ഡിസംബർ 07, 2025
മംഗളവാർത്ത രണ്ടാം ഞായർ
ഉത്പത്തി 3:8 - 24
ജറെമിയ 33:14-26
വെളിപാട് 5:1-5
ലൂക്ക 1: 26-38
സന്തോഷ് സെബാസ്റ്റ്യൻ മറ്റത്തിൽ
🍁🍁🍁🍁🍁🍁🍁🍁
YES
കേരളത്തിലെ ഏതോ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഐ.സി.യുവിന്റെ മുൻപിലുള്ള ആ നീളൻ വരാന്ത. അവിടെ മരവിച്ചിരിക്കുന്ന കുറെ മനുഷ്യർ. ഇന്നലെ വരെ, "എന്റെ ജീവിതം എന്റെ പ്ലാൻ അനുസരിച്ചാണ് പോകുന്നത്" എന്ന് വിചാരിച്ചവർ. പെട്ടെന്നൊരു ദിവസം ഡോക്ടർ വന്ന് പറയുന്നു, "ഒന്നും പറയാറായിട്ടില്ല, 24 മണിക്കൂർ കഴിയണം." ആ നിമിഷം... ആ വരാന്തയിൽ ഇരിക്കുമ്പോൾ, അതുവരെ നമ്മൾ ഉണ്ടാക്കിവെച്ച ബാങ്ക് ബാലൻസോ, സ്വാധീനമോ, അഹങ്കാരമോ ഒന്നും ഒന്നിനും ഉപകരിക്കില്ല എന്ന് തിരിച്ചറിയുന്ന ഒരു നിമിഷമുണ്ട്. ഭാവിയെക്കുറിച്ച് വലിയൊരു ചോദ്യചിഹ്നം മാത്രം ബാക്കി നിൽക്കുന്ന നിമിഷം.
ഇവിടെയാണ് മംഗളവർത്തയുടെ സുവിശേഷം പ്രസക്തമാകുന്നത്. ലൂക്കാ സുവിശേഷം ഒന്നാം അധ്യായത്തിൽ, നസ്രത്തിലെ മറിയം എന്ന പെൺകുട്ടി നേരിട്ടതും ഇതേപോലൊരു നിമിഷമാണ്. അവളുടെ ജീവിതത്തിന്റെ പ്ലാനുകൾ - ജോസഫുമായുള്ള വിവാഹം, സാധാരണമായ ഒരു കുടുംബജീവിതം - ഇതെല്ലാം ഒറ്റനിമിഷം കൊണ്ട് തകിടം മറിയുന്നു. ദൈവം അവളുടെ മുൻപിൽ ഒരു വലിയ ചോദ്യചിഹ്നം വെക്കുന്നു. ആ ചോദ്യചിഹ്നത്തിന് അവൾ നൽകിയ Yes എന്ന ഉത്തരമാണ് നമ്മുടെയെല്ലാം ചരിത്രം മാറ്റിയത്.
*അപ്രതീക്ഷിത അതിഥി*
ഗബ്രിയേൽ മാലാഖ കടന്നുവരുമ്പോൾ മറിയം അസ്വസ്ഥയാകുന്നുണ്ട്. "ഇതെന്തൊരു അഭിവാദനം" എന്ന് അവൾ ചിന്തിച്ചു. ദൈവത്തിന്റെ ഇടപെടലുകൾ പലപ്പോഴും നമ്മുടെ കംഫർട്ട് സോണുകളെ തകർക്കുന്നതായിരിക്കും. മാലാഖ പറയുന്നു: "നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും." മറിയം ചോദിക്കുന്നു: "ഇതെങ്ങനെ സംഭവിക്കും?"
ഇന്നത്തെ കേരളീയ സമൂഹത്തിന്റെ, അല്ലെങ്കിൽ നമ്മുടെ ഓരോരുത്തരുടെയും ചോദ്യമാണിത്. സാമ്പത്തിക പ്രതിസന്ധി വരുമ്പോൾ, ജീവിതത്തിന്റെ നാളിതു വരെ വരച്ച വഴികൾ മറയുമ്പോൾ, രോഗം വരുമ്പോൾ നമ്മൾ ചോദിക്കുന്നു - "ദൈവമേ, ഇതെങ്ങനെ സംഭവിക്കും? എന്റെ ജീവിതത്തിൽ ഇതിനൊരു പരിഹാരമുണ്ടോ?"
പക്ഷെ പരിശുദ്ധ മറിയം ആ ചോദ്യത്തിൽ തങ്ങി നിന്നില്ല. മാലാഖ അവൾക്ക് ദൈവത്തിന്റെ പദ്ധതി വിശദീകരിച്ചു കൊടുത്തു. പരിശുദ്ധാത്മാവ് നിന്റെ മേൽ വരും എന്ന് പറഞ്ഞു. അപ്പോൾ അവൾ നൽകിയ ആ മറുപടി... അതാണ് ക്രിസ്തീയ വിശ്വാസത്തിന്റെയും പുതിയ ലോകക്രമത്തിന്റെയും അടിസ്ഥാനം: "ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്കു എന്നിൽ നിറവേറട്ടെ."
*അനുസരണത്തിന്റെ മാതൃക*
എന്തുകൊണ്ടാണ് മറിയത്തിന്റെ ഈ വാക്കിന് ഇത്രയും ശക്തി? കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (CCC) ഇതിനെ വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട്.
CCC 494-ാം ഖണ്ഡികയിൽ വി. ഇരണേവൂസിനെ ഉദ്ധരിച്ചുകൊണ്ട് സഭ പഠിപ്പിക്കുന്നു:
> "അനുസരണക്കേടുവഴി ഹവ്വാ കെട്ടിയിട്ട കുരുക്ക്, തന്റെ അനുസരണം വഴി മറിയം അഴിച്ചു." (The knot of Eve's disobedience was untied by Mary's obedience.)
ഇവിടെയാണ് പഴയ നിയമത്തിലെ ഉല്പത്തി പുസ്തകം (ഉല്പത്തി 3:8-24) ദൃഷ്ടാന്തമാവുന്നതു. ഏദൻ തോട്ടത്തിൽ ഹവ്വാ "എന്റെ മാത്രം ഇഷ്ടം നടക്കട്ടെ" എന്ന് പറഞ്ഞ് അവൾ ദൈവത്തോട് 'No' പറഞ്ഞു. അതിന്റെ ഫലമായി മനുഷ്യൻ ഏദൻ തോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു. എന്നാൽ പരിശുദ്ധ അമ്മ തന്റെ "Yes" എന്ന ഉത്തരം വഴി മനുഷ്യകുലത്തിനു ദൈവത്തിലേക്കുള്ള ചാൽ തുറന്നുകൊടുത്തു.
മറിയം വെറുമൊരു സ്ത്രീയല്ല, അവൾ "വിശ്വാസത്തിന്റെ തീർത്ഥാടനത്തിൽ" നമുക്ക് മുൻപേ നടന്നവളാണ് എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ നമ്മളെ ഓർമ്മിപ്പിക്കുന്നു. അവളുടെ 'Yes' ഇല്ലായിരുന്നെങ്കിൽ രക്ഷകനായ ക്രിസ്തുവിന് നമ്മുടെ ഇടയിലേക്ക് വരാൻ ഒരു വാതിൽ ഉണ്ടാകുമായിരുന്നില്ല.
*വാഗ്ദാനങ്ങളുടെ പൂർത്തീകരണം*
മറിയത്തിന്റെ ഈ സമ്മതത്തിലൂടെയാണ് ജറെമിയാ പ്രവാചകൻ (ജറെമിയ 33:14-26) പറഞ്ഞ ആ വലിയ വാഗ്ദാനം നിറവേറപ്പെട്ടത്. "ദാവീദിന്റെ ഭവനത്തിൽ നിന്നും നീതിമാനായ ഒരു മുളയെ ഞാൻ കിളിർപ്പിക്കും" എന്ന വാഗ്ദാനം. ആ ശാഖ മുളച്ചത് പരിശുദ്ധ മറിയം എന്ന വളക്കൂറുള്ള മണ്ണിലാണ്.
മനുഷ്യൻ വാക്കു തെറ്റിക്കുന്ന ലോകത്ത്, ദൈവത്തിന് വാക്കു പാലിക്കാൻ കൂട്ടുനിന്നത് പരിശുദ്ധ മറിയമാണ്. ആ മറിയത്തിന്റെ മകനാണ്, വെളിപാട് പുസ്തകത്തിൽ (വെളിപാട് 5:1-5) പറയുന്ന "യൂദാ വംശത്തിൽനിന്നുള്ള സിംഹം". ലൂക്കായുടെ സുവിശേഷത്തിൽ മറിയം ഗർഭം ധരിച്ച ആ ശിശുവാണ്, പിന്നീട് ഏഴ് മുദ്രകളുള്ള പുസ്തകം തുറക്കാനും പ്രപഞ്ച ചരിത്രത്തെ നിയന്ത്രിക്കാനുമുള്ള അധികാരം നേടിയതും. അതുകൊണ്ട് ഓർക്കുക, ജീവിതത്തിലെ അടച്ചുപൂട്ടിയ പുസ്തകങ്ങൾ തുറക്കപ്പെടണമെങ്കിൽ മറിയത്തെപ്പോലെ ദൈവത്തിന് 'Yes' പറയുന്ന ഒരു മനസ്സ് നമുക്ക് വേണം.
*ലൈഫ് ടൈം ഗ്യാരണ്ടി*
ജീവിതത്തിന്റെ കയ്പുനീരുമായി നസ്രത്തിൽ നിന്നും കാൽവരി വരെയുള്ള യാത്രയിൽ, നമ്മുടെ ജീവിതത്തിൽ പലപ്പോഴായി ഗബ്രിയേൽ മാലാഖ വന്നു പോവുന്നുണ്ട്. നിർഭാഗ്യവശാൽ മാലാഖയെയോ, കാൽവരിക്കും അപ്പുറമുള്ള ക്രിസ്തുവിനെയോ കാണുവാൻ നമ്മൾക്ക് സാധിക്കുന്നില്ല എന്നിടത്താണ് മംഗളവാർത്തയുടെ വിശേഷം മനുഷ്യകുലത്തിനു സുവിശേഷമാവുന്നതു.
ജീവിതത്തിലെ തകർച്ചയുടെ മുൻപിൽ, പതറാതെ പിൻവലിയാതെ "ദൈവം കൂടെയുണ്ട്" എന്ന് വിശ്വസിച്ച് മുൻപോട്ട് പോകുമ്പോൾ, നമ്മൾ മറിയത്തെപ്പോലെ ഏറ്റുപറയുകയാണ്: "YES - ഇതാ കർത്താവിന്റെ ദാസൻ/ദാസി."
പരിശുദ്ധ മറിയം മാലാഖയോട് ചോദിച്ചില്ല, "എനിക്ക് ഭാവിയെക്കുറിച്ച് ഗ്യാരണ്ടി തരുമോ" എന്ന്. അവൾ വിശ്വസിച്ചു - വിശ്വസിക്കുക മാത്രം ചെയ്തു അങ്ങനെ മറിയം നമ്മൾക്ക് തരുന്ന ഗ്യാരണ്ടിയാണ് ക്രിസ്തു. പൂട്ടിക്കിടന്ന ഏദൻ തോട്ടത്തിന്റെ വാതിലുകൾ മറിയത്തിലൂടെ തുറന്നതുപോലെ, ജീവിതത്തിലെ അടഞ്ഞ വാതിലുകൾ ദൈവം തുറക്കട്ടെ. "ഇതാ കർത്താവിന്റെ ദാസി" എന്ന് പറഞ്ഞ അമ്മയുടെ മാധ്യസ്ഥം നമുക്ക് എന്നും ഏവർക്കും തുണയായിരിക്കട്ടെ.
> മംഗളവാർത്ത കേവലം ഒരു ചരിത്ര സംഭവമല്ല. അത് ദൈവത്തിൻ്റെ സ്നേഹത്തിൻ്റെ വിളിയും മനുഷ്യൻ്റെ വിശ്വാസത്തിൻ്റെ പ്രതികരണവുമാണ്
✝️ ✝️ ✝️ ✝️ ✝️
(ഖത്തറിൽ ഐടി പ്രൊഫഷണലും എഴുത്തുകാരനും ആണ് ലേഖകൻ)
........................................
Publisher: Fr Paul Kottackal (Sr)
Email: frpaulkottackal@mail.com
*Homilieslaity.com*