ആന്റണി ചടയംമുറി
പാലക്കാടന്‍ മട്ട അരി കിട്ടിയില്ലെങ്കിലും ജനങ്ങള്‍ക്ക് ഇനി പാലക്കാടന്‍ 'വാറ്റ്' റെഡി. സര്‍ക്കാരിന്റെ ഈ പ്രഖ്യാപനം കേട്ട് സംസ്ഥാനത്തെ 'പാമ്പുകള്‍' പത്തിനിവര്‍ത്തിയാടുകയാണ്.
പ്ലാച്ചിമട സമരവും എലപ്പുള്ളി പഞ്ചായത്തും
പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് യു ഡി എഫ് ആണ്. പക്ഷേ നിര്‍ദിഷ്ട വാറ്റ് ഫാക്ടറിക്കായി 26 ഏക്കര്‍ ഡെല്‍ഹി കമ്പനി വാങ്ങിയെടുത്ത പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ സി പി എം കാരിയായ ഒരു പാവം വീട്ടമ്മയാണ്. കൊക്കകോള നിര്‍മ്മിക്കുന്ന കമ്പനി പ്ലാച്ചിമടയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള സി പി എം നേതാക്കളായ വി എസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും തീപ്പൊരി ഡയലോഗുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു 'സോഫ്റ്റ് ഡ്രിങ്ക്' ആയ കോള നിര്‍മ്മിക്കുന്നത് ജലചൂഷണമാണെന്നു പറഞ്ഞ പാര്‍ട്ടി എന്തേ ഇന്ന് മലക്കം മറിഞ്ഞ് 'വാറ്റ് കമ്പനി'ക്ക് അനുകൂലമായി സംസാരിക്കുന്നു?
തുടരെത്തുടരെ 'ബ്രൂവറി' എന്ന് പറയാതെ എന്തുകൊണ്ട് 'വാറ്റ് കമ്പനി'യെന്നു വിശേഷിപ്പിക്കുന്നതെന്നു ചോദിച്ചാല്‍ അതിനു മറുപടിയുണ്ട്. കാരണം 'ബ്രൂവറി' എന്ന ആംഗലേയ പദത്തിന്റെ കൃത്യമായ മലയാള പരിഭാഷ 'വാറ്റ്' എന്ന് തന്നെയാണ്. സുരാജ് വെഞ്ഞാറമൂട് ഒരു സിനിമയില്‍ പറയുന്നതുപോലെ ഫഹദ് ഫാസില്‍ ഇട്ടാല്‍ ബര്‍മുഡ, പാവപ്പെട്ട ഞാനൊക്കെയിട്ടാല്‍ വള്ളിനിക്കര്‍ എന്ന രീതിയിലേ നമുക്ക് ബ്രൂവറി കമ്പനിയെയും 'വാറ്റ് പരിപാടി'യെയും കാണാനാകൂ.
'വെള്ളം തൊടാതെ വിഴുങ്ങുന്ന' അവകാശവാദങ്ങള്‍
എല്‍ ഡി എഫ് വരും എല്ലാം ശരിയാകുമെന്ന ഇടതു കക്ഷികളുടെ ഇലക്ഷന്‍ പ്രചാരണ വാക്യത്തിന് കൂടുതല്‍ വീര്യമേകാന്‍ ഇടതിന്റെ മദ്യനയത്തെ പുകഴ്ത്തി ചാനല്‍ പരസ്യങ്ങളില്‍ വന്നത് ഇപ്പോള്‍ നമ്മോടൊപ്പം ജീവിച്ചിരിപ്പില്ലാത്ത കെ പി എ സി ലളിതയും ഇന്നസെന്റുമാണ്. മദ്യത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ലളിതയും, മദ്യത്തിനെതിരെ ഇടതുപക്ഷം നടത്തിവരുന്ന ബോധവല്‍ക്കരണത്തെക്കുറിച്ച് ഇന്നസെന്റും ആ പരസ്യങ്ങളില്‍ ചില അവകാശവാദങ്ങള്‍ നടത്തുകയുണ്ടായി. 'ഘട്ടംഘട്ടമായി' മദ്യവ്യാപനം തടയാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന വാഗ്ദാനംവരെ ആ പരസ്യങ്ങളിലുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ സംഭവിക്കുന്നതോ?
കോളേജ് സ്ഥാപിക്കാനാണെന്നു പറഞ്ഞാണ് വാറ്റ് കമ്പനി ഒമ്പതു പേരില്‍ നിന്ന് 26 ഏക്കര്‍ സ്ഥലം പാലക്കാട് എലപ്പുള്ളിയില്‍ വാങ്ങിയത്. ജല അതോറിറ്റിയെയും പഞ്ചായത്തിനെയും പറഞ്ഞു പറ്റിച്ച കമ്പനി 2023 നവംബര്‍ 13-ന് വാറ്റു കമ്പനി തുടങ്ങാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു.
പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ മുഖ്യ വരുമാന സ്രോതസ്സായി മദ്യവ്യവസായം മാറിക്കഴിഞ്ഞു. മദ്യ വില്‍പനയുടെ ഏറ്റവും ത്രസിപ്പിക്കുന്ന കണക്ക് സര്‍ക്കാര്‍ തന്നെ പുറത്തു വിട്ടിട്ടുണ്ട്. 2024-25 കാലഘട്ടത്തിലെ ക്രിസ്മസ്-നവവത്സര സീസണിലെ പത്തു ദിവസങ്ങളില്‍ മാത്രം കേരളത്തില്‍ വിറ്റുപോയത് 713 കോടി രൂപയുടെ മദ്യമാണ്. എറണാകുളം ജില്ലയിലെ പാലാരിവട്ടം-രവിപുരം സര്‍ക്കാര്‍ മദ്യഷാപ്പുകളില്‍ മാത്രം നവവത്സരദിനത്തില്‍ 108 കോടി രൂപയുടെ മദ്യം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ പവര്‍ഹൗസ് ഭാഗത്തുള്ള മദ്യഷാപ്പും (86.65 ലക്ഷം) മൂന്നാം സ്ഥാനത്ത് എറണാകുളം ജില്ലയിലെ തന്നെ ഇടപ്പള്ളി-കടവന്ത്ര മേഖലയിലുള്ള മദ്യഷാപ്പുമാണുള്ളത് (79.98 ലക്ഷം).
മദ്യവില്‍പന കുതിച്ചുയരുമ്പോള്‍ സര്‍ക്കാരിന്റെ ഖജനാവ് നിറയുന്നുണ്ടാകാം. പക്ഷേ ഓരോ മദ്യക്കുപ്പിയും പൊട്ടിക്കുമ്പോള്‍, അത് മൂലമുള്ള സാമൂഹികവും കുടുംബപരവുമായ കുറ്റകൃത്യങ്ങളുടെ ഗ്രാഫും വര്‍ധിക്കുന്നുണ്ട്. ടൂറിസത്തിന്റെ പേരില്‍ 74 ബിയര്‍ പാര്‍ലറുകള്‍ കൂടി തുറന്നതോടെ കേരളത്തില്‍ ഇപ്പോഴുള്ള ബിയര്‍-വൈന്‍ പാര്‍ലറുകളുടെ എണ്ണം 200 കടന്നു.
മദ്യലഹരിയുടെ മറുപുറത്തുള്ളത് കുടുംബങ്ങളുടെ കണ്ണീര്!
മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും പിന്നില്‍ അനിയന്ത്രിതമായ മദ്യപാന ശീലത്തിന്റെ കൊടുംക്രൂരതകള്‍ കാണാനാകും. ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍വച്ച് മദ്യപിച്ച് 'വെളിവ് പോയ' യുവാക്കള്‍ ഓടുന്ന കാറിനോടൊപ്പം ഒരു ആദിവാസി യുവാവിനെ വലിച്ചുകൊണ്ടുപോയ സംഭവം ഏതാനും മാസങ്ങള്‍ക്കു മുമ്പ് വലിയ വാര്‍ത്തയായെങ്കിലും പിന്നീട് അതിന്റെ 'ഫോളോഅപ്പി'നൊന്നും മാധ്യമങ്ങള്‍ മുതിര്‍ന്നതേയില്ല. ലഹരി മൂത്ത ഒരു മധ്യവയസ്‌കന്‍, അയലത്തുള്ള ഒരു ബാലികയെ മുടിക്കു കുത്തിപ്പിടിച്ച് മര്‍ദിച്ച വാര്‍ത്തയും നാം കണ്ടു. പക്ഷേ, മദ്യത്തോട് ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ പ്രത്യേകം അടയാളപ്പെടുത്താനോ, അതെല്ലാം നിയന്ത്രിക്കപ്പെടാനോ നമുക്ക് സംവിധാനങ്ങളില്ല. മദ്യഷാപ്പുകളില്‍ വില്‍ക്കപ്പെടുന്ന മദ്യത്തില്‍ അടങ്ങിയിട്ടുള്ള രാസഘടകങ്ങളുടെ പരിശോധനയ്‌ക്കൊന്നും നാം മുതിരുന്നുമില്ല. മദ്യത്തിനെതിരെയുള്ള പ്രസ്താവനകളും സമരങ്ങളുമെല്ലാം കുറെക്കൂടി വസ്തുതാപരമാക്കാനും, അതുവഴി മദ്യത്തിലൂടെ ഒഴുകിവരുന്ന സാമൂഹിക തിന്മകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനും നാം പദ്ധതികളൊരുക്കണം. അതായത്, മദ്യനിരോധനത്തിന്റെ 'സ്റ്റേജ്, ബാനര്‍'പരമായ പ്രതിരോധങ്ങള്‍ക്കപ്പുറമുള്ള നവ ബോധ്യവല്‍ക്കരണ രീതികളാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് ചുരുക്കം.
20 പൊലീസ് 'ജില്ല'കളും 14 റവന്യൂ 'ജില്ല'കളും
കേരളത്തില്‍ 14 റവന്യൂ ജില്ലകളാണുള്ളത്. പൊലീസ് ജില്ലകളാകട്ടെ 20 ഉം. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ അത്ര കൃത്യമാവണമെന്നില്ല. എങ്കിലും മദ്യവില്‍പനയില്‍ ക്രിസ്മസ്-പുതുവത്സര സീസണില്‍ ഒന്നാം സ്ഥാനത്തെത്തിയ എറണാകുളം ജില്ല കുറ്റകൃത്യങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയതും മദ്യോപയോഗത്തില്‍ രണ്ടാമതെത്തിയ തിരുവനന്തപുരം ജില്ല കുറ്റകൃത്യങ്ങളില്‍ ഒന്നാമതെത്തിയതും യാദൃശ്ചികമല്ല. കുറ്റകൃത്യങ്ങളുടെ കണക്കില്‍ (ആഗസ്റ്റ് 31 വരെ) തിരുവനന്തപുരം ഒന്നാമതും (50,627) എറണാകുളം രണ്ടാമതുമാണ് (45,211) തിരുവനന്തപുരവും എറണാകുളവും കൂടുതല്‍ പൊലീസ് ജില്ലകള്‍ക്ക് കീഴിലാണെന്ന കാര്യവും മറക്കരുത്. നാഷ്ണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് കേരളത്തിലെ കുറ്റകൃത്യനിരക്ക് 82 ശതമാനമാണ്. ദേശീയതലത്തിലാകട്ടെ 66.4 ശതമാനവും!
പാലക്കാട്ടെ 'വാറ്റ്' കമ്പനിയും വിവാദങ്ങളും
ഡെല്‍ഹി കമ്പനി ആം ആദ്മി പാര്‍ട്ടിക്ക് കോഴ കൊടുത്ത പട്ടികയില്‍ പെടുന്നവരാണെന്ന് വാര്‍ത്തകളിലുണ്ട്. കൂടാതെ പഞ്ചാബിലെ ഫരീദ്‌കോട്ടില്‍ ഇതേപോലൊരു വാറ്റ് കമ്പനി അവര്‍ തുടങ്ങിയെങ്കിലും കര്‍ഷകരുടെ പ്രതിഷേധം മൂലം പൂട്ടേണ്ടി വന്നുവത്രെ.
ഡെല്‍ഹി കമ്പനിക്ക് വെള്ളം നല്‍കുന്നതില്‍ തെറ്റില്ലെന്നും വ്യവസായങ്ങള്‍ക്ക് വെള്ളം നല്‍കുന്നത് പാപമല്ലെന്നുമാണ് മുഖ്യന്റെ നയം. കോളേജ് സ്ഥാപിക്കാനാണെന്നു പറഞ്ഞാണ് വാറ്റ് കമ്പനി ഒമ്പതു പേരില്‍ നിന്ന് 26 ഏക്കര്‍ സ്ഥലം എലപ്പുള്ളിയില്‍ വാങ്ങിയത്. ജല അതോറിറ്റിയെയും പഞ്ചായത്തിനെയും പറഞ്ഞു പറ്റിച്ച കമ്പനി 2023 നവംബര്‍ 13-ന് വാറ്റു കമ്പനി തുടങ്ങാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. രണ്ടുവര്‍ഷം മുമ്പ് കിന്‍ഫ്രയുടെ 10 എം എല്‍ ഡി ജലം ശേഖരിക്കാവുന്ന ടാങ്കില്‍ നിന്ന് വെള്ളം കൊണ്ടുപോകാനായി കൂറ്റന്‍ പൈപ്പുകളും വാങ്ങി റോഡരികിലിട്ടിട്ടുണ്ട്. അതായത് വാറ്റ് കമ്പനിക്കുള്ള 'ചുവപ്പ് പരവതാനി' വിരിക്കല്‍ പണ്ടേ തുടങ്ങിയെന്നു ചുരുക്കം.
കൂടുതല്‍ ഇന്ത്യന്‍ നിര്‍മ്മിത മദ്യം നിര്‍മ്മിക്കാന്‍ പറ്റിയ ഒരു പൊതുമേഖലാ സ്ഥാപനം (മലബാര്‍ ഡിസ്റ്റിലറി) പാലക്കാട്ടുണ്ട്. ഇവിടെ ഏതു തരത്തിലുള്ള മദ്യം നിര്‍മ്മിക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യന്‍ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെ 'കോംപ്ലാന്‍ ബോയ്' ആക്കാന്‍ ശ്രമിക്കുന്ന ഇടതുഭരണകൂടം എന്തിനാണ് ഒരു സ്വകാര്യ കമ്പനിയെ ക്ഷണിച്ചുകൊണ്ടുവന്ന് പാലക്കാട്ടെ 'നെല്ലറ' നശിപ്പിക്കാന്‍ ശ്രമിക്കുന്നത്? കേരളത്തിന് ആവശ്യമായ വ്യവസായമെന്നു പറയുന്നത് ഇത്തരം നാട് നശിപ്പിക്കുന്ന 'നെഗറ്റീവ്' ആയ വാറ്റു ഫാക്ടറികളാണോ? ഈ ചോദ്യങ്ങള്‍ക്ക് ഒരു കാലത്തും നമുക്ക് ഉത്തരം ലഭിക്കില്ല. കാരണം വാറ്റുകമ്പനികളുടെയും അബ്കാരികളുടെയും അടുക്കളയിലേക്ക് കോടികള്‍ മോഹിച്ച് 'തലയില്‍ മുണ്ടിട്ട്' കയറുന്നവരുടെ വാചകക്കസര്‍ത്തിന് മുമ്പില്‍ വാപൊത്തി നില്‍ക്കാനല്ലേ ജനങ്ങള്‍ക്ക് കഴിയൂ.