മിഴിവട്ടത്തിലെ മൊഴിവെട്ടം

നമ്മുടെ കുഞ്ഞുങ്ങള്‍ കുട്ടിക്കുറ്റവാളികളോ?

എം.പി. തൃപ്പൂണിത്തുറ
  • എം.പി. തൃപ്പൂണിത്തുറ

മക്കള്‍ വഴി തെറ്റുന്നു എന്ന വിലാപവും മുറവിളിയും അസ്വസ്ഥമാക്കുന്ന ഒരു സാമൂഹ്യാന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. തെറ്റില്‍ അകപ്പെട്ടു പോകുന്ന കുഞ്ഞുങ്ങളെ കുട്ടിക്കുറ്റവാളികള്‍ എന്ന് മുദ്രകുത്തി സ്വന്തം ഉത്തരവാദിത്വത്തെ മറച്ചു പിടിക്കാനാണ് മഹാഭൂരിപക്ഷവും ശ്രമിക്കുന്നത്. മിഴിവെട്ടത്തില്‍ മാത്രം ചുറ്റുപാടുകളെ വിശകലനം ചെയ്താല്‍ ഈ പറയുന്നത് വാസ്തവമാണെന്ന് തോന്നും.

സാമൂഹ്യജീവിതത്തെ ഗ്രസിച്ചിച്ചിട്ടുള്ള അധാര്‍മ്മികതയുടെ പ്രത്യക്ഷ അടയാളമായി കുഞ്ഞുങ്ങളില്‍ വന്നിട്ടുള്ള വഴി തെറ്റലിനെ നാം തിരിച്ചറിയുന്നില്ല. ഒരു വൃക്ഷത്തിലെ ഫലം നല്ലതല്ലെങ്കില്‍, വൃക്ഷം നല്ലതല്ല എന്നാണ് നാം മനസിലാക്കേണ്ടത്. നല്ല വൃക്ഷം നല്ല ഫലം പുറപ്പെടുവിക്കും. ചീത്ത വൃക്ഷം ചീത്ത ഫലങ്ങളും എന്നാണ് മൊഴി വെട്ടം നമ്മോടു പറയുന്നത്. ഫലം നല്ലതെങ്കില്‍ വൃക്ഷം നല്ലത്, ഫലം ചീത്തയെങ്കില്‍ വൃക്ഷവും ചീത്ത. അതിനര്‍ഥം കുഴപ്പക്കാര്‍ കുഞ്ഞുങ്ങളല്ല, മുതിര്‍ന്നവര്‍ തന്നെയാണ് എന്നാണ്.

ഞങ്ങളുടെ കാലത്ത് ആരും ഇന്നത്തെപ്പോലെ സുഖ സൗകര്യങ്ങളില്‍ ആയിരുന്നില്ല. ഇത്തരം ലഹരികള്‍ ഞങ്ങള്‍ ഉപയോഗിക്കുന്നില്ല, ഈ തലമുറയെപ്പോലെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല, അക്രമങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല, വഴി തെറ്റിപ്പോയിരുന്നില്ല എന്ന ന്യായങ്ങളാണ് നാം പലപ്പോഴും ഉയര്‍ത്തുന്നത്.

അതോടൊപ്പം മയക്കുമരുന്നും അതിക്രമങ്ങളും പെരുകുന്നത് ഭരണ നിര്‍വഹണത്തിന്റെ പിഴവാണെന്നും നിയമം കര്‍ക്കശമായാല്‍ കാര്യങ്ങളെല്ലാം നിയന്ത്രിക്കാന്‍ കഴിയുമെന്നും വളരെയധികം പേരും കരുതുന്നു.

കുഞ്ഞുങ്ങളെ അടിച്ചു വളര്‍ത്തിയിരുന്നെങ്കില്‍ അവര്‍ വഴി തെറ്റുമായിരുന്നില്ല എന്ന് കരുതുന്നവരും, ചെറിയ പ്രായത്തില്‍ കെട്ടിച്ചയച്ചിരുന്നെങ്കില്‍ പ്രണയക്കുരുക്കില്‍ പെടുമായിരുന്നില്ല എന്നൊക്കെ വാദിക്കുന്നവരും നമുക്കു ചുറ്റിലുമുണ്ട്. ഇന്നത്തെ കലുഷിതമായ അവസ്ഥയില്‍ അവരെ എത്തിച്ചതിനു ശേഷവും നാം അന്വേഷിക്കുന്നത് അവരെ അടിമപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്.

രാജ്യത്ത് മയക്കുമരുന്നു വ്യാപാരം തകൃതിയായി നടക്കുന്നതില്‍ ഭരണകൂട വീഴ്ചയുണ്ട് എന്നതില്‍ പാതി സത്യമുണ്ട്. അര്‍ദ്ധസത്യത്തെ പൂര്‍ണ്ണസത്യമായി പഴിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് കൈ കഴുകുന്നതില്‍ അര്‍ഥമില്ല. ഭരണകൂടം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുകയും നിയമ സംവിധാനം കുറ്റമറ്റതാക്കുകയും ചെയ്യണമെന്നതില്‍ കാര്യമില്ലാതില്ല.

കുറച്ചു കാലം മുമ്പ്, ഗുജറാത്തിലെ മുദ്രാ പോര്‍ട്ടില്‍ 2000 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയതായി വാര്‍ത്ത വന്നു. ഗുജറാത്തില്‍ എം ഡി എം എ അടക്കുള്ള രാസ മയക്കുമരുന്നുകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണകേന്ദ്രങ്ങള്‍ വളരെയേറെ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തയും നാം കാര്യമായി പരിഗണിക്കുന്നില്ല.

മയക്കുമരുന്ന് നിര്‍മ്മാണത്തെയും അതിന്റെ വ്യാപനത്തെയും തടയാന്‍ കഴിവില്ലാത്തവരാണോ നമ്മുടെ ഭരണാധികാരികള്‍? കെട്ടിച്ചമച്ച കേസുകള്‍ അന്വേഷിച്ച് ഭരണകൂടത്തിനെതിരായ ശബ്ദങ്ങളെയും പ്രതിപക്ഷരാഷ്ട്രീയകക്ഷികളെയും കുടുക്കിലാക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര അന്വേഷണ സംവിധാനങ്ങള്‍ ഈ മയക്കുമരുന്നിന്റെ പ്രഭവകേന്ദ്രങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും കാണാതെപോകുന്നത് നിഷ്‌ക്കളങ്കമായിട്ടാണോ? അല്ലെന്നാണ് മനസിലാക്കേണ്ടത്. തൊഴില്‍ രഹിതരായും അസംതൃപ്തരായും തങ്ങള്‍ക്കെതിരെ തിരിയാനിടയുള്ള യുവശക്തിയെ മതവിഭാഗീയതകൊണ്ടും മയക്കുമരുന്നുകൊണ്ടും മയക്കിയിടാനുള്ള ഗൂഢതന്ത്രമാണോ ഈ നിസംഗഭാവത്തിനു പിന്നിലെന്ന് സംശയിച്ചാല്‍ കുറ്റം പറയാനാകുമോ?

ഉത്തരേന്ത്യയില്‍ നിന്നും കര്‍ണ്ണാടകയില്‍ നിന്നും മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് പ്രവഹിക്കുന്നു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ കര്‍ശന പരിശോധന കൊണ്ട് ഈ ഒഴുക്കു തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കണമെന്നു പറയുന്നതിലും തെറ്റില്ല. പക്ഷെ, അതിനേക്കാള്‍ പ്രധാനമായി ഈ നിര്‍മ്മാണ പ്രവര്‍ത്തനം ഇല്ലാതാക്കണമെന്ന ചിന്തയോ അതിനായുള്ള പൊതുജനവികാരം ഉയരണമെന്നോ നാം കരുതുന്നില്ല. നിയന്ത്രണത്തിന്റെ യഥാര്‍ഥമായ പ്രവൃത്തി ഇത്തരം നിര്‍മ്മാണത്തെ അവസാനിപ്പിക്കുന്നതിനുള്ള സമ്മര്‍ദം യൂണിയന്‍ സര്‍ക്കാരിനു നേരെ ചെലുത്തണം എന്നതിനെക്കുറിച്ച് നാം മൗനം പാലിക്കുന്നു. വിശ്വാസികളായാണ് നാം ജീവിക്കുന്നതെങ്കില്‍ നമ്മുടെ സാമൂഹ്യമായ ഉത്തരവാദിത്തമാണ് ഇത്തരം ലഹരി ഉല്‍പ്പാദനത്തെ തടയാനുള്ള ജനഹിതം രൂപപ്പെടുത്തുകയെന്നത്. മയക്കുമരുന്നിന്റെ വ്യാപനത്തെ തടയുന്നതിന് സംസ്ഥാന ഭരണകൂടം ഇടപെടുകയെന്ന നടപടികള്‍ക്ക് അതിനുശേഷമേ പ്രാധാന്യമുള്ളൂ.

രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളെ ഇപ്രകാരം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തൊഴില്‍ ലഭ്യതയും ജീവിതസുരക്ഷിതത്വവും പ്രതീക്ഷയും കുട്ടികളില്‍ വളര്‍ത്താനും ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.

അതോടൊപ്പം മയക്കുമരുന്നിന് വളകൂറുള്ള മണ്ണായി നമ്മുടെ നാടും, ഇരകളായി നമ്മുടെ കുഞ്ഞുങ്ങളും മാറുന്നു എന്നതാണ് മയക്കു മരുന്ന് ഇവിടേക്ക് ഒഴുകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് നമ്മുടെ ജീവിതവീക്ഷണത്തിലുള്ള പിഴവുകളാണെന്നത് നാം അംഗീകരിച്ചേ മതിയാകൂ.

കുഞ്ഞുങ്ങളെ സാമൂഹ്യബന്ധങ്ങളില്‍ നിന്നകറ്റി, വീട്ടുമുറികളില്‍ തടവുകാരായും അവിടെനിന്ന് സ്‌കൂള്‍ എന്ന തടവറയിലേക്കും തള്ളിവിട്ട് അവരുടെ സ്വാഭാവികമായ സര്‍ഗശേഷിയും സന്തോഷങ്ങളും തടയുന്ന മാതാപിതാക്കള്‍ ഉപദേശം കൊണ്ടും ജീവിത മാതൃക കൊണ്ടും അവരെ അപരത്വനിഷേധികളും പണമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യമെന്നും പഠിപ്പിക്കുന്നു. ഒന്നാമനാകാനും വലിയവനാകാനും അപരനെ തോല്‍പ്പിക്കണമെന്ന പാഠം കുട്ടികളിലേക്ക് കടത്തിവിടുന്നത് നമ്മള്‍ തന്നെയാണ്. വിശ്വാസികളെന്ന് സ്വയം കരുതുമ്പോഴും സമ്പത്തും ഭൗതികനേട്ടങ്ങളുമാണ് ദൈവാനുഗ്രഹമെന്നും അതു നേടിയെടുക്കാനുള്ള കുറുക്കുവഴിയാണ് പ്രാര്‍ഥനയെന്നും ചൊല്ലിയും കാട്ടിയും നാം കുഞ്ഞുങ്ങളെ പന്തയക്കോഴികളാക്കി മാറ്റുന്നു.

കുഞ്ഞുങ്ങള്‍ ദൈവദാനമാണെന്നും അവരെ ശുശ്രൂഷിക്കുന്നവരാണ് തങ്ങളെന്നും തിരിച്ചറിയാതെ പോകുന്ന മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അരാഷ്ട്രീയ വാദികളും സാമൂഹ്യവിരുദ്ധരുമാക്കി മാറ്റുകയാണെന്ന് ഇനിയെങ്കിലും മനസ്സിലാക്കണം. സ്വന്തം കാര്യം നോക്കി ജീവിക്കണമെന്ന് പഠിപ്പിക്കുന്നതിലൂടെ സാഹോദര്യഭാവനയുടെ കൂമ്പിറുക്കപ്പെടുമ്പോള്‍ അവര്‍ക്കെതിരായി ആരുവന്നാലും അവരെ അക്രമം കൊണ്ടു നേരിടും. ഒറ്റപ്പെടുകയും പഠനം സമ്മര്‍ദമായിത്തീരുകയും ചെയ്യുമ്പോള്‍ അവര്‍ മയക്കുമരുന്നുകള്‍ക്ക് അടിമകളും അക്രമവാസനയുള്ളവരുമായി മാറും.

കുഞ്ഞുങ്ങളെ അടിച്ചു വളര്‍ത്തിയിരുന്നെങ്കില്‍ അവര്‍ വഴി തെറ്റുമായിരുന്നില്ല എന്ന് കരുതുന്നവരും, ചെറിയ പ്രായത്തില്‍ കെട്ടിച്ചയച്ചിരുന്നെങ്കില്‍ പ്രണയക്കുരുക്കില്‍ പെടുമായിരുന്നില്ല എന്നൊക്കെ വാദിക്കുന്നവരും നമുക്കു ചുറ്റിലുമുണ്ട്. ഇന്നത്തെ കലുഷിതമായ അവസ്ഥയില്‍ അവരെ എത്തിച്ചതിനു ശേഷവും നാം അന്വേഷിക്കുന്നത് അവരെ അടിമപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ മാത്രമാണ്.

നമ്മുടെ കുഞ്ഞുങ്ങളെ ദ്രവ്യാസക്തരും സ്വാര്‍ഥരുമാക്കി മാറ്റിയശേഷം, നാം തന്നെയും ദൈവത്തെക്കാള്‍ മാമോനെ ആരാധിക്കുന്നവരായി ജീവിച്ചുകൊണ്ട് നന്മയെക്കുറിച്ചുള്ള പ്രഭാഷണം നടത്തുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്? ആധുനികസമൂഹത്തിലെ വ്യക്തികളായി കുഞ്ഞുങ്ങളെ അംഗീകരിക്കണം. ആണ്‍കുട്ടികളെ പണവും അധികാരവും നേടാനുള്ള ഉപകരണങ്ങളാക്കിയും പെണ്‍കുട്ടികളെ അടുക്കളച്ചക്കികളും പേറ്റുയന്ത്രങ്ങളും ആക്കിത്തീര്‍ത്തുകൊണ്ടുമല്ല ഇന്നു നേരിടുന്ന പ്രതിസന്ധികളെ പരിഹരിക്കേണ്ടത്.

വിശ്വാസം വഴി ക്രിസ്തു അവരില്‍ വസിക്കുന്നുവെന്നും അപരനില്‍ ക്രിസ്തുവെന്നുമുള്ള തിരിച്ചറിവില്‍ വളരാനുള്ള മാതൃക പകര്‍ന്നുകൊടുക്കാന്‍ നമുക്കാകുമ്പൊഴേ അവരെ ലോകാധിപത്യത്തിന്റെ പ്രലോഭനങ്ങളില്‍ നിന്ന് വിമോചിപ്പിക്കാന്‍ നമുക്കാകൂ.

ജീവിതകഥ

ക്രിസ്തുവിന്റെ സുഹൃത്തുക്കളായതിനാല്‍ വൈദികര്‍ സന്തോഷമുള്ളവരായിരിക്കണം : ലിയോ മാര്‍പാപ്പ

ദമാസ്‌കസ്: കൂട്ട മൃതസംസ്‌കാരത്തിന് പാത്രിയര്‍ക്കീസുമാര്‍ നേതൃത്വം നല്‍കി

ക്ഷമയും പരസ്പര വിശ്വാസവും സഭയില്‍ ഐക്യം വളര്‍ത്തുന്നു

ഗ്രഹാം സ്റ്റെയിന്‍സ് കേസിലെ പ്രതി ക്രൈസ്തവവിശ്വാസം സ്വീകരിച്ചു