പോള്‍ തേലക്കാട്ട്
മനുഷ്യരായ നാമെല്ലാം ലോകത്തിലാണ്. എന്നാല്‍ പലപ്പോഴും നാം ലോകത്തില്‍ നിന്നു പിന്‍വലിഞ്ഞു ലോകത്തിനു പുറത്തു പോകുന്നവരാണ്. നാം ചിന്തയില്‍ വ്യാപരിക്കുമ്പോള്‍ നാം ഇവിടെയല്ല, ലോകത്തില്‍ നിന്ന് പിന്‍വലിയുകയാണ്. അതു ലോകത്തില്‍ ജീവിക്കാന്‍ ആവശ്യമാണ്. ചിന്തിക്കുമ്പോള്‍ നാം നമ്മുടെ ബോധത്തിനുള്ളിലാണ്. അവിടെ ഭൂതത്തിനും ഭാവിക്കുമിടയിലാണ്. ഈ രണ്ടു ശക്തികള്‍ വിരുദ്ധമായി നമ്മെ വലിക്കുന്നു. അപ്പോഴാണ് ഒരു ഇടനിലക്കാരനെ പോലെ നാം രണ്ടിനും ഇടയില്‍ ഒരു നിശ്ചയം ചെയ്തു നില്‍ക്കുന്നത്. അതു ഞാന്‍ എന്റെ ഇടം നിശ്ചയിക്കുകയാണ്.
എന്റെ നിലപാടിന്റെ ഇടം. അത് ഈ ലോകത്തില്‍ ഒരിടമല്ല. ഇതാണ് എന്റെ ചിന്ത. ഞാന്‍ അപ്പോള്‍ എന്നില്‍ത്തന്നെയാണ്. എല്ലാവരില്‍ നിന്നും ലോകത്തില്‍ നിന്നും മാറി നില്‍ക്കുന്നു. അത് എവിടെയാണ്? ഇവിടെയൊന്നുമല്ല. അത് ഞാനും ഞാനുമായി നടത്തുന്ന സംഭാഷണത്തിലാണ്. ലോകം മുഴുവന്‍ എതിര്‍ത്താലും അവഗണിച്ചാലും എനിക്ക് എന്നെ അവഗണിക്കാനോ എതിര്‍ക്കാനോ ആവില്ല. ഞാനും ഞാനുമായി നില്‍ക്കുമ്പോള്‍ എനിക്ക് എന്നോട് നുണ പറയാനാവില്ല. എനിക്ക് എന്നോട് നേരു പറയണം. അല്ലെങ്കില്‍ ഞാന്‍ എനിക്ക് കള്ളനായി മാറും. ഇതാണ് അടിസ്ഥാനപരമായ ആത്മാര്‍ഥത - സത്യസന്ധത.
നാസി ഭരണകാലത്ത് ജര്‍മ്മനിയില്‍ 60 ലക്ഷം യഹൂദരെ കൊല്ലാന്‍ കൊണ്ടുപോയി കൊടുത്ത റുഡോള്‍ഫ് ഐക്മാന്‍ സാധാരണ മനുഷ്യനായിരുന്നു എന്ന് ഹന്ന അരന്റ് എഴുതി. അതിന് അവര്‍ തിന്മയുടെ സാധാരണത്വം (banality of evil) എന്ന് വിളിച്ചു. കാരണം അയാള്‍ ചിന്താവിഹീനനായിരുന്നു. ലോകത്തില്‍ നിന്നു ചിന്തയില്‍ മാറി നിന്നു ലോകത്തെ കാണാന്‍ അയാള്‍ തയ്യാറായില്ല.
ഇത് ശരിയാണ്. ചിന്തിക്കാതിരിക്കുക എന്നത് അബോധപൂര്‍വമാകാം, ബോധപൂര്‍വകവുമാകാം. സാധാരണമായി ആളുകള്‍ ചിന്തിക്കാതെ പോകുന്നതു എല്ലാം വഴിപോലെ നടക്കുന്നു എന്നതുകൊണ്ടാകാം. വഴിപോലെ നടക്കുന്നു എന്നതു ബോധപൂര്‍വം ചിന്തിക്കാതെ വിടുന്നതുമാകാം. കാരണം ചിന്തിച്ചാല്‍ അപകടമാണ് എന്ന് തിരിച്ചറിയുന്നു.
ഐക്മാന്‍ സാധാരണക്കാരനായിരുന്നില്ല. 1942 ജനുവരി 20 ന് ബെര്‍ലിന്‍ നഗരപ്രാന്തത്തില്‍ വാന്‍സി കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വ്യക്തിയാണ്. നാസി ജര്‍മ്മനിയുടെ സര്‍ക്കാരിന്റെ ഏറ്റവും ഉന്നതരായ 15 ഉദ്യോഗസ്ഥന്മാരുടെ യോഗമായിരുന്നു അത്. യഹൂദരെ മുഴുവന്‍ കൊല്ലാനുള്ള തീരുമാനം നടപ്പിലാക്കാന്‍ കൂടിയ യോഗം. അതിലെ അവസാന പദവിയിലുള്ളവനായിരുന്നു ഐക്മാന്‍. ആ യോഗത്തിന്റെ സെക്രട്ടറിയുമായിരുന്നു. ആ യോഗത്തെക്കുറിച്ച് അദ്ദേഹത്തെ വിസ്തരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, 'ഒരാളും, ഒരാള്‍ പോലും ആ അന്ത്യവിധിയെ എതിര്‍ത്തില്ല!'
യഹൂദരെ കൂട്ടത്തോടെ പിടികൂടി റോഡുപണിക്ക് നിയോഗിക്കുക. അവിടെ മരിക്കാത്തവരെ പിന്നീട് കൊല്ലുക. ഇതില്‍ ഏറ്റവും കൂടുതല്‍ ഇതിനോട് സഹകരിച്ചത് യഹൂദര്‍ തന്നെയായിരുന്നു. 'ഈ ഇരുണ്ട കഥയിലെ ഏറ്റവും ഇരുണ്ട അധ്യായം.' ഈ വിഷയമാണ് അദ്ദേഹം ചിന്തിക്കാതിരുന്നത്. അത് സാധാരണമല്ല. പക്ഷേ അതിന് കാരണങ്ങളുണ്ട്. തനിക്ക് അതിനെതിരായി ഒന്നും പ്രതികരിക്കാനാവില്ല. അത് വലിയ അപകടമാണ്. പ്രശ്‌നമുണ്ടാക്കാതെ അനുസരിക്കുന്നതാണ് തനിക്കു നല്ലത്. അതുകൊണ്ട് അയാള്‍ അത് ചിന്തിക്കാന്‍ ധൈര്യപ്പെട്ടില്ല. ഈ ചിന്താരാഹിത്യം ബോധപൂര്‍വകമാണ്.
സോക്രട്ടീസിനെ ശല്യപ്പെടുത്തി ചിന്തിപ്പിക്കുന്ന ഈച്ചയെ അയാള്‍ ഒഴിവാക്കി. ആ ശല്യം തനിക്ക് ഉണ്ടാകാതിരിക്കാന്‍ ബോധപൂര്‍വം പ്രവര്‍ത്തിച്ചു. നടക്കുന്നത് തെറ്റാണ് എന്ന് അകത്തു ബോധമുണ്ട്. പക്ഷേ അതനുസരിച്ച് പ്രവര്‍ത്തിക്കുന്നത് അപകടം ഉണ്ടാക്കും എന്നറിയുന്നവന്‍ അതിന്റെ നേട്ടങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് നിഷ്‌ക്രിയനായി. അധികാരം സമൂഹത്തില്‍ നടത്തുന്ന നടപടികള്‍ തെറ്റ് എന്ന് അകംപറയുന്നു. പക്ഷെ, അതു പുറത്തു പറയാന്‍ ധൈര്യമില്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ ഭയപ്പെടുന്നു. ഇതാണ് ഏത് അധികാരത്തിലും കാണുന്നത്. ഇവിടെയാണ് മന:സാക്ഷി നിശ്ശബ്ദമാകുന്നത്. ഇവിടെയാണ് വ്യക്തി തന്റെ ചരിത്രപരമായ നിയോഗത്തില്‍ നിന്ന് ഒളിച്ചോടുന്നത്.
പൊതുബോധം അംഗീകരിക്കാത്തതാണ് നാസിപ്പണി ചെയ്യുന്നത് എന്ന് അറിഞ്ഞവനാണ് ഐക്മാന്‍. അതിനെതിരെ പ്രതികരിക്കാതിരിക്കുന്നതു - ചിന്തിക്കാതിരിക്കുന്നു. അങ്ങനെ ചിന്തിക്കാതിരിക്കുന്നത് ശരിയല്ല എന്ന് വ്യക്തമായി അറിയാമായിരുന്നതു കൊണ്ടാണല്ലോ അയാള്‍ ഒളിച്ചുജീവിച്ചത്. 'സഹിക്കുന്നതാണ് ദ്രോഹിക്കുന്നതിനേക്കാള്‍ നല്ലത്,' എന്നത് ഉള്ളില്‍ ബോധമുണ്ടാകാം. പക്ഷേ പുറത്തു പറഞ്ഞു പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ധൈര്യമില്ല. സഹിക്കാനാവാത്ത തെറ്റിന്റെ കാറ്റ് ഊതുമ്പോള്‍ ആ ഒഴുക്കില്‍പ്പെട്ടു പോകുക. വ്യക്തിപരമായി താന്‍ ചെയ്യുന്നതു താന്‍ അംഗീകരിക്കാത്ത പ്രശ്‌നമാണ്. തന്നെ ദ്രോഹിക്കുന്നവന്‍ തന്റെ അകത്തു തന്നെയാകുന്ന സ്ഥിതി.
വിഘടിക്കാന്‍ കഴിവില്ലാത്ത ക്ലീബനായി മാറി. തന്നോടുതന്നെ നുണ പറഞ്ഞ് ജീവിക്കുന്ന അവസ്ഥ. അതിന് കാരണമാകുന്നത് അയാളുടെ അധികാരക്കൊതിയും അയാളുടെ ശൂന്യമായ വ്യക്തിത്വത്തിന്റെ വ്യാജ പ്രതിഭാസവുമാണ്. സ്വന്തം ജീവിതം ലോകത്തില്‍ നിന്നു മാറിനിന്ന് പരിശോധിക്കുവാനും വിധിക്കാനും കഴിയാതെ കഌബന്‍ അങ്ങനെ ചെയ്യുമ്പോള്‍ ഞാന്‍ തന്നെ എന്നെ ഇല്ലാതാക്കുന്ന ശൂന്യതയിലേക്ക് വഴുതി വീഴുകയാണ്, സ്വയം വഞ്ചിക്കുകയാണ്. അത് കപടമുഖം ധരിച്ച് ജീവിക്കുകയാണ്. അയാള്‍ ചിന്തിക്കാതിരിക്കുന്നതു കാപട്യമാണ്. ചിന്തിച്ചാല്‍ അത് ആത്മവഞ്ചനയുടെ വിധിയില്‍ അവസാനിക്കുമെന്നറിയാം. ലോകത്തില്‍ നിന്ന് മനസ്സുകൊണ്ട് മാറിനില്‍ക്കുന്നത് ലോകത്തെ വിമര്‍ശിക്കുന്നപ്രതിഷേധമാകുന്നു. അപകടകരമായ ചിന്തയില്ല. ചിന്ത തന്നെ അപകടകരമാണ്. ഇതാണ് ചിന്തയുടെ ഭക്തി. ജീവിതം അപകടകരമാകുമ്പോഴാണ് അത് അര്‍ഥപൂര്‍ണ്ണമാകുന്നത്.