വിശുദ്ധ പൗലോസ് (229-342) : ജനുവരി 15

വിശുദ്ധ പൗലോസ് (229-342) : ജനുവരി 15
ധ്യാനം ഭ്രാന്തല്ല. എല്ലാം മറന്ന്, സ്വന്തം ശരീരത്തെപ്പറ്റിയുള്ള ചിന്തപോലുമില്ലാതെ ദൈവത്തില്‍ ലയിക്കാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ ധ്യാനം. വിശപ്പില്ല, വേദനയില്ല, തളര്‍ച്ചയില്ല, മോഹങ്ങളില്ല. ഇതാണ് പരമാനന്ദം. മോഹങ്ങളാണ് മനുഷ്യനെ അസ്വസ്ഥനാക്കുന്നത്: അവന്റെ സമാധാനം നശിപ്പിക്കുന്നത്.

ഈജിപ്തിലെ തെബ്‌സില്‍ ജനിച്ച പൗലോസ് 15-ാമത്തെ വയസ്സില്‍ അനാഥനായി. എങ്കിലും സമ്പന്നനും വിദ്യാസമ്പന്നനുമായി വളര്‍ന്നു.
ഡേസിയസ് രാജാവിന്റെ മതപീഡനകാലത്ത് പൗലോസ് മരുഭൂമിയിലെ ഒരു ഗുഹയില്‍ പോയി ഒളിച്ചുപാര്‍ത്തു. മരുഭൂമിയില്‍ ലഭിച്ച പഴങ്ങളും മറ്റുമായിരുന്നു ഭക്ഷണം. ധരിക്കാന്‍ ഇലകള്‍കൊണ്ട് വസ്ത്രമുണ്ടാക്കി.
ഡേസിയസ് രാജാവിന്റെ മതപീഡനം അവസാനിച്ചപ്പോള്‍ നാട്ടിലേക്കു തിരിച്ചുവരാനായിരുന്നു പൗലോസിന്റെ മോഹം. എങ്കിലും പ്രാര്‍ത്ഥനയിലും ഉപവാസത്തിലും ആനന്ദം കണ്ടെത്തിയ അദ്ദേഹം അവിടെത്തന്നെ ജീവിതം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ, 90 വര്‍ഷം നീണ്ട പ്രാര്‍ത്ഥനയും ധ്യാനവും.
വി. പൗലോസിന്റെ ജീവിതത്തെപ്പറ്റി ദര്‍ശനം ലഭിച്ച വി. ആന്റണി മൂന്നുദിവസംകൊണ്ട് പൗലോസിന്റെ ഗുഹ അന്വേഷിച്ച് കണ്ടെത്തി. ആ രാത്രി അവരിരുവരും പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചു. പ്രഭാതത്തില്‍ പൗലോസ് പറഞ്ഞു: "എന്റെ മരണം അടുത്തിരിക്കുന്നു. ഞാന്‍ മരിച്ചാല്‍ വി. അത്തനേഷ്യസ് എനിക്കു സമ്മാനിച്ച ഈ വസ്ത്രത്തില്‍ പൊതിഞ്ഞ് എന്നെ സംസ്‌കരിക്കണം."
ആ വസ്ത്രം സ്വീകരിക്കാന്‍ വി. ആന്റണിക്കു താല്പര്യമില്ലായിരുന്നു. പുറത്തിറങ്ങിയിട്ട് അല്പം കഴിഞ്ഞ് തിരിച്ചെത്തിയ ആന്റണി കണ്ടത് മുട്ടിന്മേല്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന പൗലോസിനെയാണ്. അപ്പോഴേക്കും അദ്ദേഹത്തിന്റെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കു പോയിരുന്നു.
മരിക്കുമ്പോള്‍ വി. പൗലോസിന് 113 വയസ്സുണ്ടായിരുന്നു. അങ്ങനെ പ്രഥമ ക്രിസ്ത്യന്‍ സന്ന്യാസിയുടെ വിചിത്രമായ ജീവിതം അവസാനിച്ചു. തയ്യല്‍ക്കാരുടെ മദ്ധ്യസ്ഥനായിട്ടാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
ധ്യാനം ഭ്രാന്തല്ല. എല്ലാം മറന്ന്, സ്വന്തം ശരീരത്തെപ്പറ്റിയുള്ള ചിന്തപോലുമില്ലാതെ ദൈവത്തില്‍ ലയിക്കാന്‍ സാധിക്കുന്നതാണ് യഥാര്‍ത്ഥ ധ്യാനം. വിശപ്പില്ല, വേദനയില്ല, തളര്‍ച്ചയില്ല, മോഹങ്ങളില്ല. ഇതാണ് പരമാനന്ദം. മോഹങ്ങളാണ് മനുഷ്യനെ അസ്വസ്ഥനാക്കുന്നത്: അവന്റെ സമാധാനം നശിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org