മിഴിവട്ടത്തിലെ മൊഴിവെട്ടം

തിരുനാള്‍ മഹാമഹങ്ങള്‍

എം.പി. തൃപ്പൂണിത്തുറ
  • എം.പി. തൃപ്പൂണിത്തുറ

വഴിയും മൊഴിയുമായ ക്രിസ്തുവില്‍ നമ്മെത്തന്നെ പരിശോധിക്കുകയും ലോകത്തെ അനുകമ്പാര്‍ദ്രമായി നോക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ യാത്ര ക്രിസ്തുവില്‍ യാഥാര്‍ത്ഥ്യമാവുക. തിരുനാള്‍ ആഘോഷങ്ങളുടെ വസന്തകാലത്തിലാണ് നാം. വിശുദ്ധരോടുള്ള ഭക്തിയും വണക്കവും പ്രകടിപ്പിക്കുന്നു എന്ന ഭാവത്തോടെ അരങ്ങില്‍ നിറയുന്ന തിരുനാള്‍ ആചരണങ്ങളെ വിശ്വാസത്തിന്റെ പ്രകാശനമായി മനസിലാക്കുന്ന കാപട്യത്തിന്റെ ബോധമണ്ഡലം ഏറെക്കുറെ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. വിശ്വാസം ഭൗതികമായ അടയാളങ്ങള്‍ കൊണ്ടു മാത്രം തിരിച്ചറിയുന്ന വിധത്തില്‍ സാമൂഹ്യബോധം വികലമാക്കപ്പെട്ടിരിക്കുന്നു.

തിരുനാളുകളുടെ കാലമാണല്ലോ. ലക്ഷക്കണക്കിന് രൂപ ആര്‍ഭാടങ്ങള്‍ ക്കായി ചിലവഴിക്കപ്പെടുന്നു. ആത്മീയ ആഘോഷങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ തിരുനാള്‍ ആഘോഷ ങ്ങളുടെ ഭാഗമായി ധ്യാനങ്ങളും ആദ്ധ്യാത്മികശുശ്രൂഷകളും നിര്‍വഹിക്കപ്പെടുന്നുണ്ട്! എന്നാല്‍ ഭൗതികമായ ആഘോഷങ്ങളാണ് മുന്നിട്ടുനില്‍ക്കുന്നത്. അതിനു കാരണം ആത്മീയമായ ആഘോഷ ങ്ങള്‍ എങ്ങനെയാണ് ജീവിതത്തില്‍ പകര്‍ത്തേണ്ടതെന്ന് നമുക്ക് ഇപ്പോഴും അറിയില്ല എന്നുള്ളതാണ്. നാം കരുതുന്നത് വചനശുശ്രൂഷകള്‍ സംഘടിപ്പിച്ചാല്‍ ആത്മീയത അതിലൂടെ ആഘോഷിക്കപ്പെടും എന്നാണ് വചനശുശ്രൂഷ ഒരു ഭാഗത്ത് നിര്‍വഹിക്കുകയും മറുഭാഗത്ത് ലക്ഷങ്ങള്‍ മുടക്കി ദരിദ്രരുടെ പട്ടിണിയെ നോക്കി പല്ലിളിക്കുന്ന ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുമ്പോള്‍ വാസ്തവത്തില്‍ അര്‍ഥം അറിയാത്ത ആട്ടമായി ആഘോഷങ്ങള്‍ മാറിത്തീരുകയാണ്.

വിശ്വാസജീവിതത്തിന്റെ ആഘോഷമാണ് യഥാര്‍ഥത്തില്‍ തിരുനാളുകള്‍. വിശ്വാസജീവിതം ഭൗതിക നേട്ടങ്ങള്‍ക്കുള്ള ഉപാധിയായി പരിഗണിക്കപ്പെടുന്ന ഒരു സമൂഹത്തിനകത്ത് എങ്ങനെയാണ് വിശ്വാസത്തിന്റെ ആഘോഷം വാസ്തവമായിത്തീരുന്നത്?

ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ തിരുനാള്‍ ആഘോഷിക്കുമ്പോള്‍ ആ വിശുദ്ധ ജീവിത മാതൃകയാണ് പ്രഘോഷിക്ക പ്പെടേണ്ടത്. അദ്ഭുതപ്രവര്‍ത്തകനായ വിശുദ്ധന്‍, അദ്ഭുതപ്രവര്‍ത്തകയായ വിശുദ്ധ എന്നിങ്ങനെ വിശുദ്ധരുടെ ശക്തി വിശേഷങ്ങളെക്കുറിച്ച് പ്രഘോഷിക്കുകയാണ് സാധാരണ ഗതിയില്‍ സംഭവിക്കുന്നത്. വിശുദ്ധര്‍ തന്നെ നേരിട്ട് ഒരിക്കലും അഭിലഷിക്കാത്ത വിശേഷണങ്ങള്‍ അവരുടെ മേല്‍ ചാര്‍ത്തപ്പെടുന്നു. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്നാണ് വചനം നമ്മോട് പറയുന്നത്. ആ വചനത്തിന്റെ അര്‍ഥം തിരിച്ചറിഞ്ഞതുകൊണ്ട് തങ്ങള്‍ക്കല്ല മഹത്വം നല്‍കേണ്ടത് ദൈവത്തിനാണ് എല്ലാ മഹത്വവും എന്ന് ഉറക്കെ പ്രഘോഷിച്ചവരാണ് വിശുദ്ധാത്മാക്കള്‍. അവരുടെ മഹത്വത്തെ ഉദ്‌ഘോഷിച്ചുകൊണ്ട് അവരെ പ്രീതിപ്പെടുത്തി കാര്യങ്ങള്‍ സാധിക്കാമെന്ന് തെറ്റിദ്ധരിക്കുന്നവരായി വിശ്വാസസമൂഹം മാറിയിരിക്കുന്നു.

വി. സെബസ്ത്യാനോസ് നമ്മുടെ ഇടവക സമൂഹത്തിലേക്കോ വീട്ടിലേക്കോ വരുന്നു എന്നു കരുതുക. ഏതു തരം സ്വീകരണമാണ് നാം അദ്ദേഹത്തിനു നല്‍കുക?

ആരാണ് വരുന്നത് അതനുസരിച്ചാവും സ്വീകരണം. വരുന്നയാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അദ്ദേഹം എത്തുന്നതിനു മുന്‍പ് നാം അന്വേഷിച്ചറിയും. അതിനുശേഷം ആ വ്യക്തിയുടെ അഭിലാഷമനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ നാം തയ്യാറാകും.

എന്താണ് വിശുദ്ധ സെബസ്ത്യാനോസ് നമ്മളില്‍ നിന്നും അഭിലഷിക്കുന്നത്? അദ്ദേഹം സൈനികന്‍ ആയിരിക്കുമ്പോള്‍ തടവില്‍ കിടക്കുന്ന വിശ്വാസി കളെ ധൈര്യപ്പെടുത്തുകയും വിശ്വാസവഴിയില്‍ നിന്ന് വീണു പോകാതിരിക്കാന്‍ കരുത്ത് പകരുകയും ചെയ്തു. ഒപ്പം തന്നെ ചക്രവര്‍ത്തിയെ പ്പോലും മാനസാന്തരപ്പെടുത്താന്‍ പ്രയത്‌നിച്ചു. അതിനര്‍ഥം മാനസാന്തരമാണ് വിശുദ്ധ സെബസ്ത്യാനോസ് അഭിലഷിക്കുന്ന പ്രവര്‍ത്തി. അദ്ദേഹത്തിന്റെ ജീവിതാഭിലാഷം എല്ലാവരും ക്രിസ്തുവിനെ അറിയുകയും ക്രിസ്തുവിലേക്ക് തിരിയുകയും ചെയ്യുക എന്നുള്ളതാണ്. അങ്ങനെ സ്വജീവനെ തന്നെ സമര്‍പ്പിച്ച് ക്രിസ്തുവിന് സാക്ഷ്യം വഹിച്ച ഈ വിശുദ്ധനെ ഇടവക സമൂഹത്തിലേക്ക് നമ്മുടെ കുടുംബത്തിലേക്ക് വ്യക്തിജീവിതത്തിലേക്ക് സ്വീകരിക്കുമ്പോള്‍ ഏറ്റവും പ്രധാനമായി നാം ഒരുങ്ങേണ്ടത് മാനസാന്തരത്തിലൂടെയാണ്.

തിരുനാള്‍ ആചരണങ്ങളുടെ ഭാഗമായി നാം ചെയ്യുന്ന ചില കാര്യങ്ങളെക്കുറിച്ച് ആലോചിക്കാം. ഏറ്റവും പ്രധാനമായി നടക്കുന്ന ഒന്നാണല്ലോ നമ്മുടെ വീടുകളിലേക്ക് എത്തുന്ന ആശീര്‍വദിക്കപ്പെട്ട അമ്പുകള്‍.

വി. സെബസ്ത്യാനോസിന്റെ തിരുനാളിനോടനു ബന്ധിച്ച് അമ്പ് എഴുന്നള്ളിപ്പ് നടത്തുമ്പോള്‍ ഭക്ത്യാദരവോടെ നാമത് സ്വീകരിക്കുന്നുണ്ട്. പക്ഷെ, വിശ്വാസത്തിന്റെ പ്രയോഗവഴിയെ ശക്തിപ്പെടു ത്തുന്ന അടയാളമായി അത് അനുഭവപ്പെടുന്നില്ല.

എന്തിനാണ് അമ്പ് എഴുന്നള്ളിക്കുന്നത്? അമ്പേറ്റല്ല വിശുദ്ധന്‍ രക്തസാക്ഷിയായത്. അപ്പോള്‍ അത് രക്തസാക്ഷിത്വത്തിന്റെ അടയാളമല്ലല്ലോ!

അമ്പുകള്‍ വിശുദ്ധന്റെ സഹനങ്ങളുടെ അടയാളമാണ്. ഈ സഹനാടയാളങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് നമ്മുടെ ജീവിത സഹനങ്ങളില്‍ എന്ത് നിലപാടാണ് നമ്മള്‍ എടുക്കേണ്ടതെന്നാണ്.

അതിനു പകരമായി അമ്പ് എഴുന്നള്ളിപ്പിനെ ക്കുറിച്ചുള്ള നമ്മുടെ ബോധ്യങ്ങള്‍ എന്താണ്? നമ്മുടെ വീട്ടില്‍ അമ്പ് കൊണ്ടുവന്നാല്‍ നമ്മള്‍ രോഗപീഡകളില്‍ നിന്നും തിന്മയുടെ ശക്തികളില്‍ നിന്നും മോചിതരാകുമെന്നും വിശുദ്ധരുടെ സംരക്ഷണം നമ്മുടെ കുടുംബത്തിന് ഉണ്ടാകുമെന്നും നാം ധരിക്കുന്നു. ഇത് ആരും വ്യക്തിപരമായി കണ്ടുപിടിച്ച തല്ല. കാലങ്ങളായി പറഞ്ഞും കേട്ടും വിശ്വാസ ബോധ്യമായി നമ്മെ നയിക്കുന്ന വിചാരങ്ങളാണിവ. ഇതിലുള്ള പിശകു തിരിച്ചറിയണം ഒന്ന്, വിശുദ്ധര്‍ സഹനങ്ങളെ നേരിട്ടവരും ആ വഴി നമുക്കായി കാട്ടിത്തന്നവരു മാണ്. വിശുദ്ധ സ്മരണയുണര്‍ത്തുന്ന അമ്പുകള്‍ നമ്മെ പഠിപ്പിക്കേണ്ടത് ഈ കാര്യമാണ്. രണ്ടാമത്, ഓരോ അമ്പുകളും ആശീര്‍വദിക്ക പ്പെട്ടവയാണ്. അവ നമ്മുടെ ഭവനത്തിലേക്ക് എത്തിച്ചേരു മ്പോള്‍ ആശീര്‍വാദങ്ങളില്‍ നാം ഭാഗഭാക്കാകുന്നു. ഒപ്പം മാമ്മോദീസയിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിന്റെ സഹായത്താല്‍ നമുക്ക് മാനസാന്തരത്തിന്റെയും വിശുദ്ധിയുടെയും ജീവിതം നയിക്കാന്‍ കഴിയുന്നു. പാപ വഴികളില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നു. ഇനി വിശുദ്ധന്‍ രോഗപീഡകളില്‍ നിന്ന് സംരക്ഷിക്കുന്ന പടയാളിയായി, കാവല്‍ക്കാരനായി നമ്മുടെ കുടുംബത്തിനുണ്ടാകും എന്ന് വിശ്വസിക്കാന്‍ ഇടയാകുന്നത് എത്രത്തോളം വിശുദ്ധാത്മാക്കളെക്കുറിച്ചുള്ള യാഥാര്‍ഥ്യബോധത്തില്‍ നിന്ന് നമ്മെ അകറ്റുന്നുണ്ട് എന്ന് നാം തിരിച്ചറിയണം. വിശുദ്ധാത്മാക്കള്‍ തങ്ങളുടെ രോഗപീഡകളിലും സഹനങ്ങളിലും പതറി പോകാതെ അവ മാറ്റിത്തരണമേ എന്ന് ദൈവത്തോട് കേണപേക്ഷി ക്കാതെ അവയൊക്കെ ഹൃദയപൂര്‍വം സ്വീകരിച്ചവരും ക്രിസ്തുവിനെ പ്രതി സഹിച്ചവരും ആ സഹനം വഴി വിജയത്തിലേക്ക് പ്രവേശിച്ചവരുമാണ്. ഇങ്ങനെ വിശ്വാസത്തെ സ്വീകരിക്കാതെയും തിരിച്ചറിയാതെയും അതു തള്ളിക്കളയുന്നവരായി നാം മാറിയിരുന്നു; പ്രത്യേകിച്ചും വിശുദ്ധ അടയാളങ്ങള്‍ സ്വീകരിച്ചു കൊണ്ട് തന്നെ. ഈ അബദ്ധത്തെക്കുറിച്ച് നാം ഒരിക്കലും ബോധവാന്മാര്‍ ആകുന്നില്ല.

ആത്മീയ ആഘോഷങ്ങള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ധ്യാനങ്ങളും ആധ്യാത്മികശുശ്രൂഷകളും നിര്‍വഹിക്കപ്പെടുന്നുണ്ട്!

തിരുനാളുകള്‍ നമ്മുടെ വിശ്വാസം പ്രഘോഷിക്കാനുള്ള വഴിയാണ്. വിശ്വാസ ജീവിതത്തില്‍ നിന്ന് വിശുദ്ധാത്മാക്കള്‍ കാട്ടിത്തന്ന മാര്‍ഗത്തെ ലോകസമക്ഷം വെളിപ്പെടുത്താന്‍, വിശുദ്ധരുടെ കൂട്ടായ്മയിലാണ് നമ്മളെന്നും നമ്മുടെ ജീവിതം വിജയ സഭയിലേക്ക് പ്രത്യാശ വച്ചിട്ടുള്ളതാണെന്നും ഓരോ തിരുനാള്‍ ആഘോഷവും ലോകത്തോട് പ്രഘോഷിക്കണം. ക്രിസ്തുവിലുള്ള പ്രത്യാശ ഉറയ്ക്കാനും ആ പ്രത്യാശ ലോകത്തോട് പ്രഘോഷി ക്കാനും വിശുദ്ധരുടെ കൂട്ടായ്മയില്‍ നിത്യതയില്‍ നമുക്കൊരു ജീവിതം ഉണ്ടെന്ന് പ്രഖ്യാപിക്കാനും തിരുനാള്‍ ആഘോഷങ്ങള്‍ വഴി നമുക്ക് കഴിയണം. ആര്‍ഭാടങ്ങളില്‍ പെട്ടു പോകുമ്പോള്‍, തിരുനാളിന്റെ അര്‍ഥമറിയാതെ പോകുമ്പോള്‍ യഥാര്‍ഥത്തില്‍ ഓരോ തിരുനാള്‍ ആഘോഷവും ക്രൈസ്തവ വിരുദ്ധമായി മാറുന്നുവെന്നു തിരിച്ചറിയണം.

സ്വയം വിമര്‍ശനപരമായി നമ്മുടെ തിരുനാളാഘോഷങ്ങളെ പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തെമ്മാടിക്കുഴി ഒരു നിയമമോ നയമോ അല്ല

വിശ്വാസത്തിന്റെ നിധിക്ക് സര്‍ക്കാരിന്റെ ക്ഷേമമോ?

കൊച്ചിയിലെ കപ്പലൊച്ചകള്‍ [23]

മാര്‍പാപ്പയും മൊണാക്കോ തലവന്‍ ആല്‍ബര്‍ട്ട് രണ്ടാമന്‍ രാജകുമാരനും കൂടിക്കാഴ്ച നടത്തി

ക്രൈസ്തവ ഐക്യവാരം