ചിന്താജാലകം

വഴി വായിലുണ്ട്

പോള്‍ തേലക്കാട്ട്‌

''ദൈവത്തിനു പുറത്തു സ്വന്തം വീട്ടില്‍ വസിക്കുന്ന മനസ്സിന്റെ ഒരു മാനമായ ആത്മാവ് വേര്‍തിരിവാണുണ്ടാക്കുന്നത്. സ്വാഭാവികമായ നിരീശ്വരത്വമാണിത്'' എമ്മാനുവേല്‍ ലെവിനാസിന്റെ വാചകമാണിത്. സ്വാഭാവികമായി ഒരുവന്റെ ആത്മാവബോ ധം ദൈവത്തിനു പുറത്താണ്. വേര്‍തിരിവിന്റെ സ്വന്തം സ്വത്വബോധവുമാണത്. അകത്തുനിന്നുള്ള സ്വയം നിര്‍ണ്ണയത്തിന്റെ തനിമ. ഈ അഹംബോധം സ്വാഭാവികമായി വ്യാപിക്കും. അതു സ്വാഭാവികമായ ചാച്ചിലുകളിലൂടെയാണ്. ഞാന്‍ എന്ന ബോധത്തിന്റെ വ്യാപനമുണ്ട് - അത് എന്റെ കുടുംബം, എന്റെ നാട്, എന്റെ മതം, ജാതി, ഗോത്രം എന്നിങ്ങനെ സംഘം ചേരലുകളില്‍ അതു വ്യാപിക്കുന്നു.

ഇത്തരം സംഘം ചേരലുകള്‍ സഭയിലും പുരോഹിതരിലും മെത്രാന്മാരിലും ഉണ്ടാകും. പല പേരുകളില്‍ ഈ സംഘം ചേരല്‍ നടക്കും. നാട്, വീട്, രൂപത, സന്ന്യാസസമൂഹം, പ്രദേശം എന്ന് പലതിന്റെയും അടിസ്ഥാനത്തില്‍. ഇവിടെയെല്ലാം തനിമയുടെ ആവര്‍ത്തന സ്ഥാപനങ്ങളാണ് സംഭവിക്കുക. അതു ശരീരത്തിന്റെ വിപുലീകരണമാണ്. അതു ഗോത്രബോധമാണ്, വര്‍ഗ്ഗബോധമാണ്. ഇതൊക്കെ ജന്മത്തിന്റെ വിധിയോടെ വന്നുചേരുന്നതാണ്. ഈ തനിമ വിധി നിശ്ചയത്തില്‍ വന്നുചേരുന്നു. ഇസ്രായേല്‍ക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന ബോധമുണ്ടായിരുന്നു. അത് ഒരു ആദ്ധ്യാത്മബോധത്തിന്റെ വ്യത്യാസമാണ് ഉണ്ടാക്കുന്നത്. തങ്ങള്‍ മറ്റുള്ളവരെപ്പോലെയല്ല എന്ന ഒരു സമീപനം.

സ്വയം തെരഞ്ഞെടുക്കപ്പെട്ടവരാണ് എന്ന ശ്രേഷ്ഠചിന്ത വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ഉണ്ടാകാം. ഇങ്ങനെ വെറും ''സാധാരണക്കാരല്ലാത്ത''വര്‍ പരസ്പരം സംഘര്‍ഷത്തിലും സമരത്തിലും വന്നുപ്പെടാം. കേരളത്തിലെ സഭയില്‍ ഈ സംഘര്‍ഷങ്ങള്‍ തുറന്ന യുദ്ധത്തിന്റെ മാനം സ്വീകരിച്ച് പരസ്യമായ വലിയ ഉതപ്പായി സഭയിലുള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്ന തലത്തില്‍ എത്തിക്കഴിഞ്ഞു. ജനങ്ങളും ഇപ്പോള്‍ ഈ സംഘര്‍ഷസംഘട്ടനങ്ങളില്‍ പങ്കാളികളായിരിക്കുന്നു. രണ്ടു വിഭാഗങ്ങളായി സംഘര്‍ഷത്തിലാണ്. പ്രശ്‌നം ഗൗരവമാണ്. പക്ഷെ, പ്രശ്‌നത്തിന്റെ സത്ത അതി മാത്രം അപ്രധാനവുമാണ്. വിശ്വാസ സന്മാര്‍ഗ്ഗ പ്രശ്‌നങ്ങള്‍ ഒന്നു മല്ല. വിവാദ വിഷയം വെറും അനുഷ്ഠാനപരമാണ്. അതു 40 വര്‍ഷങ്ങളായി നടപ്പിലുള്ളതാണണ്. ഐകരൂപ്യമാണ് ലക്ഷ്യം. പക്ഷെ, ഐക്യം അപകടത്തിലായി.

പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്നവര്‍ അടിച്ചൊതുക്കാനുള്ള തത്രപ്പാടിലാണ്. ഉതപ്പുകളും പരസ്യവിഴുപ്പലക്കലും വര്‍ദ്ധിക്കും. ''മതി, ഇനി വേണ്ട'' എന്നു പറയാന്‍ ധര്‍മ്മവീര്യമുള്ളവരില്ല എന്നു ഭയപ്പെടുന്നു. ആരെയും തോല്പിക്കാതെ അല്പം തോറ്റു ജയിക്കു ന്ന വഴിയില്ലേ? വായിലാണ് വഴി എന്നു പറയാറില്ലേ? വായില്‍ വഴിയുണ്ടാകുന്നതു സംഭാഷണത്തിലാണ്. അതാണ് സ്വാഭാവികമായതും മാനുഷികവുമായ വഴി. സംഭാഷണം നിലയ്ക്കുന്നിടത്താണ് അക്രമം ആരംഭിക്കുന്നത്. ഇപ്പോള്‍ അക്രമത്തിന്റെ പാതയിലാണ് എന്ന് ലോകം മുഴുവന്‍ കാണുന്നു. സംഭാഷണമാണ് മനുഷ്യന്റെ ധര്‍മ്മമാര്‍ഗ്ഗം. അക്രമത്തിന്റെ പാതയില്‍ നിന്നു പിന്മാറുന്നതു സംഭാഷണത്തിന്റെ വഴിയാണ്. ഇപ്പോള്‍ നടക്കുന്നതു കുരിശുയുദ്ധങ്ങളാണ്. കുരിശുയുദ്ധം മാര്‍ഗ്ഗമാക്കുമ്പോള്‍ എല്ലാവരും കോണ്‍സ്റ്റാന്റയിന്‍ ചക്രവര്‍ത്തിയുടെ മെല്‍വിയന്‍ പലത്തില്‍ യുദ്ധവേദിയിലാണ്. യേശുവിനെ നാം പുറത്താക്കിക്കഴിഞ്ഞു.

മാര്‍ട്ടിന്‍ ബുബര്‍ പണ്ട് എഴുതി, ''ആദിയില്‍ സംബന്ധമുണ്ടായിരുന്നു.'' ഈ വാചകം ''ആദിയില്‍ വചനമുണ്ടായിരുന്നു എന്നതിന്റെ വഴിയാണ്. സംബന്ധത്തിന്റെ പാലം പണിയുന്നതു വചനമാണ് - ഭാഷണമാണ്. അ താണ് അകലം കുറയ്ക്കുന്നതും അടുപ്പിക്കുന്നതും. അതിന് അനിവാര്യം മനസ്സ് തുറക്കലാണ്. ഇരു വിഭാഗവും ഒരു സഭയുടെ ശുശ്രൂഷകരാണ്. പരസ്പരം മുഖാമുഖമായി ഇരിക്കുന്നതില്‍ അതു തുടങ്ങാം. വെറുതെ അപരനെ കേള്‍ക്കാന്‍ സന്നദ്ധനാകുക. അഹത്തെ അടക്കി കേള്‍ക്കുക. അപരന്‍ എന്നില്‍ ശല്യങ്ങള്‍ ഉണ്ടാക്കും.

അപരന്റെ ശല്യപ്പെടുത്തല്‍ എന്തുകൊണ്ട്? അപരന്‍ അസ്തിത്വങ്ങളില്‍ ഒന്നല്ല, പട്ടിയും പാമ്പും ചേമ്പും പോലെ ഒന്നല്ല. വേറൊ രു വിധത്തില്‍ അപരനാണ്. എന്റെയുള്ളില്‍ ഉള്ളതിനേക്കാള്‍ അധി കം അപരനുണ്ട്. അപരനെ മനസ്സിലാക്കാന്‍ അപരനോട് സംഭാഷിക്കണം. സംഭാഷിക്കാന്‍ തയ്യാറാകുന്നത് ഒരു മനോഭാവമാണ് - അത് അക്രമത്തിന്റെ പുറപ്പാടല്ല. അരിശത്തിന്റെയാകാം ആദരവിന്റെയാകാം. കരച്ചിലാകാം കോപമാകാം. ലെവിനാസ് എഴുതി സംഭാഷണത്തിന്റെ സത്ത പ്രാര്‍ത്ഥനയാണ്. കണ്ണീരും കോപവും നിഷേധപരമായ പ്രാര്‍ത്ഥനയാണ്. അപരന്‍ പറയുന്നതിന്റെയും പ്രകടിപ്പിച്ചതിന്റെയും സത്ത ഒരു പ്രാര്‍ത്ഥനയല്ലേ?

മുഖാമുഖങ്ങള്‍ തമ്മിലുള്ള സംഭാഷണത്തില്‍ ഒന്നും പറയാത്തവരും പറയുന്നു. പറയുന്നവര്‍ പറയുന്നതില്‍ കൂടുതല്‍ കാണിക്കുന്നു. മുഖം മൊഴിയുന്നു, മുഖം കോപിക്കുന്നു, മുഖം മ്ലാനമാകുന്നു, ചിരിക്കുന്നു, ക്രൂരമാകുന്നു - എല്ലാം മൊഴിയലാണ്. മുഖങ്ങള്‍ പരസ്പരം കല്പിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. കല്പിക്കുന്നതു ചെയ്യാനും ആദരിക്കാനും നല്കുന്ന ഉത്തരവുകളാണ്, അതേ സമയം മുഖം മൊഴിയുന്നതു പ്രാര്‍ത്ഥനയുമാണ് - അപേക്ഷയാണ് യാചനയാണ്. ഇതൊക്കെ കേള്‍ക്കാനും കാണാനും കഴിയുന്നതുമാണ് സംഭാഷണത്തിന്റെ മര്‍മ്മം. കേള്‍ക്കുക എന്നാല്‍ അകത്തേക്ക് എടുക്കുകയാണ്. അതു വാതില്‍ തുറന്ന് ആതിഥ്യം കൊടു ക്കലാണ്. അതാണ് ധര്‍മ്മം. ധര്‍മ്മം ജനിക്കുന്നതും വളരുന്നതും ദൈവികമാകുന്നതും സംഭാഷണത്തിലാണ്. അപരനോട് എന്താണ് പ്രര്‍ത്ഥിക്കുന്നത്? ഒന്നു മാത്രം ''ധര്‍മ്മം തരണേ.'' ധര്‍മ്മം ചോദിക്കുന്നു. അതു കൊടുക്കാനാവുമോ - ചോദിക്കുന്നതു പ്രാര്‍ത്ഥനയാണ്. ആദരവ് അംഗീകാരം അതു മാത്രം. അതില്‍ പ്രാര്‍ത്ഥനയുടെ കേള്‍വിയുണ്ട്. കേള്‍ക്കുന്ന മുഖം അംഗീകാരത്തിന്റെ മുഖമാണ്. ആ മുഖം സംഘബോധം മറന്നു. ആ ബോധം തനിമ മറന്ന അപരപ്രചോദിതമായി. ആ മുഖമാണ് പ്രത്യക്ഷം, എപ്പിഫനി. ആ മുഖത്ത് ഒരു സത്യം താണിറങ്ങും - മഹത്വവും ദൈവികതയും ഓടിമറയുന്നു. ആ നിമിഷത്തില്‍ നിത്യത നിഴലിക്കുന്നതു കാ ണാന്‍ കണ്ണു തെളിയും അഹം മറന്ന അപരസ്മൃതിയില്‍ മാനവികതയുടെ കണ്ണുകളില്‍ കണ്ണീരു നിറയും - സങ്കടത്തിന്റെയും സ ന്തോഷത്തിന്റെയുമല്ല സത്യത്തിന്റെയും നീതിയുടെയും, അപ്പോഴാണ് മുഖം വെളിപാടിന്റെതാകുന്നത്. സൗഹൃദം സംഭവിക്കുന്നത്.

വിശുദ്ധ ബൊനവെഞ്ചര്‍ (1218-1274)  : ജൂലൈ 15

വിശുദ്ധ കാമില്ലസ് ലെല്ലിസ്  (1550-1614)  : ജൂലൈ 14

ഓരോ കവിതയും ഹൃദയസ്പന്ദനമായി മാറുകയാണ് സെബാസ്റ്റ്യൻ്റെ   പ്രത്യേകത:  എം കെ സാനു

ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി എന്‍ എസ് എസ് സെന്റ് തോമാസ് കോളേജ് വിദ്യാര്‍ഥികളുടെ കൂട്ടയോട്ടം

സൗജന്യ മെഡിക്കല്‍ ക്യാമ്പ്