വായോജന നയം : തുടര്‍ നടപടികള്‍ ഉറപ്പുവരുത്തണം : പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്

Published on

കൊച്ചി : കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച നയങ്ങളെ പ്രൊ-ലൈഫ് ഗ്ലോബല്‍ ഫെലോഷിപ് സ്വാഗതം ചെയ്തു. വയോജന നയം തുടര്‍നടപടികള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് സമ്മേളനം ആവശ്യപ്പെട്ടു.

അത്യസങ്കീര്‍ണമായ രോഗസാഹചര്യങ്ങളിലൂടെയാണ് വയോജനങ്ങള്‍ കടന്നുപോകുന്നത്. 2050 ആകുമ്പോഴേക്കും കേരളത്തില്‍ വയോജനങ്ങള്‍ ഒരു കോടിയോളമാകുമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തെ വയോജനങ്ങളില്‍ നാലിലൊന്നുപേരും കാര്യമായ വരുമാനമില്ലാത്തവരാണ്. പകുതിലേറെപ്പേരും ജീവിതാന്ത്യം വരെ ചികിത്സ തേടേണ്ട ഒന്നിലധികം അസുഖമുള്ളവരാണ്.

സംയോജിത പരിചരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുവാനും സാന്ത്വനചികിത്സ സംവിധാനങ്ങളൊരുക്കാനും കരടുനയത്തില്‍ ലക്ഷ്യമിടുന്നു.

ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വാര്‍ഡുകളിലും മറ്റുമായി കഴിയുന്ന വയോജനങ്ങളുടെ സുരക്ഷിത സംരക്ഷണവും പുതിയ വയോജന നയത്തില്‍ സര്‍ക്കാര്‍ പരിഗണിക്കണമെന്ന് പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് ആവശ്യപ്പെട്ടു. സമൂഹത്തിലെ നന്മകള്‍ നിറഞ്ഞ വ്യക്തികളും, പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്തുണ നല്‍കണം.

വയോജനങ്ങളെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങളുടെയും, സാമൂഹ്യ പ്രവര്‍ത്തകരുടെയും, മത സാംസ്‌കാരിക മേഖലയില്‍ മഹനീയമായ സേവനങ്ങള്‍ കാഴ്ച വച്ച വ്യക്തികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച് നിയമ നിര്‍മ്മാണം നടത്തണമെന്നും പ്രൊ ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പ് ചെയര്‍മാന്‍ സാബു ജോസ് പറഞ്ഞു.

മുതിര്‍ന്ന പരന്മാര്‍ സമൂഹത്തിന്റെ സമ്പത്തും, അനുഗ്രഹവും എന്ന ദര്‍ശനം സമൂഹത്തില്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

logo
Sathyadeepam Online
www.sathyadeepam.org