

ലിയോ പതിനാലാമന്‍ പാപ്പാ, അഗസ്റ്റീനിയന്‍ സഭയുടെ പ്രയര്‍ ജനറല്‍ ആയിരുന്ന കാലത്തെ പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകൃതമായി. ലിയോ ‘ലീബെരി സോത്തോ ലാ ഗ്രാസിയ: ചരിത്രപരമായ വെല്ലുവിളികള്‍ നേരിടാന്‍ വിശുദ്ധ അഗസ്റ്റിന്റെ പാഠശാലയില്‍’ (കൃപയാല്‍ സ്വതന്ത്രര്‍) എന്ന തലക്കെട്ടിലുള്ള ഗ്രന്ഥം, അദ്ദേഹത്തിനു സമര്‍പ്പിക്കുകയും ചെയ്തു.
വത്തിക്കാന്‍ പ്രസാധകകേന്ദ്രം പ്രസിദ്ധീകരിച്ച ഈ കൃതി, ലിയോ പതിനാലാമന്‍ പാപ്പാ 2001 മുതല്‍ 2013 വരെ സെന്റ് അഗസ്റ്റീനിയന്‍ സഭയുടെ പ്രയര്‍ ജനറലായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലെ വിവിധ കൂടിക്കാഴ്ച്ചകളുടേയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ്.
നിലവിലെ അഗസ്റ്റീനിയന്‍ പ്രയര്‍ ജനറല്‍ ഫാ. ജോസഫ് ഫാരലാണ് പുസ്തകം പാപ്പായ്ക്ക് കൈമാറിയത്. വത്തിക്കാന്‍ അപ്പസ്‌തോലിക് ആര്‍ക്കൈവ്‌സ് പ്രിഫെക്റ്റും പുസ്തകത്തിന്റെ എഡിറ്റര്‍മാരില്‍ ഒരാളുമായ ഫാ. റോക്കോ റോൺ സാനി, വത്തിക്കാന്‍ പ്രസാധകകേന്ദ്രം എഡിറ്റോറിയല്‍ മേധാവി ലോറെന്‍സോ ഫാസിനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഈ ഗ്രന്ഥം വരും മാസങ്ങളില്‍ ലോകമെമ്പാടുമുള്ള 30 രാജ്യങ്ങളിലായി വിവിധ ഭാഷകളില്‍ പുറത്തിറങ്ങും.