ചിന്താജാലകം

മൂക്കില്ലാരാജ്യത്തെ മുറിമൂക്കന്മാര്‍

പോള്‍ തേലക്കാട്ട്‌

'മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ്' എന്ന പഴഞ്ചൊല്ല് പരിചിതമാണ്. ഇതു ശരിയുമാകാം, തെറ്റുമാകാം. മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവായി എന്നതും അയാള്‍ നാട്ടില്‍ നിന്നും പുറത്താക്കപ്പെട്ടതും ഈഡിപ്പസ് കഥയിലാണ്. തേബസ് നാട്ടില്‍ അയാള്‍ എത്തിയതു ഒരു വിളംബരം കേട്ടാണ്. അവര്‍ക്കാര്‍ക്കും ഉത്തരം നല്‍കാന്‍ കഴിയാത്ത യക്ഷി(Sphinx)യുടെ ചോദ്യത്തിനു ഉത്തരം പറയുന്നവനു രാജസ്ഥാനവും രാജ്ഞിയേയും നല്കും എന്ന വിളംബരം. അവര്‍ക്കാര്‍ക്കും നല്കാന്‍ കഴിയാതിരുന്നത് ഈഡിപ്പസിനു കഴിഞ്ഞു. അയാള്‍ ഉത്തരം പറഞ്ഞു. മൂക്കില്ലാത്തവരുടെ ഇടയില്‍ മൂക്കുള്ളവനായി - രാജാവായി. അയാള്‍ നാട്ടുകാരനല്ല, പരദേശിയാണ്. അയാളുടെ പെരുമാറ്റവും നിലപാടുകളും നാട്ടിലെ പ്രമുഖര്‍ക്ക് പിടിച്ചില്ല. രണ്ടാമത്തെ വസന്തയകറ്റാനുള്ള ശ്രമത്തില്‍ അയാള്‍ രാജ്യത്തെ രാജാവിനെ കൊന്നവനെ പിടിച്ചു പുറത്താക്കി വസന്തയകറ്റാന്‍ ശ്രമിക്കുകയാണ്.

ഈ കെട്ടുകഥ ജീവിതയാഥാര്‍ഥ്യമാണ്. ഗ്രീസില്‍ തന്നെ സോക്രട്ടീസ് മൂക്കില്ലാത്തവരുടെ ഇടയില്‍ മൂക്കുള്ളവനായിരുന്നു. കോടതി അയാളുടെ മൂക്ക് അപകടമായി കണ്ട് കൊല്ലാന്‍ വിധിച്ചു. യേശുക്രിസ്തു വെളിച്ചമില്ലാത്തവരുടെ ഇടയില്‍ വെളിച്ചമായി വന്നു. ജനങ്ങള്‍ യേശുവിനെ രാജാവാക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഓടിമാറി (യോഹ. 6:15). പിന്നെ അവനെ പിടിച്ച് അവര്‍ ക്രൂശിച്ചു. സമൂഹത്തിനുവേണ്ടി ഒരുവന്‍ മരിക്കണമെന്ന ന്യായം പറഞ്ഞതു പ്രധാന പുരോഹിതനാണ് (യോഹ. 18:14). 'ലോകം സ്പര്‍ധയുടെ നാടക ശാലയാണ്' എന്നു പറഞ്ഞതു റെനെ ജിറാര്‍ദ് എന്ന ചിന്തകനാണ്.

മനുഷ്യസമൂഹത്തില്‍ അക്രമം ഉണ്ടാക്കുന്നതു മനുഷ്യമനസ്സിന്റെ ആഗ്രഹത്തില്‍ നിന്നാണ് എന്നു ജിറാര്‍ദ് പറയുന്നു. ആഗ്രഹിക്കുന്നതു ചുറ്റുമുള്ള മനുഷ്യരുമായി ബന്ധപ്പെട്ടാണ്. അനുകരിക്കുകയാണ് മനുഷ്യസ്വഭാവം. തന്നെക്കാള്‍ മെച്ചമാണ് എന്നു കാണുന്നവരെ അനുകരിക്കുന്നു. കുട്ടികളെ ശ്രദ്ധിച്ചാല്‍ ഇതു വ്യക്തമാണ്. കളിപ്പാട്ടങ്ങള്‍ ധാരാളം ഉണ്ടാകാം. ഒരു കുട്ടിപോയി ഒരു കളിപ്പാട്ടം സ്വന്തമായി എടുക്കുകയല്ല. മറ്റൊരു കുട്ടി എടുത്ത കളിപ്പാട്ടത്തിലായിരിക്കും ഈ കുട്ടിക്കും താത്പര്യം. അവര്‍ ഒരേ കളിപ്പാട്ടത്തിനു വഴക്കടിക്കും. ഒരാള്‍ ആഗ്രഹിക്കുന്നതു അയല്‍ക്കാരന്റെ തന്നെ ആഗ്രഹത്തിന്റെ വിഷയമാകും. അതു ചിലപ്പോള്‍ കിട്ടാതെ വരാം.

യേശുക്രിസ്തു വെളിച്ചമില്ലാത്തവരുടെ ഇടയില്‍ വെളിച്ചമായി വന്നു. ''ജനങ്ങള്‍ യേശുവിനെ രാജാവാക്കാന്‍ ശ്രമിച്ചു. അദ്ദേഹം ഓടിമാറി'' (യോഹ. 6:15). പിന്നെ അവനെ പിടിച്ച് അവര്‍ ക്രൂശിച്ചു.

അപ്പോള്‍ അയാള്‍ അനുകരിച്ചവനെതിരായി മത്സരിക്കും. അനുകരിച്ചവനെ വൈരിയായി കാണും. അതു വൈരത്തിനും സംഘട്ടനത്തിനും വ്യക്തിഹത്യക്കും കാരണമാകും. അയല്‍ക്കാരന്‍ മോശക്കാരനായതുകൊണ്ടല്ല, അയല്‍ക്കാരന്‍ വൈരിയായി മാറിയത്-അയല്‍ക്കാരന്റെ നന്മതന്നെ വേറെ ചിലര്‍ക്ക് അസൂയയും പകയുമായി മാറി ശത്രുതയുണ്ടാക്കാം. ത്രികോണ പ്രേമങ്ങളുടെ കഥയില്‍ നായകന്‍ പ്രേമിക്കുന്നവളെ തന്നെ വില്ലനും പ്രേമിക്കുന്നു. അതു സംഘട്ടനവും യുദ്ധവുമാകാം. പ്രസിദ്ധമായ ട്രോജന്‍ യുദ്ധം സ്വന്തം പെണ്ണിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണല്ലോ ഉണ്ടായത്.

ഇങ്ങനെ വലിയ യുദ്ധസാഹചര്യങ്ങള്‍ ഉണ്ടായാല്‍ പണ്ട് മതങ്ങള്‍ ബലികള്‍ നടത്തിയിരുന്നു. ബലിയാട് സമ്പ്രദായം അതാണ്. ആരെങ്കിലും ഒരാളെ ബലിയാടാക്കി പ്രശ്‌നം അവസാനിപ്പിക്കുക. അക്രമം അവസാനിപ്പിക്കാന്‍ അക്രമം ഒരാളിലേക്കു മാത്രമായി ചുരുക്കുന്നു. അങ്ങനെ ആരെയെങ്കിലും ഒരാളെ ബലിയാടാക്കി അക്രമം നിയന്ത്രിക്കുന്നു. അക്രമം കൊണ്ടു അക്രമത്തെ നിയന്ത്രിക്കുന്ന വിധി. പിശാചിനെ കൊണ്ടുതന്നെ പിശാചിനെ ഒഴിപ്പിക്കുന്ന വിധം. ഇവിടെ ശ്രദ്ധിക്കേണ്ടതു അങ്ങനെ കൊല്ലപ്പെടുന്നവന്‍ പലപ്പോഴും മൂക്കില്ലാത്തവനല്ല; മൂക്കില്ലാത്തവരുടെ ഇടയില്‍ മൂക്കുള്ള ഒരുവനായിരിക്കും. മതങ്ങളുടെ ബലിപാരമ്പര്യത്തില്‍ ആളുകള്‍ക്കു പകരം മൃഗങ്ങളെ ബലിയാടാക്കിയിരുന്നു. ആധുനിക സമൂഹം ഈ ബലിസമ്പ്രദായം നിറുത്തി എന്നു പറയും. പക്ഷെ, ബലിയാടാക്കല്‍ സമൂഹത്തില്‍ നിരന്തരം നടക്കുന്നു. ഇങ്ങനെ ബലിയാടാക്കപ്പെടുന്നവര്‍ സാധാരണക്കാരായിരിക്കില്ല. മൂക്കില്ലാത്തവരുടെ ഇടയില്‍ മൂക്കുമായി ജീവിച്ചവരോട് കടുത്ത അസൂയയും സ്പര്‍ധയും പെരുകി അവരെ സമൂഹം ഹത്യയും പുറത്താക്കലും നടത്തും. ഇതു സംഘടിതമായി നടത്തുന്ന നടപടികളുമാകും. ഇത് വ്യക്തികളോട് മാത്രമല്ല; ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷ സമൂഹങ്ങളോടും ഇങ്ങനെ പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്.

യഹൂദ സമൂഹം ഒന്നടങ്കം ഇങ്ങനെ ബലിയാടായി മാറിയ കഥയാണ് ജോര്‍ജ് സ്റ്റെയ്‌നര്‍ ഹിറ്റ്‌ലറിനെക്കുറിച്ച് എഴുതിയ നോവലില്‍ സ്ഥാപിക്കുന്നത്. യഹൂദ വിരോധം യൂറോപ്യന്‍ നാടുകളില്‍ ഉണ്ടായി. കാരണം അവര്‍ ക്രിസ്തുവിനെ കൊന്നവരായിരുന്നു. സത്യത്തില്‍ യഹൂദര്‍ക്ക് മൂക്കില്ലാ രാജ്യത്തെ മുറിമൂക്കരാകുന്ന സ്ഥിതിയുണ്ടായിരുന്നു. യഹൂദര്‍ ജറുസലേം ദേവാലയനാശത്തിനുശേഷം ഒരു രാജ്യമില്ലാത്തവരായി. അവര്‍ എല്ലാ ദേശങ്ങളിലും വിരുന്നുകാരായി പ്രവാസികളായി വസിച്ചു. അവര്‍ വേദപുസ്തകത്തില്‍ വസിച്ച മനുഷ്യരായി മാറി. അതവരെ മറ്റുള്ളവരുടെ ഇടയില്‍ ഭിന്നരാക്കി. അവര്‍ ദൈവത്തെ സൃഷ്ടിച്ചവരായി, മനഃസാക്ഷിയുടെ കണ്ടുപിടുത്തക്കാരായി. ലോകത്തില്‍ ലോകത്തിന്റെയല്ലാത്തവരായപ്പോള്‍ അവര്‍ കടുത്ത വിമര്‍ശകരായി. അവര്‍ എല്ലാ ജനങ്ങളോടും ധര്‍മ്മശുദ്ധിയുള്ളവരാകാന്‍ ആവശ്യപ്പെട്ടു. ദേശത്തേയും ദേശത്തിന്റെ കൊടിയേയും അവര്‍ ആരാധിച്ചില്ല. അവര്‍ അന്യരെ ആദരിക്കാന്‍ ആവശ്യപ്പെട്ടു. ഭിന്നരായ അവര്‍ മൂക്കില്ലാദേശങ്ങളിലെ മുറിമൂക്കന്മാരായി. സ്പര്‍ധ എപ്പോഴും അവരെ വേട്ടയാടി.

മധ്യശതകങ്ങളില്‍ അജ്ഞാതമായ രോഗാണുക്കള്‍ ഉണ്ടാക്കിയ വസന്തകളുടെ ഉത്തരവാദികള്‍ യഹൂദരായി മുദ്രകുത്തപ്പെട്ടു, വേട്ടയാടപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ജര്‍മ്മനിയില്‍ നാസ്സി പാര്‍ട്ടി അധികാരത്തില്‍ വന്നത്. നാസ്സി പാര്‍ട്ടി ആര്യവര്‍ഗത്തിന്റെ വര്‍ഗീയ പാര്‍ട്ടിയായിരുന്നു. ഏതു വര്‍ഗീയ രാഷ്ട്രീയ പാര്‍ട്ടിയും പോലെ അവര്‍ സമൂഹത്തിന്റെ എല്ലാ കുറവുകളുടെയും കാരണക്കാര്‍ ഒരു ന്യൂനപക്ഷ സമൂഹമായി ആരോപിച്ചു. ആര്യവര്‍ഗത്തിന്റെ ശുദ്ധരക്തം മലിനമാക്കുന്ന നികൃഷ്ടജീവികളായി യഹൂദര്‍. അവിടെ അന്ത്യവിധി യഹൂദര്‍ക്ക് വിധിച്ചു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന് അവകാശപ്പെട്ടവരെ ഹിറ്റ്‌ലര്‍ ഹീനവര്‍ഗമാക്കി. സ്റ്റെയ്‌നറുടെ ഹിറ്റ്‌ലര്‍ പറഞ്ഞു, ''യഹൂദര്‍ മനഃസാക്ഷി കണ്ടുപിടിച്ച് മറ്റു മനുഷ്യരെ കുറ്റബോധത്തിന്റെ അടിമകളാക്കി.'' അടിമകള്‍ തിരിച്ചടിക്കുന്നു.

വിശുദ്ധ ഫാ. ഡാമിയന്‍ (1840-1889) : മെയ് 10

ദേശീയ ചിഹ്‌നങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് തെറ്റായ ചരിത്രം - ടി എം കൃഷ്ണ

തൊഴിലാളികളുടെ നീതിക്കായുള്ള നിലവിളി!

മാര്‍പാപ്പായുടെ പുസ്തകം പ്രസിദ്ധീകരിച്ചു

വി. യോഹന്നാൻ - Chap.8 [2of3]