Laymen’s Reflection on Gospel

കടുകോളം വിത്ത്, കടലോളം വിളവ്

സുവിശേഷഭാഷ്യം അല്മായവീക്ഷണത്തിൽ

Sathyadeepam

ജനുവരി 25, 2026

ദനഹ നാലാം ഞായർ

ഉത്പ 29:1-14

ഹെബ്ര 6:1-12

യോഹ. 4: 1-26.

കടുകോളം വിത്ത്, കടലോളം വിളവ്
- ഷാജു അച്ചിനിമാടൻ

'ചണ്ടാലഭിക്ഷുകി' എന്ന ആശാൻ കൃതി ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ഒരു സംഭാഷണഭാഗമാണ് ഇന്നത്തെ വചനഭാഗത്തിന്റെ ഉള്ളടക്കം. യേശുവും സമരിയാക്കാരിയും തമ്മിലുള്ള സംഭാഷണമാണ് പശ്ചാത്തലം.  അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒന്നാണെന്ന് ആശാന്റെ കൃതി സമർത്ഥിക്കുമ്പോൾ  സമരിയാക്കാരി, സംഭാഷണത്തിനൊടുവിൽ ധീര പ്രേഷിതയായി മാറുന്നതായി കാണാം!  ഒരു ദേശത്തെ മുഴുവൻ അവൾ ക്രിസ്തുവിലേക്ക് ആനയിച്ചു. കടുകോളം വിത്തിൽ നിന്നും കടലോളം വിളസമൃദ്ധി ഉണ്ടായി. 

സംഭാഷണങ്ങളിലൂടെ മഞ്ഞുരുകും

സർബത്ത് കടയിൽ ജോലിക്ക് വന്ന കൗമാരക്കാരൻ ആദ്യമായി ഉണ്ടാക്കിയ ഉപ്പുനാരങ്ങാ വെള്ളത്തിൽ ഉപ്പും പുളിയും അധികമായിപ്പോയി, എന്തു ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം പെട്ടെന്ന് വന്നു, കുറച്ചുകൂടി വെള്ളം ചേർത്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ! ഭൂതകാല ഇടർച്ചകളെ സഹാനുഭൂതിയോടെ സമീപിച്ച്, ഒന്ന് മിണ്ടിയും പറഞ്ഞും കുറച്ചുകൂടി സ്നേഹം പകർന്നപ്പോൾ ധീരയായ ഒരു പ്രേഷിത ഉദയം ചെയ്യുന്നതാണ് ഈ സുവിഷഭാഗത്തിന്റെ ഹൈലൈറ്റ്.  പലപ്പോഴും ഒന്ന് പരസ്പരം മിണ്ടിയാൽ അബദ്ധധാരണകളും അവ്യക്തതകളും അലിഞ്ഞില്ലാതാകും. ഗുരുശിഷ്യ സംഭാഷണങ്ങൾ വഴി അജ്ഞാനം അസ്തമിച്ച് ജ്ഞാനം ഉദയം ചെയ്യുന്നു, അലസിപ്പിരിഞ്ഞ എതിർചേരികൾ സംവാദത്തിലൂടെ സമവായം എത്തിപ്പിടിക്കുന്നു. ക്രിസ്തുവിനെ കണ്ടുമുട്ടിയ സമരിയാക്കാരി സ്ത്രീ സ്വയാവബോധത്തിലേക്കും ആരാധനയുടെ ആഴങ്ങളിലേക്കും ഊളിയിട്ട് മിശിഹായെ കണ്ടുമുട്ടുന്നതിനും, സംഭാഷണം പുരോഗമിക്കുന്ന മുറയ്ക്ക്   മാനസാന്തരപ്പെട്ട് ധീരപ്രേഷിതയായി വളരുന്നതിനും വഴിയൊരുങ്ങുന്നു.  അനുദിനജീവിതത്തിലെ ഉപ്പും പുളിയും ചവർപ്പുമൊക്കെ മാറാൻ കുറച്ചുകൂടി സ്നേഹിച്ചാൽ മതിയാകും!കടുക്മണിയോളമുള്ള വചനവിത്ത് സമൃദ്ധമായ വിളവ് നൽകുന്ന വിസ്മയമാണ് ഒരു വിശ്വാസി ഈ വചനഭാഗത്തുനിന്നും വായിച്ചെടുക്കുക. ദൈവവചനം നല്ല നിലത്തു വിതയ്ക്കപ്പെട്ടാൽ സമയത്തിന്റെ പൂർണതയിൽ നിശ്ചയമായും കടലോളം ഫലം പുറപ്പെടുവിക്കും.

 നിഷിദ്ധ വഴികളിലൂടെയുള്ള സഞ്ചാരം

കാലഹരണപ്പെട്ട പാരമ്പര്യവും, പൊള്ളയായ ആചാരങ്ങളും മുറുകെപ്പിടിക്കാൻ വെമ്പൽ കൊള്ളുന്ന ഉപരിതലവിശ്വാസികളോട്  ഗുരു ആഹ്വാനം ചെയ്യുന്നത്, ഒന്ന് വഴി മാറി സഞ്ചരിക്കാനാണ്. യേശുവും സമരിയാക്കാരിയും കണ്ടുമുട്ടുന്ന 'സിക്കാർ', സാധാരണഗതിയിൽ ഇരുവരും എത്തിച്ചേരേണ്ടിയിരുന്ന ഇടമല്ല, അവളുടെ നഗരം കുറേ അകലെയായിരുന്നുവെന്ന് വചനഭാഗത്തുനിന്ന് വ്യക്തം. യഹൂദർ നിശ്ചയമായും ബോധപൂർവം ഒഴിവാക്കുന്ന വഴിയാണ് യേശു തന്റെ യാത്രയ്ക്ക് തെരഞ്ഞെടുത്തത്. കൊടും ചൂടിൽ വെയിലേറ്റ് വാടിത്തളർന്ന് അവിടെ വെള്ളം കോരാൻ അവളും വരേണ്ടിയിരുന്നില്ല. ക്രിസ്തുവഴികൾ മനുഷ്യർക്ക് അഗ്രാഹ്യമെങ്കിലും അവന്റെ തെരഞ്ഞെടുപ്പുകൾ ഒരിക്കലും പിശകിയിട്ടില്ല. ക്ലേശ വഴികൾ താണ്ടി ശിഷ്യരെ തേടിത്തേടിയെത്തുന്ന മറ്റൊരു ഗുരുവിനെ നമുക്ക് പരിചയമില്ല!  മറ്റുള്ളവർക്ക് മുമ്പിൽ അവൾ ശക്തയോ ശ്രദ്ധാകേന്ദ്രമോ ‘സെലിബ്രിറ്റി’യോ അല്ല. യേശു അവളുമായി സംസാരിക്കുകയും ദൈവരാജ്യരഹസ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുമ്പോൾ "ശക്തർക്ക് നീ ആരുമല്ലെങ്കിലും, എനിക്ക് നീ വലുതാണ് " എന്ന് പറയാതെ പറയുന്നുണ്ട്. ദൈവതിരുമുമ്പിൽ നിസ്സാരരായ എല്ലാ മനുഷ്യരും ദൈവത്തെ വിളിക്കുകയോ ഓർക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്തപ്പോഴും അവർ അവിടുത്തെ സ്നേഹവലയത്തി ലായിരുന്നു എന്ന് തിരിച്ചറിയാം. വിശാലവഴികളെക്കാൾ ഇടുങ്ങിയവ ആശ്ലേഷിക്കാൻ നിർദ്ദേശിച്ചവൻ സമരിയാ വഴി തെരഞ്ഞെടുത്ത തിന്റെ ഉൾപ്പൊരുൾ വായനക്കാരൻ ഒടുവിൽ തിരിച്ചറിയുന്നുണ്ട്!  കിണറ്റിൻ കരയിലേക്കുള്ള അവളുടെ സഞ്ചാരം, തേടിനടന്നത് കണ്ടെത്താനും സ്വന്തമാക്കാനു മായിരുന്നു. അവളുടെ സ്വന്തം ദേശത്തുള്ള കിണറുകളൊക്കെ അവൾക്ക് വിലക്കപ്പെട്ടിരുന്നെങ്കിൽ, ഒരു വഴിയടഞ്ഞാൽ മറ്റനേകം വഴികൾ തുറന്നു കണ്ടെത്താൻ ഇറങ്ങി പുറപ്പെട്ടത് അവളുടെ ധീരതയാണ്. ജീവിതവഴികളിൽ തന്നെ ആട്ടിയോടിച്ചവരെ നേരിടാൻ കെൽപില്ലാതെയുള്ള പുറപ്പാടെങ്കിൽ ഒരു തരം ഒളിച്ചുകളിയാകാം. ഇടറിയവരൊക്കെ ദൈവവുമൊത്തുള്ള ഒളിച്ചുകളി ‘സാറ്റ് ‘ പറഞ്ഞ് അവസാനിപ്പിച്ച് ശിഷ്യപ്പെടുന്നതാണ് ക്ലൈമാക്സ്‌. കണ്ടുമുട്ടിയവരും സഹവസിച്ചവരുമൊന്നും അവളുടെ അന്വേഷണങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകാത്തതിനാൽ ആഴങ്ങൾ തേടി യാത്ര പുറപ്പെട്ടതാണോ? സാഫല്യം തേടിയുള്ള മനുഷ്യരുടെ അലച്ചിലുകളും അന്വേഷണങ്ങളും ചെന്നെത്തുന്നത് എല്ലാ ദാഹങ്ങളും ശമിപ്പിക്കുന്ന ദൈവതിരുമുമ്പിൽ തന്നെ! ഗുരുവിൽനിന്നും വഴിമാറി പോകാനോ ശ്രദ്ധ തിരിക്കാൻ പോലുമോ കഴിയാത്ത വിധം ആ പരാശക്തിയിൽ അവൾ ആകൃഷ്ടയായി. ഈശ്വരൻ ഈ ആകർഷണം തന്നിൽ നിക്ഷേപിച്ചിട്ടുള്ളത് തിരിച്ചറിയുന്നിടത്താണ് ഒരു സാധകന്റെ ആധ്യാത്മിക സഞ്ചാരം തുടങ്ങുന്നത്.   

 ജീവജലവും കിണറ്റിലെ വെള്ളവും

മനുഷ്യന് വിശപ്പും ദാഹവും ശമിപ്പിക്കാൻ അവന്റെ   മുമ്പിൽ എപ്പോഴും രണ്ടു വഴികൾ തുറക്കും;  ഇടുങ്ങിയതും വിശാലമായതും.  ഏത് തെരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ച് ഫലവും വ്യത്യസ്തമാ യിരിക്കും. ഗുരു തന്റെ ശിഷ്യരുടെ ജ്ഞാനം പരീക്ഷിക്കാൻ ഒഴിഞ്ഞ മുറികൾ നൽകി അവ നിറയ്ക്കാൻ നിർദ്ദേശിച്ച പ്രസിദ്ധമായ ഗുണപാഠകഥ ബോബിയച്ചൻ ഈ വചനഭാഗവുമായി ചേർത്തുവച്ചത് ഓർക്കുന്നു. വൈക്കോൽ വാങ്ങി തനിക്കു കിട്ടിയ മുറി കുത്തിനിറയ്ക്കാൻ ഒരുവൻ തത്രപ്പെടുന്നു. രണ്ടാമത്തെ ശിഷ്യൻ തനിക്ക് നൽകിയ മുറിയുടെ വാതിലും ജനലുകളും,  കാറ്റും വെളിച്ചവും നിർബാധം കടന്നുവരാൻ മലർക്കെ തുറന്നിടുന്നു. ഒരു ചന്ദനത്തിരി കത്തിച്ചുവച്ച് നാമജപം തുടങ്ങുന്ന ശിഷ്യൻ എല്ലാ ഇന്ദ്രിയങ്ങളെയും തഴുകിതലോടുന്ന സുഗന്ധവും സംഗീതവും കൊണ്ട് തന്റെ ഒഴിഞ്ഞ മുറി നിറയ്ക്കുകയാണ്. തന്നിൽ സത്യവും ആത്മാവും നിറയത്തക്കവിധം സമരിയാക്കാരി മിശിഹായ്ക്ക് മുമ്പിൽ തന്റെ ഹൃദയം തുറക്കുന്നു. മനുഷ്യരുടെ ശൂന്യതകൾ നിറയ്ക്കുന്നത് ഈ തെരഞ്ഞെടുപ്പ് വഴിയത്രേ! അധമവികാരങ്ങൾ കൊണ്ടോ ഉത്തമവിചാരങ്ങൾ കൊണ്ടോ  ഉള്ളം നിറയ്ക്കാം. ഈ സംഭാഷണത്തിലൂടെ ഗുരു നേരിട്ട് നൽകുന്ന സരള ലളിതമായ സന്ദേശങ്ങൾ ഹൃദിസ്ഥമാക്കാൻ  വിശ്വാസിയുടെ ആന്തരികത പാകപ്പെടണം. യാക്കോബിന്റെ കിണറിന് ശമിപ്പിക്കാൻ പറ്റാത്ത ദാഹം എല്ലാ മനുഷ്യരിലും ദൈവം നിക്ഷേപിച്ചിട്ടുണ്ടെന്ന് വ്യക്തം. പഴയ കിണറുകൾക്കൊന്നും മനുഷ്യന്റെ മോക്ഷപ്രാപ്തി സാധ്യമാക്കാൻ കെല്പ് പോരാ, സഭ നവീകരണത്തിന്റെ പാതയിൽ ബഹുദൂരം മുൻപോട്ടു പോയപ്പോഴും കാലഹരണപ്പെട്ട ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെപ്പിടിച്ച് പുറകോട്ട് സഞ്ചരിക്കുന്നത് നമ്മൾ നമ്മെത്തന്നെ പുതുക്കിപ്പണിയാൻ (update) മുതിരുന്നില്ല എന്ന് തന്നെയാണ് സ്പഷ്ടമാക്കുന്നത്. കിണറുകൾ വറ്റിപോകുമെന്നതിനാൽ വറ്റാത്ത ഉറവകൾ ക്കായുള്ള അന്വേഷണങ്ങളും സഞ്ചാരങ്ങളും പുറപ്പാടുകളും പുരോഗമിക്കട്ടെ. ക്രിസ്തുവിന്റെ ഹൃദയത്തിൽ നിന്നൊഴുകുന്ന സ്നേഹമാണ് അവളെ സ്വാധീനിക്കുന്നതും കീഴ്പ്പെടുത്തുന്നതും  വിമോചിപ്പിക്കുന്നതും. എല്ലാ വിലക്കുകളും ഭ്രഷ്ടുകളും കെട്ടുകളും കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞാണ് അവൾ ക്രിസ്തുവിന്റെ ധീരപ്രേഷിതത്വത്തിലേക്ക് ചേക്കേറുന്നത്. 

 ഭൂതകാല നൊമ്പരങ്ങൾ

ഭൂതകാലത്തിന്റെ കൈപ്പനുഭവങ്ങൾ ഓർക്കാൻ ആഗ്രഹിക്കാത്തവരാണ് മനുഷ്യരിലധികവും. തന്നോട് തന്നെ പൊറുക്കാൻ പറ്റാത്ത ദുർഭഗാവസ്ഥ പല മനുഷ്യർക്കുണ്ട്. എന്നാൽ കടന്നുപോയ സഹനവഴികൾ ഒരു ‘സ്പ്രിംഗ് ബോർഡ്‌’ പോലെ പ്രയോജനപ്പെട്ടവർ നിരവധിയാണ്. 'കമ്പിളികണ്ടത്തെ കൽഭരണികൾ' അടുത്ത കാലത്ത് ഏറ്റവുമധികം വായിക്കപ്പെട്ടപുസ്തകമാണ്. ഗ്രന്ഥകർത്താവ്  ബാബു എബ്രഹാം തന്റെ അതിജീവനത്തിന്റെ നാൾവഴികൾ ചിട്ടയോടെ വിവരിക്കുന്ന ഓർമ്മകുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കുറേപ്പേരെയെങ്കിലും വീണിടത്തുനിന്നും സട കുടഞ്ഞെഴുന്നേൽക്കാൻ ഈ പുസ്തകം പ്രേരിപ്പിക്കും. യേശു തന്റെ മുമ്പിൽ നിൽക്കുന്ന സ്ത്രീയുടെ ഭൂതകാലത്തിലേക്ക്  വളരെ സരളമായി വെളിച്ചം വീശുന്നുണ്ട്. അവളെ കുറ്റപ്പെടുത്താതെ അവളുടെ അഭിമാനത്തിന് ലവലേശം ക്ഷതമേൽപിക്കാതെ,  വിധിപ്രസ്താവത്തിന്റെ ലാഞ്ചനയില്ലാതെയാണ് അവളോട് സംസാരിക്കുന്നത്. തന്നെ വ്യക്തിപരമായി അറിയുന്ന ദിവ്യൻ, പ്രവാചകൻ എന്നൊക്കെ അവളെക്കൊണ്ട് ഗുരുവിനെപ്പറ്റി ചിന്തിപ്പിക്കുന്നതും അവൾ പ്രകാശിതയാകുന്നതിന്റെ സൂചനയാണ്. 

 പ്രത്യാശയുടെ പടവുകൾ

കൂടുതൽ മെച്ചപ്പെട്ട കാര്യങ്ങൾ സംഭവിക്കാനിരിക്കുന്നു എന്നതാണ് വചനഭാഗം നൽകുന്ന പ്രത്യാശ. ആരാധനയെന്നാൽ ജെറൂസലേം ദേവാലയത്തിൽ നടക്കുന്നത് മാത്രമല്ലെന്നും യഥാർത്ഥമായ ആരാധനയ്ക്ക് കാലവും ഇടവും വലിപ്പവുമല്ല പ്രധാനമെന്നും മുമ്പ് കാണാതെ ആരാധിച്ചെങ്കിൽ ഇനി നേർക്കുനേർ സത്യത്തിലും ആത്മാവിലും ആരാധിക്കുമെന്നും ഗുരു വ്യക്തമാക്കുന്നു. യേശു, പിതാവ് ഭരമേൽപിച്ച രക്ഷാകരദൗത്യം വഴി തന്നിലൂടെ മനുഷ്യർക്ക് ലഭിക്കാൻ പോകുന്ന വിമോചനവും സ്വാതന്ത്ര്യവുമാണ് അവൾക്ക് വെളിപ്പെടുത്തുന്നത്. ദേവാലയത്തിന്റെ തിരശ്ശീല നെടുകെ കീറുന്നത് വിമോചനത്തിന്റെ അടയാളമാണ്. കീറിയ ശീലയ്ക്കപ്പുറം വിശാലമായ ആകാശമാണ്. അതിരുകളും വിലക്കുകളും നിയമത്തിന്റെ നൂലാമാലകളും  വിവേചനങ്ങളുമില്ലാത്ത സ്വാതന്ത്രവും ലളിതവുമായ ആരാധന. അവിടെ സ്ഥലകാലങ്ങൾക്ക് പ്രസക്തിയില്ല. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയിൽ അവബോധം പ്രധാനമാണ്. ദൈവത്തെക്കുറിച്ച് അറിയാൻ വെമ്പൽ, പക്ഷേ ദൈവഛായ പേറുന്ന ചുറ്റുമുള്ള മനുഷ്യരുമായി ബന്ധമോ ഇഴയെടുപ്പമോ ഇല്ലാത്ത ഊഷരമായ ഒരു തണുപ്പൻ ആത്മീയത അവിടെ ചേരില്ല. സ്നേഹം തന്നെയായ ദൈവത്തിൽ വിശ്വസിക്കുന്നെന്ന് വീമ്പിളക്കുകയും എന്നാൽ സ്നേഹരഹിതമായ ജീവിതം നയിക്കുകയും ചെയ്യുന്ന മനുഷ്യർക്ക് അവരുടെ സ്നേഹത്തിന്റെ അപര്യാപ്തത മറയ്ക്കാൻ പ്രദർശനപരമായ മതാത്മകത പുലർത്തേണ്ടി വരുന്നു, ഇവിടെ ദാഹിക്കുന്ന ഒരാൾക്ക് വെള്ളം കൊടുക്കാൻ പോലും കഴിയാത്ത ഒരാൾ എങ്ങനെ ദൈവാരാധനയിൽ മുഴുകും എന്ന് ചിന്തിച്ചുപോകും. വ്യക്തമായ ജീവിത നിലപാടുകൾ ഇല്ലാത്തവർക്ക് യഥാർത്ഥ ആരാധന രുചിക്കില്ല. ജീവിതത്തിൽ നിഷ്കളങ്കത തിരികെ പിടിക്കാത്തവർക്ക് ദൈവവുമായി എത്ര കണ്ട് ഗാഢബന്ധം പുലർത്താൻ കഴിയും? വെള്ളം കിട്ടാൻ കിണർ അന്വേഷിച്ചവൾ ജീവജലത്തിന്റെ ഉറവ കണ്ടെത്തി സന്തോഷത്തോടെ മടങ്ങുമ്പോൾ ഇനി കിണറും വേണ്ട, കുടവും വേണ്ട എന്ന മട്ടിൽ തിരിച്ചു പോകുകയാണ്. ഉറവയിൽ നിന്ന് താൻ സ്വീകരിച്ചത് പകരുന്നതാണ് ഇനിയവളുടെ ആനന്ദം! പരിമിതമായ ചെറിയ കുടം  അവൾ മനഃപൂർവ്വം ഉപേക്ഷിക്കുകയാണ്. ഉറച്ച ബോധ്യത്തോടെ തിരിക്കുന്ന അവൾക്ക് ഇനി വിശ്രമമില്ല, ക്രിസ്തുവിന്റെ ധീര പ്രേഷിതയായി മാറുന്ന അവളുടെ ജീവിതം അർഥപൂർണ്ണമാകുകയാണ്. ജീവിതത്തിലെ നഷ്ടസന്തോഷങ്ങളുടെ വീണ്ടെടുപ്പ് കൂടിയാണ് ഗുരു വഴി അവൾ നേടുന്നത്. അവളുടെ ദേശത്ത് ചെല്ലുമ്പോൾ എന്തായിരിക്കും അവൾ ആദ്യം പറയുക? ഞാൻ മിശിഹായെ കണ്ടു എന്നായിരിക്കും. 

അവൾ ശക്തയാണ്:-

വിതയ്ക്കുമ്പോൾ തന്നെ കൊയ്ത്തിനു പാകമാകുന്ന ഇടമാണ് സ്ത്രീഹൃദയം. സമൂഹത്തിന്റെ അരികിലും ഇറമ്പിലും മാത്രം ഇടമുണ്ടായിരുന്നവൾ, ഏത് സമയവും ആക്രമിക്കപ്പെടാൻ സാധ്യതയുള്ളവൾ,  പുരുഷകേന്ദ്രീകൃതസമൂഹത്തിൽ എല്ലാ പ്രതികൂലങ്ങളെയും അതിജീവിച്ച് ഒരു ദേശത്തെ ക്രിസ്തുവിലേക്ക് നയിച്ചെങ്കിൽ സകല അനുകൂലഘടകങ്ങളും പക്കത്തുണ്ടായിട്ടും അവൾ നടന്ന വിമോചന വഴികളിലൂടെ സഞ്ചരിക്കാൻ ഇനിയും വിശ്വാസികൾ എത്ര കാലം കാക്കണം! തികഞ്ഞ അവബോധമുള്ള, വിശാലമായ, സ്നേഹസമ്പൂർണമായ, നിഷ്കളങ്കത നിറഞ്ഞ  സാധകരാകാൻ സമരിയാക്കാരി സ്ത്രീ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.   മുൻവിധി കൂടാതെ, മുനയുള്ള വാക്കുകൾ ഉരിയാടാതെ, വിധിക്കാതെ, വ്യവസ്ഥകളും ഉപാധികളും വയ്ക്കാതെ ദീനരെയും ബലഹീനരെയും സമീപിക്കാം, ആത്മാവിലും സത്യത്തിലുമുള്ള യഥാർത്ഥ ആരാധന നമ്മുടെ അസ്ഥിയ്ക്കു പിടിക്കട്ടെ! നമ്മിൽ ദൈവം നിക്ഷേപിച്ചിട്ടുള്ള കടുകോളം വിത്ത് കടലോളം വിളവ് നൽകട്ടെ!

Publisher: Fr Paul Kottackal (Sr)

Email: frpaulkottackal@gmail.com 

 *Homilieslaity.com*

ഷാജു അച്ചിനിമാടൻ

(സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമാണ് ലേഖകൻ)

നാല്‍പ്പത് മണി ദിവ്യകാരുണ്യ ആരാധന ശതാബ്ദി ആഘോഷം സമാപിച്ചു

കത്തോലിക്കാ വിദ്യാലയത്തില്‍ സരസ്വതി പൂജ നടത്തണമെന്ന ആവശ്യം ഉദ്യോഗസ്ഥര്‍ തടഞ്ഞു

വിശുദ്ധ ഫ്രാന്‍സിസ് സാലസ്  (1567-1622) : ജനുവരി 24

ഇന്ത്യയുടെ സ്വന്തം കാര്‍ലോ, ജെറിന്‍

മാരക ലഹരി യുവതലമുറയെ ഗുരുതരമായി ബാധിക്കുന്നു: അഡ്വ. മോന്‍സ് ജോസഫ്