

യു. എം. റാഫേൽ
സാക്ഷിക്കൂട്ടിലേക്ക് കയറുമ്പോൾ സർക്കാർ വക്കീൽ പറഞ്ഞു. നിൽക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഇരുന്നിട്ടു പറഞ്ഞാലും മതി. കോടതി ശിപായി കിട്ടുന്നിടത്തുനിന്നു കസേര എടുത്തു കൊണ്ടുവന്നു.
സത്യത്തിൽ നല്ല ക്ഷീണം ഉണ്ടായിരുന്നു. ഇത്ര നേരവും കോടതി വരാന്തയിൽ വാദികളുടേയും പ്രതികളുടേയും പിന്നെ പൊലീസിന്റേയും ഉന്തും തള്ളും സഹിച്ചു കേസു വിളിക്കുന്നതും കാത്തു ചെവി കൂർപ്പിച്ചു നില്പായിരുന്നു.
കാലത്തു പത്തര മണിക്കു കോടതി വരാന്തയിൽ വന്ന നില്പാണ്. ഇപ്പോൾ സമയം പന്ത്രണ്ടര കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് സാക്ഷിക്കൂട്ടിൽ ഇരുന്നപ്പോൾ വല്ലാത്ത ആശ്വാസം തോന്നി.
പിന്നീടാണ് ബഞ്ച് ക്ലാർക്ക് സത്യപ്രതിജ്ഞ ചെയ്യിച്ചത്. കോടതി മുമ്പാകെ സത്യം ബോധിപ്പിച്ചു കൊള്ളാം. ദൈവം സാക്ഷി... സിനിമകളിൽ കാണുന്നതുപോലെ തടിച്ച പുസ്തകവും നീതിദേവതയുടെ കണ്ണ് കെട്ടിയ പ്രതിമയും മജിസ്ട്രേറ്റിനു മുന്നിൽ കൊട്ടാൻ ചുറ്റികയുമില്ല.
എന്നാൽ തുടങ്ങുകയല്ലെ എന്ന മട്ടിൽ സർക്കാർ വക്കീൽ ഒന്നു നോക്കി. എന്നിട്ട് ഉത്തരം വായിച്ചു വച്ചു തരുന്ന രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു. രണ്ടായിരത്തി പതിനെട്ടാമാണ്ട് ജൂലായ് മാസം ഇരുപത്തിരണ്ടാം തീയതി കാലത്ത് ഉദ്ദേശം പത്തു മണിയോടെ ഞാൻ മരുമകളോട് കഞ്ഞി ആയോ എന്ന് ചോദിച്ചു. അപ്പോൾ മരുമകൾ തനിക്കു കഞ്ഞി ഉണ്ടാക്കിതരലല്ല എന്റെ പണി എന്ന് പറഞ്ഞു തിളച്ച വെള്ളമെടുത്തു പാത്രത്തോടെ മുഖത്തേക്കൊഴിച്ചു.
അതു ദേഹത്തു വീണോ ?
ഉവ്വ്.
പൊള്ളിയോ ?
ഉവ്വ്.
വേദനിച്ചോ
ഉവ്വ്.
എന്നിട്ടെന്തുണ്ടായി ?
എന്റെ കരച്ചിൽ കേട്ട് മകൻ ഓടി വന്നു. അപ്പോൾ മരുമകൾ ഉറക്കെ കരഞ്ഞു. നിങ്ങളുടെ തന്ത എന്നെ ചീത്തവിളിച്ചു എന്നു പറഞ്ഞു. കേട്ടതു പാതി കേൾക്കാത്തതു പാതി മകൻ ഓടി വന്നു മുഖത്ത് ആഞ്ഞടിച്ചു. എന്നിട്ടും അരിശം തീരാഞ്ഞു കുടവയറിൽ കാലുകൊണ്ടു തൊഴിച്ചു.
കോടതി മുറിയിൽ കലപില കൂട്ടിയിരുന്ന വക്കീൽമാരും ഗുമസ്ഥന്മാരും നിശ്ശബ്ദരായി. ഡയസ്സിൽ ഇരിക്കുന്ന മജിസ്ട്രേറ്റിന്റെ മുഖം ഇരുണ്ടു. പുറത്തെ വരാന്തയിലിരുന്ന ആളുകൾ ജിറാഫിനേപ്പോലെ അകത്തേക്ക് കഴുത്തു നീട്ടി.
സർവ്വത്ര നിശ്ശബ്ദം. ഫാനിന്റെ കറക്കം മാത്രമൊരു ശബ്ദം.
എന്നിട്ടു നിങ്ങൾ എന്തു ചെയ്തു ?
എന്റെ കരച്ചിൽ കേട്ടു അയൽവക്കത്തുള്ള കൊച്ചുത്രേസ്യ ഓടി വന്നു. അവരാണെന്നെ താങ്ങിപ്പിടിച്ചു ആശുപത്രിയിൽ കൊണ്ടാക്കിയത്. മൂന്നു ദിവസം ആശുപത്രിയിൽ കിടന്നു. പിന്നെ ഞാൻ വീട്ടിൽ പോയിട്ടില്ല. ഇപ്പോഴൊരു അനാഥാലയത്തിലാണ്. അറിയാതെ തൊണ്ട ഇടറിപ്പോയി.
“വെള്ളം കുടിക്കണോ?”
“കുറച്ചു കിട്ടിയാൽ നന്നായി...”
അല്പ സമയത്തിനകം വെള്ളം വന്നു.
നിശ്ശബ്ദതയ്ക്കു കനംവച്ചു. പ്രതിക്കൂട്ടിലേക്ക് പല കണ്ണുകളും നീണ്ടു.
മൂപ്പതുകളുടെ അന്ത്യത്തിൽ നില്ക്കുന്നൊരു യുവതി. അല്പം നരകയറി തുടങ്ങിയ നാല്പതുകാരൻ. പ്രതിക്കൂട്ടിൽ ഇരുവരും നിന്നു വിയർത്തു.
സർക്കാർ വക്കീലിന്റെ ചോദ്യം അവസാനിപ്പിച്ചപ്പോൾ പ്രതിഭാഗം വക്കീൽ ചാടി എഴുന്നേറ്റു. എതിർ വിസ്താരം ആരംഭിച്ചു.
നിങ്ങൾ എന്നും മരുമകളുമായി നിസ്സാര കാര്യങ്ങളെപ്പറ്റി വഴക്കുണ്ടാക്കാറുണ്ടെന്നു പറയുന്നു.
ഇല്ല.
മകൻ പലതവണ നിങ്ങളെ വാൺ ചെയ്തിട്ടുണ്ടെന്നു പറയുന്നു.
ശരിയല്ല.
മരുമകളോട് അശ്ലീലചുവയോടെയാണ് നിങ്ങൾ പെരുമാറാറുള്ളതെന്നു പറയുന്നുണ്ടല്ലോ.
സർക്കാർ വക്കീൽ അതു പ്രത്യേകം പഠിപ്പിച്ചിരുന്നതിനാൽ ചോദ്യം കേട്ടപ്പോൾ വിഷമം തോന്നിയില്ല. പിന്നെയും ചോദ്യങ്ങൾ. ആരോപണങ്ങൾ...
നുണ പറയേണ്ട കാര്യമില്ലാത്ത തിനാൽ എല്ലാറ്റിനും സ്വഭാവികമായി മറുപടി കൊടുത്തു.
ചോദ്യോത്തര ബഹളം കഴിഞ്ഞ പ്പോൾ സാക്ഷിക്കൂട്ടിൽ നിന്നിറങ്ങി. കോടതിയോട് കുറേ കാര്യങ്ങൾകൂടി പറയണമെന്നുണ്ടായിരുന്നു. അതിനൊന്നും അവസരം ലഭിച്ചില്ല. ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതായിരുന്നു കുടുംബം. മൂത്തതു രണ്ടും പെൺകുട്ടികൾ ഇവൻ ഇളയതും. മക്കളെ പഠിപ്പിക്കാനും കെട്ടിച്ചയക്കാനുമായി നെട്ടോട്ടത്തി ലായിരുന്നു. മക്കളെ വളർത്താനോ സ്നേഹിക്കാനോ സമയം കിട്ടിയില്ല. അവർക്കുവേണ്ടി പണമുണ്ടാക്കാനേ നോക്കിയുള്ളൂ. അവരുടെ കളിയിലോ ചിരിയിലോ പങ്കെടുത്തില്ല. ജന്മദിന ങ്ങളിൽ കേക്കു മുറിക്കുകയോ പരീക്ഷകളിൽ ജയിച്ചു വരുമ്പോൾ അഭിനന്ദിക്കുകയോ ചെയ്തില്ല. സിനിമയ്ക്കു പോവുകയോ പാർക്കിൽ പോവുകയോ ഉണ്ടായിട്ടില്ല. ഞാൻ ഓടുകയായിരുന്നു, പണമുണ്ടാക്കാ നായി. മക്കൾക്കുവേണ്ടി. വീടു വയ്ക്കാനായി. മക്കളെ നല്ല നിലയിൽ പഠിപ്പിച്ചു. പെൺമക്കളെ അന്തസ്സായി വിവാഹം ചെയ്തു കൊടുത്തു. ഇരുവരും വിദേശത്ത് സുഖവാസം. ഇടയ്ക്കെപ്പോഴോ ഭാര്യ മരിച്ചു പോയി. അതോടെ ഒറ്റപ്പെട്ടു. അപ്പോഴാണ് ഓർത്തത്. മക്കൾക്ക് എല്ലാം നല്കി. പക്ഷേ ഒന്നു മാത്രം കൊടുത്തില്ലല്ലോ. സ്നേഹം. കുറ്റം എന്റെയാണ്. വളർത്തു ദോഷം. അതുകൊണ്ട് പ്രതികളെ വെറുതെ വിടണം...
പുറത്തു വെയിൽ നിന്നു കത്തി. പക്ഷേ ചൂടു തോന്നിയില്ല.