Laymen’s Reflection on Gospel

തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടോ?

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ

Sathyadeepam

ജനുവരി 18, 2026

ദനഹാ മൂന്നാം ഞായർ

നിയ 31:1-8

ഏശ 41:8-16

ഫിലി 3:4-16

മർക്കോ 3:7-19

 തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുണ്ടോ?

- ഡോ. റോസമ്മ ഫിലിപ്പ്

നമ്മുടെ  ഓരോ തിരഞ്ഞെടുപ്പുകളും ഒരു പക്ഷം ചേരൽ കൂടിയാണ്. ഏതു പക്ഷം ചേരണമെന്ന്  ചില അധികാരികളെ ഭയപ്പെട്ട്  തീരുമാനിക്കേണ്ടിവരുമോ എന്ന പരിഭ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഈ നാട്ടിലാകട്ടെ, വലതുപക്ഷവും ഇടതു പക്ഷവും അതിരുകൾ നിർവ്വചിക്കാതെ ശക്തിപക്ഷമാണ്  തിരഞ്ഞെടുപ്പിലെ രാഷ്ട്രീയമെന്ന് മൂടുപടമില്ലാതെ പ്രഖ്യാപിക്കുന്നു. 

ഏതു തിരഞ്ഞെടുപ്പുകൾക്കു ശേഷവും "കൂടെ കാണുമോ" എന്ന ചോദ്യമാണ്  ആശങ്കയുയർത്തുന്നത്. മരണം വരെ കൂടെയുണ്ടാകും എന്നുറപ്പു നൽകുന്നവർ സാഹചര്യങ്ങളുടെ ലാഭനഷ്ടം നോക്കി  കൂടു മാറിച്ചവിട്ടുന്നത് കുടുംബത്തിലും സർവ്വ സാധാരണമായിരിക്കുന്നു. 

തന്നോടുകൂടെ ആയിരിക്കുക എന്നത് പ്രഥമ ദൗത്യമായി നിർണ്ണയിച്ച്, 12 സാധാരണ മനുഷ്യരെ ഉന്നതരായ നേതാക്കളാക്കി രൂപാന്തരപ്പെടുത്തുന്നതിലേക്ക് ക്രിസ്‌തു നടത്തിയ തിരഞ്ഞെടുപ്പു പ്രകിയ ക്രിസ്തു ശിഷ്യരാകേണ്ടവർ പഠന വിഷയമാക്കേണ്ടതാണ്. പ്രത്യേകിച്ച്, സഭൈക്യവാരത്തിലേക്ക് കടക്കുമ്പോൾ ഭിന്നിപ്പിൻ്റെ രാഷ്‌ട്രീയം വെടിഞ്ഞ്, ഐക്യത്തിൻ്റെയും സമാധാനത്തിൻ്റെയും പാർപ്പിടങ്ങൾ കണ്ടെത്തുന്നതിന് യഥാർഥ റബ്ബിയുടെ പക്ഷം തിരഞ്ഞെടുക്കേണ്ടതാണ്. 

അനുഗമിക്കൂ... അനുസരിക്കൂ...

" നീ പറഞ്ഞതിനാൽ മാത്രം ഞാൻ വലയിറക്കാം"  എന്ന് അനുസരണത്തിൻ്റെ സന്നദ്ധത  പ്രകടിപ്പിച്ച പത്രോസും, കൂട്ടാളികളുമാണ് ആദ്യശിഷ്യരായി തിരഞ്ഞെടുക്കപ്പെട്ടത്. സ്വന്തം  വള്ളങ്ങൾ  കരയ്ക്കടുപ്പിച്ച് ഉപേക്ഷിച്ചു പോന്നപ്പോൾ അവർ കണ്ടെത്തിയത് നിത്യരക്ഷയുടെ  വൻകരയായിരുന്നു. ജീവനുള്ള മത്സ്യങ്ങളെ ചത്ത മത്സ്യങ്ങളായി കച്ചവടം ചെയ്യേണ്ടവരെയാണ്, മനുഷ്യരെ നിത്യജീവനിലേക്ക് നയിക്കുന്ന മഹാദൗത്യം ഏൽപിച്ചത്.

"അനുഗമിക്കുക"  എന്ന ഒറ്റ വാക്കിൽ  സാമ്പത്തിക വിനിമയ  സാധ്യതകൾ എല്ലാം നഷ്ടപ്പെടുത്തി  ലേവിയും അനുസരണം പാലിച്ചു. മോശ തൻ്റെ പിൻഗാമിയായി ജോഷ്വായെ തിരഞ്ഞെടുത്തപ്പോൾ ജനത്തോട്  പറഞ്ഞത് ഒന്നേയുള്ളൂ "നിങ്ങൾ കൽപനകൾ അനുസരിക്കണം" ( നിയമാവർത്തനം 31: 3-5 ). അനുസരണയിലൂടെ അവിടുത്തെ അനുഗമിക്കുന്നവർക്ക്  അപ്പസ്തോലിക അധികാരങ്ങൾ ഏൽപിച്ച് ശാക്തീകരിക്കുന്ന പ്രകിയയായിരുന്നു ക്രിസ്തുവിൻ്റെ  പന്ത്രണ്ടു പേരെ  തെരഞ്ഞെടുപ്പ്. എന്നാൽ അപ്പസ്തോലിക പ്രതിനിധികൾ എന്ന അധികാരത്താൽ മറ്റുള്ളവരെ ഭയപ്പെടുത്തി, അനുസരിപ്പിക്കുന്ന ദുർബ്ബലീകരണം സഭയുടെ ഏതെങ്കിലും മേഖലയിലുണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ? അനുഗമിക്കുന്നതും, അനുസരിക്കുന്നതും ശാക്‌തീകരണത്തിലേക്കാണ് എന്ന  നയം നമ്മുടെ പ്രത്യാശയെ വർദ്ധിപ്പിക്കും. 

യോഗ്യതകളെല്ലാം  അർഹതയാകുമോ...

"എല്ലാ യോഗ്യതകളും ഉള്ള എന്നെ എന്തുകൊണ്ടു തിരഞ്ഞെടുത്തില്ല ..."  

"എനിക്ക് അർഹിക്കുന്ന പരിഗണന കിട്ടിയില്ല" എന്നിങ്ങനെ പരാതി പ്രസ്താവനകൾ നാം സ്ഥിരം കേൾക്കാറുണ്ട്. യോഗ്യതക്കുറവുള്ളവർ അർഹതയുള്ളവരായി ഉയരുന്നതെങ്ങനെയെന്ന് ക്രിസ്തു ശിഷ്യരെ തെരഞ്ഞെടുത്തതിലൂടെ കാട്ടിത്തന്നു.

"ഇവനെയൊക്കെയാണോ തിരഞ്ഞെടുക്കുന്നത് "  എന്ന യോഗ്യരെന്നു നടിച്ച പ്രമാണിമാരുടെ പരിഹാസങ്ങൾക്കും, വിമർശനങ്ങൾക്കും എത്ര ലളിതസുന്ദര പ്രതികരണമാണ് ക്രിസ്‌തു  നൽകിയത്! "രോഗികൾക്കാണ് വൈദ്യനെ വേണ്ടത് . .. പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ് വന്നത്. . ..."  ജസ്റ്റിഫിക്കേഷൻ ഇല്ല, ഗ്ലോറിഫിക്കേഷൻ തീരെ ഇല്ല. വിനീതമായ ഒരു ഉത്തരത്താൽ മറുചോദ്യങ്ങളില്ലാതാക്കി. 

"നീ മലകളെ മെതിച്ച് പൊടിയാക്കും, കുന്നുകളെ പതിരുപോലെയാക്കും" എന്ന് ഒരുവനെ ശാക്തീകരിച്ചപ്പോൾ വിളിച്ച വിശേഷണപ്പേര് കൃമിയായ യാക്കോബേ എന്നായിരുന്നു. (ഏശയ്യാ 41: 14 - 16) നീ പുഴു ആയിക്കൊള്ളട്ടെ; ഞാൻ നിൻ്റെ  വലതു കൈ പിടിച്ചിരിക്കുന്നു. അതാണ് യോഗ്യത- അതു തന്നെ യോഗ്യത. നീ മനുഷ്യ ദൃഷ്‌ടിയിൽ എത്ര അയോഗ്യനെങ്കിലും, ഞാൻ നിൻ്റെ കൈ പിടിക്കുമ്പോൾ നീ ഏറ്റം അർഹതയുള്ളവനായി ഉയരും. ഇതിനെക്കാൾ ഉദാത്തമായ ഒരു യോഗ്യതാമാനദണ്ഡ മെന്തിന്! എനിക്ക് സ്വന്തമായിട്ടുള്ളവ വർണ്ണിക്കുന്ന പ്രൊഫൈലുകൾ  ഉണ്ടാക്കാൻ നെട്ടോട്ടമോടുന്നവരോട് പറയുന്നത് എന്താണ്? അവനെ സ്വന്തമാക്കണമെങ്കിൽ ഇത്ര പ്രൊഫൈൽ സ്വന്തമാകണമെന്നില്ല- അവനൊന്നു കൈ പിടിച്ചാൽ മതി. യോഗ്യതയും അർഹതയും അതാണ്. 

ഇന്നലെകളെ വിടൂ... ഇന്നു മുതൽ ഒന്നാകൂ....

ഇന്നലെ വരെ  മീൻ പിടിച്ചു നടന്നവർ, ചുങ്കം പിരിച്ചവർ , വ്യത്യസ്ത മേഖലകളിൽ വ്യാപരിച്ചവരോട് ഇന്നലെകളെ മറന്ന്, ഇനിമുതൽ  ഒരുമിച്ചു മുന്നേറാം എന്ന ആഹ്വാനത്തിലൂടെ ക്രിസ്തു ഒന്നിപ്പിച്ചു. മുമ്പിലുള്ള ലക്ഷ്യമാണ് ശിഷ്യർക്ക് പ്രധാനപ്പെട്ടത്. ക്രിസ്‌തുവിനെ നേടുന്നതിനും അവനോടു കൂടി ഒന്നായി കാണുന്നതിനും ചിലത് നഷ്ടമായേക്കാം. (ഫിലിപ്പി 3: 12-15) ആ നഷ്ടം മറന്നുകൊണ്ടും, അവനിൽ നിന്നും കിട്ടിയത് മുറുകെ പിടിച്ചു കൊണ്ടും ഒന്നായി മുന്നേറുക എന്നതാണ് ലക്ഷ്യം. ആയിരങ്ങൾ അവനെ കേൾക്കാനെത്തിയപ്പോൾ ശിഷ്യരായി മാറി. എന്നാൽ അവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പേർക്കാണ് അപ്പസ്തോലികാധികാരം നൽകിയത്. പ്രസംഗിക്കാനും, പിശാചുക്കളെ ബഹിഷ്ക്കരിക്കാനും അധികാരം നൽകി ശക്തിപ്പെടുത്തിയപ്പോൾ ഇന്നലെകളിലെ നിൻ്റെ ദുർബ്ബലതകൾ അസ്തമിച്ചു എന്നാണ് സൂചിപ്പിച്ചത്. ഭിന്നിപ്പിൻ്റെ വക്താക്കളാണ് പിശാചിൻ്റെ സ്വന്തക്കാർ. പിശാചിനെ ബഹിഷ് ക്കരിക്കുന്നതിലൂടെ, ഭിന്നിപ്പുകൾ അകറ്റി ഒന്നായി നീങ്ങണം എന്ന ദൗത്യം നിർവ്വഹിക്കേണ്ടതാണ്. കഴിഞ്ഞു പോയ കാലങ്ങളിലെ ഭിന്നതകൾ മറന്ന് ഒന്നാകാൻ തീരുമാനങ്ങൾ രൂപപ്പെടുത്തുന്നവരാണ് യഥാർഥ അപ്പസ്തോല പ്രതിനിധികൾ. 

നിയമത്തിൻ്റെ  നീതിയോ.. ദൈവത്തിൻ്റെ നീതിയോ...

നിയമവഴികളിലൂടെ നീതി തേടുന്ന യുക്തിയാൽ നാം നമ്മുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നു. നിയമത്തിൻ്റെ നീതി ഉപയോഗിച്ചും ദുരുപയോഗിച്ചും ക്രിസ്തു എൻ്റേതാണെന്നു പ്രഖ്യാപിച്ചാൽ ക്രിസ്തുശിഷ്യനാകുമോ? സ്വാധീനവും ധനവും ചേർന്നു  നിന്നാൽ നിയമത്തിൻ്റെ  നീതിയെ എങ്ങനെയും വഴി തിരിക്കാവുന്ന ലോകത്ത്, സഭ ഏതു നീതിയുടെ  പക്ഷത്താണ്? 

അവഗണിക്കപ്പെട്ടവരും, അടിച്ചമർത്തപ്പെട്ടവരും, നിശ്ശബ്ദരാക്കപ്പെട്ടവരും ദൈവനീതിയുടെ  പ്രത്യാശയിൽ കാത്തിരിക്കുന്നുണ്ട്. നിയമത്തിൻ്റെ വിധിയാൽ അടയ്ക്കപ്പെട്ട ചില വാതിലുകൾ ദൈവത്തിൻ്റെ നീതിയുടെ വിധിയാൽ തുറക്കപ്പെടും എന്നതാണ്  ക്രിസ്തുവിനാൽ തിരഞ്ഞെടുക്കപ്പെട്ടവൻ്റെ വിശ്വാസത്തിൻ്റെ ആധാരം. (ഫിലി 3: 9) പരസ്പര വിദ്വേഷത്തിനും, അകൽച്ചകൾക്കും നിയമത്തിൻ്റെ നീതിയെ കൂട്ടുപിടിക്കുന്നവരാണല്ലോ ആരാധനക്രമത്തെ പോലും അക്രമ  ഉപാധിയാക്കുന്നവർ. 

വിളിക്കപ്പെട്ടതിൽ വൈവിധ്യമുണ്ടായിരുന്നു; എന്നാൽ അയയ്ക്കപ്പെട്ടതിൽ ഏകതയുണ്ടായിരുന്നു. അവർ പൂർണ്ണരായിരുന്നില്ല. തള്ളിപറഞ്ഞവനും പദവികൾ മോഹിച്ചവരും  സംശയാലുക്കളും  ഒറ്റുകാരനും - അതെ, വ്യത്യസ്തതകൾ ഉണ്ടെന്നറിഞ്ഞുതന്നെയാണ് അവൻ തിരഞ്ഞെടുത്തത്. വൈവിധ്യത്തെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരേ പ്രത്യാശയിലേക്ക് വിളിക്കപ്പെട്ടവരായി ഒരുമിപ്പിക്കുന്ന വിശ്വാസത്താൽ നയിക്കാനുള്ള ദൗത്യം (എഫേ 4 : 1-6) അപ്പസ്തോലന്മാരെ ഏൽപിച്ചു. സർവ്വ വൈവിധ്യങ്ങളും ഉൾക്കൊണ്ട് ക്രിസ്തുവിൽ ഒന്നായി മുന്നേറാൻ  ധീരരാകുക, ശക്തരാകുക എന്നതാണ് അപ്പസ്തോലിക ദൗത്യം. മാന്മോദീസായിൽ വീഴുന്ന വെള്ളത്താലല്ല ശിഷ്യരാകേണ്ടത്; മനുഷ്യരെ ഒന്നിപ്പിക്കുന്ന കർമ്മത്താലാണ് എന്ന ബോധ്യം നമ്മെ നയിക്കട്ടെ.  ഞാൻ ക്രിസ്തുവിനെ തിരഞ്ഞെടുത്തു എന്നു പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കാം. ഒപ്പം , ക്രിസ്തു എന്നെ തിരഞ്ഞെടുത്തു എന്നത് അനുഭവിക്കാൻ അവൻ്റെ വലതു കരം എന്നെ താങ്ങുമെന്ന് പ്രത്യാശിക്കാം. അവൻ്റെ കൃപയാൽ, കൃമിയായ ഞാനും തിരഞ്ഞെടുക്കപ്പെടാൻ യോഗ്യത നേടും!

....................................….....

Publisher: Fr Paul Kottackal (Sr)

Email: frpaulkottackal@gmail.com 

ഡോ. റോസമ്മ ഫിലിപ്പ്

(മുൻ കോളജ് പ്രിൻസിപ്പൽ ആയ ലേഖിക ഇപ്പോൾ വിദ്യാഭ്യാസ - പരിശീലന രംഗങ്ങളിൽ പ്രവർത്തിക്കുന്നു.)

വിശുദ്ധ ആന്റണി (251-356) : ജനുവരി 17

കാടുകുറ്റി ഉണ്ണിമിശിഹാ പള്ളിയില്‍ ഉണ്ണിമിശിഹായുടെയും വി സെബാസ്റ്റ്യാനോസിന്റെയും തിരുനാള്‍ ആഘോഷിച്ചു

ബൈ 2025!!! സ്വാഗത് 2026 ആഘോഷവും ആദരവും

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി

ട്രംപ് 2.0: പ്രത്യയശാസ്ത്രം, മതാത്മകത, വംശീയത