ചിന്താജാലകം

ഇതെങ്ങനെ ഒഴിവാക്കും?

"അമേദി അല്ലെങ്കില്‍ ഇതെങ്ങനെ ഒഴിവാക്കും?" എന്നതു റുമേനിയക്കാരനും പിന്നീടു ഫ്രഞ്ചു പൗരനുമായ യൂജിന്‍ അയെനെസ്കോ(1909-1994)യുടെ നാടകത്തിന്‍റെ പേരാണ്. മദ്ധ്യവയസ്കനായ അമേരിയുടെയും ഭാര്യ മഗ്ദലിന്‍റെയും സാധാരണവും ചെറുതുമായ ഫ്ളാറ്റിലെ മുറിയില്‍ ഒരു ശവം. 15 വര്‍ഷങ്ങളായി അത് അവിടെയാണ്. അവര്‍ സമ്മതിക്കുന്നില്ലെങ്കിലും അതു വളരുന്നു. ആ പുരുഷശവം എങ്ങനെ ഒഴിവാക്കാനാകും? പൊലീസിനെ അറിയിക്കണോ? ഇത്രയും കാലം ഇതിവിടെ ആയിരുന്നത് എങ്ങനെ അവരോടു പറയും? അയാള്‍ അതു പുറത്തുകളയാം എന്നു പറയുന്നുവെങ്കിലും അതു നടക്കില്ല എന്ന് അവള്‍ക്കറിയാം. അതു പോയാലും പതിനഞ്ചു കൊല്ലത്തെ വ്യഗ്രതകളും വേദനകളും എന്തായി? നാടകം അവസാനിക്കുമ്പോള്‍ ശവം ആകാശത്തേയ്ക്കു പൊങ്ങുന്നു. അതു പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്ന അമേദിയെയുംകൊണ്ടു ശവം ആകാശത്തിലേക്ക്, വായുവിലേക്കു പൊങ്ങി അപ്രത്യക്ഷമായി.
ഈ നാടകത്തിലെ ശവം എന്താണ്, ആരാണ്? അമേദി വകവരുത്തിയവനാണോ? ഒരു കുഞ്ഞിന്‍റെയാണോ? അമേദിയുടെ അപ്പന്‍റെയാണോ? മഗ്ദലിന്‍റെ പഴയ കാമുകന്‍റെയാണോ? വെള്ളത്തില്‍ മുങ്ങിമരിച്ച സ്ത്രീയുടേതാണോ? കൃത്യമായ ഒരു ഉത്തരം നാടകകൃത്തു പറയുന്നില്ല, പറയേണ്ടതുമില്ല.
ആരുടേതാണീ വളരുന്നതും പുറത്തുകളയാനാവാത്തതുമായ പ്രേതം? അതിന് ഉത്തരം ഓരോ വായനക്കാരനും നാടകകാണിയുമാണു കണ്ടെത്തേണ്ടത്. സ്വന്തം മനസ്സില്‍ ജീവിതത്തില്‍ കിടക്കുന്ന അഴിയാത്തതും അകന്നുപോകാത്തതുമായ പ്രേതം. സ്വന്തം രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന പെട്ടിയില്‍ അടച്ചുസൂക്ഷിക്കുന്ന തലയോടുകള്‍, പ്രേതങ്ങള്‍, വകവരുത്തിയിട്ടുള്ളവരും പേരുദോഷം വരുത്തിയവരും വെട്ടിനിരത്തിയവരും കളത്തില്‍ നിന്നുപുറത്താക്കിയവരും മനസ്സില്‍ കൊന്നുകൊണ്ടു നടക്കുന്നവരും…. കുറ്റങ്ങള്‍ ഉണ്ടാക്കുന്നതും പാപങ്ങള്‍ പ്രസവിക്കുന്നതുമായ ശവങ്ങള്‍. അവ പീഡിപ്പിച്ചുകൊണ്ടും സ്ഥിരം അലോസരപ്പെടുത്തിക്കൊണ്ടും അസ്വസ്ഥരാക്കിയും സ്വന്തം രഹസ്യബോധത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അത് അപ്രത്യക്ഷമാകുമ്പോള്‍ ഞാനും അതോടെ അപ്രത്യക്ഷമാകും. എന്നെക്കൊണ്ടേ ആ ശവം പുറത്തുപോകൂ.

image

കോളജ് വിദ്യാഭ്യാസം വിദ്യാര്‍ത്ഥി കേന്ദ്രീകൃതമാകുമ്പോള്‍

നസ്രാണി കത്തോലിക്ക സ്‌കൂളുകളുടെ ഉത്ഭവ ചരിത്രം

കുര്‍ബാന മുടക്കുന്നവര്‍

സോഷ്യോളജി

സത്യദീപം-ലോഗോസ് ക്വിസ് 2024 : [No. 3]