

പ്രത്യാശയുടെ ജൂബിലി വര്‍ഷമായി ആഗോള കത്തോലിക്കാ സഭ ആചരിച്ച 2025-ല്‍ ലോകമെങ്ങും നിന്നുള്ള 3.34 കോടി തീര്‍ഥാടകര്‍ റോമില്‍ എത്തിയതായി വത്തിക്കാന്‍ സുവിശേഷ വല്‍ക്കരണ കാര്യാലയം അറിയിച്ചു. വത്തിക്കാന്‍ നേരത്തെ കണക്ക് കൂട്ടിയിരുന്നതിനേക്കാള്‍ 20 ലക്ഷം ആളുകള്‍ അധികമായിരുന്നു ഇത്. ജൂബിലിയുടെ ഭാഗമായി തുറന്ന വിശുദ്ധ കവാടം അടക്കുന്നതിനു മുമ്പായി ഏറ്റവും അവസാനം അതിലൂടെ കടന്നുപോയത് സുവിശേഷവല്‍ക്കരണ കാര്യാലയത്തിലെ ജീവനക്കാര്‍ ആയിരുന്നു.
ജൂബിലി വര്‍ഷത്തിന്റെ മുഖ്യസംഘാട കരും അവരായിരുന്നു. ഇനി ഈ വിശുദ്ധ കവാടം തുറക്കുക എട്ടു വര്‍ഷത്തിനുശേഷം രക്ഷാകര കര്‍മ്മത്തിന്റെ ജൂബിലി ആഘോഷിക്കുന്ന 2033-ല്‍ ആയിരിക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണവും മൃതസംസ്‌കാരവും പിന്‍ഗാമിയായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ തിരഞ്ഞെടുപ്പും സ്ഥാനാരോഹണവും ജൂബിലി വര്‍ഷത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ ആയിരുന്നു.
185 രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരാണ് ജൂബിലി ആഘോഷങ്ങള്‍ക്കായി റോമില്‍ എത്തിയത്. ഇവരില്‍ 62.6 ശതമാനവും യൂറോപ്പില്‍ നിന്നായിരുന്നു. വടക്കേ അമേരിക്കയില്‍ നിന്ന് 16.5 ശതമാനം, തെക്കേ അമേരിക്കയില്‍ നിന്ന് 9.4 ശതമാനം, ഏഷ്യയില്‍ നിന്ന് 7.6 ശതമാനം എന്നിങ്ങനെ തീര്‍ഥാടകര്‍ എത്തി. ആഫ്രിക്കന്‍ തീര്‍ഥാടകരുടെ അനുപാതം 0.95 ശതമാനമായിരുന്നു.
രാജ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും അധികം തീര്‍ഥാടകര്‍ എത്തിയത് ഇറ്റലിയില്‍ നിന്നു തന്നെ, 36.34 ശതമാനം. അമേരിക്ക, സ്‌പെയിന്‍, ബ്രസീല്‍, പോളണ്ട്, ജര്‍മ്മനി, യു കെ, ചൈന, മെക്‌സിക്കോ, ഫ്രാന്‍സ് എന്നിവയാണ് തുടര്‍ന്നുള്ള രാജ്യങ്ങള്‍. അര്‍ജന്റീന, കാനഡ, പോര്‍ച്ചുഗല്‍, കൊളംബിയ, ആസ്‌ട്രേലിയ, ഫിലിപ്പീന്‍സ്, സ്ലോവാക്കിയ, ഇന്തോനേഷ്യ, ആസ്ട്രിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉള്ളവരുടെ എണ്ണവും ഗണ്യമായിരുന്നു.