ഒനേസിമസ് ഒരു അവിശ്വാസിയും സമ്പന്നനായ ഫിലെമോന്റെ അടിമയുമായിരുന്നു. വി. പൗലോസ് എഫേസൂസില്‍ ആയിരുന്നപ്പോള്‍ ഫിലെമോന്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായി. ഫിലെമോന്‍ പണികഴിപ്പിച്ച പുതിയ വസതിയിലായിരുന്നു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രാര്‍ത്ഥനാസമ്മേളനങ്ങള്‍ നടത്തിയിരുന്നത്.
ഒരിക്കല്‍ എന്തോ തെറ്റുചെയ്ത ഒനേസിമസ് ശിക്ഷ ഭയന്ന് റോമിലേക്ക് ഓടി രക്ഷപെട്ടു. അവിടെ വച്ച് വി. പൗലോസിനെ പരിചയപ്പെട്ടു. വി. പൗലോസ് അന്നു റോമില്‍ തടവില്‍ കഴിയുകയായിരുന്നു. പൗലോസിന്റെ സ്വാധീനത്തില്‍ ഒനേസിമസ് വിശ്വാസം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ വിശ്വസ്തനായ സഹപ്രവര്‍ത്തകനായി മാറുകയും ചെയ്തു.
എങ്കിലും അടിമയായിരുന്നപ്പോള്‍ ഒനേസിമസ് ചെയ്ത തെറ്റ് വി. പൗലോസ് മറന്നിരുന്നില്ല. അതിനാല്‍ ഒരു കത്തും കൊടുത്ത് പൗലോസ് അയാളെ ഫിലെമോന്റെ അടുത്തേക്കു പറഞ്ഞുവിട്ടു. പ്രസിദ്ധമായ ആ കത്തില്‍ പൗലോസ് എഴുതി: "ഞാന്‍ വൃദ്ധനും ഇപ്പോള്‍ യേശുക്രിസ്തുവിനെപ്രതി തടവുകാരനുമാണ്. എന്റെ പുത്രന്‍ ഒനേസിമസിന്റെ കാര്യമാണ് നിന്നോടു ഞാന്‍ അപേക്ഷിക്കുന്നത്. മുമ്പ് അവന്‍ നിനക്കു പ്രയോജനരഹിതനായിരുന്നു. ഇപ്പോഴാകട്ടെ അവന്‍ നിനക്കും എനിക്കും പ്രയോജനമുള്ളവനാണ്. അവനെ നിന്റെയടുത്തേക്കു ഞാന്‍ തിരിച്ചയയ്ക്കുന്നു. ഇനി ഒരു ദാസനായിട്ടല്ല, ലൗകികമായും കര്‍ത്താവിലും എനിക്കും അതിലേറെ നിനക്കും പ്രിയപ്പെട്ട സഹോദരനായി അവനെ ലഭിച്ചിരിക്കുന്നു. നീ എന്നെ നിന്റെ സഹകാരിയായി പരിഗണിക്കുന്നെങ്കില്‍ എന്നെപ്പോലെ അവനെയും സ്വീകരിക്കുക. അവന്‍ നിന്നോട് എന്തെങ്കിലും തെറ്റുചെയ്യുകയോ എന്തെങ്കിലും നിനക്കു തരാന്‍ ഉണ്ടായിരിക്കുകയോ ചെയ്താല്‍ അതെല്ലാം എന്റെ പേരില്‍ കണക്കാക്കിക്കൊള്ളുക." (ഫിലെമോന്‍ 9-18)
ഈ കത്തു ലഭിച്ച ഫിലെമോന്‍ തന്റെ പഴയ അടിമയുടെ തെറ്റുകള്‍ ക്ഷമിക്കുക മാത്രമല്ല ചെയ്തത്, അയാളെ റോമിലേക്കു തന്നെ തിരിച്ചയച്ചു. അവിടെ ഒനേസിമസ് വി. പൗലോസിനെ സഹായിച്ചുകൊണ്ട് കുറെക്കാലം കഴിയുകയും, അദ്ദേഹം ജയില്‍മോചിതനായപ്പോള്‍ കൂടെപോകുകയും ചെയ്തു.
പിന്നീട് ഒനേസിമസ് മാസിഡോണിയയിലെ ബറോവ രൂപതയുടെ ബിഷപ്പാവുകയും അവിടെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു.