

“ബ്രാഹ്മണോ മമ ദൈവതം” എന്ന വരിയിൽ അവസാനിക്കുന്ന ശ്ലോകം വളരെ പ്രസിദ്ധമോ കുപ്രസിദ്ധമോ ആണ്. “ദൈവം മന്ത്രാധികാരത്തിന് കീഴ്പ്പെട്ടതാണ്; മന്ത്രാധികാരം ബ്രാഹ്മണന് കീഴ്പ്പെട്ട താണ്; അതുകൊണ്ട് ദൈവം ബ്രാഹ്മണന് കീഴ്പ്പെട്ടതാണ്; അതുകൊണ്ട് ആ ബ്രാഹ്മണൻ എന്റെ ദൈവമാണ്.” ഇതാണ് ഈ ശ്ലോകത്തിന്റെ പൂർണ്ണരൂപം. “ബ്രാഹ്മണോ മമ ദൈവതം” എന്ന ഈ ശ്ലോകം വായിച്ചിട്ട് ഒരു ഭട്ടതിരി ഇപ്രകാരം എഴുതി: “ഈ ശ്ലോകം എഴുതിയ ആൾക്ക് ഏതോ ഒരു നമ്പൂതിരി മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം ഉണ്ട്.” ഇങ്ങനെ പറഞ്ഞത് മറ്റാരുമല്ല, തന്നെക്കാൾ പ്രായത്തിൽ വളരെ ഇളയതായിരുന്ന ഒരു തീയ്യാടി പെൺകുട്ടിയുടെ അടുക്കൽ നിന്ന് അക്ഷരം പഠിച്ച് നവോത്ഥാന നായകനായ സാക്ഷാൽ വി. ടി. ഭട്ടതിരിപ്പാട്!
പുരാതനനും സവർണനുമാകാ നുള്ള ആഗ്രഹത്തിന്റെ മേലങ്കി ധരിച്ച ജാതിചിന്ത കേരളത്തിൽ പരക്കെ വളരുകയാണ് എന്ന തിരിച്ചറിവിലാണ് ഇത്രയും ആമുഖ മായി എഴുതിയത്. അടുത്തകാല ത്തായി കേരളത്തിലെ ചില ക്രൈസ്തവരുടെ ഇടയിലും ഈ പുരാതനഭ്രമവും പാരമ്പര്യ “വാത”വും പടരുന്നുണ്ട്. മാട്രിമോണിയൽ സൈറ്റുകളിലും കുടുംബ ചരിത്രരചനങ്ങളിലും സ്ഥിരമായി കാണുന്ന ഒരു പദപ്രയോഗമാണ് പുരാതന ക്രിസ്ത്യൻ തറവാട് എന്നുള്ളത്. അല്പം സമ്പത്തൊക്കെ ആയിക്കഴി യുമ്പോൾ പിന്നെ കാശുകൊടുത്ത് കുടുംബചരിത്രം എഴുതിക്കുന്ന പ്രാഞ്ചിയേട്ടൻമാർ “അരമണിക്കൂർ നേരത്തെതന്നെ” പുരാതനനാകാ നുള്ള പുറപ്പാടിലാണ്. AD 52ൽ തുടങ്ങുന്ന കുടുംബ ചരിത്രം ഒറ്റച്ചാട്ടത്തിന് ഇരുപതാം നൂറ്റാണ്ടി ലെത്തുന്ന വിസ്മയമാണ് കാശു കൊടുത്തെഴുതിക്കുന്ന ഇത്തരം ഭാവനാ ചരിത്രങ്ങളിൽ ഉള്ളത്.
ലഡാക്കിലെ പഴയ പട്ടാളക്കാരെ പ്പോലെ ചായക്കടയിൽ ഇരുന്ന് പുരാതനത്വത്തിന്റെ ബഡായി വിളമ്പുന്ന ഇവർ സവർണ്ണ മേധാവിത്വത്തിന്റെ മേൽമുണ്ട് പുതച്ചോട്ടെ; പക്ഷേ, എന്തിനാണ് ക്രിസ്തുമതത്തിലേക്ക് പിന്നീട് വന്നവരെ മാർഗവാസി, പുതുക്രിസ്ത്യാനി എന്നൊക്കെ പറഞ്ഞ് അപഹസിച്ച് ചെറുതാക്കുന്നത്? “യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ അടിമയെന്നോ സ്വതന്ത്രനെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല, നിങ്ങൾ എല്ലാവരും യേശുക്രിസ്തുവിൽ ഒന്നാണ്” (ഗലാത്തിയ 3:28) എന്ന് പഠിപ്പിക്കുന്ന ക്രിസ്തുമതത്തിൽ മൂപ്പിളമ തർക്കങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്? മൂലമറ്റത്ത് നിന്ന് നേരിട്ട് കറന്റ് കിട്ടുന്നുവെന്ന് അവകാശപ്പെടുന്ന ചില സ്വയം പ്രഖ്യാപിത ആഡ്യൻമാരുടെ ഈ വരേണ്യവാദത്തെ റീത്തിന്റെയോ സമുദായത്തിന്റെയോ മേൽമുണ്ട് പുതപ്പിക്കാനുള്ള പ്രവണത ഒട്ടും തന്നെ ക്രിസ്തീയമല്ല.
തന്റെ മുന്തിരിത്തോട്ടത്തിൽ ജോലിക്ക് വരുന്നവർക്ക് ഒന്നാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും ഒരേ ദനാറ പ്രതിഫലം നൽകുന്നവൻ സ്ഥാപിച്ച സഭയാണിത്. ഈ സഭയിൽ ആദ്യം മാർഗംകൂടിയവർക്ക് പ്രത്യേക മഹത്വമോ, വൈകി ചേർന്നവർക്ക് എന്തെങ്കിലും കുറവോ ഇല്ല. മഹിമ കൂടുതലെന്ന് അവകാശപ്പെടുന്ന മത്തായിയും മഹിമ കുറവെന്ന് അപഹസിക്കപ്പെടുന്ന യാക്കോബും മാത്രമല്ലാ മാർഗം കൂടിയത്; എല്ലാവരും കൂടിയത്, വഴിയും സത്യവും മാർഗ്ഗവുമായ ക്രിസ്തുവിന്റെ മാർഗമാണ്.
പൊയ്കയിൽ അപ്പച്ചൻ കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പൂർവാശ്രമത്തിലെ പേര് കുമാരു എന്നായിരുന്നു. പറയ സമുദായത്തിൽ ജനിച്ച കുമാരു ഭൗതികവും ആത്മീയവുമായ രക്ഷ തേടിയാണ് മാർത്തോമാ സഭയിൽ ചേർന്നത്. കുറഞ്ഞ കാലം കൊണ്ടുതന്നെ പേരെടുത്ത സുവിശേഷ പ്രഘോഷകനായിട്ടും അദ്ദേഹത്തിന് മനസ്സിലായി, ജാതി എന്നത് പ്രവർത്തിക്കുന്നത് അബോധ തലത്തിലാണ് എന്ന്. മതം മാറിയത് കൊണ്ട് മാത്രം ജാതി മാറില്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് വേദനാജനകമായിരുന്നു. അപമാനങ്ങൾ ഏറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട തന്റെ “ജാതിശരീര”ത്തിൽ നിന്ന് അവകാശങ്ങളുള്ള “പൗരശരീര”ത്തിലേക്ക് കടക്കാൻ പറ്റാതെ വന്നപ്പോൾ പൊയ്കയിൽ അപ്പച്ചൻ പ്രതിഷേധിച്ചത് ബൈബിൾ കത്തിച്ചു കൊണ്ടാണ്. ഏതു ബൈബിൾ? അടിമയായിരുന്ന ഒനേസിമൂസിനെ സഹോദരനായി കാണണം എന്ന് ധനികനായ ഫിലെമോനോട് പറഞ്ഞ പൗലോസ് ശ്ലീഹായുടെ വചനങ്ങൾ അടങ്ങിയ ബൈബിൾ! അന്നും ഇന്നും ബൈബിളിനൊരു കുഴപ്പവും ഇല്ല, നൂറ്റാണ്ടുകൾ ബൈബിൾ വായിച്ചിട്ടും അതിലെ നീതിബോധം മനസിലാകാത്തവർ ഇന്നും സഭയിൽ ഉണ്ട് എന്നതാണ് കുഴപ്പം.
പ്രത്യക്ഷ രക്ഷാ ദൈവ സഭ (PRDS) എന്ന പുതിയ പ്രസ്ഥാനം രൂപീകരിച്ച പൊയ്കയിൽ അപ്പച്ചൻ പിന്നീട് പൊയ്കയിൽ യോഹന്നാൻ, പൊയ്കയിൽ കുമാരഗുരുദേവൻ എന്നൊക്കെ അറിയപ്പെട്ടു. ചിലരൊക്കെ മനുസ്മൃതി കത്തിച്ച അംബേദ്കറോട് അദ്ദേഹത്തെ താരതമ്യം ചെയ്യാറുണ്ട്. ഞാൻ ബ്രാഹ്മണ ശിവനെയല്ല, ഈഴവ ശിവനെയാണ് അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ ഗുരുവും കലഹിച്ചത് ഇത്തരം ജാതിക്കോമരങ്ങൾക്കെതിരെ ആയിരുന്നു.
ഇന്നും പൊയ്കയിൽ അപ്പച്ചൻമാർ സഭയുടെ ഉള്ളിൽ സമത്വ ബോധത്തിന്റെ ബെഞ്ച് വലിച്ചിട്ട് ഇരിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഭൂമുഖത്തെ നവീകരിക്കുന്ന ആത്മാവിന്റെ വെളിച്ചം കൊണ്ട് ബോധതലത്തെ നവീകരിക്കാത്ത പുരാതനന്മാർ എല്ലാക്കാലത്തും ഉണ്ട്. അവർ ഇപ്പോഴും “ബ്രാഹ്മണോ മമ ദൈവതം” എന്നെഴുതുന്ന മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റവുമായി ക്രിസ്തുമാർഗത്തിലേക്ക് വന്നവരുടെയും വരാൻ ആഗ്രഹിക്കുന്നവരുടെയും ജീവിതത്തെ ദുസഹമാക്കുന്നുണ്ട്. ഈ സ്വയം പ്രഖ്യാപിത ആഡ്യൻമാർ വിദേശത്തേക്ക് എത്തുമ്പോൾ ജാതിയും റീത്തൊന്നും ഒരു പ്രശ്നമേയല്ല എന്നിടത്താണ് വൈരുദ്ധ്യം. അതേ, അരിയെറിഞ്ഞാൽ ആയിരം കാക്ക, പണമെറിഞ്ഞാൽ പതിനായിരവും!
പുരാതന ക്രിസ്ത്യൻ തറവാടെന്ന് പറഞ്ഞ് മിഥ്യാഭിമാനം കൊള്ളുന്നവരും “പുതുക്രിസ്ത്യാനി” എന്ന് പറഞ്ഞ് മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നവർ ഈ ദുഖ്റാന തിരുന്നാളിൽ എങ്കിലും ഓർക്കുക: തന്റെ മുന്തിരിത്തോട്ടത്തിൽ ജോലിക്ക് വരുന്നവർക്ക് ഒന്നാം മണിക്കൂറിലും പതിനൊന്നാം മണിക്കൂറിലും ഒരേ ദനാറ പ്രതിഫലം നൽകുന്നവൻ സ്ഥാപിച്ച സഭയാണിത്. ഈ സഭയിൽ ആദ്യം മാർഗംകൂടിയവർക്ക് പ്രത്യേക മഹത്വമോ, വൈകി ചേർന്നവർക്ക് എന്തെങ്കിലും കുറവോ ഇല്ല. മഹിമ കൂടുതലെന്ന് അവകാശപ്പെടുന്ന മത്തായിയും മഹിമ കുറവെന്ന് അപഹസിക്കപ്പെടുന്ന യാക്കോബും മാത്രമല്ലാ മാർഗം കൂടിയത്; എല്ലാവരും കൂടിയത്, വഴിയും സത്യവും മാർഗ്ഗവുമായ ക്രിസ്തുവിന്റെ മാർഗമാണ്. അതിനാൽത്തന്നെ, എല്ലാവർക്കും മാർഗംകളിയിൽ പങ്കുചേരാൻ അവകാശമുണ്ട്. അങ്ങനെയെങ്കിൽ, മിഥ്യാഭിമാനം തുന്നിയിട്ട “പുരാതനകുപ്പായം” ഊരിയിട്ട്, സമഭാവനയുടെ മാർഗ്ഗം കളി തുടങ്ങിയാലോ? “തച്ചന്റെ മകനെന്ന്” വിളിപ്പേരു ള്ളവന്റെ വിയർപ്പ് തുന്നിയിട്ട മനുഷ്യ കുപ്പായവും ധരിച്ച്!
പിൻകുറിപ്പ്!
ചണ്ഡാള രൂപത്തിലെത്തിയ ഭഗവാനോട് വഴിമാറാൻ ആവശ്യപ്പെട്ട ശങ്കരനോട് ഭഗവാൻ പറഞ്ഞു:
“നാങ്കളെ കൊത്തിയാലും ഒന്നല്ലോ ചോര!
നീങ്കളെ കൊത്തിയാലും ഒന്നല്ലോ ചോര!
നാങ്കടെ കുപ്പേലെ പൂവല്ലോ
നീങ്കടെ ദേവനു പൂജ.”
ഈ വെളിപാടിന് ശേഷമാണ് ശങ്കരൻ, അദ്വൈതിയായ “ശങ്കരാചാര്യർ” ആയത്!