കാലവും കണ്ണാടിയും

ദാമ്പത്യലയം

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍
  • മാത്യു ഇല്ലത്തുപറമ്പില്‍

കര്‍ത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയില്‍ മനോഹരമായ മൂന്നു കാര്യങ്ങ ളിലൊന്ന്, ബൈബിള്‍ വീക്ഷണ ത്തില്‍, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ലയം ആണ് (പ്രഭാ 25:1). ദാമ്പത്യബന്ധത്തിന്റെ ഉന്നതമായ സുന്ദരാവസ്ഥ ദമ്പതികള്‍ തമ്മിലുള്ള ലയം ആണത്രേ. ഒരാള്‍ മറ്റെയാളില്‍ ലയിക്കുംവിധം പരസ്പരം യോജിക്കുന്ന സ്ഥിതിയാണത്. ഉദാഹരണങ്ങള്‍ക്ക് എളുപ്പത്തില്‍ വഴങ്ങാത്തതും എന്നാല്‍ അനുഭവങ്ങളിലൂടെ രുചിച്ചറിയാന്‍ പറ്റുന്നതുമാണത്. ഓളത്തിനനുസ രിച്ച് തീരവും തീരത്തിനനുസരിച്ച് ഓളവും രൂപമാറ്റം വരുത്തുന്ന പ്രക്രിയയാണ് ലയം. പുരുഷന്‍ മാതാപിതാക്കന്മാരെ വിട്ട് ഭാര്യയോടു ചേരും എന്ന ബൈബിള്‍ പ്രസ്താവത്തിന്റെ (ഉല്‍പ. 2:24) ജ്ഞാനരൂപമാണിത്. ഇത്തരത്തിലുള്ള പാരസ്പര്യം അനവധി ദമ്പതികള്‍ക്ക് കൈപ്പിടി യിലെ അഭിമാനവിഷയം എന്നതിനേക്കാള്‍ കൈവിട്ടുപോയ സ്വപ്നം മാത്രമാണ്. വിവാഹ മോചനങ്ങളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ദമ്പതികള്‍ തമ്മിലുള്ള ലയലാവണ്യം വിവാഹിതരുടെയും അതിലുപരി വിവാഹിതരാകാന്‍ പോകുന്നവരുടെയും ആലോചനാ വിഷയം ആകേണ്ടതുണ്ട്.

സ്‌നേഹംപോലെ തന്നെ പ്രധാനപ്പെട്ടതാണ് പരസ്പരമുള്ള ആദരവ്. ആദരവ് ഇല്ലാത്തിടത്ത് ഒരാള്‍ മറ്റെയാളുടെ അടിമയാണെന്ന് വരും. അടിമകള്‍ നിവൃത്തികേടു കൊണ്ട് അനുസരിക്കുകയേ ഉള്ളൂ.

ബൈബിള്‍ ഉന്നതസ്ഥാനത്തു നിര്‍ത്തുന്ന ലയം എല്ലാ ദാമ്പത്യ ബന്ധങ്ങളിലും ഉണ്ടാവുക എളുപ്പമല്ല. എങ്കിലും അതില്‍ താഴെയുള്ള സ്വീകാര്യമായ സ്ഥിതിയെങ്കിലും ഉണ്ടായാല്‍ ആശ്വസിക്കാം. ഉദാഹരണത്തിന്, ദാമ്പത്യത്തിലെ പൊരുത്തം, സഹവാസം തുടങ്ങിയവ. അതിനും താഴെ നിരന്തരം നീക്കു പോക്കുകളില്‍ (adjustments) ജീവിക്കുന്നവരുണ്ട്. അത് പിന്നെയും വഷളായി നിശ്ശബ്ദ തയില്‍ കഴിയുന്നവരുണ്ട്. പരസ്പര ബന്ധം അതിലും മോശമാകു മ്പോള്‍ അത് കലഹത്തിലേക്കും പൊട്ടിത്തെറിയിലേക്കും ഒടുവില്‍ വിവാഹമോചനത്തിലേക്കും എത്തുന്നു. രണ്ടുപേര്‍ തമ്മില്‍ ജീവിതം പങ്കിടുന്ന ദാമ്പത്യത്തിന്റെ ഈണം സുഖകരമാക്കാന്‍ പല മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിക്കേണ്ടി വരും. അതില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.

ഒന്ന്, പരസ്പര ബഹുമാനം. സ്‌നേഹംപോലെ തന്നെ പ്രധാന പ്പെട്ടതാണ് പരസ്പരമുള്ള ആദരവ്. എല്ലാവരും ബഹുമാനം അര്‍ഹിക്കു ന്നുണ്ട്; ആഗ്രഹിക്കുന്നുമുണ്ട്. ആദരവ് ഇല്ലാത്തിടത്ത് ഒരാള്‍ മറ്റെയാളുടെ അടിമയാണെന്ന് വരും. അടിമകള്‍ നിവൃത്തികേടു കൊണ്ട് അനുസരിക്കുകയേ ഉള്ളൂ. തിരിച്ചു സ്‌നേഹിക്കാറില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. അഭിപ്രായങ്ങള്‍ മാനിച്ചുകൊണ്ടു വേണം ബഹുമാനം പ്രകടിപ്പി ക്കാന്‍. 'നീ മിണ്ടരുത്' എന്നൊക്കെ ഭാര്യയോട് ആക്രോശിക്കുന്നയാള്‍ എന്തൊരു മണ്ടനാണ്. ഭിന്നാഭിപ്രായങ്ങളില്‍നിന്ന് ഒരു തീരുമാനത്തിലെത്താന്‍ വിട്ടു വീഴ്ച്ചയും പരസ്പര ധാരണയും ആവശ്യമാണ്.

ഞാനാണ് ശരി, ഞാന്‍ മാത്രമാണ് ശരി എന്ന് കരുതുന്ന ദമ്പതികള്‍ക്കിടയില്‍ പരസ്പര ആദരവ് അലിഞ്ഞ് ഇല്ലതാകും. പരസ്പര ബഹുമാനം ഇല്ലാത്ത ബന്ധങ്ങളില്‍ ദമ്പതികള്‍ തമ്മില്‍ ലയം ഉണ്ടാവുകയില്ല.

രണ്ട്, പൊതുലോകം. രണ്ട് വ്യത്യസ്ത വ്യക്തികള്‍ എന്ന നിലയില്‍ ദമ്പതികളുടെ അഭിരുചികളും താല്‍പര്യങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ഒരാള്‍ക്ക് ക്രിക്കറ്റ് കമ്പമാണെങ്കില്‍ മറ്റെയാള്‍ക്ക് സംഗീതമായിരിക്കും പ്രാണന്‍. ഒരാള്‍ക്ക് പാചകമാണ് ഹോബിയെങ്കില്‍ മറ്റെയാള്‍ക്ക് യാത്രകളായിരിക്കും ഇഷ്ടം. ഇത്തരം രുചിഭേദങ്ങള്‍ ഉണ്ടായിരിക്കെത്തന്നെ, ദമ്പതികള്‍ തമ്മില്‍ പരസ്പരം പങ്കിടുന്ന ഒരു പൊതുലോകം ഉണ്ടാക്കിയെടുക്കണം. അത് ഹൃദ്യമായ സംസാരത്തിലൂടെയേ സാധിക്കൂ.

ക്രമേണ അവരുടെ പൊതുലോകത്തിന്റെ വ്യാപ്തി കൂടി വരണം. അല്ലെങ്കില്‍ രണ്ടു പേരും രണ്ടു തുരുത്തുകളിലേക്ക് ഒതുങ്ങും. സൈബര്‍ ലോകവും സൗഹൃദസദസ്സുകളും അത്തരം തുരുത്തുകള്‍ ഉണ്ടാക്കിത്തരും. അവിടെ ജീവിതപങ്കാളി ഉണ്ടാവുകയില്ല.

പല ദമ്പതികളുടെയും പൊതുലോകത്തില്‍ മക്കള്‍ മാത്രമേയുള്ളൂ. മറ്റൊരു കാര്യത്തിലും ഒന്നിക്കാത്ത ദമ്പതികളുണ്ട്.

മൂന്ന്, ഗുണവര്‍ധനവ്. എല്ലാ ബന്ധങ്ങളുടെയും ഗുണമേന്മ കൂട്ടാന്‍ സാധിക്കും. ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ അത് കുറഞ്ഞുപോവുകയും ചെയ്യും. വിവാഹശേഷം പലരും ഇക്കാര്യം ശ്രദ്ധിക്കാറേ ഇല്ല. പരിചരണം കിട്ടി വളരുന്ന ചെടി നല്ല ഫലങ്ങളും പൂക്കളും തരുന്നതുപോലെയാണ് ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുന്ന ബന്ധങ്ങള്‍. വിവാഹത്തിലെ സ്‌നേഹവും ഊഷ്മളതയും സ്ഥിരനിക്ഷേപമല്ല. അങ്ങോട്ടു തിരിഞ്ഞു നോക്കിയില്ലെങ്കിലും 'ഇന്ററസ്റ്റ്' കൂടുന്ന ബാങ്ക് നിക്ഷേപമല്ല ബന്ധങ്ങള്‍. പങ്കാളിയുടെ ജീവിതാവസ്ഥയിലും തൊഴിലിലും ആരോഗ്യത്തിലും ഉണ്ടാവുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ബോധപൂര്‍വം ശ്രമിച്ചാലേ ദാമ്പത്യബന്ധത്തിന്റെ ഗുണമേന്മ വര്‍ധിക്കൂ.

ലയസമ്പന്നമായ ദാമ്പത്യബന്ധങ്ങള്‍ സ്വര്‍ഗത്തിന് പ്രീതികരമാണ്; സുമനസ്സുകള്‍ക്ക് ആനന്ദവിഷയമാണ്; മക്കള്‍ക്ക് അഭിമാനമാണ്; സഭയുടെ വിശുദ്ധിയാണ്; കറുത്ത മനസ്സുള്ളവരുടെ അസൂയാവിഷയമാണ്. ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കുന്ന ദമ്പതികള്‍ക്ക് ദൈവം കൊടുക്കുന്ന ഒരു അധികകൃപയാണ് ദാമ്പത്യലയം.

ശരിയായി പരിശീലിപ്പിച്ചാല്‍ കുട്ടികളുടെ പഠനശേഷിയും ഓര്‍മ്മശക്തിയും ഗണ്യമായി മെച്ചപ്പെടുത്താനാകും

വചനമനസ്‌കാരം: No.186

സൃഷ്ടിയുടെ വ്യാകരണം

കൊച്ചിയിലെ കപ്പലൊച്ചകൾ [05]

വിശുദ്ധ ഗൈ (c 950-1012) : സെപ്തംബര്‍ 12