കാലവും കണ്ണാടിയും

ബിംബ-ദൈവങ്ങള്‍

Sathyadeepam

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

പലതരം ആത്മീയ പ്രലോഭനങ്ങളുടെ ഇരകളാണ് നമ്മള്‍. എന്നാല്‍ സ്വയം ദൈവമായി ചമയാനുള്ള പ്രലോഭനമാണ് നാം നേരിടുന്ന ആത്യന്തികമായ ആത്മീയപരീക്ഷണം. സത്യദൈവത്തിനെതിരെ എതിര്‍ദൈവമാകണമെന്നോ സ്വയം ഒരു തങ്കവിഗ്രഹമാകണമെന്നോ മോഹിക്കുന്നവരല്ല നമ്മളാരും. എന്നാല്‍ ദൈവത്തിന്റെ സവിശേഷതകള്‍ (attributes) തന്റേതാണ് എന്ന മട്ടില്‍ പെരുമാറുന്നയാള്‍ പറയാതെ പറയുന്നു, ഞാന്‍ ദൈവമാണ്. ആദ്യപാപത്തില്‍ത്തന്നെ ഇത് സൂചിപ്പിക്കപ്പെടുന്നുണ്ട്. വിലക്കപ്പെട്ട കനി ഹവ്വയും ആദവും പറിച്ചുതിന്നത്, അത് പറുദീസായിലെ ഏറ്റവും വിശേഷപ്പെട്ട പഴമായതുകൊണ്ടല്ല. മറിച്ച്, നന്മതിന്മകള്‍ നിര്‍ണ്ണയിക്കാനുള്ള ദൈവത്തിന്റെ അവകാശത്തിന്റെ അടയാളമായി ദൈവം മാറ്റിനിര്‍ത്തിയ ഫലമായതു കൊണ്ടാണ്. ആ പഴം പറിച്ചു തിന്ന ആദിമാതാപിതാക്കള്‍ നിശബ്ദം പറഞ്ഞു, നന്മതിന്മകള്‍ തീരുമാനിക്കുന്നത് ഞങ്ങളാണ്, ദൈവമല്ല. സമാനമായ രീ തിയില്‍ ദൈവത്തിന്റെ സ്ഥാന ത്ത് നാം സ്വയം പ്രതിഷ്ഠിക്കുന്ന അനേകം സന്ദര്‍ഭങ്ങളുണ്ട്. അങ്ങനെ ദൈവത്തിനുമാത്രം അവകാശപ്പെട്ട ഗുണവിശേഷ ങ്ങള്‍ എടുത്തണിഞ്ഞ് സ്വയം നാം വിഗ്രഹമാക്കുന്നു. ഇത് വ്യക്തമാക്കാന്‍, ബൈബിളില്‍ ദൈവം സ്വന്തമെന്ന് വെളിപ്പെടു ത്തിയ ഏതാനും ഗുണവിശേഷങ്ങള്‍ മനുഷ്യരായ നാം സ്വയം എടുത്തണിയുന്ന ചില സന്ദര്‍ഭങ്ങള്‍ പരിഗണിക്കുകയാ ണിവിടെ.
സര്‍വതിന്റെയും സര്‍വാധികാരി തങ്ങള്‍ മാത്രമാണ് എന്ന് ഭാവിച്ച് ബലം പിടിക്കുന്നവരുണ്ട്. മറ്റുള്ളവരുടെ അഭിപ്രായ ങ്ങള്‍ക്കോ അവരുടെ വികാരങ്ങള്‍ക്കോ വിലയിടാത്തവര്‍. ആ ഗണത്തില്‍പെട്ടയാള്‍ ഭാവിക്കുന്നു: "ഞാന്‍ മാത്രമാണ് ദൈവം. ഞാനല്ലാതെ വേറെ ദൈവമില്ല" (നിയമാ 32:39). എന്റെ കാര്യം ഞാന്‍ തീരുമാനിക്കും. ഇവിടെ എന്റെ ഇഷ്ടം നടക്കണം. അതേ നടക്കൂ എന്ന് ശഠിക്കുന്നവരുണ്ട്. അത്തരക്കാര്‍ ദൈവത്തിന്റേത് മാത്രമായ ഒരു ഗുണം തങ്ങളുടേതാ ക്കുകയാണ്: "താന്‍ ആഗ്രഹിക്കുന്നത് അവിടുന്ന് ചെയ്യുന്നു" (ജോബ് 23:13). ഞാന്‍ നടാത്ത മരങ്ങള്‍ ഈ പറമ്പില്‍ വേണ്ടാ; ഞാന്‍ തയ്യാറാക്കാത്ത പദ്ധതികള്‍ ഈ സ്ഥാപനത്തില്‍ വേണ്ടാ; ഞാന്‍ തുടക്കമിടാത്ത പ്രസ്ഥാനങ്ങള്‍ ഈ നാട്ടില്‍ വേണ്ട എന്ന മട്ടില്‍ പെരുമാറുന്നവര്‍ സ്വര്‍ഗപിതാവിന്റെ അധികാരാവകാശം തങ്ങള്‍ക്കുണ്ടെന്ന് ധരിച്ചുവശായ നിര്‍ഭാഗ്യവാന്മാരാണ്: "എന്റെ പിതാവ് നടാത്ത ചെടികളെല്ലാം പിഴുതുമാറ്റ പ്പെടും" (മത്താ 5:13).
നടന്ന എല്ലാ നല്ല കാര്യങ്ങളും സ്വന്തം കണക്കുപുസ്തകത്തില്‍ വരവു വയ്ക്കുന്നവരുണ്ട്. എല്ലാം നിയന്ത്രിച്ച ദൈവത്തെയോ പിന്തുണച്ച കുടും ബാംഗങ്ങളെയോ സഹായിച്ച സുമനസ്സുകളെയോ ഓര്‍ക്കാതെ അവര്‍ പറഞ്ഞുപോകുന്നു, എല്ലാം ഞാന്‍ ചെയ്തതാണ്. എന്നാല്‍ ദൈവം പറയേണ്ട വാക്കുകളാണിവ: "കര്‍ത്താവ് അരുളിചെയ്യുന്നു, ഇവയെല്ലാം എന്റെ കരവേലയാണ്. ഇവയെല്ലാം എന്റേതുതന്നെ" (ഏശ 66:2). ചില വിഷയങ്ങളില്‍ ഇടപെട്ട് മറ്റുള്ളവരോട് ആക്രോശിക്കുന്നവരുണ്ട്, എനിക്കെല്ലാം അറിയാം. ദൈവത്തിനു മാത്രം അവകാശപ്പെട്ട പൂര്‍ണ്ണമായ അറിവ് തനിക്കുണ്ടെന്നാണ് ടിയാന്റെ ഭാവം: "അവന്റെ മുന്‍പില്‍ ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്‍മുന്‍പില്‍ സകലതും അനാവൃതവും വ്യക്തവുമാണ്" (ഹെബ്രാ 4:13). എതിരാളികളുടെ മുഖത്തുനോക്കി പറയുന്നവരുണ്ട്, എന്നോട് കളിക്കാന്‍ നില്ക്കരുത്; ഞാന്‍ നിന്നെ തകര്‍ത്ത് തരിപ്പണമാക്കും. ദൈവത്തിനു മാത്രം പറയാന്‍ പറ്റുന്ന വാക്കുകളാണിവ. പൗലോസായി മാറാനിരുന്ന സാവൂളിനോട് കര്‍ത്താവ് പറഞ്ഞു, "ഇരുമ്പാണിമേല്‍ തൊഴിക്കുന്നത് നിനക്ക് അപകടമാണ്" (അപ്പ. 26:13).
ഇത്രയും നാള്‍ നമ്മുടെ കൂടെ നിന്നവന്‍ കാലുമാറി. പഴയ വിശ്വസ്തത ഇപ്പോഴുമുണ്ടോ എന്ന് സംശയമാണ്. ഇനി അവന്‍ വേണ്ട എന്ന് പറയുന്നയാള്‍ ദൈവമായി ഭാവിക്കുകയാണ്: "ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്" (പുറ 20:3). ഞാന്‍ എന്തെല്ലാം നല്ല കാര്യങ്ങള്‍ ചെയ്തു. അതൊന്നും പറയാന്‍ ഇവിടെ ആരുമില്ല. പറഞ്ഞ കാര്യങ്ങളോ ഏറ്റവും പ്രധാനപ്പെട്ടതുമല്ല. എല്ലാം വെള്ളത്തില്‍ വരച്ച വര പോലെയായി. ഇങ്ങനെ പരിതപിക്കുന്നയാള്‍ കര്‍ത്താവിനു കിട്ടേണ്ട മഹത്വവും സ്തുതിയും തനിക്ക് കിട്ടിയില്ല എന്ന് സങ്കടപ്പെടുകയാണ് "…അവിടുന്ന് മഹത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാന്‍ അര്‍ഹനാണ്" (വെളി 4:11).
ദൈവത്തിന്റെ ഗുണവിശേഷണങ്ങള്‍ തങ്ങള്‍ക്കായി തട്ടിപ്പറിക്കുന്നവര്‍ നേരിടേണ്ട അപകടങ്ങള്‍ പലതാണ്. ഒന്ന്, ദൈവത്തിനു നല്‌കേണ്ട മഹത്വം പുല്ലു തിന്നുന്ന കാളയുടെ ബിംബത്തിനു നല്കിയ ചരിത്രം പഴയ ഇസ്രായേലിനുണ്ട് (സങ്കീ 106:20). പുതിയ ഇസ്രായേലില്‍ സ്വയം ദൈവമായി ചമയുന്നവരെ ദൈവം കുറ്റപ്പെടുത്തും, ദൈവത്തിന് നല്‌കേണ്ട മഹത്വം ഒറ്റശ്വാസം മാത്രമായ നീ കവര്‍ന്നിരിക്കുന്നു. രണ്ട്, അവര്‍ക്ക് തങ്ങളെപ്പോലെത ന്നെ ദൈവമായി ചമയുന്ന എതിരാളികളെ അടിക്കടി നേരിടേണ്ടി വരും. അതേസമയം, തങ്ങളുടെ മുന്നില്‍ ദൈവ-വേഷം കെട്ടിയാടത്തവരെല്ലാം വെറും കീടങ്ങളാണെന്ന് അവര്‍ക്ക് തോന്നും. മൂന്ന്, സ്വന്തം വ്യാജ ബിംബത്തിന്റെ അടിമകളായി മാറിയ അവരെ കോമാളികളുടെ വിലയിട്ട് ചരിത്രം അവഗണിക്കും. അതിനാല്‍ സര്‍വശക്തനും പിതാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഏറ്റുപറയുന്നവര്‍ സ്വയം ആവര്‍ത്തിച്ച് പറയേണ്ടതുണ്ട്: നീ ദൈവമല്ല, വെറും മനുഷ്യനാണ്; നീ ദൈവാരാധകനാണ്, നീ സ്വന്തം വിഗ്രഹാരാധകനാകരുത്.

താര്‍ഷീഷ്

തിരുപ്പട്ടം: മുദ്രിത കൂദാശ

നിക്കരാഗ്വയില്‍ 11 ക്രൈസ്തവര്‍ക്ക് ദീര്‍ഘകാലത്തടവും വന്‍തുക പിഴയും

ക്യൂബയില്‍ സര്‍ക്കാര്‍ - പ്രതിപക്ഷ മധ്യസ്ഥത്തിന് സഭ

സ്പാനിഷ് സഭ സഹായം 725 സെമിനാരികള്‍ക്ക്