനസ്സിനെ പ്രലോഭിപ്പിക്കുന്നത് തിരിച്ചറിയാം. ഗുരുവിന്റെ ജീവനേക്കാള്‍ മുപ്പത് വെള്ളിക്കാശും 'ഗുരോ, സ്വസ്തി! എന്ന് മനസ്സ് മറച്ചുപിടിച്ചുകൊണ്ടുള്ള വിളിയും പിന്നെയാ സ്‌നേഹത്തിന്റെ കപടചുംബനവും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞ ചെയ്യാം. 'സ്‌നേഹിതാ' എന്ന അവന്റെ വിളിക്ക് ഉത്തരമായിട്ടെങ്കിലും ജീവിതത്തിലെ കാപട്യത്തെ കുറിച്ചോര്‍ത്തു കരയാം.

വയോജന കൂട്ടായ്മ സംഘടിപ്പിച്ചു

കെ സി ബി സി - ഫാ. മാത്യു നടയ്ക്കല്‍ മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്

മെല്‍ബണ്‍ രൂപതാ യുവജനങ്ങള്‍ മിഷന്‍ കേന്ദ്രങ്ങളിലെത്തി

ജാര്‍ഖണ്ഡില്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ 87-ാം ജന്മവാര്‍ഷിക സമ്മേളനം സംഘടിപ്പിച്ചു

തണ്ണീര്‍മുക്കം തിരുരക്ത ദൈവാലയത്തിലെ വിശുദ്ധ ചാവറ കുടുംബ കൂട്ടായ്മയുടെ 7-ാമത് വാര്‍ഷിക ആഘോഷം