

സ്വര്‍ഗത്തില്‍ നിന്ന് ഒരു സ്വരമുണ്ടായി: നീ എന്റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
മര്‍ക്കോസ് 1:11
എപ്പിഫനി അഥവാ ദനഹാത്തിരുനാള്‍ ആയിരുന്നു കഴിഞ്ഞ ലക്കത്തിലെ പ്രതിപാദ്യവിഷയം. ആട്ടിടയന്മാര്‍ക്കും ജ്ഞാനികള്‍ക്കും വെളിവാക്കപ്പെട്ട ദൈവത്തിന്റെ മനുഷ്യാവതാരവും യേശുവിന്റെ ജ്ഞാനസ്‌നാനവേളയില്‍ വെളിവാക്കപ്പെട്ട സ്വര്‍ഗത്തിന്റെ സാക്ഷ്യവും മാത്രമല്ല പ്രത്യക്ഷീകരണം എന്നാണ് പറഞ്ഞു വച്ചത്. എപ്പിഫനിക്ക് നാനാര്‍ഥങ്ങളുണ്ട്.
യേശുവിന്റെ ജീവിതം പോലെ തന്നെ യേശുവില്‍ വിശ്വസിക്കുന്നവരുടെ ജീവിതവും അവിരാമമായ ഒരു എപ്പിഫനി അഥവാ പ്രത്യക്ഷീകരണമാണ്. നോക്കൂ, നമ്മള്‍ കാണുന്നതു പോലെ അത്ര സുന്ദരനും സുമുഖനുമാകണമെന്നില്ല നസറത്തിലെ യേശുക്രിസ്തു! ദൈവത്തെയും ദൈവത്വത്തെയും ചിത്രീകരിക്കാന്‍ മനുഷ്യനുള്ള പരിധിയും പരിമിതിയും വെളിപ്പെടുത്തുന്നത് ചിത്രങ്ങള്‍ തന്നെയാണല്ലോ! തച്ചനോ ഇടയനോ ആയി കണ്ടാലും (അനൗപചാരികമായി മുക്കുവനായും കാണാം!) യേശുവില്‍ ഏറ്റവും ആകര്‍ഷകമായിരിക്കുന്നത് അവന്റെ ആകാരസൗഷ്ഠവമോ രൂപസൗകുമാര്യമോ അല്ല; കരുണയും സ്‌നേഹവും നീതിയും സമഭാവനയും നിറഞ്ഞ വ്യക്തിത്വമാണ്. 'ഇവന്‍ ആ തച്ചന്റെ മകനല്ലേ? മറിയമല്ലേ ഇവന്റെ അമ്മ?' എന്ന ചോദ്യത്തിലുണ്ട് യേശുവില്‍ അവരെ കുഴക്കിയ സമസ്യകള്‍. അവന്റെ പശ്ചാത്തലവും ആധികാരികമായ അധ്യാപനവും പൊരുത്തപ്പെടുന്നില്ല!
അവന്റെ കുലപാരമ്പര്യങ്ങളും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങളും പൊരുത്തപ്പെടുന്നില്ല! അവന്റെ 'പ്രഫഷനും' ദൈവവുമായി അവന്‍ അവകാശപ്പെടുന്ന തുല്യതയും പൊരുത്തപ്പെടുന്നില്ല! അങ്ങനെയാണ് അവര്‍ അവനില്‍ ഇടറിയത്. എന്നേക്കും നിലനില്‍ക്കുന്ന ക്രിസ്തുവിനെ അവര്‍ക്കറിയാമായിരുന്നു. എന്നാല്‍, ആ ക്രിസ്തുവാണ് കണ്‍മുന്നിലുള്ള യേശുവെന്ന് തിരിച്ചറിയാനും വിശ്വസിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല. 'ആരാണെന്നാണ് നീ അവകാശപ്പെടുന്നത്?' എന്നൊക്കെ അവര്‍ ചോദ്യം ഉന്നയിക്കുന്നതിനെല്ലാം കാരണമതാണ്. 'ഞാന്‍ ഞാന്‍ തന്നെ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും' (യോഹ. 8:24) എന്ന് അവരോട് അവന്‍ പറഞ്ഞ മറുപടിയാണ് എപ്പിഫനിയുടെ മര്‍മ്മം.
'ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സര്‍വശക്തനും ദൈവവുമായ കര്‍ത്താവ്' (വെളിപാട് 4:8) ഉള്ളിലും ഉണ്മയിലുമുണ്ടെന്ന ബോധ്യത്തോടെയുള്ള ജീവിതത്തിലും വലിയ എപ്പിഫനിയില്ല.
ജീവിതാനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ദൈവത്തെ ദര്‍ശിക്കാനും അനുഭവിക്കാനും കഴിയുന്നത് ദനഹയല്ലേ? കൊടുങ്കാറ്റില്‍ ജീവിതനൗക ആടിയുലയുമ്പോഴും അമരത്ത് അവനുണ്ടെന്ന ബോധ്യത്തില്‍ പ്രശാന്തചിത്തരായിരിക്കാന്‍ കഴിയുന്നത് ദനഹയല്ലേ?
ഏത് ഇരുളിനിടയിലും വെളിച്ചത്തിന്റെ ഒരു കീറ് കാണാനാകുന്നതും എല്ലാ വാതിലുകളും അടഞ്ഞാലും ആര്‍ക്കും അടയ്ക്കാന്‍ കഴിയാത്ത ഒരു വാതില്‍ ഒടുവില്‍ അവന്‍ തുറക്കുമെന്ന് തിരിച്ചറിയുന്നതും ദനഹയല്ലേ? ഏത് ശബ്ദഘോഷങ്ങള്‍ക്കിടയിലും ഉള്ളില്‍ മുഴങ്ങുന്ന അവന്റെ മൃദുസ്വരം കേള്‍ക്കാനാകുന്നതും ഏതു തിരമാലകളില്‍ താഴ്ന്നാലും 'വരൂ' എന്ന വിളിയോടെ അവന്‍ നീട്ടുന്ന കരം കാണാന്‍ കഴിയുന്നതും ദനഹയല്ലേ? എല്ലാ സന്തോഷങ്ങള്‍ക്കുമുപരി ഉള്ളില്‍ അവന്‍ നിക്ഷേപിച്ച ആനന്ദം അനുഭവിക്കാന്‍ കഴിയുന്നതും ദനഹയല്ലേ? പ്രതിസന്ധികള്‍ക്കും തകര്‍ച്ചകള്‍ക്കും നൈരാശ്യത്തിനുമെല്ലാം ഇടയിലും അവന്റെ ആര്‍ദ്രമായ സ്‌നേഹം അനുഭവിക്കാനും ആത്മനിറവോടെ ആരാധിക്കാനും കഴിയുന്നതും ദനഹയല്ലേ? കുരിശുമരണങ്ങള്‍ക്കെല്ലാം ഒരു മൂന്നാംപക്കമുണ്ടെന്നും കല്ലറയനുഭവങ്ങളെ ഉത്ഥാനപ്പുലരി നിഷ്പ്രഭമാക്കുമെന്നും ബോധ്യപ്പെടുന്നതും ദനഹയല്ലേ? 'മരുഭൂമിയെ തടാകങ്ങളായും വരണ്ട ഭൂമിയെ നീരുറവകളായും മാറ്റാന്‍' (സങ്കീ. 107:35) കര്‍ത്താവിന് കഴിയുമെന്ന് വിശ്വസിക്കുന്നതും ദനഹയല്ലേ?
യേശു ദൈവമാണ് എന്നത് ഒരു വെളിപാടാണ്. അവന്‍ രക്ഷകനും രാജാവും ദൈവവും കര്‍ത്താവും വിധിയാളനു മാണെന്ന രക്ഷാകരമായ വെളിപാടിലുള്ള ജീവിതമാണ് യഥാര്‍ഥ എപ്പിഫനി. ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ആ പ്രത്യക്ഷീകരണം സാക്ഷാല്‍ക്കരിക്കാനാണ് മാമ്മോദീസായിലൂടെയും തൈലാഭിഷേകത്തിലൂടെയും നാം നിയോഗിക്കപ്പെട്ടിരിക്കുന്നത്. ആ ബോധ്യത്തില്‍ ജീവിക്കുന്ന ക്രിസ്തുവിശ്വാസിയോളം അര്‍ഥപൂര്‍ണ്ണമായ ദനഹയില്ല. സ്വജീവിതത്താല്‍ ക്രിസ്തുവിനെ പ്രത്യക്ഷപ്പെടുത്തുന്ന മനുഷ്യനോളം വലിയ ദനഹയില്ല.