തിരഞ്ഞെടുപ്പു ഫലം വന്നശേഷം തമിഴ്നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയം ഇത്രമാത്രം ഉദ്വേഗഭരിതമായ ചരിത്രമില്ല. തമിഴ്നാട്ടിൽ സി ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകം പാർട്ടി 108 സീറ്റോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരണം കയ്യാളാൻ വേണ്ടി 118 സീറ്റിലെത്താൻ നെട്ടോട്ടമോടിയതും അതിനിടയിൽ ഗവർണറും കൊച്ചുകൊച്ചു പാർട്ടികളും സൃഷ്ടിച്ച പ്രതിസന്ധികളും ഒരു സസ്പെൻസ് ത്രില്ലറിന്റെ ചേരുവകൾ ഉൾക്കൊള്ളുന്നതായിരുന്നു.
തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ കൃത്യമായ ആളുണ്ട്, വിജയ്. പക്ഷേ, പാർട്ടിക്ക് ഭൂരിപക്ഷമില്ല. കേരളത്തിൽ യു ഡി എഫ് മുന്നണിക്ക് വേണ്ടതിലേറെ ഭൂരിപക്ഷമുണ്ട്. പക്ഷേ, മുഖ്യമന്ത്രിയാകാനുള്ളത് ഒന്നിനു പകരം മൂന്നു പേർ. ഈ അവസ്ഥ സൃഷ്ടിച്ച നാടകീയ മുഹൂർത്തങ്ങൾ ഏറെയാണ്. തമിഴ്നാട്ടിലെ പ്രതിസന്ധി പല കക്ഷികൾക്കുള്ളിലെ കാര്യം. കേരളത്തിൽ ഒരു കക്ഷിക്കുള്ളിലെ പ്രശ്നം. ഇതാണോ ജനാധിപത്യം? അല്ല. വോട്ട് ചെയ്തതോടെ ജനങ്ങളുടെ ആധിപത്യം അവസാനിച്ചു. അതുകൊണ്ടാണ് ജനങ്ങൾക്ക് കാര്യം പറയാൻ തെരുവിൽ ഇറങ്ങേണ്ടി വരുന്നത്.
തമിഴ്നാട്ടിൽ ജനഹിതം വിജയ്ക്ക് അനുകൂലമായിട്ടും ഗവർണർക്ക് ബോധ്യമായില്ല. അദ്ദേഹം ഭൂരിപക്ഷം തനിക്കു ബോധ്യമാകുന്നതുപോലെ തെളിയിക്കാൻ ആവശ്യപ്പെട്ടു. ഇതു മറ്റു ചിലർക്ക് മന്ത്രിസഭ ഉണ്ടാക്കാൻ ആവശ്യമായ സമയം ലഭിക്കുന്നതിനുള്ള താമസിപ്പിക്കൽ തന്ത്രമാണെന്ന സംശയം ഉയർന്നതിൽ അദ്ഭുതമില്ല. കേന്ദ്രത്തിന്റെ തന്ത്രങ്ങൾ നടപ്പാക്കാനുള്ളവരാണല്ലോ ഇന്നു ഗവർണർമാർ.
കേരളത്തിൽ മുഖ്യമന്ത്രി പദം ലഭിക്കാത്ത നേതാവിന്റെ അതൃപ്തി മുതലാക്കാൻ ബി ജെ പി തുനിയുമെന്നുറപ്പ്.
നാലു ദിവസത്തിൽ നാലു തവണയാണ് വിജയ് ലോക്ഭവനത്തിലെത്തി ഗവർണറെ കണ്ടത്. ആദ്യം അഞ്ച് എം എൽ എ മാരുള്ള കോൺഗ്രസ് കൂടെച്ചേർന്നപ്പോൾ വിജയിന് 112 എം എൽ എ മാരുടെ പിന്തുണയായി. തമിഴക വെട്രി കഴകം 108 സീറ്റിൽ ജയിച്ചെങ്കിലും വിജയ് രണ്ടു സീറ്റിൽ മത്സരിച്ചു ജയിച്ചതിനാൽ ഫലത്തിൽ 107 എം എൽ എ മാരേയുള്ളൂ.
112 പേരുടെ പിന്തുണയുമായി വിജയ് വന്നപ്പോൾ ഗവർണർ വഴങ്ങിയില്ല. 118 പേരുടെ പിന്തുണ തെളിയിക്കൂ എന്നായി. രണ്ടു വീതം എം എൽ എ മാരുള്ള സി പി എം, സി പി ഐ പാർട്ടികൾ പിന്തുണച്ചപ്പോൾ 116 പേരുടെ പിന്തുണയായി. അതുമായി ചെന്നപ്പോഴും ഗവർണർ 118, 118 എന്നു ജപിച്ച് വിജയിനെ തിരിച്ചയച്ചു.
പിന്നീട് രണ്ട് എം എൽ എ മാരുള്ള മുസ്ലീം ലീഗ് പിന്തുണച്ചപ്പോൾ 118 എന്ന മാജിക് നമ്പറായി. ലീഗിന്റെ കത്ത് ലോക്ഭവനിലേക്ക് ഇ-മെയിൽ ചെല്ലുമെന്നു പറഞ്ഞെങ്കിലും വരാതിരുന്നതിനാൽ മൂന്നാമതു ചെന്നപ്പോഴും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തിരിച്ചയച്ചു. നാലാമതു സകല കത്തുകളും, അവ വ്യക്തമാക്കുന്ന 120 പേരുടെ പിന്തുണയും, പിന്തുണച്ച പാർട്ടികളുടെ നേതാക്കന്മാരുമായി മിനിജാഥയായി ചെന്നപ്പോൾ ഗവർണർക്കു ‘ബോധ്യമായി.’ പിന്നെ സത്യപ്രതിജ്ഞയും അധികാരമേല്ക്കലും. ഒരു സിനിമാ സീനിലെ ഡയലോഗ് ഡെലിവറി പോലെയായിരുന്നു വിജയിന്റെ സത്യപ്രതിജ്ഞ. ആ രംഗം ചാനലുകൾ ആവർത്തിച്ചു കാണിച്ചു. അതിനെല്ലാമപ്പുറം വിജയിന്റെ വിജയത്തെ ശ്രദ്ധേയമാക്കുന്ന ഒരു കാര്യം ആ പാർട്ടി നിരവധി ജനറൽ സീറ്റിൽ ദലിത് വിഭാഗക്കാരായ സ്ഥാനാർത്ഥികളെ നിർത്തി വിജയിപ്പിച്ചുവെന്നതാണ്. ദലിത് ഹിന്ദുക്കൾ, ദലിത് ക്രിസ്ത്യാനികൾ, സ്ത്രീകൾ, യുവജനങ്ങൾ, മത്സ്യത്തൊഴിലാളികൾ, നവയുവത എന്നിങ്ങനെ തമിഴ് രാഷ്ട്രീയത്തിൽ പിന്നാക്കം തള്ളപ്പെട്ടിരുന്നവരുടെ ഉദയമാണ് വിജയിന്റെ രാഷ്ട്രീയ വിജയത്തിലൂടെ സംഭവിച്ചിരിക്കുന്നത്. വിജയിന്റെ കുട്ടിപ്പട്ടാളത്തിനും അതിലൊരു പങ്കുണ്ട്. ഈ പുതുരാഷ്ട്രീയ പിറവിയെയാണ് ബി ജെ പി യും ദ്രാവിഡ കക്ഷികളും ഒരുപോലെ ഭയപ്പെടുന്നത്. വിജയിന്റെ വഴി മുടക്കാൻ അവർ പരമാവധി ശ്രമിച്ചത് അതുകൊണ്ടാണ്. വ്യാജ പിന്തുണക്കത്ത് ഉണ്ടാക്കിയെന്ന ആരോപണവും പൊലീസ് കേസും വരെ സൃഷ്ടിച്ചു.
കേരളത്തിൽ വി ഡി സതീശൻ മതേതരത്വത്തിന്റെ വിജയമാണ് യു ഡി എഫിന്റേതെന്നും അത് ഇന്ത്യയ്ക്കു മാതൃകയാണെന്നും പറഞ്ഞപ്പോൾ അതിനെ ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം മാത്രമായാണ് സി പി എം കണ്ടത്. ഈ നിലപാട് ബി ജെ പി യെയാണു തുണയ്ക്കുകയെന്നും ഭൂരിപക്ഷ ഏകീകരണത്തിനു കൂടുതൽ തന്ത്രങ്ങളോടെ അവർ പരിശ്രമിക്കുമെന്നും മറന്നു പോകരുത്. കേരളത്തിൽ വരും തിരഞ്ഞെടുപ്പുകളിൽ മതേതര വോട്ടുകൾ കൂടുതലായി ഏകീകരിക്കപ്പെട്ടാലേ യു ഡി എഫിനു രക്ഷയുള്ളൂ. ഇതു കൃത്യമായി മനസ്സിലാക്കിയവരാണ് മുസ്ലീം ലീഗും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും.
മതേതര കേരളമെന്ന നരേറ്റീവിന് ഏറ്റവും വിശ്വാസ്യത നല്കിയത് സാദിഖലി തങ്ങളുടെ ചിരിക്കുന്ന മുഖവും ലീഗിന്റെ സമീപനത്തിലെ മാറ്റം വിളിച്ചോതിയ തീരുമാനങ്ങളുമാണ്. കോൺഗ്രസിലെ വി എസ് ജോയി മുസ്ലീം ഭൂരിപക്ഷ പ്രദേശമായ തവനൂരിലും സന്ദീപ് വാര്യർ തൃക്കരിപ്പൂരിലും ജയിച്ചത് തങ്ങളുടേയും ലീഗിന്റെയും പൂർണ്ണമനസ്സോടെയുള്ള പിന്തുണ കൊണ്ടാണ്.
ടീം യു ഡി എഫ് എന്നു സതീശനൊപ്പം ലീഗ് നേതാക്കളും ആവർത്തിച്ചത് പരസ്പര ധാരണയുടെ പശ്ചാത്തലത്തിലാണ്. ആ സ്നേഹ വിശ്വാസത്തിന്റെ തുടർച്ച ഉണ്ടാകണ മെന്ന ആഗ്രഹത്തിലാവണം മുഖ്യമന്ത്രി സ്ഥാനത്തേക്കു ലീഗ് പിന്തുണയ്ക്കുന്നതു സതീശനെയാ ണെന്നു സാദിഖലി തങ്ങൾ പറഞ്ഞത്. മുഖ്യമന്ത്രി എന്നതു യു ഡി എഫിന്റെ മൊത്തം നേതാവാണ്, കോൺഗ്ര സ്സിലെ എം എൽ എ മാരുടെ മാത്രമല്ല. അവിടെയാണു മാത്യു കുഴൽനാടനു തെറ്റിയത്.
മതേതര കേരളം ഇനി മുന്നോട്ടു വയ്ക്കേണ്ട രാഷ്ട്രീയം കേരളത്തിൽ ബി ജെ പി യെ സർവശക്തിയോടും പ്രതിരോധിക്കുന്നതാകണം. തമിഴ് നാട്ടിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ലീഗും വിജയിന്റെ പാർട്ടിയെ പിന്തുണച്ചത് ബി ജെ പി യുടെ നുഴഞ്ഞു കയറ്റം തടുക്കാനാണ്. ഒരു പുതിയ രാഷ്ട്രീയത്തിന്റെ തുടക്ക മെന്നാണ് രാഹുൽഗാന്ധി വിജയിന്റെ പാർട്ടിയുടെ വിജയത്തെ വിശേഷിപ്പിച്ചത്.
വിജയ് 2009-ൽ കോൺഗ്രസിൽ ചേരാൻ രാഹുൽഗാന്ധിയെ സമീപി ച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയാകാനാണ് രാഹുൽ നിർദേശിച്ചത്. പിന്നീട് വിജയ് ആ നീക്കവുമായി മുന്നോട്ടുപോയില്ല. വിജയിനോടൊപ്പം സത്യപ്രതിജ്ഞാ വേദിയിൽ ഇരിക്കുമ്പോൾ രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്ന കാര്യം രാഹുൽ ഗാന്ധിയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവും. ഇന്നും രാഷ്ട്രീയ കല മനസ്സിലാകാത്ത നേതാവാണ് രാഹുൽഗാന്ധി.
വിജയ് ഇലക്ഷനിൽ സഖ്യകക്ഷിയാകാൻ കോൺഗ്രസിനെ ക്ഷണിച്ചതാണ്. ജനവികാരത്തിന്റെ ചൂട് അളക്കാനുള്ള തെർമോമീറ്റർ രാഹുലിനും അദ്ദേഹത്തിന്റെ ഉപദേശകർക്കും ഇല്ലാതെപോയി.
തങ്ങൾ മതേതര വാദികളാണെന്നു കാണിക്കാൻ മുസ്ലീം ലീഗ് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ യു ഡി എഫ് ഭരണത്തിൽ ലീഗിന്റെ ഭരണമാവും നടക്കുകയെന്ന പുരാതനമായ ആരോപണത്തെ ചെറുക്കാനുള്ള ബോധപൂർവമായ ശ്രമവും അവർ ഇലക്ഷനു മുമ്പും ശേഷവും നടത്തുന്നുണ്ട്. ലീഗ് ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞത് അതുകൊണ്ടാണ്. അർഹതയുണ്ട് പക്ഷേ, ആവശ്യപ്പെടില്ല.
മുസ്ലീം സമൂഹത്തെയും ക്രിസ്ത്യൻ സമൂ ഹത്തെയും ഒരുപോലെ യു ഡി എഫിനോട് ചേർത്തു നിർത്താൻ സതീശനു കഴിഞ്ഞു. അതുകൊണ്ടാണ് തിളക്കമാർന്ന വിജയ ത്തിന്റെ പ്രധാന ശില്പിയായി സതീശനെ കാണേണ്ടി വരുന്നത്. സീറോ മലബാർ സിനഡിൽ ബിഷപ്പുമാരെ കാണാൻ സതീശൻ വന്നതും, ക്രൈസ്തവ സംഘടന കളുടെ യോഗങ്ങളിൽ ബൈബിളിനെ ആധാരമാക്കി പ്രസംഗിക്കുന്നതും, ദിവസവും ബൈബിളിലെ ഒരധ്യായം താൻ വായിക്കുമെന്നു വെളിപ്പെടുത്തുന്നതും ക്രൈസ്തവ സമൂഹം കാണാതെ പോകുന്നില്ല. മുസ്ലീം ലീഗിന് അതിൽ അസഹിഷ്ണുതയില്ല. ഉള്ളത് മറ്റു ചിലർക്കാണ്. കേരളത്തിന് അനിവാര്യമായ മതേതര ജീവിതത്തിനു തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നത് അത്തരക്കാരാണ്. അവർ അപകടകാരികളാണ്. ഇന്ത്യയിൽ കോൺഗ്രസ്സിന്റെ ഓരോ ചലനവും പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ ശ്രദ്ധിക്കുന്നുണ്ട്. ഒരാൾക്ക് ഒരു വർഷം വീതം കേരളത്തിൽ അഞ്ച് മുഖ്യമന്ത്രിമാർ ഭരിക്കട്ടേയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കളിയാക്കിയത് ഹൈക്കമാന്റിന്റെ നെഞ്ചിൽ തട്ടേണ്ടതാണ്.
സതീശന്റെ പ്രവർത്തനശൈലിയിൽ ഏകാധിപത്യ പ്രവണതയുണ്ടെന്നതാണ് ഭൂരിപക്ഷം എം എൽ എ മാരെയും അകറ്റി നിർത്തുന്നതെന്നാണ് കോൺഗ്രസിന്റെ അകത്തളങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. 2016-ലും 2021-ലും പിണറായി ചെയ്തതാണ് 2026-ൽ താൻ ചെയ്തതെന്ന് ഏഷ്യാനെറ്റിൽ ഒരു അഭിമുഖ സംഭാഷണത്തിൽ സതീശൻ പറയുകയുണ്ടായി. പിണറായി റോൾ മോഡലായാൽ അപകടം തന്നെയാണ്.
കേരളത്തിൽ മുഖ്യമന്ത്രി പദം ലഭിക്കാത്ത നേതാവിന്റെ അതൃപ്തി മുതലാക്കാൻ ബി ജെ പി തുനിയുമെന്നുറപ്പ്. വർഷങ്ങൾ കഴിഞ്ഞ് യാഥാർഥ്യമാക്കാനുള്ള കാര്യങ്ങളിൽ ഇന്നേ തന്ത്രം മെനയുന്നവരാണവർ. ഇപ്പുറത്ത് കോൺഗ്രസ് നേതാക്കൾക്ക് ദീർഘദൃഷ്ടി കുറവാണ്. ഹ്രസ്വദൃഷ്ടിയുടെ പ്രശ്നങ്ങൾ ഏറെയുണ്ടുതാനും.
വിജയ് ഇലക്ഷനിൽ സഖ്യകക്ഷിയാകാൻ കോൺഗ്രസിനെ ക്ഷണിച്ചതാണ്. ജനവികാരത്തിന്റെ ചൂട് അളക്കാനുള്ള തെർമോമീറ്റർ രാഹുലിനും അദ്ദേഹത്തിന്റെ ഉപദേശകർക്കും ഇല്ലാതെപോയി. അതുകൊണ്ട് അവർ ഡി എം കെ യുടെ തണൽ പറ്റി നിന്നു. ഫലം വന്നപ്പോൾ ബ്രേക്ക് ഡൗൺ ആയ ബസിൽ നിന്ന് ചാടിയിറങ്ങിയ രാഹുൽ വിജയിന്റെ ഓടുന്ന ബസിൽ ചാടിക്കയറി. ഡി എം കെ യെ പിന്നിൽ നിന്നു കുത്തിയെന്ന ആരോപണത്തിന് അതുകാരണമായി. മുൻപ് മുന്നണി മാറിയിരുന്നെങ്കിൽ ഈ പേരുദോഷം ഉണ്ടാകില്ലായിരുന്നു. അതിനു ഭാവനാപൂർണ്ണമായ ധീരത വേണം.
കോൺഗ്രസ് കാണിക്കുന്ന മണ്ടത്തരങ്ങൾ ബി ജെ പിക്കു ഗുണമാകുന്നതാണ് ചരിത്രം. ആ ചരിത്രം കേരളത്തിലും ആവർത്തിക്കുമോ?