ഒടുവില്‍ രഘുറാം മനസ്സുതുറന്നു; നമ്മള്‍ വിവരത്തിന്‍റെ ഒരു വശമറിഞ്ഞു. പുസ്തകത്തിന്‍റെ പേരാണു രസകരം. അമേരിക്കന്‍ സാമ്പത്തിക വിദഗ്ദ്ധരായ ജാനറ്റ് യെലനോടും പോള്‍ വോള്‍ക്കറോടും തന്നെ താരതമ്യം ചെയ്യാന്‍ തുനിഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒരു പത്രസമ്മേളനത്തില്‍വച്ച് റിസര്‍വ്ബാങ്കു ഗവര്‍ണറായിരുന്ന അദ്ദേഹം പറഞ്ഞു: "ഐ ആം രഘുറാം രാജന്‍ ആന്‍ഡ് ഐ ഡു വാട്ട് ഐ ഡു." മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ കവര്‍ന്ന ആ പ്രയോഗമാണ് ആര്‍ബിഐ ഗവര്‍ണറായിരുന്ന കാലത്തു നടത്തിയ പ്രസംഗങ്ങളുടെ ശേഖരമായ തന്‍റെ പുസ്തകത്തിന് ശീര്‍ഷകമായി രഘുറാം നല്കിയിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ തന്നോട് നോട്ട് അസാധുവാക്കല്‍ നടപടിയുടെ സാധുതയെക്കുറിച്ച് അഭിപ്രായമാരാഞ്ഞപ്പോള്‍, അത്തരം നടപടിയുടെ ഫലമായി ഉടനെയുണ്ടാകുന്ന സാമ്പത്തികത്തകര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ വിദൂരഭാവിയില്‍ ഉണ്ടാകാനിടയുള്ള നേട്ടങ്ങള്‍ തുലോം നിസ്സാരമായിരിക്കുമെന്നും അത്തരം നേട്ടങ്ങള്‍ മറ്റു മാര്‍ഗങ്ങളിലൂടെതന്നെ നേടിയെടുക്കാവുന്നതാണെന്നും താന്‍ മുന്നറിയിപ്പു നല്കിയിരുന്നെന്ന വെളിപ്പെടുത്തലാണ് 2016 സെപ്തംബര്‍ 3-ന് സ്ഥാനമൊഴിഞ്ഞ രഘുറാം തന്‍റെ ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇതു വായിച്ച് മന്‍ കീ ബാത്തിലൂടെ മോദി പറയുമായിരിക്കും: ഐ ഡു വാട്ട് ഐ വില്‍. ഇതിനിടെ, മോദിക്ക് ചോദ്യങ്ങള്‍ ഇഷ്ടമല്ലെന്നും പിന്നാക്കസമുദായങ്ങള്‍ക്കു വേണ്ടിയുള്ള മന്ത്രാലയത്തെക്കുറിച്ചും കര്‍ഷക ആത്മഹത്യകളെക്കുറിച്ചുമുള്ള തന്‍റെ ചോദ്യത്തില്‍ അദ്ദേഹം രോഷംകൊണ്ടു എന്നുമുള്ള ബിജെപി എംപി നാന പട്ടോലെയുടെ രോദനം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രശ്നം ഈ എംപിയുടേതാണെന്നതില്‍ എനിക്കു യാതൊരു സംശയവുമില്ല. ഫാസിസത്തില്‍ ചോദ്യമില്ലെന്ന് അറിയാത്തയാള്‍ എങ്ങനെ മധ്യപ്രദേശില്‍നിന്നുള്ള എംപിയായി?
ഏതായാലും മന്ത്രിസഭ പുനഃസംഘടന കെങ്കേമമായി. ശോഭിക്കാത്തവര്‍ പുറത്തും പ്രതീക്ഷ നല്കുന്നവര്‍ അകത്തും. കേരളീയനായ അല്‍ഫോണ്‍സ് സാറുവരെ അകത്ത്. ക്രിസ്ത്യാനികളുടെ വോട്ട് അകത്താക്കാനുള്ള ഉദ്ദേശ്യം തീര്‍ച്ചയായും ഉണ്ടാകുമെങ്കിലും ന്യായമായും ചെയ്യേണ്ടിയിരുന്ന ഒന്ന് ചെയ്തു എന്ന സാമാന്യന്യായവും ഈ നിയമനത്തിനു പിന്നിലുണ്ടെന്നതു മറക്കരുത്. പണ്ട് പിസി തോമസ്; ഇന്ന് അല്‍ഫോണ്‍സ് – അത്രേയുള്ളൂ വ്യത്യാസം. പിസി തോമസിനെക്കൊണ്ട് കേരളവ്യാപകമായി ക്രൈസ്തവവോട്ടുകള്‍ ഒപ്പിച്ചെടുക്കുന്നതില്‍ ബിജെപി വിജയിച്ചെന്ന് ആരെങ്കിലും കരുതുന്നുണ്ടോ? ഏതായാലും ഒരു കാര്യം വ്യക്തം: അല്‍ഫോണ്‍സ് സാറു കലക്കും. ഹി ഡസ് വാട്ട് ഹി പ്ളാന്‍സ്!
ഇതിനിടയില്‍ ഉത്തരകൊറിയയിലെ ചെക്കന്‍ പിന്നെയും ബോംബുപൊട്ടിച്ചു കളിച്ചു. ഇത്തവണത്തേത് ഹൈഡ്രജന്‍ ബോംബാണത്രേ; അതും, ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ടതിന്‍റെ എട്ടിരട്ടി പ്രഹരശേഷിയുള്ളത്! ട്രംപ് വിറളിപൂണ്ടെന്നു കേട്ടു. ഇതിനുമുമ്പ് അഞ്ചുപ്രാവശ്യവും പൊട്ടിച്ചത് ഒബാമക്കാലത്തായിരുന്നെങ്കില്‍ ഇതു സാക്ഷാല്‍ ട്രംപുകാലത്തു നടന്നതായിരിക്കണം അദ്ദേഹത്തെ ചൊടിപ്പിച്ചത്. കിം ജോങ് ഊന്നിനോടു വാചകമടിച്ചിട്ടു കാര്യമില്ലെന്നും പയ്യന് ഒരു ഭാഷ മാത്രമേ മനസ്സിലാകൂ എന്നും ദക്ഷിണകൊറിയയെ ട്വിറ്ററിലൂടെ ഉപദേശിക്കാന്‍ ട്രംപ് മുതിര്‍ന്നു. ഒപ്പം, ചൈനയുടെ നിരന്തരശ്രമങ്ങളെയെല്ലാം നിരാകരിക്കുന്ന പയ്യന്‍ അവര്‍ക്കുതന്നെ ഭീഷണിയായിത്തീര്‍ന്നെന്നും അദ്ദേഹം കുറിച്ചു. ഏതായാലും ഒരു കാര്യം സത്യമാണ്: കിമ്മിന്‍റെ ഓരോ കുസൃതിയിലും ഭൂമി കുലുങ്ങിക്കൊണ്ടിരിക്കുകയാണ്! 6.3 ആണ് ഇത്തവണ രേഖപ്പെടുത്തിയ റിക്റ്റര്‍ സ്കെയില്‍. ദക്ഷിണകൊറിയയും ജപ്പാനും ഒപ്പം കുലുങ്ങിയത്രേ. ലോകരാഷ്ട്രങ്ങളൊന്നാകെ കിമ്മിനോട് വി ഡു വാട്ട് വി കാന്‍ എന്നു പറയുന്ന ഗതികേടുണ്ടാകുമോ എന്നാണ് ഈയുള്ളവന്‍റെ ഭയം.
കിം ജോങ് ഊന്നിന്‍റെ കാര്യം മനസ്സിലാക്കാം. ഈ പിണറായി സര്‍ക്കാറിനിതെന്തു പറ്റി? ഇരുവരും തമ്മില്‍ ആകെ പൊതുവായുള്ളത് മാര്‍ക്സും ഏംഗല്‍സും ലെനിനുമൊക്കെയാണെന്നായിരുന്നു നമ്മുടെ വിചാരം. പക്ഷേ, നശീകരണകാര്യത്തില്‍ കിമ്മിന്‍റെ ചേട്ടായിയായി വരും കേരളമുഖ്യന്‍ എന്നു തോന്നുന്നു. മൊത്തം നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയപോലെയാണ് മദ്യവിഷയത്തില്‍ കാര്യങ്ങളുടെ പോക്ക്. സ്വയം തരംതാഴാന്‍ മുഖ്യനോ മന്ത്രിസഭയ്ക്കോ ഒരു ലജ്ജയുമില്ല. ദൂരപരിധിനിയന്ത്രണമാണെങ്കില്‍ നാലിലൊന്നു താഴ്ന്നാലും കുഴപ്പമില്ലത്രേ. ഇത്തരം കസര്‍ത്തുകളുടെ പേരാണ് മദ്യവര്‍ജ്ജനനയം എന്നു മനസ്സിലാക്കാന്‍ കഴിയാത്തവന്‍ ഇനിമുതല്‍ ബൂര്‍ഷ്വയായിരിക്കും. 'എല്‍ഡിഎഫ് വരും, എല്ലാം ശരിയാകും' എന്നു പറഞ്ഞത് മദ്യമുതലാളിമാരോടായിരുന്നെന്ന് ഇപ്പോഴല്ലേ പാവം വോട്ടര്‍ക്കു പിടികിട്ടുന്നത്. ഈ ശരിയാക്കലിന്‍റെ പിന്നാമ്പുറസത്യങ്ങള്‍ വരുംനാളുകളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ദേ ഡു വാട്ട് ദേ വാണ്ട് (രണ്ടാമത്തെ 'ദെ' വേറെയാണ്!).
എല്‍ഡിഎഫിന്‍റെ ഈ കിം ജോങ് കളിക്കിടയില്‍ ഒരു യുഡിഎഫ് ട്രംപിനെയും കാണാനില്ല എന്നതാണ് ഖേദകരം. തങ്ങളുടെ ഗവണ്മെന്‍റിന്‍റെ മദ്യനയത്തെ തൂത്തെറിയുന്നതും നാടിനെ കൊലയ്ക്കു കൊടുക്കുന്നതുമായ ഈ ഭ്രാന്തന്‍ കളിക്കെതിരേ നിലപാടു വ്യക്തമാക്കാനോ പ്രതികരിക്കാനോ ജനത്തെ സംഘടിപ്പിക്കാനോ പ്രതിപക്ഷത്തിനു കഴിയാത്തത് എന്തുകൊണ്ടാണ്? ഈ വിഷയത്തില്‍ പത്രക്കാരോടു സംസാരിക്കാന്‍ വി.എം. സുധീരന് സൂസൈപാക്യം പിതാവിന്‍റെ സാമീപ്യം അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ മദ്യനയം ഒരു തമാശയായിരുന്നെന്ന് യുഡിഎഫിന് അഭിപ്രായമുണ്ടോ? അതോ, ഐ ഡോണ്ട് മീന്‍ വാട്ട് ഐ ഡു എന്നാണോ? അതുമല്ലെങ്കില്‍, നിങ്ങള്‍ക്കും എല്ലാം ശരിയായോ?