Laymen’s Reflection on Gospel

സുവിശേഷഭാഷ്യം അല്മായ വീക്ഷണത്തിൽ

മംഗളവാർത്ത ഒന്നാം ഞായർ ഉൽപത്തി 17: 1-5, 15-19 മലാക്കി 2:17-3:5 ഹെബ്രാ 11: 1-12 ലൂക്കാ 1:5-20

Sathyadeepam

 രചന: ആൽഫസ് പത്രോസ്

(സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥനും എഴുത്തുകാരനും ആണ് ലേഖകൻ)

നമുക്കായി ഒരു പുത്രൻ ജനിച്ചിരിക്കുന്നു

പ്രിയപ്പെട്ട ആർക്കെങ്കിലും കുഞ്ഞു ജനിച്ചിട്ട്  സന്ദർശിക്കാൻ പോകുമ്പോൾ അവരുടെ ഭാവം നിരീക്ഷിച്ചിട്ടുണ്ടോ?  അമ്മയുടെ ശ്രദ്ധ മുഴുവൻ ആ  കുഞ്ഞിലായിരിക്കും. നമ്മളുടെ സംസാരം പാതി മാത്രം കേട്ടുകൊണ്ട്; കൈയിലിരിക്കുന്ന കുഞ്ഞിലേക്ക് കണ്ണുകൾ താഴ്ത്തി, അരുമയും, കരുതലും, അഭിമാനവും, ആനന്ദവും ഒക്കെ കലർന്ന മുഖത്തോടെ അവൾ അങ്ങനെ ഇരിക്കും. മാതൃത്വത്തിൻ്റെ  ആ മസൃണമായ ധ്യാനഭാവമാണ് ഒരു സ്ത്രീ ഏറ്റവും സൗന്ദര്യവതിയാകുന്ന നിമിഷങ്ങൾ.


ദൈവജനമൊന്നാകെ  അരുമയോടെ ഒരു കുഞ്ഞിനെ ഉറ്റുനോക്കി, അവനെ ധ്യാനിക്കുന്ന ദിവസങ്ങളുമായാണ് ആരാധനാ വൽസരം ആരംഭിക്കുന്നത്. സന്തോഷത്തിൻ്റെ ദിവ്യരഹസ്യങ്ങളുടെ പുതുവീഞ്ഞ് ഹൃദയത്തിൻ്റെ കൽഭരണികളിൽ നിറയുന്ന കാലം.  വചനമാകുന്ന ദൈവം മാംസം ധരിച്ച് നമ്മിലൊരുവനായി, നമ്മുടെ പരിമിതികൾ അനുഭവിച്ച് നമ്മോടൊപ്പം പാർത്തതിൻ്റെ ഓർമകൾ നമ്മെ ആർദ്രഹൃദയരാക്കുന്നു. സുകൃതജപങ്ങൾ കൊണ്ടും, പരിത്യാഗപ്രവൃത്തികൾ കൊണ്ടും അവന് പുതപ്പും, തലയിണയും, പൂച്ചെണ്ടുകളും ഒക്കെ ഒരുക്കി കാത്തിരിക്കുന്നത് അഗാധമായ ദൈവശാസ്ത്രമാനങ്ങളുള്ള ഒരു ധ്യാനപ്രവൃത്തിയാണ്. ബലഹീനമായ മനുഷ്യസ്വഭാവം സ്വയം വരിച്ച കർത്താവിനെ, അവൻ്റെ ശൈശവപ്രകൃതിയിൽ അരുമയോടെ പരിചരിക്കുന്ന പരിശുദ്ധ അമ്മയുടെ ശുശ്രൂഷയിലാണ് അതുവഴി നാം പങ്കുചേരുന്നത്. ആരാധനയുടെ ഏറ്റവും നിഷ്കളങ്കവും വ്യക്തിഗതവുമായ ഒരു തലമാണത്. 

മത്തായിയുടെ സുവിശേഷത്തിലെ വംശാവലിയിൽ വിവിധ വംശങ്ങളിൽ നിന്നുള്ള  താമാറിനെയും, റാഹാബിനെയും റൂത്തിനെയും, ബെത്ഷേബായേയും പരാമർശിക്കുന്നതിലൂടെ സുവിശേഷം നൽകുന്ന സന്ദേശം കൃത്യമാണ്: അവൻ മനുഷ്യരാശിയുടെ മുഴുവൻ പുത്രനാണ്.   പുതുജീവനു വേണ്ടി ഉഴലുന്ന നരവംശം ഏശയ്യാ പ്രവചിച്ച മനുഷ്യപുത്രനെ ആത്മഹർഷത്തോടെ കൈക്കൊള്ളുന്ന അനുഭവം ഈ ദിവസങ്ങൾ നമുക്ക് സമ്മാനിക്കുന്നു:

"എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ അന്‌ധകാരം നീങ്ങിപ്പോകും.....

അന്‌ധകാരത്തില്‍ കഴിഞ്ഞജനം മഹത്തായ ഒരു പ്രകാശം കണ്ടു; കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.

അങ്ങ്‌ ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക്‌ അത്യധികമായ ആനന്‌ദം നല്‍കി....

അവന്‍ വഹിച്ചിരുന്ന നുകവും അവന്റെ ചുമലിലെ ദണ്‌ഡും മര്‍ദകന്റെ വടിയും മിദിയാന്റെ നാളിലെന്നപോലെ അങ്ങ്‌ തകര്‍ത്തുകളഞ്ഞിരിക്കുന്നു.....

എന്തെന്നാല്‍, നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും.

ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അവന്റെ ആധിപത്യം നിസ്‌സീമമാണ്‌; അവന്റെ സമാധാനം അനന്തവും." 

(ഏശയ്യാ 9 : 1-7)

കുഞ്ഞ്:  സൃഷ്ടിയിൽ ദൈവത്തിൻ്റെ  സ്വന്തം കയ്യൊപ്പ്

ദൈവവുമായുള്ള ഉടമ്പടികൾ മനുഷ്യൻ ഉറപ്പിക്കുന്നത് ബലികളുടെ രക്തം കൊണ്ടാണ്; ദൈവം മനുഷ്യനുമായുള്ള ഉടമ്പടിയിൽ മുദ്രവയ്ക്കുന്നതാകട്ടെ കുഞ്ഞുങ്ങളെ സമ്മാനിച്ചു കൊണ്ടും. ശൂന്യതയിൽ നിന്നും ഉൺമയെ തൻ്റെ വചനം കൊണ്ടു ഉരുവാക്കിയവൻ; വിജനമായ ഇടങ്ങളിൽ പുതുസൃഷ്ടിയുടെ നാമ്പുകൾ തളിർപ്പിച്ചു കൊണ്ട് എല്ലാം നവീകരിക്കുകയും പുനർനിർമിക്കുകയും ചെയ്യുന്നു.

രക്ഷയുടെ ചരിത്രം സമാരംഭിക്കുന്നത് ദൈവം അബ്രാഹത്തെ  വിളിക്കുന്നതോടെയാണ്. വലിയ ഒരു ജനതയുടെ പിതാവാകാനാണ് അബ്രാഹം വിളിക്കപ്പെടുന്നത്. ഫലശൂന്യമായ സാറായുടെ  വാർദ്ധക്യത്ത ഇസഹാക്കിൻ്റെ ജനനത്തിലൂടെ കർത്താവ് ഉർവരമാക്കുന്നു.  ഈ വാഗ്ദാനം സാറാ അവിശ്വസനീയതയോടാണ് ഉൾക്കൊള്ളുന്നത്: 

"അതിനാല്‍, സാറാ ഉള്ളില്‍ ചിരിച്ചുകൊണ്ടുപറഞ്ഞു: എനിക്കു പ്രായമേറെയായി; ഭര്‍ത്താവും വൃദ്‌ധനായി. എനിക്കിനി സന്താനസൗഭാഗ്യം ഉണ്ടാകുമോ?

കര്‍ത്താവ്‌ അബ്രാഹത്തോടു ചോദിച്ചു: വൃദ്‌ധയായ തനിക്കിനി കുഞ്ഞുണ്ടാകുമോ എന്നു ചോദിച്ചു സാറാ ചിരിച്ചതെന്തുകൊണ്ട്‌?

കര്‍ത്താവിനു കഴിയാത്തത്‌ എന്തെങ്കിലുമുണ്ടോ? നിശ്‌ചിത സമയത്ത്‌ വസന്തത്തില്‍ ഞാന്‍ നിന്റെ അടുത്തു തിരിച്ചുവരും. അപ്പോള്‍ സാറായ്‌ക്ക്‌ ഒരു മകനുണ്ടായിരിക്കും.

സാറാ നിഷേധിച്ചുപറഞ്ഞു: ഞാന്‍ ചിരിച്ചില്ല. എന്തെന്നാല്‍, അവള്‍ ഭയപ്പെട്ടു. അവിടുന്നുപറഞ്ഞു: അല്ല, നീ ചിരിക്കുകതന്നെ ചെയ്‌തു."

(ഉല്‍പത്തി 18 : 12-15)

അബ്രാഹാമിനും സാറായ്ക്കുമായി ഇസഹാക്കിനെയും, യാക്കോബിനും  റാഹേലിനുമായി ജോസഫിനേയും, മനോവാക്കും ഭാര്യക്കും സാംസണെയും, എൽക്കാനാക്കും ഹന്നാക്കും സാമുവേലിനെയും നൽകുന്ന ദൈവം ആ മക്കളിലൂടെയാണ് ഇസ്രായേൽ ഭവനം പടുത്തുയർന്നത്. ഫറവോയുടെ മകൾക്കുള്ളിൽ ശിശുവായ മോശയോടു തോന്നുന്ന വാത്സല്യത്തിൽ നിന്നാണ് ഇസ്രായേലിൻ്റെ വിമോചനത്തിൻ്റെ കഥ ആരംഭിക്കുന്നത്. റൂത്തിൻ്റെയും നവോമിയുടെയും കഥയും, ഹന്നായുടെ കീർത്തനവുമെല്ലാം ചരിത്രത്തിൽ എളിയ തുടക്കങ്ങളിൽ നിന്നും വലിയ ചരിത്രങ്ങളിലേക്കു വളരുന്ന ദൈവീക പദ്ധതിയുടെ അടയാളപ്പെടുത്തലുകളാണ്.


പുതിയ നിയമം തുറക്കുന്നതും ഒരു കുടുംബ ചിത്രവുമായാണ്. വാർദ്ധക്യത്തിൽ അനപത്യതാ ദു:ഖവുമായി കഴിയുന്ന സഖറിയായും എലിസബെത്തും. ദേവാലയത്തിലെ ബലിയർപണവേളയിൽ പുരോഹിതനായ സഖറിയാക്ക് നൽകപ്പെടുന്ന പുത്ര വാഗ്ദാനത്തിൽ നിന്നും രക്ഷാകര ചരിത്രത്തിൻ്റെ പൂർണതയായ മിശിഹായിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ഇസ്രായേലിൻ്റെ രക്ഷാകര ചരിത്രത്തേക്കുറിച്ച് അഗാധമായി ധ്യാനിക്കേണ്ട പുരോഹിതൻ, ഒരു നിമിഷം സന്ദേഹിക്കുമ്പോൾ ദൈവം അയാളോട്  വാഗ്ദാനം ഫലമണിയുന്ന നാൾ വരെ മൗനമായി രക്ഷയുടെ രഹസ്യങ്ങൾ മനനം ചെയ്യാൻ കൽപിക്കുന്നു.

വളരെ ലളിതമായ കുടുബ സന്ദർഭങ്ങളിലൂടെയാണ് മഹത്തായ രക്ഷാകര സംഭവങ്ങൾ തുടർന്ന് നടക്കുന്നത്. വാർദ്ധക്യത്തിൽ ഗർഭം ധരിച്ചു തൻ്റെ ചാർച്ചക്കാരിയെ സന്ദർശിക്കാനായി ദൂരെനാട്ടിൽ നിന്നും ഒരു കന്യക എത്തുന്നു. അവർ ആനന്ദത്തോടെ ദൈവത്തെ സ്തുതിക്കുന്നു. മൂന്നു മാസക്കാലം പരിശുദ്ധ കന്യക, എലിസബെത്തിനെ ശുശ്രൂഷിക്കുന്നു. ഏതൊരു കുടുംബത്തിലും നടക്കുന്ന അതിസാധാരണമായ കാര്യങ്ങൾ. ദൈവം പടുത്തുയർത്തുന്നതിനായി അടിസ്ഥാന ശിലകൾ സ്ഥാപിക്കുന്നത് കുടുബങ്ങളിലും കൂട്ടായ്മകളിലുമാണ് എന്ന രഹസ്യത്തെ ധ്യാനിക്കാൻ ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നു.

 നമുക്കേൽപിക്കപ്പെട്ട നിധികുംഭങ്ങൾ
''കര്‍ത്താവിന്റെ സന്നിധിയില്‍ അവന്‍ വലിയവനായിരിക്കും. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ അവന്‍ കുടിക്കുകയില്ല. അമ്മയുടെ ഉദരത്തില്‍വച്ചുതന്നെ അവന്‍ പരിശുദ്‌ധാത്‌മാവിനാല്‍ നിറയും.

ഇസ്രായേല്‍മക്കളില്‍ വളരെപ്പേരെ അവരുടെ ദൈവമായ കര്‍ത്താവിലേക്ക്‌ അവന്‍ തിരികെ കൊണ്ടുവരും.

പിതാക്കന്‍മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്‍മാരുടെ വിവേകത്തിലേക്കും തിരിച്ചുവിടാനും സജ്‌ജീകൃത മായ ഒരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കാനും ഏലിയായുടെ ചൈതന്യത്തോടും ശക്‌തിയോടും കൂടെ അവന്‍ കര്‍ത്താവിന്റെ മുമ്പേപോകും."

(ലൂക്കാ 1 : 15-17 )


ഓരോ കുഞ്ഞിലും മഹത്വത്തിൻ്റെയും വിശുദ്ധിയുടെയും വലിയ സാധ്യതകൾ നിക്ഷേപിച്ചാണ് ദൈവം നമ്മെ ഏൽപിക്കുക. അവരെ ദൈവസന്നിധിയിൽ കുറ്റമറ്റവരായി, ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ, ജ്ഞാനത്തിലും പ്രായത്തിലും വളർത്തുക എന്ന ശുശ്രൂഷയുടെ വെല്ലുവിളി, പ്രാഥമികമായും മാതാപിതാക്കളുടേതു തന്നെയാണ്. ആത്മീയതയുടെയും, സ്വഭാവ രൂപീകരണത്തിൻ്റെയും, വിദ്യാഭ്യാസത്തിൻ്റെയും ഒക്കെ വഴികളിൽ അവരെ കൈപിടിച്ചു നടത്താനായി വിളിക്കപ്പെട്ടിരിക്കുന്നവർക്കും , ആ ദൗത്യത്തിൽ നിർണായക പങ്കുണ്ട്. ദൈവം ഓരോ കുഞ്ഞിനുമായി ഒരുക്കിയിരിക്കുന്ന പദ്ധതിയും വിളിയും തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക എന്ന വലിയ ദൗത്യം.

ഈ ദൗത്യത്തിൻ്റെ വിശുദ്ധിയും, ഉത്തരവാദിത്വവും രണ്ട് തിരുമൊഴികളിൽ കൃത്യമായി സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്.

"അവന്‍ ഒരു ശിശുവിനെ എടുത്ത്‌ അവരുടെ മധ്യേ നിറുത്തി. അവനെ കരങ്ങളില്‍ വഹിച്ചുകൊണ്ടു പറഞ്ഞു:

ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെയല്ല, എന്നെ അയച്ചവനെയാണ്‌ സ്വീകരിക്കുന്നത്‌."

(മര്‍ക്കോസ്‌ 9 : 36-37)


"വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന്‌ ഇടര്‍ച്ച വരുത്തുന്നവന്‍ ആരായാലും, അവനു കൂടുതല്‍ നല്ലത്‌, ഒരു വലിയ തിരികല്ലു കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്‌."

(മര്‍ക്കോസ്‌ 9 : 42)

നമ്മുടെ രക്ഷയും, ശിക്ഷാവിധിയും നമുക്കേൽപിക്കപ്പെട്ട കുഞ്ഞാത്മാക്കളുടെ ശുശ്രൂഷയുമായി ബന്ധപ്പെട്ടിരിക്കുന്നവെന്നത് ഒരേ സമയം പ്രത്യാശയും വെല്ലുവിളിയും ആണ്.


നിഷ്കളങ്ക സ്നേഹത്തിൻ്റെ ദൈവശാസ്ത്രം

കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുക എന്നത് ഒരു തുടക്കമാണ്. ഹൃദയം കുഞ്ഞുങ്ങളുടേതു പോലെ ആക്കി തീർക്കുക എന്നതാണ് വിശുദ്ധിയിലേക്കുള്ള അടുത്ത പടി. 


 "യേശു ഒരു ശിശുവിനെ വിളിച്ച്‌ അവരുടെ മധ്യേ നിര്‍ത്തിക്കൊണ്ട്‌ അരുളിച്ചെയ്‌തു:

സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട്‌ ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.

ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണു സ്വര്‍ഗരാജ്യത്തിലെ ഏറ്റവും വലിയവന്‍."

(മത്തായി 18 : 2-4)


ഈശോയെ ഒരു കുഞ്ഞിനെപ്പോലെ സ്നേഹിച്ച, തന്നെത്തന്നെ ഉണ്ണീശോയുടെ കളിപ്പന്തായി സമർപിച്ച വി. കൊച്ചുത്രേസ്യായുടെ ലളിത സുന്ദരമായ ആത്മകഥക്കും മറ്റ് ലിഖിതങ്ങൾക്കും അതീവ ഗഹനമായ വേദപാരംഗതരുടെ പാഠങ്ങൾക്ക് ഒപ്പമാണ് തിരുസഭ മൂല്യം കൽപിച്ചിരിക്കുന്നത്. ശിശുസഹജമായ വിശ്വാസവും പ്രത്യാശയും സ്നേഹവും ദൈവസന്നിധിയിലേക്കുള്ള ഏറ്റവും ഋജുവായ പാതയായി നമുക്കു മുന്നിലുണ്ട്. അവിടേക്ക് നമ്മുടെ ഗൗരവഭാവങ്ങളും അഹംബോധങ്ങളും മാറ്റി വച്ച് നടന്നു തുടങ്ങാനും മംഗളവാർത്തക്കാലം നമ്മെ പ്രചോദിപ്പിക്കുന്നുണ്ട്.

ഉണ്ണീശോയുടെ ആഗമനം കാത്തിരിക്കുന്ന ഈ പ്രത്യാശയുടെ നാളുകളിൽ, നിഷ്കളങ്ക സ്നേഹത്തോടെ അവൻ്റെ വരവിനായി ഒരുങ്ങാൻ, കുഞ്ഞുങ്ങളെ ദൈവീക ദാനമായി സ്വീകരിച്ച് ഇടർച്ചകളിൽ നിന്നും അവരെ കാത്തുപരിപാലിക്കാൻ, ഒപ്പം ശിശുതുല്യമായ ഹൃദയ നൈർമല്യത്തിലേക്ക് തിരിച്ചു നടക്കാൻ, ഉള്ള കൃപ പരിശുദ്ധ റൂഹാ നമ്മളിൽ വർഷിക്കട്ടെ

Publisher: Fr Paul Kottackal (Sr)

Email: frpaulkottackal@mail.com

www.homilieslaity.com

കേരള സാഹിത്യ അക്കാദമി അവാർഡുകൾക്ക് ഗ്രന്ഥങ്ങൾ ക്ഷണിച്ചു

വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ (1506-1552) : ഡിസംബര്‍ 3

ജനുവരിയില്‍ കാര്‍ഡിനല്‍മാരുടെ അസാധാരണ സമ്മേളനം

ബെലാറസില്‍ രണ്ട് കത്തോലിക്ക വൈദികര്‍ക്ക് ജയില്‍ മോചനം

വിശുദ്ധ ബിബിയാന (363) : ഡിസംബര്‍ 2