ചിന്താജാലകം

രാഷ്ട്രീയം മരിക്കുന്നു

പോള്‍ തേലക്കാട്ട്‌

ക്രിസ്തുവിനു മുമ്പ് 4-ാം നൂറ്റാണ്ടില്‍ ജീവിച്ച ഗ്രീക്ക് ചിന്തകനായ അരിസ്റ്റോട്ടല്‍ എഴുതിയ പൊളി റ്റിക്‌സ് എന്ന പുസ്തകത്തിന്റെ ആദ്യഖണ്ഡികയില്‍ എഴുതി, “ഒരു സംസ്ഥാനം സ്വാഭാവികമാണ് എന്ന തിന്റെ തെളിവാണ് മനുഷ്യരുടെ ഭാഷണം.” സ്വാഭാവികമായ ഭാഷണമാണ് രാഷ്ട്രീയത്തിന്റെ മാര്‍ഗമായി അദ്ദേഹം നിര്‍ദേശിക്കുന്നത്. സംസ്‌കാരമുള്ളവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം സംഭാഷണമാണ്. സംസ്‌കാ രമില്ലാത്ത പ്രാകൃതരും (Barbarians) അടിമകളുമാണ് രാഷ്ട്രീയത്തില്‍ സംഭാഷണ മാര്‍ഗം വെടിയുന്നത്. ആധുനിക കാലഘട്ടത്തില്‍ സംഭാഷണത്തിന്റെ രാഷ്ട്രീയമാര്‍ഗം മരിക്കുകയാണ്. ഇന്ന് അധികാരത്തിന്റെ വഴി ശാസ്ത്രീയമായ പ്രൊപ്പഗാന്റയുടെയും ആള്‍ക്കൂട്ടാധിപത്യത്തിന്റെയും വഴിയായിരിക്കുന്നു. ഈ ആൾ ക്കൂട്ടത്തെ പൊതുസമൂഹത്തില്‍ വെറുപ്പിന്റെ പ്രചാരണത്തിലും മത, ജാതി വര്‍ഗ വര്‍ണ്ണങ്ങളുടെ വിഭജന ത്തിലൂടെയും നേടുന്നതാണ്. അധികാര രാഷ്ട്രീയവും സംസ്‌കാരവും തമ്മില്‍ വഴി പിരിഞ്ഞു.

ദെസ്തയെവ്‌സ്‌കിയുടെ നോവലുകളിലെ ആധികാരിക വഴി സംഭാഷണത്തിന്റെയാണ് എന്നതു ലോകത്തിനു പരിചയപ്പെടുത്തിയതു മിഖായേല്‍ ബക്തീന്‍ ആണ്. സാമൂഹിക നടപടി എന്നതു സംഭാ ഷണമാണ്. പക്ഷെ, രാഷ്ട്രീയാധികാരത്തിന്റെ വഴി ഫാസിസമാണ് എന്നത് ആധുനിക കണ്ടെത്തലാണ്. അതു പരീക്ഷിച്ച് വിജയിപ്പിച്ചവരാണ് സ്റ്റാലിനും ഹിറ്റ്‌ലറും. അധികം ഇടത്തോട്ടോ വലത്തോട്ടോ പോ യാല്‍ എത്തിച്ചേരുന്നതു ഫാസിസ്റ്റ് നിലപാടുകളിലാണ്. ഹിറ്റ്‌ലര്‍ ജനാധിപത്യമാണ് ആര്യവര്‍ഗാധിപ ത്യത്തിന്റെ നാസ്സിസമായി വളര്‍ത്തിയത്. മാർക്സ് തന്റെ തനിമയാര്‍ന്നവിധം മനുഷ്യന്റെ ആന്തരിക ബോധ ത്തിന്റെ ചിന്തയില്‍ മനുഷ്യനെ നിര്‍വചിച്ചു.

യക്ഷി എന്നതു മനുഷ്യന്റെ സാമ്പത്തികതയുടെ അന്യ വല്‍ക്കരണമാണെന്നു പറഞ്ഞത് അട്ടിമറിച്ചാണ് മാർക്സിസം തൊഴിലാളിവര്‍ഗത്തിന്റെ പേരു പറഞ്ഞ മനുഷ്യവ്യക്തിയുടെ നിഷേധത്തിന്റെ ഭീകരതയായി മാറിയത്. ഇവിടെയൊക്കെ രാഷ്ട്രീയ വഴി വെറു പ്പിന്റെയും വിഭജനത്തിന്റെയുമായി. പരസ്പരം അകറ്റിയും ആന്തരിക ശത്രുക്കളെ ഉണ്ടാക്കിയും രാഷ്ട്രീയം കളപറിക്കലിന്റെ യുദ്ധമാക്കി മാറ്റി. ഇന്ന് ട്രംപ് എന്ന വ്യക്തി ഫാസിസ്റ്റ് ആകുന്നതല്ല പ്രശ്‌നം. അദ്ദേ ഹത്തെ ജനം എന്ന ആള്‍ക്കൂട്ടം പ്രസിഡന്റായി തിരഞ്ഞെടുത്തതാണ്. വെള്ളക്കാരുടെ ആധിപത്യ രാഷ്ട്രീയമായി അതു മാറി. അതിന്റെ ആവരണമാക്കി ക്രിസ്തീയമതം. ക്രിസ്തു വെറുപ്പ് പ്രസംഗിച്ചോ എന്ന് ആരും ചോദിക്കുന്നില്ല. ആള്‍ക്കൂട്ടത്തിന് മതത്തിന്റെ ആവരണം നല്കപ്പെടുന്നു. പിന്നെ നടക്കുന്നതു ശത്രുക്കളെ പ്രഖ്യാപിച്ച് യുദ്ധമാണ്.

ഇതു വിദേശത്തെ ഫാസിസ്റ്റ് പ്രതിസന്ധി മാത്രമല്ല. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പശുമാംസ വുമായി യാത്ര ചെയ്താല്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലും. അതിനു ഭരണത്തിന്റെ തണലും പരിരക്ഷയുമുണ്ട്. അതിന് ഹിന്ദുത്വ പരിവേഷവുമുണ്ട്. ഇവിടെയും വെറുപ്പിന്റെ പ്രചാരണവും വിഭജനത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനവും ആഭ്യന്തര ശത്രുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. ഗ്രഹാം സ്റ്റെയ്നെയും രണ്ടു മക്കളെയും ചുട്ടു കൊന്നവന്‍ ജയില്‍ വാസം കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ വലിയ സ്വീകരണം നല്കി. “ജയ് ശ്രീറാം” വിളിച്ചു. ഇതു സംഭാഷണ വഴിയല്ല, ശത്രുവിനെ നേരിടുന്ന യുദ്ധ വഴിയാണ്. ആള്‍ക്കട്ടത്തിനു സംസ്‌കാരമില്ല, ധാര്‍മ്മികതയില്ല. ഛത്തീസ്ഗഡ്കാരന്‍ അതിഥിത്തൊഴിലാളിയായ റാംനാരായണന്‍ പാലക്കാട് ആൾ ക്കൂട്ട കൊലയ്ക്ക് ഇരയായി. ബംഗ്ലാദേശിയാണ് എന്നു കണ്ട് ചെയ്ത ‘വിശുദ്ധ’മായ കൊല. രാഷ്ട്രീയ ഭാഷ ണം മരിച്ചു. രാഷ്ട്രീയകൊലയുടെ പിറവി. പാക്കിസ്ഥാനിയെയും ബംഗ്ലാദേശിയെയും കുത്തിമലര്‍ത്തുന്ന തായി ദേശഭക്തി!

‘ജനാധിപത്യം’ എന്നു കൊട്ടിഘോഷിക്കാന്‍ ഭരണയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതു പാര്‍ലമെന്റാണോ? അതോ ഇന്ത്യയിലെ കോര്‍പറേറ്റുകളോ? ഭരണയന്ത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടതു വിധേയ വിശ്വസ്ത മായ യന്ത്രമനുഷ്യരെയാണ്. അവര്‍ ചിന്തിക്കേണ്ടതില്ല. അനുസരിച്ചാല്‍ മതി. എല്ലാ തീരുമാനങ്ങളുമെടു ക്കുന്നതു സാമ്പത്തിക ശാസ്ത്ര സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക പ്രസ്ഥാനങ്ങളുമാണ്. ഭാരതീയര്‍ വിദ്യാസമ്പന്നരായി. എന്താണ് സര്‍വകലാശാലകള്‍ പഠിപ്പിക്കുന്നത്? കലയും സാഹിത്യവും ഭാഷകളും ധര്‍മ്മവും ഇന്നു പഠിക്കാന്‍ ആളില്ലാത്ത വിഷയങ്ങളാണ്. പഠിക്കാന്‍ കഴിവുള്ളവര്‍ പഠിക്കുന്നതു ശാസ്ത്ര ങ്ങളും സാങ്കേതിക വിദ്യകളുമാണ്. ആര്‍ക്കും ജീവിതം പഠിക്കേണ്ടതില്ല. എല്ലാവരും ശാസ്ത്ര ബിരുദക്കാ രായി. മനുഷ്യത്വം പഠനവിഷയമല്ല. മനുഷ്യന്റെ ഹൃദയഗുഹയില്‍ ഈശ്വരന്‍ മറഞ്ഞിരിക്കുന്നു എന്ന് ഉപനിഷദ് വാക്യമൊന്നും ആധുനിക കാലത്തെ ജീവിത വീക്ഷണമല്ല.

ഹിന്ദു സംസ്‌കാരത്തിലല്ല ശ്രദ്ധ. ഹിന്ദുത്വ എന്ന ഐഡിയോളജിയിലാണ്. ഫലമായി നമ്മുടെ പട്ടണങ്ങള്‍ ശാസ്ത്ര വിദ്യനേടിയവരാണ്. തീര്‍ത്തും വിദ്യാഭ്യാസമില്ലാത്തവരാണ് ഗ്രാമീണര്‍! ഫാസിസ്റ്റുകള്‍ വളരുന്നത് പട്ടണങ്ങളിലാകുന്നതില്‍ അദ്ഭുതമുണ്ടോ? ചുറ്റുപാടുള്ള മനുഷ്യരെക്കുറിച്ച് ചിന്തയില്ലായ്മയും സ്പർധയും നിറഞ്ഞ ശാസ്ത്ര വിദ്വാന്മാര്‍ ഉണ്ടാക്കുന്നത് ശവഉല്പാദന ഫാക്ടറികളാകും എന്നതു നാസ്സി ചരിത്രമാണ്. ഈ രാഷ്ട്രീയം ഭരിക്കുമ്പോള്‍ ചിന്താശൂന്യതയുടെ അപകടം പ്രതീക്ഷിക്കേണ്ടതാണ്. വോട്ടുകൾ മൊത്തമായും ചില്ലറ യായും മേടിക്കുന്ന മാർഗങ്ങൾ പാർട്ടികൾ വിദഗ്ദ്ധമായി ഉപയോഗിക്കുന്നു. ജനാധിപത്യം പ്രഹസനമായി മാറുന്നു. മതം രാഷ്ട്രീയത്തിന്റെ മൂടുപടമാകുന്നതു തിരിച്ചറിയാത്ത കാലഘട്ടത്തിലാണ് നാം.

പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച സ്റ്റാന്‍ സ്വാമിക്കു ജയിലില്‍ വെള്ളം കുടിക്കാന്‍ സ്‌ട്രോ കൊടുക്കുന്ന പ്രശ്‌നം ഒരാഴ്ച ചര്‍ച്ച ചെയ്തു തള്ളിയ കോടതിക്കു വല്ലതും സംഭവിച്ചതായി നമുക്കു തോന്നിയോ? രാഷ്ട്രീയം മാത്രമല്ല മരിക്കുന്നതു, മനുഷ്യത്വവും മരിക്കുന്നു. കമ്മ്യൂണിസം ഇലക്ട്രിസിറ്റിയാണ് എന്നു പറഞ്ഞതു ലെനിനാണ്. രക്ഷ കംപ്യൂട്ടറായി കണ്ടതു ബ്രഷ് നേവ് ആണ്. രാഷ്ട്രീയത്തിന്റെ മരണമാണ് ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കണ്ടത്; രണ്ടു കന്യാസ്ത്രീകളെയും മൂന്നു പെണ്‍കുട്ടികളെയും ചോദ്യം ചെയ്തത് പൊലീസല്ല, ഒരു മൗലികവാദ സംഘടനയുടെ നേതാവാണ്. ഇലക്ട്രല്‍ ബോണ്ടുകളിലൂടെ അഴി മതി നിയമാനുസൃതമാക്കിയ പാര്‍ട്ടിയുടെ ധര്‍മ്മം അന്വേഷിക്കണോ? ധര്‍മ്മം ചോദിക്കുന്നവരില്ലാത്ത ലോകമാണ് നാം വിദഗ്ദ്ധമായി സൃഷ്ടിക്കുന്നത്.

ജീവിതം സംസ്‌കാരരഹിതമായി; കല സ്പര്‍ശിക്കാത്തതായി ഓര്‍മ്മയില്ലാത്തതാണ്, ആന്തരിക മുക്ത വുമാണ്. ജീവിതം അമൂര്‍ത്തവും വസ്തുനിഷ്ഠവുമായ ആശയങ്ങളുടെയും പ്രതിരൂപങ്ങളുടെയും പിന്നാലെ യാണ്. അവ കച്ചവട ലോകത്തിലെ സങ്കല്പ യാഥാര്‍ഥ്യങ്ങളാണ്. മൂന്നു മൂല്യങ്ങളേ ജീവിക്കാനുള്ളൂ - പണം, അധികാരം, ലൈംഗികത. എല്ലാവരോടും പകയോടെ ജീവിക്കുക - അതാണ് വീരോചിതം. നാല് മക്കളെ ജനിപ്പിച്ചിട്ടും ഒരു കണ്ണു കൂടുതലുള്ള ഈഡിപ്പസ് അതു തന്റെയും അമ്മയാണ് എന്നു കണ്ടില്ല. അയാള്‍ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച് നാടുവിടേണ്ടി വരുന്ന വിധിയിൽ നാം വിശ്വസിക്കുന്നു. ഈഡിപ്പസു മാരായി നമ്മുടെ നാടു മുഴുവന്‍. ഹിറ്റ്‌ലറിനെയും മുസ്സോളിനിയെയും ബാധിച്ച രോഗമാണ് ഫാസിസം. നമുക്കു ആ രോഗമില്ല എന്നു എല്ലാവരും പറയും, അതു മറ്റവര്‍ക്കാണ് എന്നും. പക്ഷെ, ഈഡിപ്പസാണ് ഒന്നാം തരം ഫാസിസ്റ്റ്.

അബോധത്തിന്റെ വിശ്വാസം മുന്നില്‍വച്ച് ജീവിച്ചവനാണ് ഈഡിപ്പസ്. നാസ്സി സത്തില്‍ ജീവിച്ച ഫ്രോയിഡ് സ്വന്തം ആത്മപരിശോധനയിലാണ് ഈഡിപ്പസ് കോംപ്ലക്‌സ് കണ്ടെത്തി യത്. ധര്‍മ്മത്തിന്റെ പീഡനം ഒഴിവാക്കാന്‍ എളുപ്പവഴി ഈഡിപ്പസിന്റെ ഏകാധിപത്യമായിരുന്നു. മനു ഷ്യന്‍ കുരങ്ങായി - അവിടെ സ്‌നേഹം എന്നതു ശരീരത്തിന്റെ ആവശ്യങ്ങളായി മാറി. എല്ലാം ഭൗതികമായി പ്രവചിക്കാവുന്നതും കണക്കുകൂട്ടാവുന്നതുമാണ്. എന്താഗ്രഹിക്കുന്നതും ലഭിക്കുന്ന ചന്തയായി ലോകം. മനുഷ്യനെ തിന്നൊടുക്കുന്ന വെറും തീറ്റിപ്പണ്ടാരമായി (consumer). നമ്മുടെ കണ്ണുകളില്‍ തെളിയുന്ന സത്യം ജനാധിപത്യത്തിന്റെയല്ല, മുതലാളിത്വത്തിന്റെയുമല്ല, അതു ശാസ്ത്രസാങ്കേതിക വിദ്യ കളുടേതുമല്ല. ആ സത്യം ഒരു വിലാപമാണ് - ജീവന്റെ വിലാപം - ജീവനു ജീവിക്കണമെന്ന വിലാപം. ജീവന്‍ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു - അതു മാത്രമാണ് പ്രതീക്ഷ.

ചെറുപൈതങ്ങളും പരിഷ്കാര വിജയവും മറ്റും

വിശുദ്ധ സ്റ്റാനിസ്ലാവൂസ് (1030-1079) : ഏപ്രില്‍ 11

രക്തദാനരംഗത്തെ അതികായനും മനുഷ്യസ്‌നേഹിയും സാംസ്‌കാരിക നേതാവുമായിരുന്ന ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

ആലപ്പാട്ടച്ചൻ്റെ വിളികൾക്കു കാതോർത്ത്

വചനമനസ്‌കാരം: No.212