കാലവും കണ്ണാടിയും

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവില്‍…

1998-ലെ പെന്തക്കുസ്താ സായാഹ്നം മനസ്സില്‍ നിന്നു മായുന്നില്ല. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ചത്വരം കവിഞ്ഞൊഴുകി തെരുവുപോലും നിറഞ്ഞ് 5 ലക്ഷത്തോളം പേര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോടൊപ്പം പ്രാര്‍ത്ഥനാനിരതരായപ്പോള്‍ അക്കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള നവീകരണമുന്നേറ്റങ്ങളെയും പ്രസ്ഥാനങ്ങളെയും കത്തോലിക്കാസഭയുടെ ഹൃദയത്തിലേക്ക് പാപ്പ ക്ഷണിച്ചുവരുത്തുകയായിരുന്നു. വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെയും ഹൃദ്യമായ സമന്വയംകൂടിയായി അതുമാറി.

വിശുദ്ധനായ പാപ്പ അന്നു പ്രസ്താവിച്ചത് ഇന്നും കാതുകളില്‍ മുഴങ്ങുന്നു: "The institutional and charismatic aspects are quasi coessential to the Church's constitution"  (സ്ഥാപനപരമായ മാനവും കരിസ്മാറ്റിക് മാനവും സഭാപ്രകൃതിയെ സംബന്ധിച്ചിടത്തോളം സഹസത്താത്മകമാണ്). തിരുസഭയെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രബോധനത്തിന്‍റെ (ലൂമന്‍ ജെന്‍സിയും) 4-ാം ഖണ്ഡിക ശോഭയോടെ പ്രകാശിച്ച നിമിഷങ്ങളായിരുന്നു അവ. ജോണ്‍ പോള്‍ പാപ്പയുടെ ഈ പ്രബോധനത്തിന് പില്ക്കാലങ്ങളില്‍ വ്യക്തമായ തുടര്‍ച്ചയുണ്ടായി.

2007-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ ഹയരാര്‍ക്കിക്കല്‍-കരിസ്മാറ്റിക് മാനങ്ങളുടെ പരസ്പരപൂരകത്വത്തിന് അടിവരയിട്ടു: "സഭയിലെ സത്താത്മകമായ സ്ഥാപനങ്ങള്‍ കരിസ്മാറ്റിക് കൂടിയാണ്. പൊരുത്തവും തുടര്‍ച്ചയും ഉണ്ടാകണമെങ്കില്‍, തീര്‍ച്ചയായും കാരിസങ്ങള്‍ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സ്ഥാപനപരമാകണം." സഭൈക്യത്തില്‍ ഊന്നിക്കൊണ്ട് 2013- ലെ പെന്തക്കുസ്താദിനം ഫ്രാന്‍സിസ് പാപ്പ പ്രബോധിപ്പിച്ചു: "സവിശേഷമായ വരദാനവും ശുശ്രൂഷയും ലഭിച്ചിട്ടുള്ള സഭയുടെ അജപാലകരുടെ നേതൃത്വത്തിന്‍ കീഴില്‍ സഭയില്‍ ഒരുമയോടെ യാത്ര ചെയ്യുന്നതാണ് പരിശുദ്ധാത്മ പ്രവര്‍ത്തനത്തിന്‍റെ അടയാളം."

"ക്രിസ്തുവിനെയും സഭയെയും മനുഷ്യകുലത്തെയും സംബന്ധിച്ച സത്യം സഭ വ്യാഖ്യാനിക്കുന്നതുപോലെ സ്വീകരിച്ച് പ്രഘോഷിക്കാന്‍" കരിസ്മാറ്റിക് മുന്നേറ്റത്തിനുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ നല്കിയ ആ പ്രബോധനത്തിന്‍റെ തുടര്‍ച്ചയാണ് 2016-ലെ പെന്തക്കുസ്താദിനത്തില്‍ വിശ്വാസതിരുസംഘം പുറപ്പെടുവിച്ച 'യുവനേഷിത് എക്ലേസിയ' (യൗവനയുക്തയാകുന്ന സഭ) എന്ന തിരുവെഴുത്ത്. അതിന്‍റെ 18-ാം നമ്പറില്‍ സഭാത്മക കരിസ്മാറ്റിക് ഗ്രൂപ്പുകളെ വിവേചിച്ചറിയാനുള്ള ഏതാനും ചില മാനദണ്ഡങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. തോന്നലുകളെല്ലാം പരിശുദ്ധാത്മപ്രചോദനങ്ങളാണെന്നു ശഠിക്കുന്ന ഇക്കാലഘട്ടത്തിന് അടിയന്തിരമായി ആവശ്യമുള്ള ഒരു രേഖയാണ് വത്തിക്കാന്‍ പുറപ്പെടുവിച്ചിട്ടുള്ളത്. പരസ്നേഹം, പ്രേഷിതോന്മുഖത, കാതോലികത, സഭയുടെ പ്രബോധനാധികാരത്തോടുള്ള വിധേയത്വം, കൂട്ടായ്മ, പാരസ്പര്യം, അതിജീവനക്ഷമത, ആദ്ധ്യാത്മിക ഫലങ്ങളുടെ സാന്നിധ്യം, സാമൂഹിക പ്രതിബദ്ധത എന്നിവ കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റം പൊതുവായും വിവിധ കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ പ്രത്യേകമായും ആത്മപരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളായി സ്വീകരിക്കേണ്ടതാണ്.

ഫ്രാന്‍സിസ് മാര്‍പാപ്പയെ പാപ്പയായി അംഗീകരിക്കാത്ത ബുക്ക് ഓഫ് ട്രൂത്ത് പോലെയുള്ള 'വെളിപാടുകള്‍' മലയാളത്തില്‍ പരിഭാഷപ്പെടുത്തി സൗജന്യമായി പ്രചരിപ്പിക്കുന്ന 'ശുദ്ധകത്തോലിക്കാ' ഗ്രൂപ്പുകളുടെയും യുഗാന്ത്യപ്രവാചകരുടെയും എണ്ണം ഇന്നു കൂടിവരുകയാണ്. മാര്‍പ്പാപ്പയുടെയും വത്തിക്കാന്‍ കൗണ്‍സിലിന്‍റെയും പ്രബോധനങ്ങളെ നിസ്സാരവത്കരിച്ച്, എവിടെയോ ഉള്ള ആരുടെയോ ഭ്രമകല്പനകള്‍ ആത്യന്തിക വെളിപാടായി പ്രചരിപ്പിക്കുന്ന ഡിവൈന്‍ മേഴ്സി പ്രെയര്‍ ഫെല്ലോഷിപ്പിനും ഡിവൈന്‍ മേഴ്സി പബ്ളിക്കേഷന്‍സിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന "ജോയേല്‍"മാരെ തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കും ധ്യാനഗുരുക്കന്മാര്‍ക്കും സഭാധികാരികള്‍ക്കും കഴിയണം.

രണ്ടാം നൂറ്റാണ്ടിലെ സഭ നിഷ്പ്രഭമാക്കിയ മൊണ്ടാനിസ്റ്റു പാഷണ്ഡതയുടെയും ലോകാവസാനദുരന്തങ്ങള്‍ പലവുരു സൃഷ്ടിച്ചെടുത്ത ചില അമേരിക്കന്‍ പെന്തക്കോസ്തു നേതാക്കന്മാരുടെയും അഭിനവ അവതാരങ്ങള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കേരളസഭ ഇരയാകുന്നുവെന്നത് വിചിത്രംതന്നെ! ഈ വൈചിത്ര്യമാകട്ടെ, വിശ്വാസീസമൂഹത്തിന്‍റെ വിവേകവും ദൈവശാസ്ത്രജ്ഞന്മാരുടെ ജാഗ്രതയും അപ്പസ്തോലപിന്‍ഗാമികളുടെ അടിയന്തിരമായ ഇടപെടലും അനിവാര്യമാക്കുന്നു.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്