ചിന്താജാലകം

'ഐക്യം ഐകരൂപ്യമല്ല': സിനഡ് സമ്മേളനരേഖ

പോള്‍ തേലക്കാട്ട്‌

''സഭയുടെ ഐക്യമെന്നത് ഐകരൂപ്യമല്ല.'' 2024 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടന്ന മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിനുശേഷം പുറപ്പെടുവിച്ച രേഖയിലെ ഒരു വാക്യമാണിത്. ഈ വാചകം ഒരു ഉദ്ധരണിയാണ്, അതു ഫ്രാന്‍സിസ് മാര്‍പാപ്പയുടെയല്ല, ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെതാണ്. 2001-ല്‍ രണ്ടായിരമാണ്ടിന്റെ പൂര്‍ത്തിയില്‍ പുറപ്പെടുവിച്ച അപ്പസ്‌തോലിക ലേഖനത്തില്‍ നിന്നുള്ള ഉദ്ധരണിയാണ്. സീറോ മലബര്‍ സഭ ഐകരൂപ്യം നടപ്പിലാക്കല്‍ അടിച്ചേല്പിക്കലായി നടത്തുന്നതിന്റെ ഇടയിലാണ് ഈ പ്രഖ്യാപനം. സീറോ മലബാര്‍ സഭയില്‍ നിന്ന് നാലുപേരെങ്കിലും ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സിനഡ് സമ്മേളനം സിനഡാലിറ്റി എന്ന സംഭാഷണ മാതൃകയെക്കുറിച്ചായിരുന്നു. ഈ പരിപാടിയില്‍ 368 പേര്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവരില്‍ 272 പേര്‍ മെത്രാന്മാരും 96 പേര്‍ മെത്രാന്മാരല്ലാത്തവരുമായിരുന്നു. 356 പേരാണ് ഇതിലെ വോട്ടെടുപ്പില്‍ പങ്കുചേര്‍ന്നത്. ഈ പ്രമാണരേഖയില്‍ പ്രമേയങ്ങള്‍ എല്ലാം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ പാസ്സാക്കിയവയാണ്.

മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ച ഈ രേഖ മാര്‍പാപ്പ അങ്ങനെതന്നെ അംഗീകരിച്ച് സഭാരേഖയായി പ്രസിദ്ധീകരിക്കുകയായിരുന്നു. അങ്ങനെ സഭയുടെ ഔദ്യോഗികരേഖയാണിത്. ഈ രേഖയുടെ 47-ാം നമ്പറില്‍ ആഗോള സമൂഹത്തില്‍ വര്‍ധിക്കുന്ന ഏകാധിപത്യ പ്രവണതകള്‍ ജനാധിപത്യ സമൂഹങ്ങളിലും പ്രകടമാകുന്നതിനെക്കുറിച്ച് ആശങ്കയോടെ എഴുതി, ''സംഘര്‍ഷങ്ങള്‍ ബലപ്രയോഗത്തിലൂടെ പരിഹരിക്കുന്ന പ്രലോഭനം സംഭാഷണത്തിലൂടെ മറികടക്കാം.''

ഈ ആരാധനക്രമ വിവാദത്തില്‍ ഒന്നും ലജ്ജാകരമായി സംഭവിച്ചിട്ടില്ല എന്ന് ഇനിയും പറയാനാകുമോ എന്ന് സാമാന്യബോധമുള്ളവര്‍ ചോദിച്ചേക്കും.

ഈ ആധിപത്യസംസ്‌കാരത്തിനെതിരെ ക്രൈസ്തവര്‍ വിമര്‍ശനപരമായും പ്രവാചികമായും ശബ്ദമുയര്‍ത്തണമെന്ന് ആവശ്യപ്പെടുന്നു. അത് ഇവിടെ നമ്മുടെ സഭയില്‍ നടക്കുന്നത് ആര് അറിയുന്നു? മര്‍ക്കോസിന്റെ സുവിശേഷം ഉദ്ധരിച്ചുകൊണ്ട് (7:37) യേശു ''ചെകിടര്‍ക്കു കേള്‍ക്കാനും ഊമര്‍ക്ക് സംസാരിക്കാനും കഴിവ് നല്കി'' എന്നു പറയുന്നു. അതിവിടെ പാതകമായി മുദ്രകുത്തപ്പെടുന്നു. പലമ (Plurality) പരിഗണിച്ച് എല്ലാവരേയും കേള്‍ക്കണം എന്ന് ആവശ്യപ്പെടുന്നു. ''കേള്‍ക്കലാണ് സൗഖ്യത്തിന്റെ വഴിയില്‍ അനുതാപത്തിനും നീതിക്കും അനുരഞ്ജനത്തിനും അടിസ്ഥാനമാകേണ്ടത്'' എന്ന് എഴുതി. ''സഭ അതിന്റെ വീഴ്ചകള്‍ ഏറ്റുപറയണം'' (55). ഒരേ മാമ്മോദീസ സ്വീകരിച്ച സഹോദരീ സഹോദരന്മാര്‍ വിഭാഗീയതയുടെ ഉതപ്പ് ഉണ്ടാക്കിയും പരസ്പരം വൈരം സൃഷ്ടിച്ചും വളരെയേറെ സങ്കട ങ്ങള്‍ക്കു കാരണമാകുന്നു എന്നു വ്യക്തമായി പറയുന്നു (No. 56). ഈ പറഞ്ഞതു സീറോ മലബാര്‍ സഭയെക്കുറിച്ചുമല്ലേ? ഈ സഭയുടെ പിതാക്കന്മാര്‍ ഈ യോഗത്തില്‍ ഇതിനോട് എങ്ങനെയാണ് പ്രതികരിച്ചത്?

അത്ഭുതത്തോടെ ശ്രദ്ധിച്ച ഒരു നിശ്ശബ്ദത ഈ രേഖയിലുണ്ട്. മെത്രാന്മാര്‍ അപ്പസ്‌തോല പിന്‍ഗാമികള്‍ എന്നാണ് അവകാശപ്പെടുന്നത്. പക്ഷേ, ഈ രേഖയില്‍ അതു കാണുന്നില്ല. ഈ രേഖയുടെ അധ്യായങ്ങള്‍ ആരംഭിക്കു ന്നതു യോഹന്നാന്റെ സുവിശേഷത്തിന്റെ 20, 21 അധ്യായങ്ങളുടെ ഉദ്ധരണികള്‍ കൊണ്ടാണ്. മെത്രാന്മാരുടെ അപ്പസ്‌തോല പാരമ്പര്യം പറയാത്ത രേഖ യേശുവിന്റെ പുനരുത്ഥാനത്തിന്റെ ഏകസാക്ഷിയായ മഗ്ദലേന മറിയത്തെ 'അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോലന്‍' എന്നു വിശേഷിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷം 12 അപ്പസ്‌തോലന്മാരെക്കുറിച്ച് നിശ്ശബ്ദമാണ്. യേശു കാലുകഴുകിയതിനെക്കുറിച്ചു പറയുന്ന ഏക സുവിശേഷകന്‍ യോഹന്നാനാണ്. പക്ഷെ, അവര്‍ അപ്പസ്‌തോലരല്ല, ശ്ലീഹന്മാരാണ്. പുനരുത്ഥാനം ശ്ലീഹന്മാരെ അറിയിക്കുന്നത് ഏകസാക്ഷിയായ മേരിയാണ്.

മാമ്മോദീസയിലൂടെ ''സ്ത്രീയും പുരുഷനും ദൈവജനത്തില്‍ തുല്യമഹത്വമുള്ള അംഗങ്ങളാണ്'' എന്ന് വ്യക്തമായി പറയുന്നു. സ്ത്രീകളാണ് പള്ളിയില്‍ വരുന്നതിലധികവും എന്നും പറയുന്നു. സ്ത്രീകള്‍ക്ക് ഡീക്കന്‍ പദവി നല്കുന്ന പ്രശ്‌നം സാധ്യതയായി പരിഗണിക്കുന്നു. മാമ്മോദീസയാണ് ക്രൈസ്തവ തനിമയുടെ അടിസ്ഥാനം. പട്ടങ്ങള്‍ എല്ലാം ദൈവജനത്തിന്റെ ശുശ്രൂഷയ്ക്കുള്ള വിളിയാണ്. അത് പദവിയും അധികാരവുമായി പരിഗണിക്കുന്നില്ല. ദൈവജനത്തിനാണ് തെറ്റാവരമുള്ളത്. വിശ്വാസബോധമാണ് (sensus fidei) ഇതിന്റെ അടിസ്ഥാനം. സഭാജീവിതത്തിന്റെ അടിസ്ഥാനമിതാണ്. ഇതു പൊതുജനാഭിപ്രായമല്ലെന്നും ഇതു ഭൂരിപക്ഷാഭിപ്രായമല്ലെന്നും എടുത്തു പറയുന്നു. ഈ വിശ്വാസബോധത്തില്‍ നിന്നു ആരും പുറത്താകുന്നില്ല. സഭയുടെ ശൈലി സിനഡാലിറ്റി ആകുമ്പോള്‍ അതു ''സംഭാഷണ'' ശൈലിയാണ്. സംഭാഷണം (conversation) എന്ന പദം ആറ് തവണകളല്‍ ആവര്‍ത്തി ക്കുന്നു. ഈ വിശ്വാസബോധമാണ് ''വിശ്വാസത്തിന്റെ പൊതുബോധ''(consensus fidei)മായി മാറുന്നത്. അല്‍മായരുമായി സഭാനേതൃത്വം പരസ്പര വിശ്വാസത്തില്‍ കൂടിയാലോചനകള്‍ നടത്തണമെന്ന് ഈ സിനഡുരേഖ അനുശാസിക്കുന്നു. മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതില്‍ ദൈവജനത്തിനു വര്‍ധിച്ച ശബ്ദമുണ്ടാകും. അത് ആര് കേള്‍ക്കുന്നു? 88-ാം നമ്പറില്‍ വീണ്ടും പറയുന്നു, ക്രിസ്തു വിളിച്ചുകൂട്ടിയ സഭ ''ഐകരൂപ്യമല്ലെന്നും എന്നാല്‍ ഒരു രൂപവുമില്ലാത്തതുമല്ല.'' അധികാരത്തിലുള്ളവര്‍ ഇന്നത്തെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാലോചനകള്‍ക്ക് കടപ്പട്ടവരാണ്'' എന്ന് സിനഡ് പറയുമ്പോള്‍ അധികാരികള്‍ തന്നെ അതു തടയുന്ന പ്രതിസന്ധി നിലനില്‍ക്കുന്നു. താല്‍പര്യമുണ്ടെങ്കില്‍ മാത്രം മതി എന്നു ചിലര്‍ തീരുമാനിക്കുന്നു! വി. പൗലോസ് കോറിന്തോസിലെ സഭയ്‌ക്കെഴുതിയത് ഈ സിനഡ് രേഖ ഉദ്ധരിക്കുന്നു.

''ലജ്ജാകരമായ രഹസ്യനടപടികള്‍ ഞങ്ങള്‍ വര്‍ജിച്ചിരിക്കുന്നു. ഞങ്ങള്‍ ആരേയും വഞ്ചിക്കുകയും ദൈവവചനം തെറ്റായി വ്യാഖ്യാനിക്കുകയും ചെയ്യുന്നില്ല'' (2 കൊറി. 4:3). സീറോ മലബാര്‍ സിനഡ്, ഈ സിനഡ് രേഖ വലിയ ലജ്ജയോടെ വായിക്കുമെന്നു കരുതട്ടെ. ഈ ആരാധനക്രമ വിവാദത്തില്‍ ഒന്നും ലജ്ജാകരമായി സംഭവിച്ചിട്ടില്ല എന്ന് ഇനിയും പറയാനാകുമോ എന്ന് സാമാന്യബോധമുള്ളവര്‍ ചോദിച്ചേക്കും. ''ഞങ്ങള്‍ ആരെയും വഞ്ചിച്ചിട്ടില്ല'' എന്ന് ചങ്കില്‍ കൈവച്ച് പറയാന്‍ കഴിയുന്ന വിധം കാര്യങ്ങള്‍ സത്യസന്ധമാക്കാന്‍ പഠിക്കാനുണ്ട്, പിശകുകള്‍ തിരുത്താനുണ്ട്. എല്ലാറ്റിനും ആദരണീയമായ വഴി സംഭാഷണത്തിന്റെയാണ്. അതിനുള്ള നല്ല മനസ്സുള്ള സഭാധികാരം ഉണ്ടാകട്ടെ. സീറോ മലബാര്‍ സഭയില്‍ സ്ത്രീകള്‍ക്കു തുല്യമായ മഹത്വം നല്കാന്‍ മടിക്കുന്ന പുരുഷാധിപത്യവും, സംഭാഷണത്തിന്റെ വഴിയടച്ച് ''ഞങ്ങള്‍'' തീരുമാനിക്കും എന്നു ''നിങ്ങളോട്'' പറയുന്ന ശൈലിയും മാറ്റി, ''നമ്മള്‍'' എന്ന സംഭാഷണ സമൂഹത്തിന്റെ വഴിയില്‍ സഭ വളരട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

കാറ്റിക്കിസം ക്വിസ് [നമ്പര്‍ 91]

ഡിജിറ്റൽ വെൽനസിലേക്ക് ഒരു സ്റ്റെപ്പ്! [No. 3]

കയ്യില്ലാതെ വില്ലു തൊടുത്ത് സ്വർണം പെയ്യിക്കുന്ന ശീതൾ ദേവി 🏹 🎯🔥

🌱 ദൈവം ഇപ്പോഴും ക്രിയേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണോ? 'കണ്ടിന്യൂവസ് ക്രിയേഷൻ' വൈബ്സ്! ✨

‘കട്ടപ്പ’മാരും കട്ടുമുടിച്ചവരും കൈകോർക്കുമ്പോൾ