
കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വളരെ നിര്‍ണ്ണായകമായ ഒരു ദശാസന്ധിയിലാണ് പോപ്പ് ലെയോ ഒന്നാമന്‍ അധികാരത്തിലെത്തിയത്. പാശ്ചാത്യ സാമ്രാജ്യങ്ങള്‍ ഛിന്നഭിന്നമായിക്കൊണ്ടിരുന്ന സമയം. പാഷണ്ഡതകളും വിരുദ്ധദര്‍ശനങ്ങളും പൗരസ്ത്യസഭയെ നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്ന സമയം. ആ സമയത്താണ്, ദീര്‍ഘവീക്ഷണവും ഭരണപാടവവും പാണ്ഡിത്യവും വിശുദ്ധിയുമുള്ള ലെയോ ഒന്നാമനെ ദൈവം പത്രോസിന്റെ സിംഹാസനത്തിലേക്ക് 440-ല്‍ കൈപിടിച്ചുയര്‍ത്തിയത്. സഭാചരിത്രത്തില്‍ 'മഹാന്മാരായ' മൂന്നു മാര്‍പാപ്പമാരെപ്പറ്റി പറയുന്നുണ്ട്. പോപ്പ് ലെയോ I ആണ് അതിലൊരു 'മഹാന്‍'; 6-ാം നൂറ്റാണ്ടിലെ ഗ്രിഗരി I; 9-ാം നൂറ്റാണ്ടിലെ നിക്കോളാസ് I എന്നിവര്‍ മറ്റു രണ്ടുപേരും.
റോമില്‍ ജനിച്ച ലെയോയെ സെലസ്റ്റിന്‍ മാര്‍പാപ്പ റോമന്‍ സഭയുടെ ആര്‍ച്ചുഡീക്കനാക്കി. സെലസ്റ്റിന്‍ പാപ്പായുടെയും സിക്സ്റ്റസ് ദ്വിതീയന്‍ പാപ്പായുടെയും ഭരണകാലത്ത് സഭാഭരണത്തില്‍ പങ്കാളിയാകാനുള്ള അവസരം അദ്ദേഹത്തിനു ലഭിച്ചു. സിക്സ്റ്റസ് പാപ്പായുടെ മരണശേഷം ലെയോ I അധികാരത്തില്‍ വന്നു.
ഒരു വലിയ പരീക്ഷണഘട്ടമായിരുന്നു അത്. വാന്റല്‍സും ഹണ്‍സും റോമാസാമ്രാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നു. നെസ്റ്റോറിയന്‍ പാഷണ്ഡതയും പെലാജിയന്‍ പാഷണ്ഡതയും കൊടികുത്തി വാഴുന്ന കാലം. സഭയുടെ വിശ്വാസങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ലെയോക്ക് കര്‍ശനമായ ചില നിലപാടുകള്‍ എടുക്കേണ്ടിവന്നു. സ്‌പെയിനിലും ഇറ്റലിയിലും പ്രചരിച്ചുകൊണ്ടിരുന്ന പാഷണ്ഡതകളെ പ്രതിരോധിച്ചുകൊണ്ടിരുന്നപ്പോഴാണ് ക്രിസ്തുവിന്റെ "ഏകസ്വഭാവവാദം" പൊന്തിവന്നത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ ആര്‍ച്ചുബിഷപ്പിന് പോപ്പ് ലെയോ എഴുതിയ ഡോഗ്മാറ്റിക് ലെറ്ററില്‍ സഭയുടെ നിലപാട് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചു: "ക്രിസ്തു ഒരു വ്യക്തിയാണെങ്കിലും ദൈവികവും മാനുഷികവുമായ രണ്ടു സ്വഭാവങ്ങളുമുണ്ട്" 461-ല്‍ അറുന്നൂറോളം പൗരസ്ത്യ ബിഷപ്പുമാര്‍ പേപ്പല്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ സമ്മേളിച്ച 4-ാം കാല്‍സിഡന്‍ സൂനഹദോസ് പോപ്പ് ലെയോയുടെ വാക്കുകള്‍ അംഗീകരിച്ചുകൊണ്ട് പ്രഖ്യാപിച്ചു: "ലെയോയിലൂടെ പത്രോസാണു സംസാരിക്കുന്നത്!"
സഭയുടെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിനായി സഭയില്‍ റോമിനുള്ള പരമാധികാരം അരക്കിട്ടുറപ്പിക്കേണ്ടതുണ്ടായിരുന്നു. ഫ്രാന്‍സില്‍ ആള്‍സിലെ ആര്‍ച്ചുബിഷപ്പ് എടുത്ത വ്യത്യസ്തമായ നിലപാടിനെ തിരുത്തേണ്ടതുണ്ടായിരുന്നു. ചക്രവര്‍ത്തി 445-ല്‍ പ്രസിദ്ധം ചെയ്ത കല്പനയില്‍ പോപ്പിന്റെ പരമാധികാരത്തെ അംഗീകരിച്ചത് ലെയോയ്ക്കു സഹായകമായി.
എങ്കിലും, അധികം താമസിയാതെ ആറ്റിലായുടെ നേതൃത്വത്തില്‍ ഹണ്‍സ് വര്‍ഗ്ഗക്കാര്‍ 454-ലും, ആഫ്രിക്കക്കാര്‍ 455 ലും ഇറ്റലിയെ കടന്നാക്രമിച്ചു. ആറ്റിലായെ നേരില്‍ കണ്ട് പാപ്പാ മടക്കി അയച്ചെങ്കിലും ആഫ്രിക്കക്കാര്‍ വളരെയേറെ നാശനഷ്ടങ്ങള്‍ വരുത്തിയ ശേഷമാണ് മടങ്ങിയത്. 461 നവംബര്‍ 10-ന് പോപ്പ് ലെയോ I അന്തരിച്ചു.
പോപ്പ് ലെയോ "എല്ലാവര്‍ക്കും എല്ലാ"മാകാനാണ് ശ്രമിച്ചത്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടുപോകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനം. അഥവാ, പ്രവൃത്തിയും പ്രാര്‍ത്ഥന തന്നെയായിരുന്നു. ലോകത്തിന്റെ മുമ്പില്‍ അദ്ദേഹം യഥാര്‍ത്ഥ പിതാവു തന്നെയായിരുന്നു. അവരുടെ സംരക്ഷണമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുള്ള ഉപദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം. വിശുദ്ധ ഗ്രന്ഥം ആധാരമാക്കിയുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയ സ്പര്‍ശിയായിരുന്നു. വിശുദ്ധിയിലേക്കും ഉത്തമജീവിതത്തിലേക്കുമുള്ള ആഹ്വാനമായിരുന്നു അവ. അദ്ദേഹത്തിന്റെ ക്രിസ്മസ് പ്രഭാഷണങ്ങള്‍ ഇന്നും പ്രശസ്തമാണ്.