എം പി തൃപ്പൂണിത്തുറ
മിഴിവട്ടത്തിലാകെ ഇരുള്‍ കനത്തിരിക്കുന്നു. ലോകം അവനവന്‍കടമ്പയില്‍ ഇടറി അപരനിലേക്ക് കടക്കാനാകാതെ ഉഴറുന്നു. അപ്പോഴും നമ്മിലേക്ക് ആകാശത്തില്‍ ഒളിമങ്ങാതെ ഒരു താരകത്തില്‍ നിന്ന് പ്രത്യാശയുടെ വെളിച്ചം പൊഴിയുന്നുണ്ട്. മണ്ണാശകള്‍ പ്രത്യാശയെ മൂടിനില്‍ക്കുമ്പോഴും സ്‌നേഹസാഗരമായ മൊഴി മെയ്യായി മാറിയതിന്റെ ഓര്‍മ്മയായി.
ആധുനികതയുടെ ജീവിത വ്യാകരണങ്ങളില്‍ കുടുങ്ങിപ്പോയ നമ്മുടെ മിഴികളില്‍ വറ്റിപ്പോയ സ്‌നേഹത്തിന്റെ വെളിച്ചം തിരികെ നല്‍കാന്‍, വിമോചനത്തിന്റെ പ്രകാശകിരണങ്ങള്‍ വീണ്ടും മണ്ണിലേക്ക് പെയ്തിറങ്ങുകയാണ്.
ക്രിസ്മസ് പഴയ ഒരോര്‍മ്മയല്ല
നിരാശരുടെ മേല്‍ കൃപചൊരിയുന്ന പ്രത്യാശയുടെ മഞ്ഞുതുള്ളിയാണ്. പതിതന്റെ മേലുള്ള കാരുണ്യത്തിന്റെ മൃദു സ്പര്‍ശനമാണ്. സ്വാര്‍ത്ഥത്തില്‍ മൂടപ്പെട്ടു പോയ സ്‌നേഹത്തിന്റെ വിത്തുകളെ മുളപ്പിക്കാന്‍ ദൈവികസമാനത നിലനിറുത്തേണ്ട ഒരു കാര്യമായി പരിഗണിക്കാതെ മനുഷ്യാകൃതിപൂണ്ട് മണ്ണിലേക്കിറങ്ങിയ സദ്‌വാര്‍ത്തയാണത്.
ക്രിസ്മസ് പഴകിപ്പോയ ഒരോര്‍മ്മയെ തിരികെപ്പിടിക്കലല്ല. ഇന്നും ഇന്നലെയും എന്നും ഒരുവന്‍ തന്നെയായ ക്രിസ്തുവിന്റെ ജനനം ഒരു ഓര്‍മ്മയാചരണത്തിനായല്ല നമ്മിലേക്ക് ഒളിവിതറുന്നത്. അവരവരില്‍ തങ്ങി അപരത്വ നിഷേധകരായി നാം മാറിപ്പോകുമ്പോഴും, നമ്മുടെ ദൈവികഭാവത്തിേെലക്ക് നമ്മെ തിരികെ ആനയിക്കുകയാണ്.
ക്രിസ്തു മണ്ണില്‍ ജനിച്ചത് ഒരു ഓര്‍മ്മയായി മാറാനല്ല. വിശക്കുന്ന ഓരോ കുഞ്ഞിന്റെ കണ്ണിലും ക്രിസ്തു കത്തുന്ന കനലായി ശേഷിക്കേ, അവനെ ഓര്‍മ്മയില്‍ ചികയേണ്ടതില്ല. തകര്‍ക്കപ്പെട്ട കൗമാരങ്ങള്‍ ചിതകളായെരിയുന്ന മണ്ണില്‍ ക്രിസ്തു നീറുന്ന നൊമ്പരമായി ശേഷിക്കേ, ആചരണത്തിന്റെ വര്‍ണ്ണങ്ങളില്‍ ഇനിയും അവനെ തേടേണ്ടതില്ല.
അനുനിമിഷം ക്രിസ്തുവില്‍ പുതിയ സൃഷ്ടികളാണ് നാം. അതുമറന്ന് ലോകാനുരൂപികളായി ക്രിസ്തുസാരൂപ്യത്തെ മറച്ച് നാമണിഞ്ഞിട്ടുള്ള, ഈ ലോകത്തിന്റെ മായാവേഷങ്ങള്‍ അഴിച്ച് പുല്‍ത്തൊഴുത്തിലെ ശിശുവിന്റെ നിഷ്‌ക്കളങ്കത തിരികെ സ്വീകരിക്കാനാണ് ക്രിസ്മസ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.
യേശു ദൈവപുത്രനാണ് എന്നു വിശ്വസിക്കാന്‍ എളുപ്പമാണ്, പണ്ടുപണ്ട് രണ്ടായിരം ആണ്ടുകള്‍ക്കപ്പുറത്ത് അങ്ങു ദൂരെ ബത്‌ലഹേമില്‍ മഞ്ഞുപെയ്യുന്ന ഒരു രാത്രിയില്‍ അവന്‍ ജനിച്ചു എന്നു പറയാനും. അവന്‍ എന്നില്‍ ജനിച്ചുവെന്നും അവനില്‍ ഞാന്‍ ജനിച്ചുവെന്നും, അവനിലാണ് ഞാന്‍ ജീവിക്കുന്നതെന്നും, എന്നില്‍ അവന്‍ ജീവിക്കുന്നുവെന്നും വിശ്വസിക്കാനും അത് ഏറ്റുപറയാനും അത്ര എളുപ്പമല്ല. അതിന് കേവല വിശ്വാസം പോര.
ക്രിസ്തു മണ്ണില്‍ ജനിച്ചത് ഒരു ഓര്‍മ്മയായി മാറാനല്ല. വിശക്കുന്ന ഓരോ കുഞ്ഞിന്റെ കണ്ണിലും ക്രിസ്തു കത്തുന്ന കനലായി ശേഷിക്കേ, അവനെ ഓര്‍മ്മയില്‍ ചികയേണ്ടതില്ല. തകര്‍ക്കപ്പെട്ട കൗമാരങ്ങള്‍ ചിതകളായെരിയുന്ന മണ്ണില്‍ ക്രിസ്തു നീറുന്ന നൊമ്പരമായി ശേഷിക്കേ, ആചരണത്തിന്റെ വര്‍ണ്ണങ്ങളില്‍ ഇനിയും അവനെ തേടേണ്ടതില്ല.
യേശു ദൈവമാണെന്നു നാം പറയുന്നതില്‍ വലിയ കാര്യമൊന്നുമില്ല. നാമങ്ങനെ പറഞ്ഞാല്‍ അവന്റെ മഹിമ വര്‍ധിക്കുകയോ, അങ്ങനെയല്ലെന്നു പറഞ്ഞാല്‍ അവന്‍ ദൈവമല്ലാതായി മാറുകയോ ഇല്ല. വാസ്തവത്തില്‍ അവരവരില്‍ ക്രിസ്തുവിനെ തിരിച്ചറിയേണ്ടത് നമ്മുടെ ആവശ്യമാണ്. നമുക്കു ജീവനുണ്ടാകാനാണത്.
ഈ അനുഭവത്തിലേക്കുയരാന്‍ രണ്ടുകാര്യങ്ങളാണ് പരമപ്രധാനമായിട്ടുള്ളത്. ക്രിസ്തു മനുഷ്യനായി ജനിച്ചുവെന്നും തന്റെ യാഗാര്‍പ്പണം വഴി അവന്‍ സ്വന്തരക്തത്താല്‍ എന്നെ വിലക്കുവാങ്ങിയെന്നും, അവന്റെ കുരിശില്‍ അവനോടൊപ്പം ഞാന്‍ മരിച്ചുവെന്നും, ഞാന്‍ അവനോടൊപ്പം ഉയിര്‍ത്തുവെന്നുമുള്ള അറിവില്‍ നാം വീണ്ടും ജനിക്കണം. മാമ്മോദീസയില്‍ സംഭവിച്ചതാണിത്. ഇനി ആ അറിവ് അനുഭവമാകണം. അതിന് വിശ്വാസത്തെ പ്രയോഗവല്‍ക്കരിക്കുന്ന വിശ്വസ്തതയുടെ ജീവിതമുണ്ടാകണം.
തിരുലിഖിതം നമ്മോടു പറയുന്നു, പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്ക് മരിച്ചുകഴിഞ്ഞിരിക്കുകയാല്‍ ഇനിയും നാം ലോകത്തിന്റേതെന്നമട്ടില്‍ ജീവിക്കരുതെന്ന്. ക്രിസ്തുവിനോടൊപ്പം മരിക്കുന്നതിന്റെ അടയാളമായി മാമ്മോദിസ സ്വീകരിച്ചെങ്കെിലും സൂക്ഷിച്ചുനോക്കിയാല്‍ ഇപ്പോഴും മരിക്കാത്ത അവനവന്‍ സ്‌നേഹത്തിന്റെ ചായ്ച്ചിലുകളെ നമുക്കു നമ്മില്‍ തിരിച്ചറിയാനാകും.
വിശ്വാസം സ്വയമുപേക്ഷവഴി മാത്രമേ യാഥാര്‍ഥ്യമാകൂ. പിശാചിനേയും ലോകത്തിന്റെ ആഢംബരങ്ങളെയും അവനവനെത്തന്നെയും ഉപേക്ഷിച്ച് ക്രിസ്തുവിനെ സ്വീകരിച്ച നാം വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അതിന് വി. പൗലോസ് പറയുന്ന പരീക്ഷ, ക്രിസ്തു അകമേയുണ്ടെന്ന ബോധ്യത്തില്‍ എത്രത്തോളം ആഴപ്പെടാനാകുന്നുണ്ടെന്നാണ്. ഇല്ലെങ്കില്‍ പരീക്ഷയില്‍ നാം പരാജിതരാണെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
നാമെടുത്ത മാമ്മോദീസാവ്രതത്തോട് നാം പുലര്‍ത്തുന്ന വിശ്വസ്തതയാണ് വിശ്വാസത്തെ അനുഭവമാക്കുന്നത്. കാര്യസ്ഥര്‍ക്ക് വിശ്വസ്തത കൂടിയേ തീരു. നമ്മിലൂടെ ക്രിസ്തു പ്രകാശിക്കുകയും ലോകത്തിന്റെ അന്ധകാരം അകലുകയും ചെയ്യേണ്ടതാണ്. ലോകത്തെ ഇപ്പോഴും അന്ധകാരം മൂടിനില്‍ക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ പ്രകാശത്തെ തടയുന്നതെന്തോ നമ്മിലുണ്ട് എന്നാണതിനര്‍ത്ഥം.
ദൈവത്തോടാണ് നാം വിശ്വസ്തരായിരിക്കേണ്ടത്. അത് വെളിപ്പെടേണ്ടത് അപരനോടുള്ള നമ്മുടെ കരുതലിലും. നാമും നമുക്കുള്ളതും നമ്മുടേതല്ലെന്നും അപരനുവേണ്ടിയാണെന്നും ഹൃദയത്തിലുറക്കാതെ ഈ വഴിയില്‍ ഒരു ചുവട് മുന്നോട്ടുവ്‌യക്കാന്‍ നമുക്കാകില്ല. അധ്വാനം മുഖേനയും കഴിവിലൂടെയും നാം നേടുന്നവ നമ്മുടേതല്ലെന്നും അത് മറ്റുള്ളവര്‍ക്കുവേണ്ടിയാണെന്നും മനസ്സില്‍ ഉറപ്പിക്കാന്‍ കഴിയണം. നമുക്കതിനു പറയാന്‍ ന്യായങ്ങളുണ്ട്. ഞാന്‍ അധ്വാനിക്കുന്നത് പങ്കാളിക്കും മക്കള്‍ക്കും വേണ്ടിയല്ലേ? അത് ലളിതമായ യുക്തികൊണ്ട് സ്വാര്‍ത്ഥത്തിന്റെ ചോര്‍ച്ചയെ അടക്കുന്ന പ്രവര്‍ത്തിയാണ്. നാമും നമുക്കുള്ളവയും അപരന്റേതാണ് എന്നത് പൂര്‍ണ്ണാര്‍ഥത്തില്‍ എത്തണമെങ്കില്‍ അപരന്‍ നല്‍കുന്ന സഹനങ്ങളെ സ്വീകരിക്കുക കൂടി ചെയ്യണം.
ഇങ്ങനെ അവനവന്‍ കുടുക്കില്‍ നിന്ന് പുറത്തുകടന്ന് ക്രിസ്തുവില്‍ നാം ഇനിയും പിറക്കാനുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ് ക്രിസ്മസ്. അതു തിരിച്ചറിയാതെ പണ്ടൊരു പാതിരാവില്‍ കാലിത്തൊഴുത്തില്‍ ദൈവം മനുഷ്യനായി പിറന്നത് ഓര്‍ത്തെടുക്കാനാണ് ശ്രമമെങ്കില്‍ ക്രിസ്മസ് നമുക്കന്യമാകും. വിഭവസമൃദ്ധമായ മേശയിലിരിക്കുമ്പോള്‍ വഴിയരികില്‍ വിശക്കുന്നവനെ ഓര്‍ക്കണം. പുത്തനുടുപ്പിടുമ്പോള്‍ ഉടുക്കാനില്ലാത്തവരെയും, തെരുവില്‍ വസ്ത്ര മുരിഞ്ഞെടുക്കപ്പെട്ടവരെയും, പിള്ളക്കച്ചയില്‍ പൊതിഞ്ഞ് കാലിത്തൊഴുത്തില്‍ കിടന്ന ശിശുവിനെയും ഓര്‍ക്കണം. ആ ഓര്‍മ്മകളുടെ ആഘോഷമാകട്ടെ ഇത്തവണ നമ്മുടെ ക്രിസ്മസ്. നമുക്കു പിറക്കാം ക്രിസ്തുവായി.