ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: ''അനുഗ്രഹം വര്‍ഷിക്കുമ്പോള്‍ ക്രിസ്തു സന്നിഹിതനാകുന്നു. കാര്‍ക്കശ്യം പിടിക്കുമ്പോള്‍ സഭാ ശുശ്രൂഷകനേയുള്ളൂ, ക്രിസ്തു അപ്രത്യക്ഷനായി.'' ഏതു സഭാശുശ്രൂഷകനെക്കുറിച്ചും ഒരു ഗൗരവമാര്‍ന്ന വിമര്‍ശനമാണ്? കാര്‍ക്കശ്യത്തിന്റെ സഭാശുശ്രൂഷകനെവിടെ? ഇതു സീറോ മലബാര്‍ സഭയെക്കുറിച്ചല്ലേ? അങ്ങനെ സംശയിക്കാന്‍ മതിയായ കാരണങ്ങളുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ 2016-ല്‍ പറഞ്ഞ ഒരു പരാമര്‍ശമുണ്ട്. അതു ''ധ്രുവീകരണത്തിന്റെ വൈറസി''(virus of polarization)നെക്കുറിച്ചാണ്. കോവിഡു കാലത്താണ് ഇതു പറഞ്ഞത്. അത് ഈ സഭയിലെ സിനഡിനെക്കുറിച്ച് കൃത്യമായി യോജിക്കുന്നതാണ്. ഒരു കാലത്തിവര്‍ വത്തിക്കാന്‍ അധികാരികളുടെ കണ്ണിലെ ''കൂടുതല്‍ ബോധ'' (Senior Pars) മുള്ളവര്‍ ആയിരുന്നു. വത്തിക്കാന്‍ തന്നെ ഈ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിച്ചില്ലേ? അതു പിന്നീട് മേലധികാരികള്‍ ''നിര്‍ഭാഗ്യകരമായിപ്പോയി'' എന്നു വിശേഷിപ്പിച്ചു. ഈ ന്യൂനപക്ഷം ഭൂരിപക്ഷമാക്കപ്പെട്ടു കഴിഞ്ഞു. ഇന്ന് ഈ ഭൂരിപക്ഷത്തിന്റെ ലീലാവേദിയായി സിനഡ് സമ്മേളനങ്ങള്‍.
മാര്‍പാപ്പ പറഞ്ഞു, ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവമില്ല.''
സിനഡ് ചരിത്രത്തില്‍ ആദ്യമായി നടത്തിയ തിരഞ്ഞെടുപ്പില്‍ ജയിച്ച മേജര്‍ ആര്‍ച്ചുബിഷപ്പിനെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ രാജിവയ്പിച്ചു പിരിച്ചുവിട്ടത്. ഈ കാലത്താണ് ന്യൂനപക്ഷം ഭൂരിപക്ഷമായതും. ഈ സിനഡാണ് നിരന്തരം പറഞ്ഞുകൊണ്ടിരുന്നത് അദ്ദേഹം തെറ്റൊന്നും ചെയ്തിട്ടില്ല. എന്തുകൊണ്ട് അദ്ദേഹത്തെ മാര്‍പാപ്പ പുറത്താക്കി എന്ന ചോദ്യത്തിന് ഉത്തരമില്ല. അദ്ദേഹത്തിന്റെ രാജിക്കുശേഷം സിനഡ് കൂടി പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തിരഞ്ഞെടുത്തു. അദ്ദേഹവും പഴയ മേജര്‍ ആര്‍ച്ചുബിഷപ് എന്തെങ്കിലും തെറ്റ് ചെയ്തതായി താന്‍ വിശ്വസിക്കുന്നില്ല എന്നു പ്രസ്താവിച്ചു. അദ്ദേഹത്തിനു മറിച്ചു നിശ്ശബ്ദനാകാന്‍ സ്വാതന്ത്ര്യം സിനഡ് നല്കുന്നുണ്ടോ? ധ്രുവീകരണത്തിന്റെ പാര്‍ട്ടി ശബ്ദം. ഒരു കുഴപ്പവുമില്ലെങ്കില്‍ പഴയ ആള്‍ തുടര്‍ന്നാല്‍ മതിയായിരുന്നില്ലേ? എന്നു പുതിയ ആള്‍ ആലോചിച്ചില്ലേ?
ഒരു കാര്യം സത്യസന്ധമായി ആരും ചോദിക്കുന്നുണ്ടോ എന്നറിയില്ല. ഈ സിനഡിനു സഭയുടെ തലവനെ തിരഞ്ഞെടുക്കാനുള്ള വിവേകവും വിശുദ്ധിയുമുണ്ടോ? ഒരു പ്രശ്‌നവും സിനഡിനില്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പിനു അവര്‍ക്കു സാധിക്കുമോ? ധ്രൂവീകരണത്തിന്റെ തിരഞ്ഞെടുപ്പു നടത്തി! ഇതില്‍ നിന്ന് ഈ സിനഡ് പുറത്തു കടക്കുമോ?
ഫ്രാന്‍സിസ് അസ്സീസി മൂന്നാം കുരിശുയുദ്ധ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ മാലിക് അല്‍ കമിലിനെ കണ്ട് സൗഹൃദം സ്ഥാപിച്ചതുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ 14 അറബി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ഇസ്‌ലാം വിശ്വാസികളുമായി സൗഹൃദം സ്ഥാപിച്ച് ലോകത്തെ നാഗരികതകളുടെ യുദ്ധത്തില്‍ നിന്നു വിമോചിപ്പിക്കാന്‍ ശ്രമിച്ചു. സീറോ മലബാര്‍ സഭയുടെ മെത്രാന്മാര്‍ അത് അംഗീകരിക്കുകയും പുന്‍തുണയ്ക്കുകയും ചെയ്യുന്നുണ്ടോ? അതിവിടത്തെ വൈദികര്‍ ഉള്‍ക്കൊള്ളുന്നുണ്ടോ?
ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: ''വിശ്വാസം പ്രത്യയശാസ്ത്രമായി (ideology) മാറുന്നു. പ്രത്യയശാസ്ത്രം ആളുകളെ അകറ്റുന്നു; അത് അകലങ്ങള്‍ സൃഷ്ടിക്കുന്നു. സഭയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നു. ഇതു ഗൗരവമാര്‍ന്ന അസുഖമാണ്; പ്രത്യയശാസ്ത്ര ക്രിസ്ത്യാനികളുടെ സുഖക്കേട്. ഈ രോഗം പക്ഷേ, പുതിയതാണോ? യോഹന്നാന്‍ അപ്പസ്‌തോലന്‍ തന്റെ ആദ്യ ലേഖനത്തില്‍ത്തന്നെ ഇതു പറയുന്നു. പ്രത്യയശാസ്ത്ര മനോഭാവം കടുത്തതാണ്, വളരെ ധാര്‍മ്മികമായ നിലപാട്; അവിടെയൊന്നും ഒരു ഭയവുമില്ല. എന്തുകൊണ്ട് ചില ക്രിസ്ത്യാനികള്‍ ഇങ്ങനെയാകുന്നു എന്നതു ചോദ്യമാകാം. ഒരു കാര്യം മാത്രം. അവര്‍ പ്രാര്‍ഥിക്കുന്നില്ല. നിങ്ങള്‍ പ്രാര്‍ഥിക്കാതെയാകുമ്പോള്‍ വാതിലുകള്‍ കൊട്ടിയടയ്ക്കും.'' അദ്ദേഹം തുടര്‍ന്നു ''ഐഡിയോളജി'' എന്ന പ്രത്യയശാസ്ത്രം ''കൊല്ലുന്ന ലളിതവല്‍ക്കരണമാണ്, അത് ചിന്തയെ ഇല്ലാതാക്കുന്നു, സമൂഹത്തെയും എല്ലാം ഒരു ആശയത്തിലേക്കു പരത്തുന്നു, അവനവനെത്തന്നെ നിരന്തരം ആവര്‍ത്തിക്കുന്നു. വി. അഗസ്റ്റിന്‍ എഴുതി, ''സ്‌നേഹത്തിലൂടെയല്ലാതെ ആരും സത്യത്തിലേക്കു പ്രവേശിക്കുന്നില്ല.'' സ്‌നേഹം തൊട്ടുതീണ്ടാത്ത സത്യങ്ങളാണ് ഈ സഭയെ ഭരിക്കുന്നത്. അത് വളരെ കഠിനവും കൊല്ലുന്നതുമാകും.
2017 ഏപ്രില്‍ 28 ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഈജിപ്തിലെ അല്‍-അഹ്‌സര്‍ കേന്ദ്രത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, ''ഒരാള്‍ക്കു സ്വന്തം തനിമയും ഒപ്പം മറ്റുള്ളവരുടെ തനിമയും അംഗീകരിക്കാന്‍ കടമയുണ്ട്. വ്യത്യാസങ്ങള്‍ അംഗീകരിക്കാനും മറ്റുള്ളവരുടെ ഉദ്ദേശ്യങ്ങള്‍ ആത്മാര്‍ഥമായി സ്വീകരിക്കാനും ധീരത വേണം.'' അച്ചടക്കപരമായ പരിഹാരങ്ങള്‍ അന്വേഷിക്കുന്നവര്‍ പരിധിയില്ലാത്ത ഉറപ്പുകളില്‍ മര്‍ക്കടമുഷ്ടിയോടെ ഇല്ലാത്ത പഴമയിലേക്കു തിരിച്ചുപോകുന്നു. ഒരു സത്യം പലവിധത്തില്‍ പറയാം. അതിനവര്‍ തയ്യാറില്ല. ഒരു തരം പറച്ചിലില്‍ കടിച്ചു തൂങ്ങുന്നു. വല്ലാത്ത വിശ്വാസദാര്‍ഢ്യമാണ് ഉണ്ടാക്കുന്നത്. ഇവിടെയാണ് കരുണയുടെ സുവിശേഷം വെറും പ്രത്യയശാസ്ത്രമായി പരിണമിക്കുന്നത്. മാര്‍പാപ്പ പറഞ്ഞു, ''ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു; കത്തോലിക്കാ ദൈവത്തിലല്ല. കത്തോലിക്കാ ദൈവമില്ല.''
സഭയുടെ ഇതുപോലുള്ള കടുംപിടുത്തങ്ങള്‍ പൗരോഹിത്യാധിപത്യത്തിന്റെ ഫലമാണ്. - ''മൂലകാരണം പൗരോഹിത്യാധിപത്യമാണ്.'' അത് ഒരു തരം തലതിരിച്ചിലാണ്. എല്ലാം ഒന്നുപോലെയാക്കുന്ന ഐക്യരൂപ്യം. വ്യത്യാസങ്ങള്‍ പാടില്ല എന്ന ശാഠ്യം. കാലത്തിന്റെ അടയാളങ്ങള്‍ വ്യാഖ്യാനിക്കാന്‍ കഴിയാത്ത വന്ധ്യത. പഴയതും പുതിയതുമായ സഭാധ്യക്ഷന്മാരും വേറെ രണ്ടു മെത്രാപ്പോലീത്തമാരും സീറോ മലബാര്‍ സഭയില്‍ നിന്നു സിനഡാലിറ്റി സമ്മേളനങ്ങളില്‍ സംബന്ധിച്ചു. അവര്‍ പങ്കെടുത്തിട്ട് എന്തു ഫലം? അവര്‍ അതിനെക്കുറിച്ചും ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ചും പൂര്‍ണ്ണ നിശ്ശബ്ദതയിലാണ്. ഇതിന് എന്തര്‍ഥം?