

പുതിയ യു ഡി എഫ് സർക്കാരിന് ‘ഇരിക്കപ്പൊറുതി’ കൊടുക്കാത്തവിധം, വിമർശനങ്ങളും സമരങ്ങളും പതഞ്ഞുപൊങ്ങുകയാണ്. കോൺഗ്രസിനുള്ളിൽ നിന്നും പ്രതിപക്ഷത്തുനിന്നുമെല്ലാം ഉയരുന്ന വിമർശനങ്ങൾ വിവാദങ്ങളാക്കി മാറ്റാൻ ചില മാധ്യമങ്ങളും പാടുപെടുന്നു. ഈ സർക്കാരിനെ വിമർശിക്കുന്നവരിൽ രണ്ട് പക്ഷമുണ്ട്. രാഷ്ട്രീയത്തിന്റെ മുഖംമൂടി വച്ച് ആക്രമിക്കുന്നവരാണ് ആദ്യത്തെ പക്ഷം. മറ്റൊരു കൂട്ടർ ഇതൊന്നുമല്ല ഞങ്ങൾ ഈ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചതെന്ന് സന്മസ്സോടെ തുറന്നു പറയുന്നു. “വേണമെങ്കിൽ നന്നായിക്കോ” എന്നൊരു ഉപദേശത്തിന്റെ മേമ്പൊടി കലർത്തിയാണ് അവരുടെ വിമർശനം. തിരുത്തിയില്ലെങ്കിൽ ധാർഷ്ട്യമെന്നും, തിരുത്തിയാൽ യുടേൺ എന്നും പറഞ്ഞ് മാ.പ്ര.കൾ ഈ സർക്കാരിനെ ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കുന്നു.
മാധ്യമങ്ങൾക്കുണ്ടോ മറവിരോഗം?
കേരളത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാളുകളിൽ ജനം അനുഭവിച്ച ദുരിതങ്ങൾ പത്രങ്ങളുടെയും ചാനലുകളുടെയും ആർക്കൈവ്സിൽ തപ്പിയാൽ മണിമണിയായി വായിക്കാനും കാണാനും കഴിയും. സെക്രട്ടറിയേറ്റിലെ അന്നത്തെ ഭരണപക്ഷ യൂണിയൻകാർ ജനങ്ങളുടെ നെഞ്ചത്തു കയറി കളിച്ച ‘മെഗാതിരുവാതിര’ യൊക്കെ എങ്ങനെ മറക്കും? ഫയലുകൾ കെട്ടിക്കിടക്കു ന്നതിൽ റെക്കോർഡിട്ട നാളുകളായിരുന്നു രണ്ടാം ഇടതുസർക്കാരിന്റേത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് അന്നത്തെ മുഖ്യൻ പറഞ്ഞതോടെ ആ ഫയലുകളിലുണ്ടായിരുന്ന ജീവിതമെല്ലാം കടിച്ചുകീറുകയായിരുന്നു പല സർക്കാർ ഉദ്യോഗസ്ഥരും അന്ന് ചെയ്തത്. ബസ്സിൽ ലിഫ്റ്റ് പിടിപ്പിച്ചും, നവകരേള സദസ്സിന്റെ വേദികളൊരുക്കാൻ സർക്കാർ സ്കൂളുകളുടെയും മറ്റും ചുറ്റുമതിൽ പൊളിച്ചും കാട്ടിക്കൂട്ടിയ ഹാസ്യനാടകങ്ങൾ കേരളം എങ്ങനെ മറക്കാനാണ്? പൊളിച്ച മതിലുകൾ പലതും ഇപ്പോഴും പൊളിഞ്ഞു തന്നെ കിടക്കുകയാണ്. എല്ലാ പെൻഷനുകളും സർക്കാർ ആനുകൂല്യങ്ങളും കുടിശ്ശികയായപ്പോൾ ഏറ്റവും കൂടുതൽ വലഞ്ഞത് ആദിവാസി-ഗോത്ര വിഭാഗങ്ങളിലെ പാവങ്ങളായിരുന്നു. അവരുടെ ആനുകൂല്യങ്ങളും വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളും അവാർഡുകളുമെല്ലാം സർക്കാർ വെട്ടിക്കുറച്ചു. എന്തിന് പിന്നാക്ക വിദ്യാർത്ഥികൾക്കുള്ള സ്വർണ്ണമെഡലിനു പോലും പേരിൽ മാത്രമായി സ്വർണ്ണം, പണം മാത്രമല്ല, വൈദ്യുതിപോലും കടമായി വാങ്ങി നാട് കുട്ടിച്ചോറാക്കി ഇറങ്ങിപ്പോയ പഴയ സർക്കാർ വരുത്തിവച്ച കെടുതികൾ പറഞ്ഞാൽ തീരില്ല. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയും മറ്റും തടഞ്ഞു വച്ചും സംസ്ഥാനത്തെ ക്ഷേമനിധികളിൽ കൈയിട്ടുവാരിയുമായിരുന്നു അന്നത്തെ ഭരണം. പദ്ധതിക്ക് കോടികൾ കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് വായ്ത്താരിയടിച്ച് ബജറ്റും പാസ്സാക്കി ‘മൂടുംതട്ടി’ ഇറങ്ങിപ്പോയ പഴയ ധനമന്ത്രി യുടെ ലീലാവിലാസങ്ങൾ എത്രയോ നാം കേട്ടു. ധനവകുപ്പിന്റെ കീഴിലുള്ള കെ.എസ്.എഫ്.ഇ.യുടെ സമ്മാനപ്പെരുമഴയിലെ ‘ബെൻസ് കാർ’ എങ്ങനെ മന്ത്രിയുടെ മണ്ഡലത്തിലുള്ള ആൾക്ക് തന്നെ കിട്ടിയെന്ന ചോദ്യം പോലും അന്നുയർന്നി രുന്നു. സ്വജനപക്ഷപാതത്തിന്റെ ‘ചീഞ്ഞളിഞ്ഞ’ കാഴ്ചകൾ കണ്ടും കേട്ടും ജനം മൂക്കുപൊത്തി നടന്ന കാലം.
അലകുംപിടിയുമുണ്ട് ഇപ്പോൾ ഭരണത്തിന്...
ആകെ ‘വള്ളിയും പുള്ളിയും’ തെറ്റിക്കിടന്ന ഒരു ഭരണയന്ത്രത്തെയായിരുന്നു സത്യപ്രതിജ്ഞയ്ക്കുശേഷം പുതിയ ഭരണകർത്താക്കൾ സെക്രട്ടറിയേറ്റിൽ കണ്ടത്. സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം ഉദ്യോഗസ്ഥരും ഇടതനുകൂലികളായ യൂണിയൻകാരാണ്. വൻഭൂരിപക്ഷത്തിന് ജയിച്ച് പുതിയ സർക്കാർ ഭരണമേറ്റതോടെ ചിലർ ഇടതുയൂണിയനുകൾ വിട്ട് ഭരണപക്ഷ യൂണിയനുകളിൽ ചേക്കേറി. ഇവരിൽ പലരും ജനവിരുദ്ധരും കൈക്കൂലിക്കാരുമായിരുന്നു. ഇവരെ മാറ്റി നിയമിക്കാൻ പറ്റിയ ആൾബലം ഇപ്പോഴും കേരളത്തിലെ ഐ.എ.എസ്. കേഡറിനില്ല. ഇടതുസർക്കാർ സൃഷ്ടിച്ച കെ.എ.എസ്സിലാകട്ടെ, പുതിയ മന്ത്രിമാരെ പോലും ‘തന്ത്രപൂർവം’ കബളിപ്പിക്കുന്ന ഇടതുപ്രേതം പിടികൂടിയ ഉദ്യോഗസ്ഥരാണുള്ളത്. ഭരണസിരാകേന്ദ്രത്തിൽ പിടിമുറുക്കാൻ ഈ സർക്കാർ രണ്ട് സംവിധാനങ്ങൾ കൊണ്ടുവന്നു. ചീഫ് സെക്രട്ടറിയുടെ ഏകോപനത്തിലും നിരീക്ഷണത്തിലും പ്രവർത്തിക്കുന്ന സി.പി.എം.ഡി. ആണ് ആദ്യത്തേത്. കോ ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്മെന്റ് ഡിവിഷൻ എന്നതാണ് ഈ സംവിധാനത്തിന്റെ പൂർണ്ണനാമം. രണ്ടാമത്തേത് ഇ.സി.ഒ.എസ്. (എംപവേർഡ് കമ്മിറ്റി ഓഫ് സെക്രട്ടറീസ്) ഇതുമൂലം ചുവപ്പുനാടയുടെ നീളം കുറയ്ക്കാനും പദ്ധതി നിർവഹണത്തിനായുള്ള ആദ്യകടമ്പകൾ അതിവേഗം കടക്കാനും ഭരണകൂടത്തിന് കഴിയും. സർക്കാർ ഒരു പദ്ധതി പ്രഖ്യാപിച്ചാൽ അത് നടപ്പാക്കുന്നത് കൃത്യമായി നിരീക്ഷിക്കാനുള്ള ഇന്റർഡിപ്പാർട്ടുമെന്റ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് സംവിധാനവും ഈ സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.
ഉദ്യോഗസ്ഥരിലെ ‘ഉഡായിപ്പു’കാർ
ഭരണം കാര്യക്ഷമമായി മുന്നോട്ടുപോകാൻ കേരളത്തിലെ ജനസംഖ്യയുടെ 4 ശതമാനം മാത്രം വരുന്ന സർക്കാർ ജോലിക്കാർ ജാഗ്രത കാണിക്കുന്നുണ്ടോ? നമ്മുടെ നികുതി വരുമാനത്തിന്റെ മുക്കാൽ പങ്കും (പുതിയ കണക്കിൽ 78%) ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുകയാണ്. എന്നിട്ടും ജനങ്ങളുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കാനും, അവരെ തേരാപാരാ നടത്തിക്കാനും പറ്റിയ ചില ‘കന്നംതിരിവു’കാർ ഇന്നും സർക്കാർ സർവീസിലുണ്ട്. അഴിമതിയും കൈക്കൂലിയും ഇത്തരക്കാരുടെ മാറാരോഗങ്ങളായി മാറിക്കഴിഞ്ഞു. പ്രൊജക്ട് സീറോ എന്ന പരിൽ അഴിമതി വിരുദ്ധ യജ്ഞമൊക്കെ മനോജ് ഏബ്രഹാം ഐ.പി.എസിന്റെ നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ഏത് അന്വേഷണത്തെയും മറികടക്കാനുള്ള തന്ത്രങ്ങൾ പല യൂണിയൻ നേതാക്കളും ആവിഷ്ക്കരിച്ചുവെന്നാണ് സെക്രട്ടറിയേറ്റിലെ സംസാരം. വില്ലേജ് ഓഫീസിനു മുമ്പിലെ ‘പെട്ടിക്കട’ക്കാരനും ‘ലോട്ടറി വില്പനക്കാര’നുമെല്ലാം അഴിമതിക്കാരുടെ ഗൂഗിൾപേക്കാരായി മാറിക്കഴിഞ്ഞിട്ടുണ്ടത്രെ. മാത്രമല്ല, ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള പണത്തിന്റെ വരവും പോക്കും ഡിജിറ്റലായി പരിശോധിക്കു മെന്ന് അഴിമതി വിരുദ്ധ സ്ക്വാഡിന്റെ തലവൻ മുൻകൂട്ടി വ്യക്തമാക്കിയത്, കൈക്കൂലി ക്കാർക്കുള്ള ‘മുന്നറിയിപ്പ്’ കോഡായി മാറിയോ എന്നും സംശയിക്കണം.
‘കട്ടപ്പ’മാർ ഇന്നുമുണ്ട്!
കോൺഗ്രസ്സിൽ പഴയ മുഖ്യമന്ത്രി കെ. കരുണാകരനെ കുത്തിവീഴ്ത്തിയ ‘കട്ടപ്പ’മാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. എ.കെ. ആന്റണിയുടെ കസേരക്കാലിളക്കി വീഴ്ത്തിയാണ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായതെന്നതും രാഷ്ട്രീയ കേരളം മറന്നിട്ടില്ല. എ.ഐ.സി.സി. നിയോഗിച്ച ഭരണ മുന്നണിയുടെ കൺവീനർ അതേ ഉന്നത സമിതിയിൽ സതീശനെതിരെയുള്ള തന്റെ പരാതി നേരിട്ട് അറിയിക്കാതെ ഇന്ദിരാഭവനിൽ മാധ്യമങ്ങളെ വിളിച്ചുവരുത്തി എന്തിന് വിളമ്പി? പദവികൾ പങ്കിട്ടതിലെ കൊതിക്കെറുവാണോ, ആരുടെയെങ്കിലും ‘മുഖ്യമന്ത്രിക്കിനാവാ’ണോ ഇതിനു പിന്നിൽ എന്നൊന്നും നമുക്കറിയില്ല. പക്ഷെ, നാല് മാസത്തിനുള്ളിൽ കേരളത്തിലെ ജനങ്ങൾക്ക് പ്രിയങ്കരനായ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ മാറിക്കഴിഞ്ഞുവെന്നും, ഇനി വി.ഡി.എസിനെ പെട്ടെന്ന് താഴെയിറക്കാൻ ‘പ്ലാൻ ബി’ വേണ്ടിവരുമെന്നും ചില കോൺഗ്രസ്സുകാർ കരുതുന്നുണ്ടോ?
ഗോശ്രീ പദ്ധതിയിൽ നിന്ന് ലഭിച്ച പണം ഒടുവിൽ ഈ സർക്കാർ ദ്വീപുകളുടെ വികസനത്തിനായി അനുവദിച്ചു കഴിഞ്ഞു.
ജനങ്ങളോട് സംസാരിക്കുമ്പോഴും മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും മുഖ്യമന്ത്രി അതിനായി നടത്തിവരുന്ന ‘ഹോംവർക്ക്’ കാണാതെ പോകരുത്. ഒരു വിമാനയാത്ര വിവാദത്തിന്റെ പേരിലോ, മുനീറിന്റെയും ജി. ദേവരാജന്റെയും ക്യാബിനറ്റ് പദവിയുള്ള നിയമനങ്ങളുടെ പേരിലോ മാത്രമല്ല അടൂർ പ്രകാശ് ഇപ്പോൾ ആരോപണമുന്നയിക്കുന്ന തെന്ന് എല്ലാവർക്കുമറിയാം. സെക്രട്ടറിയേറ്റിലെ ചില അഴിമതിക്കാരായ ഉദ്യോഗസ്ഥരുമായുള്ള അന്തർധാരകൾ, ഉടനെതന്നെ നിയമത്തിനു മുമ്പിൽ വിചാരണ നേരിടേണ്ടി വരുന്ന സമുദായനേതാവിന്റെ കുത്തിത്തിരിപ്പ്, ഈ സർക്കാരിൽ നിന്ന് വേണ്ടത്ര പിന്തുണ കിട്ടാത്ത ചില മദ്യരാജാക്കന്മാരുടെ കുതന്ത്രങ്ങൾ, വൈദ്യുതി കച്ചവടം വഴി കോടികൾ പിടുങ്ങിയിരുന്ന വൈദ്യുതിഭവനിലെ യൂണിയൻകാരായ അസംതൃപ്തർ, ബ്ലീച്ചിംഗ് പൗഡർ മുതൽ മരുന്ന് കൊള്ളവരെ നടത്തുന്ന മരുന്ന് പർച്ചേയ്സുകാരും അവരുടെ ശിങ്കിടികളും, ശബരിമല തീർത്ഥാടന കാലം അലങ്കോലമാക്കാൻ കച്ചകെട്ടി നിൽക്കുന്ന ദേവസ്വത്തിലെ ഇടതു യൂണിയനിലെ ചില കാട്ടുകള്ളന്മാർ... അങ്ങനെ ഈ സർക്കാരിനെതിരെ പന്തമെറിയുന്നവരും കുന്തമെറിയുന്നവരും രാഷ്ട്രീയഭേദമില്ലാതെ ഇപ്പോൾ ഒന്നിക്കുകയാണോയെന്ന് സംശയിക്കണം. ഒരു സർക്കാരിന്റെ ഭരണകാലയളവ് വിലയിരുത്തി ഭരണകൂടമോ മുഖ്യമന്ത്രിയോ ‘കെട്ടതോ ചീത്തയോ’ എന്ന് തീരുമാനിക്കാൻ ഇനിയും സമയമായിട്ടില്ല.
ജനങ്ങളെ ‘തൊടാൻ’ പുതിയ രീതികൾ വേണം
വികസന സ്വപ്നങ്ങൾ ഭരണാധികാരികൾ കാണുന്നത് നല്ലത്. എന്നാൽ ഭരണത്തിന്റെ ഉന്നതങ്ങളിൽ നടക്കുന്ന ‘സ്റ്റാറ്റിസ്റ്റിക്സ്’ ശേഖരണം ജനങ്ങളെ കൂടി തൊടുന്നതായി മാറണം.
ആശാവർക്കർമാരെയും കുടുംബശ്രീക്കാരെയും മറ്റ് സന്നദ്ധ സംഘടനകളെയും കൂട്ടുപിടിച്ച് ഈ നാട്ടിൽ റോഡപകടങ്ങളിൽപെട്ട് പരുക്കേറ്റവരുടെയും, പേ വിഷബാധയും പാമ്പ് കടിയുമേറ്റവരുടെയും വന്യജീവി ആക്രമണത്തിൽ പരുക്കേറ്റവരുടെയും എണ്ണം കണ്ടെത്തി പട്ടിക തയ്യാറാക്കുകയും ഇവർക്കായി റോഡ് സേഫ്റ്റി ഫണ്ട് പോലെയുള്ള ബന്ധപ്പെട്ട മറ്റ് സ്ഥാപനങ്ങളിൽ നിന്ന് പ്രതിമാസ ആശ്വാസധനം നല്കാൻ ശ്രമമുണ്ടാകണം. ഭരണത്തിൽ ‘വിസ്മയ’മുണ്ടാകണമെന്നു തന്നെയാണ് ജനം ചിന്തിക്കുന്നത്. പക്ഷെ, ആ വിസ്മയമന്ദഹാസം ജനങ്ങളുടെ അധരങ്ങളിലേക്കു കൂടി പകർന്നാലോ? തിരുവനന്തപുരത്തെ മൃഗശാല നഗരത്തിൽ നിന്ന് മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം കണ്ടു, അതിനുമുമ്പേ, മൃഗങ്ങൾക്കുപോലും നാണക്കേടുണ്ടാക്കുന്ന തലസ്ഥാനത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം താറുമാറാക്കുന്ന ഒരു സർക്കാർ കോളജും ഹോസ്റ്റലും കൂടി വല്ല ‘കാട്ടുമുക്കി’ലേക്ക് മാറ്റുന്നതല്ലേ നല്ലത്? ഓരോ ജീവിതപ്രശ്നങ്ങളുമായി സെക്രട്ടറിയേറ്റിലേക്ക് എത്തുന്ന ജനങ്ങൾക്ക് ദിവസങ്ങളായി അവിടെ ചിലർ നടത്തുന്ന ‘സമരകോപ്രായങ്ങൾ’ എന്തൊരു ദുരിതമാണ് സൃഷ്ടിക്കുന്നതെന്ന് ബന്ധപ്പെട്ട രാഷ്ട്രീയനേതാക്കളെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും. ഇതിന്റെ പേരിൽ ചിലർക്ക് മദ്യക്കുപ്പിയെറിയാൻ തോന്നിയാൽ, അതൊരു ‘ഫുൾ’ ആക്കി എറിയണേ? കുപ്പി പൊട്ടാതെ ഏറ് കിട്ടുന്നവൻ പിടിച്ചെടുത്തോളും. അപ്പോൾ എറിഞ്ഞവനും ഹാപ്പി, ഏറ് കിട്ടുന്നവനോ ഡബിൾ ഹാപ്പി!
രണ്ട് കാര്യങ്ങൾ കൂടി പറയാം:
മുഖ്യമന്ത്രി ചെയർമാനായ ‘ജിഡ’യുടെ യോഗം ഈയിടെ ചേർന്ന് ദ്വീപുകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചു. കാടുപിടിച്ചു കിടക്കുന്ന ‘രാമൻതുരുത്തി’ലെ 18.16 ഏക്കർ സ്ഥലം കൊച്ചി കപ്പൽശാലയുടെ വികസനത്തിനായി സർക്കാർ പാട്ടത്തിനു നല്കിക്കഴിഞ്ഞു. രണ്ടായിരം പേർക്ക് ജോലി കിട്ടുന്ന പദ്ധതിയാണിത്!