വചനമനസ്‌കാരം: No.223

vachanaMANASKARAM_223
Published on

ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അതു സമൃദ്ധമായി ഉണ്ടാകാനുമാണ്.

യോഹന്നാൻ 10 : 10

മേജർ അതിരൂപതയുടെ അങ്കമാലിയിലുള്ള പാസ്‌റ്ററൽ സെന്ററായ ‘സുബോധന’ കാലികപ്രസക്തിയുള്ള പല വിഷയങ്ങളിലും സംവാദങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. അടുത്തയിടെ നടത്തിയ സംവാദം ‘അത്യാധുനിക ചികിത്സാ സാങ്കേതികവിദ്യകൾ അതിജീവനത്തിനുള്ള ഉപാധിയോ ഉപഭോഗസംസ്‌കാരത്തിന്റെ പ്രതിഫലനമോ?’ എന്ന വിഷയത്തെ അധികരിച്ചുള്ളതായിരുന്നു. നമ്മുടെ നാട്ടിൽ മികച്ച ചികിത്സ പണമുള്ളവർക്കു മാത്രം ലഭ്യമാകുന്ന നിലയായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആധുനിക ചികിത്സ എന്ന പേരിൽ ആശുപത്രികൾ നല്കുന്ന ചികിത്സാവിധികളുടെയും സാങ്കേതിക സൗകര്യങ്ങളുടെയും നൈതികതയും ധാർമ്മികതയും വിലയിരുത്തുക എന്നതായിരുന്നു സംവാദത്തിന്റെ ലക്ഷ്യം. രണ്ട് അലോപ്പതി ഡോക്ടർമാരും സോഷ്യൽ വർക്ക് പഠിപ്പിക്കുന്ന ഒരു അധ്യാപകനുമാണ് പാനലിൽ ഉണ്ടായിരുന്നത്. ധാർമ്മിക ദൈവശാസ്‌ത്രജ്ഞനായ ഒരു വൈദികൻ സംവാദം മോഡറേറ്റ് ചെയ്തു.

ഡോക്ടർമാർ രണ്ടുപേരും സിസ്റ്റത്തിന്റെ അപര്യാപ്തതകൾ, ഡോക്ടർ - രോഗി അനുപാതത്തിലെ ഭീമമായ വിടവ്, ആരോഗ്യമേഖലയ്ക്ക് സർക്കാർ നീക്കിവയ്ക്കുന്ന തുച്ഛമായ ധനവിഹിതം, രോഗികളുടെയും ബന്ധുക്കളുടെയും അജ്ഞതയും സമ്മർദവും, രോഗസൗഖ്യം നൽകുന്നതിൽ തങ്ങൾക്കുള്ള മാനുഷികമായ പരിമിതികൾ എന്നിവയിൽ ഊന്നിയാണ് സംസാരിച്ചത്. എന്നാൽ, സോഷ്യൽ വർക്ക് പ്രൊഫസർ, ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ താൻ നേരിട്ട് അനുഭവിച്ച ചില കാര്യങ്ങൾ പങ്കുവച്ചു. മരിക്കുമെന്ന് ഉറപ്പായ രോഗിയെ വെന്റിലേറ്റർ ഘടിപ്പിച്ച് ഐ.സി.യുവിൽ ദിവസങ്ങളോളം കിടത്തുന്നതും അപകടത്തിൽപ്പെട്ട് മസ്‌തിഷ്‌കമരണം സംഭവിക്കാനിടയുള്ള രോഗി ആശുപത്രിയിൽ പ്രവേശിച്ചാലുടൻ അവയവങ്ങൾ സ്വീകരിക്കാനുള്ള രോഗികൾ ജില്ലയിലെ മറ്റാശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നതും പന്ത്രണ്ട് ലക്ഷം രൂപ ചെലവാകുമെന്ന് ആദ്യം അറിയിച്ച ശസ്‌ത്രക്രിയ പടിപടിയായി താഴ്ന്ന് ഒമ്പതും ആറും മൂന്നും ലക്ഷത്തിലേക്ക് എത്തിയതും ആശുപത്രികളും ഇൻഷുറൻസ് കമ്പനികളും തമ്മിലുള്ള സംശയകരമായ കൂട്ടുകെട്ടുമെല്ലാം അദ്ദേഹം വിവരിച്ചു.

പവിത്രമായ ഇടങ്ങളെല്ലാം പങ്കിലമാകുന്നു എന്നത് ഇക്കാലഘട്ടത്തിലെ ഖേദകരമായ ഒരു സമസ്യയാണ്. ആതുരശുശ്രൂഷാ - വിദ്യാഭ്യാസ മേഖലകളിൽ കമ്പോളത്തിന്റെ അധിനിവേശങ്ങളെ ഒരിക്കൽ ഫലപ്രദമായി ചെറുത്തിരുന്ന ക്രിസ്‌തീയസഭകളുടെ സ്ഥാപനങ്ങൾക്ക് പണ്ടുണ്ടായിരുന്ന നിയോഗശുദ്ധി ഇപ്പോൾ അവകാശപ്പെടാനാകുമോ? പലസ്തീനായിലും സമീപപ്രദേശങ്ങളിലും പഠിപ്പിച്ചും സൗഖ്യം നൽകിയും ചുറ്റി സഞ്ചരിച്ച യേശുക്രിസ്തുവിൽ നിന്നാണ് പഠിപ്പിക്കാനും സുഖപ്പെടുത്താനുമുള്ള പ്രേഷിതദൗത്യം സഭ സ്വീകരിച്ചത്. അതിനാൽ ഇവ രണ്ടും സഭയ്ക്ക് വെറും ‘പ്രഫഷൻ’ അല്ല; കർത്താവിൽ നിന്ന് കൈക്കൊണ്ട ‘പാഷൻ’ ആണ്. അതിനാൽത്തന്നെ വിദ്യാഭ്യാസ - ആതുരശുശ്രൂഷാ രംഗങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും സുവിശേഷാത്മകമായി തുടരുന്നുവെന്ന് ഉറപ്പാക്കേണ്ടത് മറ്റാരുടെയും എന്നതിനേക്കാൾ സഭയുടെ കടമയാണ്. ക്രിസ്‌തു മറ്റാരുടെയുംകാൾ അധികമായി സഭയുടേതായിരിക്കേണ്ടതല്ലേ?!

ജനക്കൂട്ടങ്ങളെ കണ്ടപ്പോൾ യേശുവിന് അവരുടെമേൽ അനുകമ്പ തോന്നാനുള്ള കാരണമായി സുവിശേഷകൻ രേഖപ്പെടുത്തുന്നത് ‘അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരുമായിരുന്നു’ എന്നതാണ് (മത്താ. 9:36). ഓരോ ആശുപത്രിയിലും ഗുരുതരമായ രോഗം (critical illness) ബാധിച്ച് ചികിത്സ തേടിയെത്തുന്ന മനുഷ്യരിൽ സുവിശേഷത്തിലെ ജനക്കൂട്ടങ്ങളിൽ യേശു ദർശിച്ച പരിഭ്രാന്തിയും നിസ്സഹായതയും ദർശിക്കാനാകണം. ഓരോ കൺസൽട്ടേഷൻ റൂമും നഴ്സിംഗ് സ്റ്റേഷനും ശസ്‌ത്രക്രിയാമേശയും യേശു പറഞ്ഞ ഉപമയിലെ മുറിവേറ്റ മനുഷ്യനെയും ചുമന്ന് നല്ല സമരിയാക്കാരൻ കടന്നുചെന്ന സത്രമാകണം. ഓരോ ആതുരശുശ്രൂഷാ പ്രവർത്തകരും സ്നേഹവും കരുണയും ആശ്വാസവും ആത്മധൈര്യവും പകരുന്ന ഇടയരാകണം.

വിവിധ വിഭാഗങ്ങളിലായി എണ്ണിയാലൊടുങ്ങാത്ത കാൻസറുകൾ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, ആതുരശുശ്രുഷാ രംഗത്തെ അപ്പാടെ കാർന്നു തിന്നുന്ന അർബുദത്തെ ആർത്തി എന്ന ഒറ്റ വാക്കിൽ സംഗ്രഹിക്കാം. ആ അർബുദം ബാധിച്ച ആതുരാലയങ്ങൾ ഒരിക്കലും ജീവസമൃദ്ധിയുടെ സുവിശേഷത്തിന്റെ സൂക്ഷിപ്പുകാരാകില്ല. മിഷൻ മറക്കാത്ത മിഷൻ ആശുപത്രികളോളം സുദൃഢമായും സുവ്യക്തമായും യേശുക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കുന്ന മറ്റൊന്നുമില്ലെന്ന്, മറ്റെല്ലാവരും മറന്നാലും സഭയുടെ ആതുരശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവരെങ്കിലും മറക്കരുത്.

logo
Sathyadeepam Online
www.sathyadeepam.org