
ഒരു പ്രവചനംപോലെ അത് കലാശിച്ചു. 33-ാമത്തെ വയസ്സില്‍ ഫാ. ഡാമിയന്‍ മൊളോക്കോ ദ്വീപില്‍ കാലുകുത്തി. ലോകം വെറുത്തിരുന്ന ഒരു രോഗത്തെയും ഒരു പറ്റം മനുഷ്യരെയും അദ്ദേഹം ധീരതയോടെ. സ്‌നേഹത്തോടെ, കാരുണ്യത്തോടെ സമീപിക്കുകയായിരുന്നു. ലോകത്തിന്റെ മനഃസാക്ഷിയെ മാറ്റിമറിച്ച ഒരു ഇതിഹാസത്തിന്റെ തുടക്കമായിരുന്നു അത്.
മൊളോക്കോയിലെ ദയനീയദൃശ്യം ആദ്യം അദ്ദേഹത്തെ ഭയപ്പെടുത്തിക്കളഞ്ഞു. എങ്കിലും ധൈര്യം സംഭരിച്ച് ഒറ്റയ്ക്ക് അദ്ദേഹം പ്രവര്‍ ത്തനം ആരംഭിച്ചു. കുഷ്ഠരോഗം കാര്‍ന്നുതിന്നുകൊണ്ടിരുന്ന പാവം മനുഷ്യരുടെ നഴ്‌സും സര്‍ജനും ഉപദേശകനും ആശ്വാസദായകനും ഒക്കെയായി മാറി അദ്ദേഹം. അവര്‍ക്കുവേണ്ടി അനേകം കൊച്ചുവീടുകള്‍ നിര്‍മ്മിച്ചു; ഒരു പള്ളി പണിതു, ഒരു പുതിയ സ്‌കൂളും അനാഥാലയവും പടുത്തുയര്‍ത്തി. ശവപ്പെട്ടി നിര്‍മ്മാതാവും കുഴിവെട്ടുകാരനും എല്ലാം അദ്ദേഹം തന്നെയായിരുന്നു.
അങ്ങനെ, അവസാനം ലോകം അതറിഞ്ഞു. ദീര്‍ഘനിശ്വാസങ്ങളും അനുകമ്പയും കണ്ണുനീരും മൊളോക്കോയിലേക്കു പ്രവഹിക്കാന്‍ തുടങ്ങി. ആദ്യമെത്തിയത് സിറാക്കൂസില്‍നിന്ന് ഏതാനും ഫ്രാന്‍സിസ്‌കന്‍ സിസ്റ്റേ ഴ്‌സാണ്, മദര്‍ മരിയന്‍ കോപ്പിന്റെ നേതൃത്വത്തില്‍. ഗവണ്‍മെന്റിന്റെ സഹായങ്ങളും ഒഴുകിയെത്താന്‍ തുടങ്ങി.
പന്ത്രണ്ടുവര്‍ഷത്തിനുശേഷം, 1885-ല്‍ ഭയപ്പെട്ടതുതന്നെ സംഭവിച്ചു. കുഷ്ഠരോഗികളുടെ ഇടയില്‍ ഫാ. ഡാമിയനും കുഷ്ഠരോഗിയായി. ലോകം മുഴുവന്‍ ആ വാര്‍ത്ത കേട്ട് ഞെട്ടി, കരഞ്ഞു. പക്ഷേ, ഫാ. ഡാമിയന് ഒരു ഭാവഭേദവുമുണ്ടായിരുന്നില്ല. രോഗികളായ സഹോദരങ്ങളോടൊപ്പം താനും രോഗിയായതില്‍ ഉള്ളിന്റെയുള്ളില്‍ സന്തോഷിച്ചു. ഇനി തങ്ങള്‍ ക്കിടയില്‍ വ്യത്യാസമില്ലല്ലോ, ദൈവമേ!
ഫാ. ഡാമിയന്‍ പതിവുപോലെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അവസാനം 1889 ഏപ്രില്‍ 15-ാം തീയതി "ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, പുഞ്ചിരിച്ച മുഖത്തോടെ" അന്ത്യശ്വാസം വലിച്ചു. അന്ന് 49 വയസ്സായിരുന്നു. 16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അദ്ദേഹം "മൊളോക്കോയുടെ വീരപുത്രന്‍" ആയിക്കഴിഞ്ഞിരുന്നു.
1840 ജനുവരി 3-ന് ബല്‍ജിയത്തില്‍ ജനിച്ച ഡാമിയന്‍ 1864-ല്‍ ഹോണോലുലുവില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. എട്ടുവര്‍ഷം ഹാവായില്‍ മിഷണറി പ്രവര്‍ത്തനം നടത്തി. അതുകഴിഞ്ഞാണ് മൊളോക്കോയില്‍ പോകാന്‍ സന്നദ്ധനായി ബിഷപ്പിനെ സമീപിച്ചത്. മൊളോക്കോയിലെ പ്രവര്‍ത്തനങ്ങള്‍ ലോകം ശ്രദ്ധിക്കാതിരുന്നില്ല. 1881-ല്‍ ഹാവായിയിലെ രാജ്ഞി മൊളോക്കോയിലെത്തി. അവിടത്തെ അന്തേവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു ലക്ഷ്യം. പക്ഷേ, അവിടത്തെ ദയനീയമായ അവസ്ഥ കണ്ട് അവര്‍ പൊട്ടിക്കരഞ്ഞു. ഒരക്ഷരം പ്രസംഗിക്കാനായില്ല. പിന്നീട് "ഓര്‍ഡര്‍ ഓഫ് നൈറ്റ് കമാന്‍ഡര്‍" എന്ന രാജകീയ പദവി നല്‍കി അവര്‍ ഡാമിയനെ ബഹുമാനിച്ചു.
മൊളോക്കോയിലെ പള്ളിമുറ്റത്ത്, ഫാ. ഡാമിയന്റെ പ്രിയപ്പെട്ട പെന്‍ഡാനസ് വൃക്ഷത്തിന്റെ ചുവട്ടിലാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കിയത്. 1936-ല്‍ ബല്‍ജിയം ഗവണ്‍മെന്റ് ഫാ. ഡാമിയന്റെ ഭൗതികാവശിഷ്ടങ്ങള്‍ അദ്ദേഹത്തിന്റെ മാതൃരാജ്യത്തു കൊണ്ടുപോയി സംസ്‌കരിച്ചു. ബല്‍ജിയത്തിന്റെ ചക്രവര്‍ത്തി ലെയോപ്പോള്‍സ് മൂന്നാമന്‍ തന്നെയാണ് ഇതിനു മുന്‍കൈയെടുത്തത്. 1995-ല്‍ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ ഫാ. ഡാമിയനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചതിനുശേഷം, വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഹാവായിയിലെ സഹോദരങ്ങള്‍ക്കു വിട്ടുകൊടുക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ കുഷ്ഠരോഗികളുടെ ദുരവസ്ഥയും ഭയാനകമായ പെരുമാറ്റവും വെളിച്ചത്തുവരികയും സമൂഹത്തിന്റെ മനോഭാവങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തു. 2009 ഒക്ടോബര്‍ 11 ന് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ ഫാ. ഡാമിയന്‍ സഭയുടെ വിശുദ്ധരുടെ പട്ടികയിലേക്ക് ഉയര്‍ത്തി. യൂണിവേഴ്‌സല്‍ ചര്‍ച്ച് അദ്ദേഹത്തിന്റെ പെരുന്നാള്‍ ദിനം മെയ് 10 ന് ആഘോഷിക്കുന്നു (വിശുദ്ധ ആഴ്ചയിലോ ഈസ്റ്റര്‍ ആഴ്ചയിലോ ഉണ്ടാകാതിരിക്കാന്‍), എന്നാല്‍ ഹവായിയില്‍ ഇത് ഏപ്രില്‍ 15 ആണ്.